•  2 May 2024
  •  ദീപം 57
  •  നാളം 8
വിളക്കുമരം

കേരളസിംഹം സി. കേശവന്‍

തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ ത്രിമൂര്‍ത്തികളെന്നറിയപ്പെട്ട പട്ടം-വര്‍ഗീസ്-കേശവന്മാരില്‍, നയതന്ത്രങ്ങളൊന്നും വശമില്ലാതിരുന്ന, തികഞ്ഞ സത്യസന്ധനും ശുദ്ധഹൃദയനുമായിരുന്നു സി. കേശവന്‍. തലയെടുപ്പുകൊണ്ടും ആജ്ഞാശക്തികൊണ്ടും പട്ടം താണുപിള്ളയും ബുദ്ധിസാമര്‍ത്ഥ്യവും നയതന്ത്രജ്ഞതയുംകൊണ്ട് ടി.എം. വര്‍ഗീസും ശ്രദ്ധേയരായപ്പോള്‍ കേശവന്‍ ജനപ്രിയനായത് ധീരനും സാഹസികനും അഭിമാനിയും സത്യസന്ധനുമെന്ന നിലയ്ക്കാണ്. ഒരര്‍ത്ഥത്തില്‍ ഒട്ടൊക്കെ ഒരു വികാരജീവിയായിരുന്നു കേശവന്‍. 
തനിക്കു ശരിയെന്നു തോന്നുന്നതുമാത്രം ചെയ്യുകയും പറയുകയും ചെയ്തിരുന്ന കേശവന്‍ ജീവിതത്തിലുടനീളം തന്നോടും മറ്റുള്ളവരോടും ആത്മാര്‍ത്ഥത പുലര്‍ത്തിയ ജനനേതാവായിരുന്നു. വരുംവരായ്കകള്‍ നോക്കാതെ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം മനഃസാക്ഷിയെ മാത്രമേ എന്തിനും മാനദണ്ഡമാക്കിയിരുന്നുള്ളൂ. മുഖ്യമന്ത്രിയായിരിക്കേ ശബരിമലക്ഷേത്രത്തില്‍ തീപ്പിടുത്തമുണ്ടായപ്പോള്‍ 'ഒരമ്പലം പോയാല്‍ നാട്ടില്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന്' കേശവന്‍ പറഞ്ഞത് അക്കാലത്ത് വന്‍വിവാദമായിരുന്നു. അതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ കേശവന്‍ കേട്ടു. എന്നാല്‍, പറയുന്ന കാര്യങ്ങള്‍ പിന്നീടു മാറ്റിപ്പറയുന്ന ശീലവും ശൈലിയും കേശവന് അജ്ഞാതമായിരുന്നു. യാഥാസ്ഥിതിക മാനദണ്ഡങ്ങള്‍ വച്ച് അദ്ദേഹം ഒരു ഈശ്വരവിശ്വാസിയായിരുന്നുവെന്നു പറഞ്ഞുകൂടാ. 
യുക്തിവാദമായിരുന്നു ശ്രീനാരായണഭക്തനായിരുന്ന കേശവന്റെ സഹജസ്വഭാവം. പില്ക്കാലത്ത് തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഒരു ഇതിഹാസമായിത്തീര്‍ന്ന സി.കേശവന്‍ തന്റെ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിലൂടെയാണ് രാഷ്ട്രീയഖ്യാതി നേടിയത്. ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ രാജ്യദ്രോഹക്കുറ്റത്തിന് കേശവനെ തുറുങ്കിലടച്ചു. മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി പുറത്തുവന്ന കേശവന് ആലപ്പുഴ കിടങ്ങാമ്പറമ്പു മൈതാനിയില്‍ നല്കിയ സ്വീകരണത്തിലാണ്, തിരുവിതാംകൂറിന്റെ 'കിരീടം വയ്ക്കാത്ത രാജാവ്' എന്ന് സ്വാഗതപ്രസംഗമധ്യേ ടി.എം. വര്‍ഗീസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതിന് ടി.എം. വര്‍ഗീസിനോട് ദിവാന്‍ തന്റെ വാശി തീര്‍ത്തത് നിയമസഭാ ഡപ്യൂട്ടി പ്രസിഡന്റ്പദത്തില്‍നിന്ന് അവിശ്വാസത്തിലൂടെ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടായിരുന്നു. 
