•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ഇടം

''ആരാ ഈ നമ്പറില്‍ വിളിച്ചെ? 
''ഞാന്‍ മീരാ. പുഴക്കരേലെ വക്കച്ചന്റെ മകളാ.''
''ഓ. മനസ്സിലായി. ആദ്യം വിളിച്ചപ്പോ, ഡിസ്‌കണക്റ്റാക്കിയതിന് സോറി കേട്ടോ. അല്പം തിരക്കിലായിരുന്നു.''
''എങ്ങനെയാ വിളിക്കേ   ണ്ടതെന്നെനിക്കറിയില്ല. സാറെന്നോ? കളക്ടറെന്നോ?''
''എന്നെ സലോമീന്നു വിളിക്കുന്നതാ ഏറ്റവും ഇഷ്ടം.''
''എനിക്കും അങ്ങനെ വിളിക്കാനാ ഇഷ്ടം. ഒരു കൂട്ടുകാരിയെ വിളിക്കുംപോലെ.''
''ഞാന്‍ കഴിഞ്ഞദിവസം വീട്ടില്‍ വന്നിരുന്നു. മീരയുടെ പപ്പാ വീട്ടിലേക്കു കയറാന്‍ ക്ഷണിച്ചില്ല. അതുകൊണ്ടു പുറത്തുനിന്നു കാര്യം പറഞ്ഞ് പോരുകയായിരുന്നു.''
''ഞാനെല്ലാമറിഞ്ഞു. പപ്പാ പിന്നെ മീരയ്ക്കും എസ്.പി.ക്കുമെതിരേ എന്നെ ബന്ധിപ്പിച്ച് കേസുകൊടുക്കുകയും ചെയ്തല്ലോ.''
''മീര സത്യത്തിനൊപ്പം നിന്നതുകൊണ്ട് കേസ് ഒഴിവായി. നന്ദിയൊണ്ട്.''
''ഞാനും സലോമിയെപ്പോലെ ഒരു ഐ.എ.എസ്സുകാരിയാകാനാഗ്രഹിച്ചു. ആഗ്രഹങ്ങള്‍ ഒന്നും നടക്കാത്ത ഒരു പെണ്ണായി ജീവിക്കാനായിരുന്നു ദൈവവിധി. എന്റെ സിറ്റ്വേഷന്‍ സലോമിക്കറിയ്വോ?''
''അറിയാം. അതു കൂടി സൂചിപ്പിച്ചായിരുന്നല്ലോ പപ്പാ ഐ.ജി.ക്കും മറ്റും പരാതിക്കൊടുത്തത്. ട്രീറ്റ്‌മെന്റ് വല്ലതുമുണ്ടോ മീരാ.''
''ഇല്ല. മെഡിക്കല്‍സയന്‍സിന് എന്നെ ഒരു തരത്തിലും രക്ഷിക്കാനാവില്ല, സലോമി. മദ്യബിസിനസ്സും റിയല്‍ എസ്റ്റേറ്റുമൊക്കെയായി നടന്ന കാലത്ത് പപ്പാ  അരുതാത്തതു പലതും ചെയ്തു. ചെയ്യിച്ചു. അതിന്റെയൊക്കെയൊരു റിയാക്ഷനാകാം ഞാനിങ്ങനെയായത്. എന്റനുജന്‍ റിനോ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചുപോയതും സലോമി കേട്ടിട്ടുണ്ടാകും.''
''നാട്ടിലെ കാര്യങ്ങള്‍ മിക്കതും എനിക്കറിയില്ല. ഞാന്‍ വളര്‍ന്നത് കോണ്‍വെന്റിലെ ഓര്‍ഫനേജിലാണല്ലോ. പഠിപ്പിച്ചതും വഴി കാട്ടിയതുമൊക്കെ സിസ്റ്റര്‍മാരാ.'' 
''എനിക്ക് സലോമിയെ വന്നു കാണാന്‍ കഴിയാഞ്ഞിട്ടാണ് ഫോണ്‍ വിളിച്ചത്. തന്നെയുമല്ല, പപ്പാ അറിയാതെയുമാണിപ്പോള്‍ വിളിക്കുന്നത്.'' 
