•  28 Nov 2024
  •  ദീപം 57
  •  നാളം 38
നോവല്‍

ഇടം

ഒരു മണിക്കൂര്‍ വെയ്റ്റ് ചെയ്തശേഷമാണ് അഡ്വ. സുമിത്രയ്ക്ക് കളക്ടര്‍ സലോമിയെ കാണാന്‍ കഴിഞ്ഞത്. കളക്ടര്‍ക്കെതിരേയുള്ള കസേരയിലിരിക്കുമ്പോള്‍ സുമിത്ര അക്ഷമയോടെ ഇരുന്നു. 
''സോറി, അഡ്വക്കേറ്റ് സുമിത്രാ, ഞാന്‍ സുപ്രധാനമായ ഒരു കാര്യം പ്ലാനിംഗ് ഓഫീസറുമായി സംസാരിക്കുകയായിരുന്നു.'' സലോമി പറഞ്ഞു. 
''ഒന്നും സാരമില്ല. ഒരു പത്തുമിനിട്ടുനേരം എന്നെ കേള്‍ക്കാന്‍ കഴിയുമോ ഇപ്പോള്‍?''
''അതിനെന്താ, പരിസ്ഥിതിയുടെ ആളിന് പതിനഞ്ചു മിനിട്ടു മാറ്റിവച്ചിരിക്കുന്നു, പറയ്.''
''ഞാന്‍ കുറെ ദിവസംമുമ്പ് കളക്ടറുടെ കെടുകാര്യസ്ഥതയെ കുറ്റപ്പെടുത്തിയും കയ്യേറ്റക്കാരന്റെ കാവലാളാണ് സലോമി മാത്യു എന്നാക്ഷേപിച്ചും പ്രസംഗിച്ചു.''
''അതൊക്കെ നമ്മള്‍ വിട്ടുകളഞ്ഞ പഴയ ഒരു സംഭവമല്ലേ? പുത്തന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറയ്.'' 
''അല്ല, പറഞ്ഞുപോയ വാക്കുകള്‍ തിരിച്ചെടുക്കാനാവില്ലല്ലോ. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒപ്പം ധീരമായി കാര്യങ്ങള്‍ നടപ്പാക്കിയതില്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.''
''താങ്ക്‌സ്,'' സലോമി പുഞ്ചിരിച്ചു. 
''കോടികള്‍ മുടക്കി പുഴക്കര വക്കച്ചന്‍ പണികഴിപ്പിച്ച കൊട്ടാരം പൊളിപ്പിച്ചത് ഒരു നെഗറ്റീവ് ആക്ഷന്‍ ആണെന്നുപറഞ്ഞ് ആക്ഷേപിക്കുന്നവരുമുണ്ട്. ആ വിമര്‍ശനം കുറെപ്പേര്‍ ഇഷ്ടപ്പെടുന്നുമുണ്ട്. പൊളിച്ചുനീക്കലിലൂടെ കൈയേറ്റക്കാര്‍ക്കെല്ലാമുള്ള ഒരു മുന്നറിയിപ്പാണ് നമ്മളുദ്ദേശിച്ചത്. ഇതുപോലുള്ള നൂറുകണക്കിനു നിര്‍മാണങ്ങള്‍ ഒഴിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.'' 
''ഈ ജില്ലയിലുള്ള അനധികൃതകൈയേറ്റങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കെടുക്കാന്‍ ഞാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം കൊടുത്തു. കണ്ടെത്തിയാല്‍ ഒഴിപ്പിക്കുകയും ചെയ്യും.''
''വണ്ടര്‍ഫുള്‍! സൂപ്പര്‍ ഡിസിഷന്‍! അങ്ങനെ നമ്മുടെ പ്രവൃത്തിക്ക് ഒരു തുടര്‍ച്ചയുണ്ടാകുമല്ലോ.'' സുമിത്ര, സലോമിയെ അഭിനന്ദിച്ചു. 
