•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഇടം

രാവിലെ വീട്ടുവളപ്പിലെ പാവലിനു ചുവട്ടില്‍ വളമിടുന്ന ജോലിയിലായിരുന്നു ജിനേഷ്. ഗ്രോബാഗിലും അല്ലാതെയുമായി നട്ടുവളര്‍ത്തുന്ന പച്ചക്കറികള്‍ക്കെല്ലാം ചാണകവും ചാരവും പച്ചിലവളവും മാത്രമാണ് അവര്‍ നല്കുന്നത്. കീടബാധയകറ്റാന്‍ പുകയിലക്കഷായവും ഇലകളില്‍ പ്രയോഗിക്കും. മുറിയില്‍നിന്നു മൊബൈല്‍ ശബ്ദിച്ചു. ജിനേഷ് അതവഗണിച്ച് കൃഷിപ്പണികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഫോണ്‍ പലതവണ റിങ് ചെയ്തപ്പോള്‍ സന്ധ്യ അതെടുത്ത് പുറത്തേക്കു വന്നു.
''എടാ, നിന്റെ വക്കീലത്തിയാ വിളിക്കുന്നെ, ഫോണെടുക്ക്.'' സന്ധ്യ വിളിച്ചുപറഞ്ഞു. കൈ പെട്ടെന്നു വൃത്തിയാക്കി ജിനേഷ് ഓടിവന്ന് ഫോണ്‍ അറ്റന്‍ഡ് ചെയ്തു.
''ഹലോ, സുമിത്രസാറേ?''
''എന്തെടുക്കുകയായിരുന്നു? ഞാനെത്രതവണ വിളിച്ചു.''
''ഞാന്‍ പുറത്തു കുറച്ച് കൃഷിപ്പണികളായിരുന്നു. പാവല്, പടവലം, വെണ്ട എല്ലാത്തിനും തീറ്റ കൊടുക്കുകാ.''
''അവരൊക്കെ പട്ടിണിയായിരുന്നോ?''
''പട്ടിണിയല്ല. എന്നാലും ചിലര്‍ക്കൊക്കെ ഒരു ചിമിട്ടില്ലായ്ക. സുമിത്രസാറിന് എന്താ വിശേഷം? പറയ്.''
''വിശേഷമൊന്നുമല്ല. രണ്ടാളുകള്‍ ഇന്ന്, ജിനേഷിനെ കാണാന്‍ വരും. കേരളാവിഷനിലെ റിപ്പോര്‍ട്ടര്‍ ക്രിസ്റ്റി തോമസും ക്യാമറാമേന്‍ ബിനീഷും. ഇന്റര്‍വ്യൂ എടുക്കാനാ. പുഴക്കര ബംഗ്ലാവ് പൊളിപ്പിച്ചുമാറ്റിയത് ശരിക്കും സംഭവമായിട്ടുണ്ട്. വക്കച്ചനെ ഭയപ്പെട്ട ഒരു കളക്ടര്‍ 'വോളണ്ടറി' എടുത്തു മാറിയ സംഭവമൊക്കെ ഉണ്ടായതല്ലേ?''
''സുമിത്രസാറേ, സത്യം പറയാമല്ലോ, എനിക്കീ പത്രവാര്‍ത്തയിലും ടെലിവിഷന്‍ ഇന്റര്‍വ്യൂവിലുമൊന്നുമത്ര താത്പര്യമില്ല. വെറും പബ്ലിസിറ്റിക്കുവേണ്ടിയാ നമ്മളൊക്കെ പ്രവര്‍ത്തിക്കുന്നതെന്ന് ചില പറച്ചിലുണ്ട്.''
''ജിനേഷേ, പബ്ലിസിറ്റി ഒരു പാപമൊന്നുമല്ല. ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍തന്നെ തീരെക്കുറവാണ്. ചില കള്ളനാണയങ്ങളുമുണ്ട്. സമരവും പ്രതിഷേധവും ആളിക്കത്തിച്ചിട്ട് എതിര്‍പക്ഷവുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നവര്‍. അവര്‍ നമ്മുടെ ക്രെഡിബിലിറ്റി കളയുകയാണ്. മറ്റൊരുകാര്യം, പരിസ്ഥിതിസമരങ്ങളില്‍ വളരെക്കുറച്ചു മാത്രമേ വിജയിക്കുന്നുള്ളൂ. വിജയിക്കുന്നത് ജനമറിയട്ടെ. ഇതുപോലുള്ള കയ്യേറ്റങ്ങള്‍ പൊങ്ങിവരട്ടെ.''
