നഗരത്തിലെ ബസ്സ്റ്റാന്‍ഡില്‍ വൈകുന്നേരം ആറുമണിയോടെയാണ് സെലീന എത്തിയത്. ഓട്ടോറിക്ഷയില്‍ കയറി കളക്ടറുടെ ബംഗ്ലാവിനു മുമ്പിലെത്തി. കൂറ്റന്‍ ഇരുനിലക്കെട്ടിടത്തിന്റെ വമ്പന്‍ ഗേറ്റ് അടഞ്ഞാണു കിടന്നിരുന്നത്. സെലീനാ പേഴ്‌സില്‍നിന്നു ചെറിയ മൊബൈല്‍ ഫോണെടുത്ത് സുമലതയുടെ നമ്പര്‍ ഡയല്‍ ചെയ്തു. മകള്‍ അത് അമ്മയ്ക്ക് നല്‍കിയിട്ടുണ്ടായിരുന്നു. സുമലത പെട്ടെന്നുതന്നെ ഫോണെടുത്തു.
''അമ്മേ.... അമ്മയെവിടെയെത്തി?'' സുമതലത വെപ്രാളത്തോടെ തിരക്കി.
''ഞാനിവിടെ... ഈ വീടിന്റെ മുമ്പിലുണ്ട്.''
''അയ്യോ, ഇപ്പ വരാം. ഓടി വരാം.''
സുമലത പെട്ടെന്ന് വാതിലുകള്‍ അടച്ച് ഗേറ്റിലേക്കോടിയെത്തി. താക്കോല്‍ക്കൊണ്ട് ഗേറ്റ് തുറന്നു.
''അമ്മ വാ... കളക്ടര്‍സാര്‍ പോയിക്കഴിഞ്ഞാല്‍ അപ്പഴേ ഞാനീ ഗേറ്റ് അടച്ചുപൂട്ടും. ഞാന്‍ മാത്രമല്ലേ പിന്നെയിവിടെയുള്ളൂ. അതുകൊണ്ടാ.'' സെലീനയുടെ കൈപിടിച്ച് ബംഗ്ലാവിലേക്ക് ആനയിച്ചുകൊണ്ടു പറഞ്ഞു.
''വീട്ടില്‍ വന്നപ്പം അവള് സുമലതേടെ കാര്യം പറഞ്ഞു. നല്ലയാളാന്നും തമ്മില്‍ വലിയ കൂട്ടാണെന്നും.''
''സലോമിമേഡം എനിക്കെന്റെ പൊന്നുമോളെപ്പോലെയാ. ഇവിടെ ജോലിക്കു വരുമ്പം ഞാന്‍ വിചാരിച്ചു കുറെ പ്രായമുള്ള ദേഷ്യക്കാരിയായ ഒരു സ്ത്രീയായിരിക്കുമെന്ന്. ഇതെന്റെ ഭാഗ്യാ.''
''എന്റെ മോള്‍ക്ക് പാവത്തുങ്ങളോട് നല്ല അലിവുകാണും. അവള് ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ച് ഈ നെലേലെത്തിയതാ. സുമലത കുറെയൊക്കെ കേട്ടിട്ടുണ്ടായിരിക്കും.''
''ഒണ്ട്. അമ്മ ഇവിടെവന്നു താമസിക്കാത്തത് വലിയ സങ്കടമാ. മകള് ഇത്രേം നല്ല നെലേലെത്തിയപ്പം കൂടെ അമ്മ വേണ്ടതാ. തനിച്ചാക്കുന്നത് കഷ്ടമാ.''
''വരണോന്നുണ്ട് സുമേ. പെട്ടെന്ന് നമ്മള് ഇതുവരെ ജീവിച്ച സാഹചര്യത്തീന്ന് മാറാനൊരു വെഷമമാ.''
''അതു കുറച്ചു ദിവസത്തേക്കുണ്ടാകും. അതു കഴിഞ്ഞ് നമ്മളെണങ്ങിക്കോളുമമ്മേ.'' സുമലത പറഞ്ഞു.