''സലോമി, മേഡം, ഞങ്ങള്‍ മറ്റൊരു പ്രധാന കാര്യം തീരുമാനിച്ചിട്ടുണ്ട്. മലിനമായി ഒഴുകുന്ന മീനച്ചിലാര്‍ നിര്‍മലമാക്കാനുള്ള പദ്ധതിയാണ്. വെള്ളം ശുചിത്വമുള്ളതാക്കിയാല്‍ വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമത്തിന് വലിയൊരളവില്‍ പരിഹാരം കാണാനും കഴിയും. അതിനൊപ്പം ആറിന്റെ തീരമിടിയുന്നതു തടയാന്‍ ഇരുകരകളിലും കൃത്യമായ അകലത്തില്‍ രാമച്ചത്തൈകള്‍ വച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്.''
''വളരെ നല്ല ആശയമാണ്. കൂടുതല്‍ ആളുകളുടെ പ്രയത്‌നം ഇതിനാവശ്യമാകുമല്ലോ? അതിനുമാത്രം പരിസ്ഥിതിപ്രവര്‍ത്തകരുണ്ടോ സുമിത്രയ്‌ക്കൊപ്പം?''
''കുറെപ്പേരുണ്ട്. കൂടാതെ സ്‌കൂള്‍, കോളജ്കുട്ടികളുടെ സഹകരണംകൂടി വാങ്ങാമെന്നു കരുതുന്നു. ആവശ്യത്തിന് രാമച്ചത്തൈകള്‍ സൗജന്യമായി കിട്ടാനുള്ള സാധ്യത വന്നിട്ടുണ്ട്.'' 
''തൊഴിലുറപ്പ്, തൊഴിലാളികളുടെ സേവനംകൂടി നമുക്ക് ഇക്കാര്യത്തില്‍ തരപ്പെടുത്താം. തദ്ദേശസ്വയംഭരണവകുപ്പുമായി ബന്ധപ്പെട്ട് പ്രൊജക്ടുകള്‍ തയ്യാറാക്കാന്‍ കഴിയണം.''
''വളരെ സന്തോഷം. തൊഴിലുറപ്പുകാരെക്കൂടി രംഗത്തിറക്കിയാല്‍ നമുക്കിതൊരു വമ്പന്‍ ചലഞ്ചാക്കിമാറ്റാം.''  അഡ്വക്കേറ്റ് സുമിത്ര പറഞ്ഞു. 
''സുമിത്ര ഫുള്‍ടൈം ഇങ്ങനെ സോഷ്യല്‍വര്‍ക്കാണോ? കോടതിയില്‍ മറ്റു കേസുകള്‍ നടത്തുന്നില്ലേ?''
''എനിക്ക് ഹൈക്കോടതിയില്‍ നല്ല പ്രാക്ടീസുണ്ട്. വരുന്ന കേസുകളെല്ലാം ചാടിപ്പിടിക്കുന്ന ഒരു അഡ്വക്കേറ്റല്ല ഞാന്‍. പലപ്പോഴും പണം വാങ്ങാതെ വാദിക്കാറുമുണ്ട്.''
''വീട്ടില്‍ ധാരാളം സ്വത്തുണ്ടെന്നു കേട്ടു.'' 
''ധാരാളമൊന്നുമില്ല. കഴിയാനുള്ളതുണ്ട്.'' 
''ഹസ്ബന്‍ഡിന് ഇതൊക്കെ താത്പര്യമാണോ? സഹകരിക്കുമോ?''
''ഹസ്ബന്‍ഡോ? ഞാന്‍ മാരീഡല്ല.'' സുമിത്ര അല്പമൊന്നു വിളറി. 
''സോറി... റിയലി സോറി.'' 
''സോറി പറയണ്ട. സംശയിച്ചതില്‍ ഒരു തെറ്റുമില്ല. എനിക്ക് വയസ്സ് മുപ്പത്തിരണ്ടുണ്ട്.'' 