''സുമിത്രസാര്‍ പറഞ്ഞവര്‍ വന്നോട്ടെ. എനിക്കറിയാവുന്നതുപോലെയൊക്കെ പറഞ്ഞുവിടാം.'' 
''എങ്കില്‍ ശരി. തന്റെ കൃഷിപ്പണി നടക്കട്ടെ.'' സുമിത്ര ഫോണ്‍ കട്ടാക്കി. ജിനേഷ് കൃഷികള്‍ക്കുള്ള വളമിടല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. പിന്നെ കുളിച്ച് വേഷം മാറി റെഡിയായി. അവന്‍ സന്ധ്യയുടെയടുത്തേക്കു ചെന്നു. അവള്‍ തിരക്കിട്ട് തയ്യല്‍ നടത്തുകയായിരുന്നു.
''ചേച്ചീ, ഉച്ചയ്ക്ക് ഉണ്ണാന്‍ രണ്ടുപേരുംകൂടി കാണും. ഇന്നെന്താ കറിയുണ്ടാക്കുന്നെ?'' ജിനേഷ് ചോദിച്ചു. 
''ഇന്നു കറിവയ്ക്കുന്നതൊക്കെ അമ്മയാ. അടുക്കളേലുണ്ട്. എനിക്ക് ഒത്തിരി പണി കിടക്കുന്നെടാ.'' സന്ധ്യ പറഞ്ഞു. 
''അതു പറഞ്ഞാല്‍ പറ്റില്ല. ചേച്ചിയൊന്നെഴുന്നേറ്റുവാ. ചാനലുകാരാ ഇങ്ങോട്ടു വരുന്നെ. മിക്കവാറും നമ്മളെയെല്ലാം അവരു പിടിക്കും. ഉച്ചയ്ക്കിത്തിരി നന്നായിട്ടു കൊടുക്കണ്ടേ?''
''എടാ, നന്നായിട്ട് കൊടുക്കണമെങ്കില്‍ വല്ല ഇറച്ചീം മീനുമൊക്കെ വേണം. ഇവിടെയീ പച്ചക്കറി മാത്രമല്ലേയുള്ളൂ.''
''ഇറച്ചീം മീനുമൊന്നും വേണ്ട. നമ്മള് കഴിക്കുന്നത് കൊടുത്താ മതി.''
സന്ധ്യ പണി നിര്‍ത്തി എഴുന്നേറ്റു. മുടി കെട്ടിവച്ചു.
''എടാ, ചീരക്കറീം പാവയ്ക്കക്കറീം പയറുകറീം ഉണ്ടാക്കാം. തൈരുമുണ്ട്. പോരേ?''
''മതി ചേച്ചീ, ധാരാളം മതി.'' ജിനേഷ് സന്തോഷത്തോടെ മുറ്റത്തേക്കിറങ്ങി നിന്നു.
പന്ത്രണ്ടുമണി കഴിഞ്ഞപ്പോള്‍ ക്രിസ്റ്റി തോമസും ബിനീഷും മുറ്റത്തു വന്നു. ചാനലിന്റെ കാര്‍ മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ടിട്ട് ജിനേഷിന്റെ വീട്ടിലേക്ക് അവര്‍ നടന്നെത്തുകയായിരുന്നു.
''ഹലോ ജിനേഷല്ലേ?'' ക്രിസ്റ്റി സന്തോഷത്തോടെ തിരക്കി.
''അതെ.'' 
''ഞാന്‍ ക്രിസ്റ്റി തോമസ്. അത് ക്യാമറമേന്‍ ബിനീഷ്''
വരുന്നവരുടെ പേരൊക്കെ അഡ്വക്കേറ്റ് സുമിത്ര വിളിച്ചു പറഞ്ഞിരുന്നു.
''സുമിത്ര മേഡം എന്റെ ക്ലാസ്‌മേറ്റും ഫ്രണ്ടുമാ.''
''വരൂ. അകത്തിരിക്കാം.'' ജിനേഷ് ക്ഷണിച്ചു.