സര്‍ക്കാര്‍ജോലിയുപേക്ഷിച്ച്  വക്കീലായ കേശവന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടപ്രകാരമൊന്നുമായിരുന്നില്ല. എസ്.എന്‍.ഡി.പിയിലൂടെ സാമുദായിക-സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിക്കൊണ്ടാണ് കേശവന്‍ ആദ്യം ജനശ്രദ്ധയാകര്‍ഷിച്ചത്. നന്നായി പ്രസംഗിക്കാനും  നന്നായി പാടാനും കേശവനു പ്രത്യേകമായ ഒരു  സിദ്ധിയുണ്ടായിരുന്നു. ശബ്ദത്തിന്റെ പ്രൗഢിയും സൗന്ദര്യവും ഒന്നുപോലെ അദ്ദേഹത്തെ അനുഗ്രഹിച്ചു. മണിക്കൂറുകളോളം ജനങ്ങളെ ആവേശം കൊള്ളിച്ചു പ്രസംഗിച്ചിരുന്ന കേശവന് ആ രംഗത്ത് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നത് അക്കാലത്ത് സ്വന്തം ശ്വശുരനായ സി.വി. കുഞ്ഞിരാമനും പില്ക്കാലത്ത് സ്വപുത്രന്‍ കെ. ബാലകൃഷ്ണനും മാത്രമായിരുന്നു. വിദ്യാര്‍ത്ഥിനേതാവായിരുന്ന ബാലകൃഷ്ണന്റെ പ്രസംഗം ഒരിക്കല്‍ സാന്ദര്‍ഭികമായി കേള്‍ക്കനിടയായ കോണ്‍ഗ്രസ് നേതാവ് കുമ്പളത്ത് ശങ്കുപ്പിള്ള ജയിലില്‍ ചെന്നു കേശവനോടു പറഞ്ഞത്, പ്രസംഗിക്കുന്നതെങ്ങനെയെന്നു നിങ്ങളുടെ മകനോടു പോയി പഠിക്കാനായിരുന്നത്രേ. 
ഉത്തരവാദഭരണപ്രക്ഷോഭണത്തോടനുബന്ധിച്ച് ഏറ്റവുമേറെക്കാലം തടവുശിക്ഷ അനുഭവിക്കേണ്ടിവന്ന കോണ്‍ഗ്രസ് നേതാവും സി. കേശവനായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ത്യാഗിയായിരുന്നു അദ്ദേഹം, ചെറിയൊരു കാലം മുഖ്യമന്ത്രിയായി എന്നതൊഴിച്ചാല്‍,. സ്വാതന്ത്ര്യലബ്ധിക്കുശേഷവും കേശവന് അര്‍ഹിച്ച അംഗീകാരമൊന്നും ലഭിച്ചതുമില്ല.