കഴിഞ്ഞ ദിവസം സലോമി വീട്ടിലെത്തിയപ്പോള്‍ വാങ്ങിക്കൊണ്ടുവന്ന പുതിയ സാരിയുമണിഞ്ഞാണ് സെലീന വന്നിരിക്കുന്നത്. മുറ്റത്ത് പുല്‍ത്തകിടിയും പൂച്ചെടികളുമൊക്കെയൊള്ള ആ വലിയ ബംഗ്ലാവുകണ്ട് അവന്‍ അന്തിച്ചുപോയി. അകത്തുകയറിയ സെലീനയെ വീടിന്റെ പ്രധാനമുറിയിലേക്ക് സുമലത കൂട്ടിക്കൊണ്ടുപോയി. വിലകൂടിയ സെറ്റികളും കസേരകളും ടീപ്പോയിയുമൊക്കെയുള്ള മുറിയുടെ ചുവരില്‍ തിരുഹൃദയരൂപവും മാതാവിന്റെ രൂപവും അതിനു താഴെ മാത്തന്റെ ഫോട്ടോയും സെലീന കണ്ടു. മകളെ സ്‌നേഹിച്ച അപ്പന് ഇങ്ങനെയൊരു യോഗമുണ്ടായല്ലോ. സെലീന ഓര്‍ത്തു. സുമതല, സെലീനയെ ഡ്രസ് മാറാനുള്ള മുറിയും ബാത്ത്‌റൂമുമൊക്കെ കാട്ടിക്കൊടുത്തു. ഇത്രയും സൗകര്യങ്ങളുള്ള ഒരു വീട് സെലീന ഇതുവരെ കയറി നടന്നു കണ്ടിട്ടില്ല. മകള്‍ക്കു കൈവന്നിരിക്കുന്ന സൗഭാഗ്യങ്ങള്‍ തന്റെ പ്രതീക്ഷകള്‍ക്കുമപ്പുറമാണെന്ന് സെലീന കണ്ടറിഞ്ഞു.
''അമ്മ യാത്ര കഴിഞ്ഞു വന്നതല്ലേ. വേഷം മാറി ഒന്നു കുളിച്ചു ക്ഷീണം മാറ്റ്. ഞാനപ്പഴേക്കും കാപ്പിയെടുത്തു വയ്ക്കാം.'' സുമലത പറഞ്ഞു.
സാരി മാറിയിട്ടു ധരിക്കാനുള്ള നൈറ്റി സെലീന വീട്ടില്‍നിന്നു കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അവര്‍ ഡ്രസ്സിംഗ് റൂമില്‍ കയറി വേഷം മാറി. പിന്നെ ബാത്ത് റൂമിലേക്കു കയറി. വിശാലവും നിരവധി സൗകര്യങ്ങളോടുകൂടിയതുമായിരുന്നു ബാത്‌റൂം. ചൂടുവെള്ളവും തണുത്തവെള്ളവുമൊക്കെ വരുന്ന പൈപ്പുകള്‍ കോണ്‍വെന്റിലെ ബാത്ത്‌റൂം കഴുകാന്‍ കയറുമ്പോള്‍ സെലീന കണ്ടിട്ടുള്ളതാണ്. കുളിച്ച് വേഷം മാറി പുറത്തിറങ്ങിയ സെലീനയെ സുമലത ഡൈനിംഗ് റൂമിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെയും അതിശയക്കാഴ്ചകളായിരുന്നു. മനോഹരമായ കപ്പിലേക്ക് ജഗ്ഗില്‍നിന്നു സുമലത ചൂടുകാപ്പി പകര്‍ന്നു നല്‍കി. ചൂടുപഴംപൊരിയും അടയുമായിരുന്നു വിഭവങ്ങള്‍.
''സുമകൂടിയിരിക്ക്. നമുക്കൊന്നിച്ചു കഴിക്കാം.'' സെലീന പറഞ്ഞു.
''ഞാന്‍ പിന്നെ കഴിച്ചോളാം. ഇപ്പഴമ്മ കഴിക്ക്. കൂവപ്പൊടികൊണ്ടുള്ള അട അമ്മയ്ക്ക് സ്‌പെഷ്യലായിട്ടുണ്ടാക്കിയതാ. കടേന്നു വാങ്ങിച്ച മായം ചേര്‍ന്ന പൊടിയൊന്നുമല്ല കേട്ടോ. ഞാന്‍ വീട്ടിപ്പോയി വന്നപ്പം കൊണ്ടുവന്ന നാടന്‍ സാധനമാ.'' സുമലത പറഞ്ഞു.
''എനിക്കിങ്ങനെയൊന്നുമുണ്ടാക്കണ്ടായിരുന്നു. ഞാന്‍ വെറുമൊരു സാധാരണക്കാരിയല്ലേ.''