''ഇരിക്കുകയൊന്നും വേണ്ട. നമുക്ക് ഈ പാവല്‍പ്പന്തലിനരികെ ലൊക്കേഷന്‍ തീരുമാനിച്ചാലോ ബിനീഷ്?'' ക്രിസ്റ്റി ബിനീഷിനെ നോക്കി.
''അതു മതി. നല്ല ബാക്ക് ഗ്രൗണ്ടാ.'' അവന്‍ അവളെ അനുകൂലിച്ചു.
പാവല്‍ പന്തലിനു മുമ്പിലായി ജിനേഷും അഭിമുഖമായി ക്രിസ്റ്റിയും. ബിനീഷ് യഥാസ്ഥാനത്ത് ക്യാമറ ക്രമീകരിച്ചു.
''ജിനേഷ്, കഴിഞ്ഞ നാലുവര്‍ഷത്തെ നിരന്തരപോരാട്ടത്തിലൂടെ, കായലോരം കയ്യേറിയുണ്ടാക്കിയ പുഴക്കര ബംഗ്ലാവ് പൊളിച്ചുനീക്കിക്കാന്‍ കഴിഞ്ഞു. എങ്ങനെ വിലയിരുത്തുന്നു.''
''പരിസ്ഥിതി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒരു വലിയ വിജയമാണുണ്ടായത്. ചാരിതാര്‍ത്ഥ്യവും സന്തോഷവുമുണ്ട്.''
''കേസില്‍നിന്നു പിന്‍വാങ്ങുന്നതിന് വലിയ സാമ്പത്തികവാഗ്ദാനവും അതിനു വഴങ്ങാത്തതുകൊണ്ട് കൊടുംഭീഷണിയുമൊക്കെ ഉണ്ടായതായി മനസ്സിലാക്കുന്നു.''
''ശരിയാണ്.''
''എങ്ങനെ അതിനെയൊക്കെ അതിജീവിച്ചു?''
''പണം വാഗ്ദാനം ചെയ്തപ്പോള്‍ വേണ്ടെന്നു പറഞ്ഞു. ഭീഷണിയുണ്ടായപ്പോള്‍ കളക്ടര്‍ ഇടപെട്ടു. എനിക്കു പ്രൊട്ടക്ഷന്‍ തന്നു.''
''കണ്ടിട്ട് ജിനേഷ് തീരെ പാവപ്പെട്ട ഒരാളാണെന്നു തോന്നുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ കേസു നടത്തണമെങ്കില്‍ നല്ല പണച്ചെലവുണ്ടാവില്ലേ?
''കുറച്ചൊക്കെ കൈയില്‍നിന്നു ചെലവായി. ബാക്കി കാര്യങ്ങള്‍ മുഴുവന്‍ അഡ്വക്കേറ്റ് സുമിത്രമോഹനാണ് ചെയ്തുതന്നത്. സുപ്രീംകോടതിയില്‍ വാദിച്ചതും സുമിത്രമേഡമാണ്.''
''നമ്മുടെ കേരളത്തിലെ പരിസ്ഥിതിസമരങ്ങള്‍ മിക്കതും പരാജയപ്പെടുകയാണു പതിവ്. എന്തായിരിക്കും അതിനു കാരണം?''
''ആത്മാര്‍ത്ഥതയില്ലാതെ വലിയ സമരമാരംഭിച്ച് ഒടുവില്‍ എതിരാളിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി ലക്ഷങ്ങള്‍ സ്വന്തമാക്കുന്ന കുറെപ്പേരീ രംഗത്തുണ്ട്. അങ്ങനെയുള്ളവരുടെ സമരം എങ്ങനെ വിജയിക്കാനാണ്. ഇപ്പറഞ്ഞവര്‍ പരിസ്ഥിതിയുടെ പേരില്‍ മുതലെടുപ്പു നടത്തുന്ന നയവഞ്ചകരാണ്.''
''ജിനേഷിന് ഇവിടെ എന്തുമാത്രം സ്ഥലമുണ്ട്?''
''ഇരുപതുസെന്റ്.''
''ജോലിയൊന്നുമില്ലാതെ എങ്ങനെ കുടുംബം പോറ്റുന്നു?''