''എന്താ അങ്ങനെയൊന്നു വേണ്ടന്നുവച്ചത്?'' 
''മാരീഡായാല്‍ എന്റെയീ 'വട്ടൊ'ക്കെ നടക്കുമോ? വിവാഹിതയായ പെണ്ണിന് ഇന്നെവിടെ സ്വാതന്ത്ര്യം? മറ്റുള്ളവരുടെ ഇഷ്ടത്തിനൊത്തു കുടുംബം നോക്കി, മക്കളെ നോക്കി, മാതാപിതാക്കളെ സംരക്ഷിച്ച് അങ്ങു തീര്‍ന്നുപോകുക. അതല്ലേ നടക്കുന്നതിവിടെ?''
''കുടുംബത്തോട് കമിറ്റ്‌മെന്റ് വേണ്ടെന്നാണോ സുമിത്രയുടെ അഭിപ്രായം?''
''ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളുള്ളവര്‍ക്കും സോഷ്യല്‍ കമിറ്റ്‌മെന്റ് കൂടുതലുള്ളവര്‍ക്കും കുടുംബത്തോടു പൂര്‍ണ്ണമായും നീതി കാട്ടാന്‍ കഴിയില്ല. അതാണു സൂചിപ്പിച്ചത്.''
''സുമിത്രാ, വെറും എട്ടുസെന്റു സ്ഥലവും  രണ്ടുമുറിയുള്ള ചെറിയ വീടും ഒരു എരുമയും മാത്രമുള്ള ജിനേഷിനെപ്പോലുള്ളവര്‍ ഇത്ര തീവ്രമായി പരിസ്ഥിതിപ്രവര്‍ത്തനവുമായി നടക്കുന്നതാണ് മനസ്സിലാകാത്തത്.''
അഡ്വക്കേറ്റ് സുമിത്ര ഏതാനും നിമിഷം നിശ്ശബ്ദയായി.
''സലോമി മേഡം, അവന്‍ വ്യത്യസ്തനാണ്. ശരിക്കും.'' അഡ്വക്കേറ്റ് പറഞ്ഞു. 
''ഞാന്‍ കളക്ടറായി ചാര്‍ജ്ജെടുത്ത ആ ദിവസം അവനെന്നെ കാണാന്‍ വന്നു. വിശദമായി കാര്യങ്ങള്‍ പറഞ്ഞു. മുന്‍ കളക്ടറില്‍നിന്നും പുഴക്കര വക്കച്ചനില്‍നിന്നുമൊക്കെയുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ചു.'' സലോമി സൂചിപ്പിച്ചു. 
''ഇല്ലായ്മകളൊന്നും ജിനേഷിനെ ഒട്ടും ബാധിച്ചിട്ടില്ല. സന്തോഷത്തോടെ അവന്‍ കുടുംബം കൊണ്ടുപോകുന്നു. ലക്ഷങ്ങളുടെ ഓഫറുകള്‍ ഇപ്പഴീവിഷയത്തില്‍ അവന്റെ മുമ്പിലെത്തിയതാ. പത്തുരൂപാപോലും വാങ്ങുകയുമില്ല. തീരുമാനത്തില്‍നിന്ന് അണുവിട മാറുകയുമില്ല.''  
''അമ്മയും ചേച്ചിയും കൂടെയുണ്ടെന്നു പറഞ്ഞു. അവന്റെ ചേച്ചിക്ക് എന്തെങ്കിലും രോഗമുണ്ടോ?'' സലോമി തിരക്കി.
''ജിനേഷിന്റെ ചേച്ചിക്ക് ഒരു രോഗവുമില്ല. വിവാഹം കഴിക്കാത്തത് അതിനുള്ള നിവൃത്തിയില്ലാഞ്ഞിട്ടാ. ഇപ്പോള്‍ ഏതാണ്ട് എന്റെയൊപ്പം പ്രായമായി.''