''മീര കാര്യം പറഞ്ഞോളൂ.''
''കായല്‍ത്തീരത്തുള്ള ഞങ്ങളുടെയീ വീടും ചുറ്റുപാടുകളും എനിക്കൊരിക്കിലും മടുക്കാത്ത കാഴ്ചകളാണ്. എന്റെ സന്തോഷത്തിനുവേണ്ടിയാ പപ്പാ ഇവിടെയീ വീടുവച്ചത്. എന്തെങ്കിലും തരത്തില്‍ വീട് പൊളിക്കാതിരിക്കാമോയെന്ന് സലോമി ആലോചിക്കണം. പപ്പാ വാക്കിലും പ്രവൃത്തിയിലും അഹങ്കാരം കാട്ടിയിട്ടുണ്ടാവും. അതു ക്ഷമിക്കണം. ഒരനുജത്തിയുടെ അപേക്ഷയായി കരുതണം.''
''മീര പഠിച്ചവളാണല്ലോ. പപ്പായ്ക്കും നിയമമൊക്കെയറിയാം. കോടതി നിങ്ങളുടെ വീടൊഴിപ്പിക്കണമെന്ന് കര്‍ശനമായ ഉത്തവിട്ടിരിക്കയാ. കളക്ടറെന്ന നിലയില്‍ ഞാനതു നടപ്പാക്കിയേ പറ്റൂ. വീടുപണിതിരിക്കുന്ന സ്ഥലം കയ്യേറ്റഭൂമിയാണെന്ന് കൃത്യമായി തീര്‍പ്പായിരിക്കുന്നതാണ്.'' 
ഏതാനും നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷമാണ് മീര പ്രതികരിച്ചത്.
''സലോമീ ഞാനതു മനസ്സിലാക്കുന്നു. ഞങ്ങള്‍ വീടൊഴിഞ്ഞു പോകും, വലിയ സങ്കടത്തോടെയാണെങ്കിലും. സലോമിക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും. ജോലിയില്‍ തിളങ്ങണം. നിര്‍ത്തുകാ.''
''താങ്ക്‌യൂ മീരാ.'' സലോമി കോള്‍ കട്ടാക്കി.
മീരയുടെ ഫോണ്‍ കോള്‍ സലോമിയുടെ മനസ്സില്‍ പോറലുണ്ടാക്കി. ദുഷ്ടതയുടെയും ക്രൂരതയുടെയും പ്രതിരൂപമായ പുഴക്കരവക്കച്ചന്റെ മകള്‍ എത്ര നല്ലവളാണ്! വീട് സംരക്ഷിക്കണമെന്നവള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. താന്‍ വസ്തുത പറഞ്ഞപ്പോള്‍ അവള്‍ക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞു. വക്കച്ചന്‍ ചെയ്യുന്ന സകലതിന്മകളുടെയും തിരിച്ചടിയേല്ക്കുന്നത് മീരയ്ക്കാണ്. അവളുടെ ജീവിതം ഒരു വലിയ സഹനമാണ്. ഏക മകന്റെ മരണവും മകളുടെ തളര്‍ച്ചയുമൊന്നും പക്ഷേ, വക്കച്ചനെ ബാധിക്കുന്നില്ല. അയാള്‍ തെറ്റുകളില്‍നിന്നു തെറ്റുകളിലേക്കു സഞ്ചരിക്കുന്നു. സലോമിയുടെ ചിന്തകളെ മുറിച്ചുകൊണ്ട് റൂമിലേക്ക് ഒരു സന്ദര്‍ശകന്‍ കയറി വന്നു. ഒത്ത ഉയരവും തടിയും നിറവുമുള്ള യോഗ്യനായ ചെറുപ്പക്കാരന്‍! കോളജിലെ സഹപാഠി!
''ഹലോ... സുമന്‍ ബാബു. വെരി വെരി വെല്‍ക്കം.'' കളക്ടര്‍ സലോമി എഴുന്നേറ്റ് ഷേക്ക്ഹാന്‍ഡ് നല്‍കി അവനെ സ്വീകരിച്ചിരുത്തി.