''സാധാരണക്കാരിയൊന്നുമല്ല. കളക്ടറ്‌മേഡത്തിന്റെ അമ്മയാ. അമ്മയ്ക്ക് ഒരു കുറവും വരുത്തിയേക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടാ പോയത്. അതൊക്കെയൊന്നു കഴിച്ചിട്ട് അഭിപ്രായം പറഞ്ഞേ.''
''്‌നല്ലതാ. എല്ലാം നല്ലതാ. രുചിയുണ്ട്.'' സെലീന പറഞ്ഞു.
രാത്രി എട്ടരയായപ്പോള്‍ കളക്ടര്‍ സലോമി വീട്ടിലെത്തി. അമ്മയെ കാണാന്‍ ഓടിക്കയറി വന്നു. പ്രധാനമുറികളിലൊക്കെ നോക്കിയിട്ടും കാണാതിരുന്നപ്പോള്‍ അമ്മ വന്നില്ലേ, എന്നൊരു സംശയം സലോമിക്കുണ്ടായി.
''മോളേ, ഇങ്ങോട്ടു പോരാമോ. അമ്മയിവിടെയാ. കാപ്പികുടിക്കുകാ.''
സുമലത ഡൈനിംഗ് ഹാളില്‍നിന്നു വിളിച്ചുപറഞ്ഞു. സലോമി അങ്ങോട്ടു ചെന്നു. സെലീന എഴുന്നേറ്റ് മകളെ കെട്ടിപ്പിടിച്ച് നെറുകയില്‍ തെരുതെരെ ഉമ്മ വച്ചു.
''ഇവിടെ വന്നുപെടാന്‍ എന്തേലും ബുദ്ധിമുട്ടുവന്നോ, അമ്മേ?'' അവള്‍ ചോദിച്ചു.
''ഇല്ല മോളെ. ഒരു കുഴപ്പോമില്ലാതെ ഞാനെത്തി. നീ കൂടി കഴിക്ക്, മടുത്തുവരികയല്ലേ?'' സെലീന പറഞ്ഞു. സലോമി അമ്മയോടൊപ്പം ചേര്‍ന്നു.
''അമ്മേ, ഞാനൊരു കാര്യം പറഞ്ഞാല്‍ അധികപ്പറ്റായിട്ടു തോന്നുമോ?'' സുമലത ചോദിച്ചു.
''ഒന്നുമില്ല, സുമ പറഞ്ഞോ.''
''നമ്മള്‍ക്കിനി ഒട്ടും വൈകാതെ ഈ പൊന്നുമോളുടെ കല്യാണം കൂടിയങ്ങ് നടത്തണം. പറ്റിയ പ്രായവും പറ്റിയ സമയവുമാ.''
''നടത്തണം. പറ്റിയ ഒരാളെ കണ്ടെത്തണം.'' സെലീന പറഞ്ഞു. കൂടുതലൊന്നും അതേപ്പറ്റി പറയാന്‍ സെലീന തയ്യാറായില്ല. മകള്‍ ഉന്നതപദവിയിലാണ്. സൗന്ദര്യമുണ്ട്. ആരോഗ്യമുണ്ട്. പക്ഷേ, ഒരു വിവാഹമാലോചിക്കുമ്പോള്‍ ഉയര്‍ന്നുവരാനിടയുള്ള പ്രതിസന്ധികളെപ്പറ്റിയോര്‍ത്തപ്പോള്‍ ആശങ്കകള്‍ സെലീനയുടെ മനസ്സിലേക്കിരച്ചു കയറി. വിവാഹചിന്തകള്‍ സലോമിയുടെ മുഖത്തും സന്തോഷം പടര്‍ത്തിയില്ല. സുമന്‍ ബാബു വന്നു കണ്ടതും പറഞ്ഞതും അമ്മയെ അറിയിക്കാന്‍ ഇതല്ല സന്ദര്‍ഭമെന്ന് അവള്‍ ചിന്തിച്ചു.
''അമ്മേ, ഇവിടുത്തെ സൗകര്യങ്ങളൊക്കെ അമ്മ കണ്ടില്ലേ? ഞങ്ങള്‍ രണ്ടുപേര്‍ മാത്രമല്ലേയുള്ളൂ. അമ്മയവിടെ ഒറ്റയ്ക്കു കഴിയുന്നത് എത്ര കഷ്ടമാണ്.'' സലോമി പറഞ്ഞു.