''ഒരേരംഗത്തു പ്രവര്‍ത്തിക്കുന്ന ഒരേ മനോഭാവമുള്ള ആണും പെണ്ണും തമ്മില്‍ വിവാഹം കഴിച്ചാല്‍ സന്തോഷത്തോടെ പോയേക്കുമല്ലേ.''
''അതുണ്ടായേക്കാം.''
''അങ്ങനെയെങ്കില്‍ ജിനേഷും സുമിത്രയും തമ്മില്‍ ഒരുമിക്കരുതോ? വെറുതെയൊരു സജഷന്‍ പറഞ്ഞെന്നേയുള്ളു കേട്ടോ.''
അഡ്വക്കേറ്റ് സുമിത്രയുടെ മുഖത്ത് വ്യത്യസ്തമായ ഒരു ഭാവമുണ്ടായത് സലോമി ശ്രദ്ധിച്ചു. 
''പ്രായത്തില്‍ ഞാനവനെക്കാളും നാലു വയസ്സിന് മൂത്തതാണ് കളക്ടര്‍സാറേ.''
''അത് വലിയ പ്രശ്‌നമായെടുക്കണ്ട കേട്ടോ. രണ്ടാള്‍ക്കും സമ്മതമാണെങ്കില്‍ അങ്ങനെയൊരു കാര്യം സംഭവിക്കട്ടെ.'' 
''എനിക്കവനെ ഇഷ്ടമാണ്. അവനു പക്ഷേ, എന്നോടെന്തോ ആദരവും ബഹുമാനവുമൊക്കെയാണ്. അതുകൊണ്ട് ഇങ്ങനെ മനസ്സില്‍ സങ്കല്പിച്ചതുപോലും അവനറിയാതിരിക്കട്ടെ. എന്റെ നോട്ടത്തില്‍ ജിനേഷിന് പ്രധാനമായും മൂന്നാവശ്യങ്ങളുണ്ട്. ഒരു സര്‍ക്കാര്‍ജോലി. അല്പം മെച്ചപ്പെട്ട ഒരു വീട്, ചേച്ചിയുടെ വിവാഹം.''
''സഹായിക്കാന്‍ അഡ്വക്കേറ്റ് സുമിത്രയ്ക്ക് ആഗ്രഹമുണ്ടാകും?'' 
''ഉണ്ട്. അതു ചെയ്തുകൊടുക്കും. വിദേശത്ത് എനിക്കു ചില സ്‌നേഹിതരുണ്ട്. അവന്റെ സ്റ്റോറി ഞാനവര്‍ക്ക് സെന്റ് ചെയ്തിട്ടുണ്ട്. അവര്‍ സഹായിക്കുമെന്നുറപ്പുണ്ട്.'' 
''ഇല്ലായ്മകള്‍ കഠിനമായി അലട്ടുമ്പോള്‍ വലിയ ആദര്‍ശശാലികള്‍ക്കുപോലും മനസ്സാക്ഷി പണയംവയ്‌ക്കേണ്ടിവരും.'' സലോമി പറഞ്ഞു. 
''ജിനേഷിന് ഒരു റോള്‍ മോഡലുണ്ട്. പ്രൊഫസര്‍ നീലകണ്ഠന്‍ നായര്‍. അദ്ദേഹത്തില്‍നിന്നു പ്രചോദനം നേടി പരിസ്ഥിതിപ്രവര്‍ത്തനത്തിലേക്കു വന്നതാണ്. പണത്തിനോടോ പദവിയോടോ പ്രശസ്തിയോടോ ഒട്ടും ആര്‍ത്തിയില്ലാത്ത മനുഷ്യനാ. അതുകൊണ്ട് ഏതു കഠിനമായ പ്രലോഭനങ്ങളുണ്ടായാലും അവന്‍ വ്യതിചലിക്കുമെന്നു തോന്നുന്നില്ല.'' അഡ്വക്കേറ്റ് സുമിത്ര ജിനേഷിനെ പിന്നെയും പുകഴ്ത്തി. 