''ജോലിയുണ്ടല്ലോ. മുഴുവന്‍ സ്ഥലത്തും പച്ചക്കറിക്കൃഷിയുണ്ട്. പൂര്‍ണ്ണമായും ജൈവരീതിയിലുള്ളത്. അത് കുറെ സ്ഥിരം വീടുകളില്‍ കൊടുക്കുന്നു. അവര് മാര്‍ക്കറ്റിലുള്ളതിന്റെ ഇരട്ടി വില എനിക്കു തരുന്നുണ്ട്. അത്രയുമൊന്നും വേണ്ടെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ചു തരികയാ. എരുമപ്പാലു വിറ്റും കുറച്ചു പണമുണ്ടാക്കും. ഞങ്ങള്‍ സുഖമായിപ്പോകുന്നു. പിന്നെ വീട് അത്ര നല്ലതൊന്നുമല്ല. ചേച്ചീടെ കല്യാണം നടത്താനും പറ്റിയിട്ടില്ല.''
''ഒരു പരിസ്ഥിതിപ്രവര്‍ത്തകന്‍ എന്നനിലയിലും കര്‍ഷകന്‍ എന്നനിലയിലും മഹത്തായ വ്യക്തിത്വമുള്ള ജിനേഷിന് എന്താണ് പ്രേക്ഷകരോടു പറയാനുള്ളത്?''
''പരിസ്ഥിതി നമ്മുടെ അമ്മയാണ്. അതിനെ നശിപ്പിക്കുന്നവര്‍ മാതൃഘാതകരാണ്.''
''കൊള്ളാം, എല്ലാം അതിലുണ്ട്. നമുക്കിവിടെ നിര്‍ത്താം.'' ക്രിസ്റ്റി തോമസ് പറഞ്ഞു.
ഇന്റര്‍വ്യൂ കഴിഞ്ഞെന്നു കണ്ട് സന്ധ്യ അവരുടെയടുത്തേക്കു ചെന്നു.
''എല്ലാവരും വാ. ഊണു കഴിക്കാം.'' അവള്‍ ക്ഷണിച്ചു.
എതിരുപറഞ്ഞില്ല. സന്തോഷത്തോടെ ജിനേഷിനൊപ്പമിരുന്ന് നാടന്‍കറികളും എരുമപ്പാല്‍ ഉറച്ചുണ്ടാക്കിയ കട്ടത്തൈരും കൂട്ടി ഊണു കഴിച്ചിട്ടാണ് അവര്‍ മടങ്ങിയത്.
''ഇതെന്നാടാ ടി.വി.യില്‍ വരുന്നെ?'' സന്ധ്യ ചോദിച്ചു.
''അടുത്ത തിങ്കളാഴ്ചാന്നാ പറഞ്ഞെ.''
''നീ ഫേമസാകുമല്ലോടാ?''
''ചെറിയ തോതില്‍. സുമിത്രാമേഡത്തിന്റെ ഒരേര്‍പ്പാടാ എല്ലാം.''
''കക്ഷിക്ക് നിന്നോടൊരിതുണ്ടെന്നു തോന്നുന്നു.'' സന്ധ്യ പ്രത്യേകഭാവത്തില്‍ പറഞ്ഞു.
''പോ ചേച്ചീ, അങ്ങനൊന്നുമില്ല.''
''പിന്നെയേ, അമ്മയ്ക്ക് രാവിലെമുതല് ചെറിയ ശ്വാസം മുട്ടലുണ്ട്. ഇന്ന് ഇന്‍ഹേലറടിച്ചിട്ടില്ല. തീര്‍ന്നു, പറ്റെ.'' സന്ധ്യ സൂചിപ്പിച്ചു.
''അയ്യോ അതു മുടക്കരുതെന്ന് ഡോക്ടറ് പറഞ്ഞിട്ടുള്ളതാ. ഞാനിപ്പത്തന്നെ ചെന്ന് വാങ്ങിക്കാം.''
ജിനേഷ് പെട്ടെന്ന് ഡ്രസ് മാറി. പേഴ്‌സ് എടുത്തുപോക്കറ്റിലിട്ടു. മുറ്റത്തരുകില്‍ വച്ചിരുന്ന ബൈക്കില്‍ക്കയറി അവന്‍ ശീഘ്രം പാഞ്ഞു. മെഡിക്കല്‍ സ്റ്റോറിലേക്ക്.''

 

Login log record inserted successfully!