''എടീ, ഇവിടെ താമസിച്ച് എനിക്ക് മഠത്തിലെ പണി ചെയ്യാന്‍ പറ്റുമോ?''
''അതിനി ഉപേക്ഷിക്കണം. അമ്മയ്ക്ക് ആവശ്യത്തിനുള്ള പണം ഞാന്‍ തരുന്നുണ്ടല്ലോ. വാങ്ങിക്കാഞ്ഞിട്ടല്ലേ?''
''പെട്ടെന്ന് അവിടുന്നൊഴിവാകുന്നതെങ്ങനെയാ? പിടിവിട്ടു ചെന്നപ്പം അഭയം തന്നത് സിസ്റ്റര്‍മാരാ. നിന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും വഴികാട്ടിയതും ഈ നെലയിലെത്തിച്ചതും അവരാ. നല്ല കാലം വരുമ്പം കടന്നു വന്ന വഴി മറക്കാമോ?''
''മറന്നിട്ടില്ലല്ലോ ഞാന്‍. എന്നും അമ്മ മഠത്തിലെ കുശിനിക്കാരിയായി കഴിയുന്നത് കഷ്ടമാണെന്നാ പറഞ്ഞത്.''
''എല്ലാം കരോളിനമ്മയ്ക്കറിയാം. വേറെ അടുക്കളക്കാരിയെ അന്വേഷിക്കുന്നുമുണ്ട്. പറ്റിയൊരാളെ കിട്ടുമ്പം എന്നെ ഒഴിവാക്കും. അന്നു ഞാന്‍ നിന്റെ കൂടെ വരാം.''
''മതി. അതു മതി. ഞാന്‍ കുറച്ചു രൂപ തന്നാല്‍ അമ്മയ്ക്കു വാങ്ങിച്ചാലെന്താ?''
''എനിക്കു ജീവിക്കാനുള്ളത് ഞാന്‍ ജോലി ചെയ്തുണ്ടാക്കുന്നുണ്ട്. കൂടുതല്‍ പണം എനിക്കെന്തിനാണ്? പിന്നെ നെനക്കു കിട്ടുന്ന പണം നീ സൂക്ഷിക്കണം. ഇത് സര്‍ക്കാരിന്റെ പണംകൊണ്ടു താമസിക്കുന്ന വീടല്ലേ? കളക്ടര്‍ സ്ഥാനത്തുനിന്നു മാറുമ്പം ഇവിടുന്നെറങ്ങേണ്ടിവരില്ലേ?''
''അമ്മയിതൊക്കെ മനസ്സിലാക്കിയോ?''
''ങും. നീയിങ്ങോട്ടു താമസിക്കാന്‍ വിളിച്ചിട്ടുണ്ടെന്നൊക്കെ ഞാന്‍ മദറിനോടു പറഞ്ഞായിരുന്നു. അപ്പഴാ കാര്യങ്ങളൊക്കെ പറഞ്ഞുതന്നത്. ഒരു കല്യാണമാലോചിക്കുമ്പം ചെറുക്കന്റെ വീട്ടുകാര് നമ്മുടെ വീട്ടിലാ വരുന്നത്. അതിന് വഴീം പൊഴേം സൗകര്യങ്ങളുമൊന്നുമില്ലാത്ത ഇപ്പഴത്തെ വീടു പോരാ.
റോഡരുകില്‍ സ്ഥലം വാങ്ങിച്ച് പുത്തന്‍ വീടുണ്ടാക്കണം. നിന്റെ നെലയനുസരിച്ചൊരു വീടുണ്ടാക്കണമെങ്കില്‍ ഒരമ്പതുലക്ഷമെങ്കിലും വേണം. സ്ഥലത്തിനും നല്ല വിലകൊടുക്കേണ്ടി വരും.''
''അമ്മ പറഞ്ഞകാര്യം വളരെ ശരിയാ. ഞാനിതുവരെ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടില്ല.''
''കുറച്ചു വെല കൂടുതലുകൊടുത്താല്‍ ഇവിടെത്തന്നെ സ്ഥലം കിട്ടാനുണ്ട്.'' സുമലത ഇടയ്ക്കു കയറിപ്പറഞ്ഞു.