അപ്പോള്‍ കളക്ടര്‍ സലോമിയുടെ ഫോണിലേക്ക് എസ്.പി. മഹേഷ് ചന്ദ്രന്റെ കോള്‍ വന്നു. 
''ഹലോ... മേഡം ... എസ്. പി. യാ'' 
''മനസ്സിലായി. പറഞ്ഞോളൂ.'' 
''ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.''  
''എന്താ വല്ല വര്‍ഗ്ഗീയകലാപമോ, ഭീകരാക്രമണമോ മറ്റോ ആണോ?''
''അല്ല.'' 
''എന്താ മടിക്കുന്നെ? പറയ്'' 
''മേഡത്തിന് ഭീഷണിയുണ്ട്. സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിക്കണമെന്നും പരിശോധിക്കണമെന്നുമാണ് നിര്‍ദ്ദേശം.'' 
''പുഴക്കര ബംഗ്ലാവിന്റെ റിയാക്ഷനാണോ?'' 
''അതെ മേഡം.'' 
''ചെയ്യേണ്ടതൊക്കെ ചെയ്‌തേക്ക്. ഞാന്‍ പേഴ്‌സണലായി കെയര്‍ ചെയ്‌തേക്കാം.'' 
''ശരി മേഡം.'' എസ്.പി. ഫോണ്‍ കട്ടാക്കി.
കളക്ടര്‍ സലോമി, സുമിത്രയെ നോക്കി മൃദുവായി പുഞ്ചിരിച്ചു. 
''വക്കീലിന് എസ്.പി. പറഞ്ഞതിന്റെ പൊരുള്‍ കിട്ടിക്കാണും.'' 
''ഭീഷണി'' അല്ലേ. 
''അതെ.'' 
''എങ്കിലെനിക്കും സാധ്യതയുണ്ടല്ലോ. സുപ്രീംകോടതിയിലെ പെര്‍ഫോമന്‍സിന്റെ പേരില്‍ പത്രങ്ങള്‍ എന്നെ അല്പം തലോടിയിട്ടുണ്ട്.''
''കരുതല്‍ നല്ലതാണ്. പുഴക്കര വക്കച്ചന്‍ ഒരു ഭീകരജീവിയാണെന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്.'' സലോമി പറഞ്ഞു. 
''നമ്മള്‍ പറഞ്ഞ സമയമായെന്നു തോന്നുന്നു. നിര്‍ത്താം.'' അഡ്വക്കേറ്റ് സുമിത്ര കസേരയില്‍നിന്നെഴുന്നേറ്റു. അവര്‍ പരസ്പരം ഹസ്തദാനം നല്‍കി. സുമിത്ര വേഗം പുറത്തേക്കിറങ്ങി. സലോമി ടംബ്ലറില്‍നിന്നു വെള്ളം ഗ്ലാസ്സില്‍ പകര്‍ന്നു കുടിച്ചു. ഇറങ്ങിപ്പോയ അഡ്വക്കേറ്റ് സുമിത്ര വെപ്രാളത്തോടെ കിതച്ചുകൊണ്ട് തിരിച്ചെത്തി. 
''സലോമിമേഡം, മൊബൈലില്‍ ഒരു വാര്‍ത്ത കിട്ടി. അവന്‍... ജിനേഷ് ബൈക്കാക്‌സിഡന്റില്‍ മരിച്ചെന്ന്! ഏതോ ഡോക്ടറുടെ കാറാണിടിച്ചു തെറിപ്പിച്ചത്...'' 
''ങ്‌ഹേ!'' കളക്ടര്‍ സലോമി പിടഞ്ഞെഴുന്നേറ്റു.
(തുടരും.)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)