തിരുവിതാംകൂറില്‍ പട്ടത്തിന്റെ പ്രഥമമന്ത്രിസഭയില്‍ അംഗങ്ങളായത് സി. കേശവനും ടി.എം. വര്‍ഗീസുമായിരുന്നല്ലോ. കേശവനു ലഭിച്ചത് തൊഴില്‍വകുപ്പാണ്. മറ്റു പ്രധാനവകുപ്പുകള്‍ എല്ലാം പട്ടംതന്നെ കൈവശം വച്ചു. ഒരു കാര്യവും മന്ത്രിസഭയിലാലോചിക്കുന്ന ശൈലിയും മുഖ്യമന്ത്രിക്കുണ്ടായിരുന്നില്ല. പലപ്പോഴും പാര്‍ട്ടി എം.എല്‍.എ.മാര്‍ക്കുപോലും മുഖ്യമന്ത്രി പട്ടത്തിനെ കാണുവാനും കഴിഞ്ഞിരുന്നില്ല. ദിവാന്‍ ഭരണപ്രതാപത്തില്‍ക്കഴിഞ്ഞ മുഖ്യമന്ത്രിയെ കോണ്‍ഗ്രസുകാര്‍തന്നെ 'താണുപിള്ള ദളവ' എന്നു വിമര്‍ശിച്ചു  വിളിച്ചുതുടങ്ങുന്നതുവരെ കാര്യങ്ങളെത്തി. മന്ത്രിമാരും മുഖ്യമന്ത്രിയുമായി ഇടഞ്ഞതോടെ സര്‍ക്കാരിന്റെ ഭദ്രതയ്ക്കും ഉലച്ചിലായി. പട്ടത്തിനെതിരേ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പു വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍തന്നെ മുഖ്യമന്ത്രിയും പാര്‍ട്ടിപ്രസിഡന്റുമെന്ന സ്ഥിതി ശരിയല്ലെന്ന അഭിപ്രായത്തിനു പിന്‍തുണയേറുകയായിരുന്നു. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ ഒരാള്‍തന്നെ രണ്ടു പദവിയും വഹിക്കുന്നതിനെതിരേ പ്രമേയത്തിനു നോട്ടീസ് നല്കിയതോടെ പട്ടം ക്ഷുഭിതനായി. രണ്ടു പദവികള്‍ക്കുംകൂടി യോഗ്യനല്ലെങ്കില്‍ ഒരു പദവിയും വേണ്ടെന്നു പ്രഖ്യാപിച്ച് പട്ടം മുഖ്യമന്ത്രിപദവി രാജിവെക്കുകയും പാര്‍ട്ടി പദവി ഒഴിയുകയും ചെയ്യുകയാണുണ്ടായത്. കോണ്‍ഗ്രസില്‍നിന്നുള്ള പട്ടത്തിന്റെ രാജി തിരുവിതാംകൂര്‍രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കി.
സ്വാഭാവികമായും പട്ടത്തിനു പകരം മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് സി. കേശവനോ ടി.എം. വര്‍ഗീസോ ആയിരുന്നു. സി. കേശവനായിരുന്നു സീനിയോറിട്ടി. പക്ഷേ, പാര്‍ട്ടിക്കുള്ളിലെ ബുദ്ധിരാക്ഷസന്മാര്‍ കേശവനെ തന്ത്രപൂര്‍വ്വം ഒഴിവാക്കിക്കൊണ്ട് പറവൂര്‍ ടി.കെ. നാരായണപിള്ളയെയാണ് നേതൃനിരയിലെത്തിച്ചത്. അതിനവര്‍ പറഞ്ഞ യുക്തി പട്ടത്തിനു പകരം നായര്‍സമുദായത്തില്‍പ്പെട്ടയാള്‍ വരുന്നില്ലെങ്കില്‍ പാര്‍ട്ടിക്ക് അത് രാഷ്ട്രീയമായി പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു. ഇ.ജോണ്‍ ഫിലിപ്പോസിന്റെ യുക്തിയോട്, എ.ജെ. ജോണും, ടി.എം. വര്‍ഗീസും യോജിച്ചതോടെ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് കേശവനു വഴങ്ങേണ്ടിവന്നത്. വര്‍ഗീസിന്റെ വിശ്വസ്തസുഹൃത്ത് കുമ്പളത്ത് ശങ്കുപ്പിള്ള കോണ്‍ഗ്രസ് സംഘടനയില്‍ അനിഷേധ്യനായും തീര്‍ന്നു. അതോടെ സി. കേശവന്‍ സമര്‍ത്ഥമായി തഴയപ്പെടുകയായിരുന്നു. ഇതെല്ലാം അദ്ദേഹത്തെ ഒട്ടൊന്നുമല്ല മുറിപ്പെടുത്തിയത്. വര്‍ഗീസ് - കേശവന്‍ ബന്ധത്തെയും അത് അല്പമൊന്ന് ഉലച്ചു. പക്ഷേ, താണുപിള്ളവിരുദ്ധര്‍ക്ക് തത്ക്കാലം യോജിച്ചുനില്ക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പുറമേക്ക് എല്ലാം ശാന്തമായിത്തന്നെ തല്‍ക്കാലം മുന്നോട്ടുപോയി.