''ടൗണില്‍ത്തന്നെ വീടു വയ്ക്കുന്നതാ നല്ലത്. കളക്ടറൊക്കെയാവുമ്പം അതാ സൗകര്യം.'' സെലീന സുമലത പറഞ്ഞതിനോടു യോജിച്ചു.
''അമ്മയിതെന്താ കാര്യമായിട്ടൊന്നും കഴിക്കാത്തെ?'' സലോമി ചോദിച്ചു.
''വൈകിട്ട് ഞാനിച്ചിരി കഞ്ഞിയാ പതിവ്. പലഹാരങ്ങളോടൊന്നും ഒരു താത്പര്യവുമില്ല.''
''ഇന്ന് കഞ്ഞിയൊന്നും വേണ്ട. അത്താഴത്തിന് പല കൂട്ടങ്ങളുമുണ്ടാക്കീട്ടുണ്ട്; സ്‌പെഷ്യലായിട്ട്.'' സുമലത പറഞ്ഞു.
''ഉണ്ടാക്കിയെങ്കില്‍ നമുക്കെല്ലാവര്‍ക്കുംകൂടെ കഴിച്ചുതീര്‍ക്കാം.''സെലീന കൈകഴുകാനെഴുന്നേറ്റുകൊണ്ടു പറഞ്ഞു.
അമ്മയും മകളും തിരുഹൃദയരൂപത്തിനുമുമ്പില്‍ മുട്ടുകുത്തി നിന്നാണ് പ്രാര്‍ത്ഥന ചൊല്ലിയത്. പലവഴി ചിതറിപ്പോയ ഒരു കുടുംബത്തിലെ രണ്ടുപേരുടെ ഒത്തുചേരല്‍. ഭിത്തിയില്‍ മാത്തന്റെ ഫോട്ടോ കണ്ട സെലീനയുടെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. കര്‍ത്താവിന്റെ രണ്ടാംവരവില്‍ തന്റെ ഭര്‍ത്താവ് മാത്തന്റെ സ്ഥാനം എവിടെയായിരിക്കും? കുടുംബപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാത്ത മനുഷ്യന്‍! കൂദാശകള്‍ സ്വീകരിക്കാതെ തോന്ന്യാസം ജീവിച്ചവന്‍! ക്രിസ്മസ് ദിനത്തില്‍ മാത്രം പാതിരാക്കുര്‍ബാനയ്ക്കു പോകുമായിരുന്നു. ദുര്‍മ്മരണം വരിച്ച മാത്തന്റെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത് വികാരിയച്ചന്റെ സന്മനസ്സുകൊണ്ടുമാത്രമാണ്. പാപത്തെ വെറുക്കണം, പാപിയെ സ്‌നേഹിക്കണമെന്ന ചിന്താഗതിക്കാരനായിരുന്നു മറ്റപ്പളളിയച്ചന്‍.
''അമ്മേ, പ്രാര്‍ത്ഥന തീര്‍ന്നിട്ടും എന്താ മുട്ടിന്മേല്‍ നില്‍ക്കുന്നെ?'' സലോമി ചോദിച്ചപ്പോഴാണ് സെലീന ചിന്തകളില്‍നിന്നു മാറിയത്. അവള്‍ മെല്ലെ എഴുന്നേറ്റു.
''മോളേ, ഞാന്‍ നിന്റപ്പന്റെ ഫോട്ടോ കണ്ടപ്പം പഴയ ചെല കാര്യങ്ങളോര്‍ത്തുപോയി. നിന്നെ അതിയാന്‍ സ്‌നേഹിച്ചത് വെറുതെയായില്ല. ഇവിടുത്തെ ഭിത്തിയേല്‍ ആ മനുഷ്യന്റെ ഫോട്ടോ നീ കൊണ്ടുവന്നു സ്ഥാപിച്ചല്ലോ!''
''അപ്പന്റെ ഫോട്ടോ കാണുന്നത് എനിക്കു വലിയ ധൈര്യം തരുന്നുണ്ടമ്മേ.'' സലോമി പറഞ്ഞു. അപ്പോള്‍ സലോമിയുടെ ഫോണിലേക്ക് സുമന്‍ ബാബുവിന്റെ കോള്‍ വന്നു.
അവള്‍ കോള്‍ അറ്റന്‍ഡ് ചെയ്തുകൊണ്ട് അമ്മയുടെയടുത്തുനിന്നു മാറിപ്പോയി.
(തുടരും)