പറവൂര്‍ ടി.കെ. നാരായണപിള്ള വലിയ കുഴപ്പങ്ങളില്ലാതെ മുഖ്യമന്ത്രിപദത്തില്‍ തുടര്‍ന്നു. തിരുവിതാംകൂര്‍ - കൊച്ചി സംയോജനത്തോടെ ടി.കെ. തിരു - കൊച്ചി മുഖ്യമന്ത്രിയുമായി. 
മന്ത്രിസഭയിലും പാര്‍ട്ടിയിലും പനമ്പിള്ളിയുടെ സാന്നിധ്യം തിരുവിതാംകൂര്‍ ലോബിയെ കുറച്ചൊന്ന് അസ്വസ്ഥമാക്കാതിരുന്നില്ല. ബുദ്ധിരാക്ഷസന്മാരായിരുന്ന പനമ്പിള്ളിയും ഇ. ജോണ്‍ ഫിലിപ്പോസും തമ്മിലായി കോണ്‍ഗ്രസിലെ രാഷ്ട്രീയപ്പോര്. കാലാവധി തികയ്ക്കാതെതന്നെ പറവൂര്‍ ടി.കെ.യ്ക്കും അധികാരമൊഴിയേണ്ടിവന്നു. 
ഇത്തവണയും സി.കേശവനെ ഒഴിവാക്കാനുള്ള ശ്രമം  ഉണ്ടായെങ്കിലും അതു വേണ്ടത്ര ഫലിച്ചില്ല. കേശവന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ടി.കെ. നാരായണപിള്ളയും എ.ജെ.ജോണും കെ.എം. കോരയും എല്‍.എം. പൈലിയും ഉള്‍പ്പെട്ടു. ജി. ചന്ദ്രശേഖരപിള്ളയും മന്ത്രിയായി. താന്‍ ദിവാനു തുല്യനായി എന്ന ചിന്ത കേശവനെ ഒട്ടൊന്നു വികാരവിക്ഷുബ്ധനാക്കി. ഒരാഴ്ച കന്യാകുമാരിയില്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വിശ്രമിക്കേണ്ടിവന്ന കേശവനെ മറ്റൊരു ഷോക്കും കാത്തിരിപ്പുണ്ടായിരുന്നു. മകന്‍ ഭദ്രന്‍ ബാംഗ്ലൂരില്‍നിന്നു വിമാനത്തില്‍ വരുമ്പോള്‍ നീലഗിരിമലകളിലൊന്നില്‍ തട്ടിയുണ്ടായ വിമാനാപകടത്തില്‍ മരിച്ചത് കടുത്ത ആഘാതമായി. 1951-52 ലെ പൊതുതിരഞ്ഞെടുപ്പുവരെയേ കേശവന്‍ അധികാരരാഷ്ട്രീയത്തില്‍ തുടര്‍ന്നുള്ളൂ. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തനിച്ചു ഭൂരിപക്ഷവും ലഭിച്ചില്ല. നേതൃത്വമത്സരത്തില്‍ പനമ്പിള്ളിയെ കേവലം ഒരു വോട്ടിന് തോല്പിച്ചാണ് എ.ജെ. ജോണ്‍ കഷ്ടിച്ചു ജയിച്ചു കയറിയത്. നേശമണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന തമിഴ്‌നാട് കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരുന്നു ജോണിന് മന്ത്രിസഭയുണ്ടാക്കുവാന്‍ കഴിഞ്ഞത്. ജോണ്‍മന്ത്രിസഭയില്‍ പനമ്പിള്ളിയും ടി.എം. വര്‍ഗീസും ചേര്‍ന്നെങ്കിലും സി. കേശവന്‍ അപ്പോഴേക്കും പാര്‍ട്ടിയില്‍ ഏതാണ്ട് നിശ്ശബ്ദനായിക്കഴിഞ്ഞിരുന്നു. പിന്നീട് കൊല്ലത്ത് മയ്യനാട്ടേക്കു താമസം മാറ്റി.
തിരുവിതാംകൂര്‍രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ സിംഹംതന്നെയായിരുന്നു കേശവന്‍. ആരെയും അദ്ദേഹത്തിനു ഭയമുണ്ടായിരുന്നില്ല. സ്വന്തം അഭിപ്രായങ്ങള്‍ ആരുടെയും മുഖം നോക്കാതെ പറയുവാനും സി. കേശവന്‍ ധൈര്യപ്പെട്ടു. ആരോടും പകയോ വിദ്വേഷമോ പുലര്‍ത്തിയിരുന്നില്ലെങ്കിലും ആരെയും പ്രീതിപ്പെടുത്തുവാന്‍ അദ്ദേഹം ഒന്നും ചെയ്തിരുന്നില്ല. സാമൂഹികനീതിയായിരുന്നു കേശവന്റെ പ്രത്യയശാസ്ത്രം. തൊഴിലാളികളോടു തികഞ്ഞ അനുഭാവം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് ഉള്ളിന്റെയുള്ളില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും കുറച്ചൊരു ചായ്‌വൊക്കെ തോന്നിയിരുന്നു. നിരീശ്വരനാണെന്ന പ്രതിച്ഛായയും കേശവനെ കോണ്‍ഗ്രസിനോടു ചേര്‍ന്നുനിന്ന സമുദായാംഗങ്ങള്‍ക്ക് അല്പമൊന്ന് അനഭിമതനാക്കിയെന്നു പറയാം. എന്നാല്‍, അശേഷം അഴിമതി തീണ്ടാത്ത ഭരണകര്‍ത്താവായിരുന്നു സി. കേശവന്‍. പൊതുജീവിതത്തിലെ സംശുദ്ധിയുടെ മറ്റൊരു പര്യായം. മയ്യനാട്ടെ വസതിയില്‍ പരിമിതമായ സൗകര്യങ്ങളിലാണദ്ദേഹം ശിഷ്ടകാലം കഴിച്ചത്, ആരോടും പ്രത്യേക പിണക്കമോ പരിഭവമോ ഒന്നുമില്ലാതെതന്നെ. ഇടയ്‌ക്കൊരിക്കല്‍ ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കേ മയ്യനാട്ടെ സ്‌കൂളിന്റെ ഒരു നിവേദകസംഘത്തോടൊപ്പം സെക്രട്ടറിയേറ്റില്‍ ചെന്ന കേശവന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുമ്പില്‍ സാധാരണ സന്ദര്‍ശകരോടൊപ്പം കാത്തുനിന്നാണത്രേ മുഖ്യമന്ത്രിയെ കണ്ടത്. കണ്ടവര്‍ക്കതൊരു അദ്ഭുതക്കാഴ്ചയായി. അതായിരുന്നു സി. കേശവന്‍. ആരുടെ മുമ്പിലും തലകുനിക്കാത്ത ഒരു യഥാര്‍ത്ഥ രാഷ്ട്രീയസിംഹം. പക്ഷേ, അവസാനമായപ്പോഴേക്കും സി. കേശവനും ആഴത്തില്‍ മുറിവേറ്റ ഒരു സിംഹമായിക്കഴിഞ്ഞിരുന്നു. അന്ത്യവും അങ്ങനെതന്നെ. 

 

Login log record inserted successfully!