''മേഡം വലിയ തിരക്കിലായിരിക്കും. കളക്‌ടേറ്റില്‍വന്നപ്പോള്‍ ജസ്റ്റ് ഒന്നു കണ്ടു ഹായ് പറഞ്ഞു പോകാന്‍ കയറിയതാ.'' സുമന്‍ പറഞ്ഞു.
''സുമനെന്നെ സലോമീന്നു വിളിച്ചുകൂടെ. മേഡമാക്കി പരിഹസിക്കാതെ.''
''എനിക്കും അത ഇഷ്ടം. പഠിച്ചിരുന്ന കാലത്ത് എടീ, പോടീന്നൊക്കെ വിളിച്ചിട്ടുണ്ട്. ഇപ്പം താനാരാ? ജില്ലേടെ കളക്ടര്‍! ഐ.എ.എസുകാരി! നമ്മുടെ ബാച്ചില്‍നിന്നും അദ്ഭുതകരമായി വളര്‍ന്ന് സകലരെയും അമ്പരപ്പിച്ചവള്‍!'' 
''എല്ലാം ഓരോ നിയോഗം. അല്ലാതെന്താ പറയുക. സുമനിപ്പോള്‍ എന്തെടുക്കുന്നു?''
''ഞാനിവിടെ എസ്.ബി.ഐ.യുടെ ബ്രാഞ്ച് മാനേജരാ. ചാര്‍ജെടുത്തിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ.''
''കൂട്ടത്തില്‍ പഠിച്ച മറ്റുള്ളവരുമായൊക്കെ ബന്ധപ്പെടാറുണ്ടോ?''
''ഇല്ല, സലോമി. നമ്മളൊക്കെ പലവഴി പിരിഞ്ഞു. ഓരോരുത്തര്‍ക്കും പുതിയ സാഹചര്യങ്ങള്‍. ബന്ധങ്ങള്‍, സുഹൃത്തുക്കള്‍. പത്രത്തിലൂടെയാണ് സലോമിക്ക് ഐ.എ.എസു കിട്ടിയതും ഇവിടെ കളക്ടറായതുമൊക്കെയറിഞ്ഞത്. പഠിച്ചിരുന്ന കാലത്ത് തനിക്ക് ഫോണില്ലായിരുന്നല്ലോ?''
''ഫോണ്‍ മാത്രമല്ല, പല ഇല്ലായ്മകളും അനുഭവിക്കുകയായിരുന്നു അക്കാലത്ത്. കൂട്ടുകാരില്ലായിരുന്നു. അവഗണനയും പരിഹാസവും ആവശ്യത്തിലധികം കിട്ടി. സുമന്‍ ബാബുവിന് എന്റെ നോട്ടുവാങ്ങാനും അസൈന്‍മെന്റുകള്‍ വാങ്ങാനും മാത്രമുള്ള അടുപ്പമുണ്ടായിരുന്നു. കൂടുതല്‍ മിണ്ടിയാല്‍ ഞാന്‍ കഴുത്തില്‍ തൂങ്ങുമോയെന്ന പേടിയുമുണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട്.''
''അത്... സലോമിയുടെ വെറും തോന്നലാ. എനിക്ക് സലോമിയെ അന്നും ഇന്നും ഇഷ്ടമാ.'' സുമന്‍ ബാബു പറഞ്ഞു.
''സുമന്‍, നമുക്ക് മറ്റെന്തെങ്കിലും വിഷയം സംസാരിക്കാം.''
''ഞാന്‍ പറഞ്ഞത് സലോമിക്കു വിശ്വാസമില്ലായിരിക്കും. വിശ്വസിക്കണ്ട. ഇപ്പോള്‍ പദവിയില്‍ നമ്മള്‍ തമ്മില്‍ ഒത്തിരി അകലമുണ്ടല്ലൊ. സലോമി വളരെ സുന്ദരിയുമാണ്. സ്‌നേഹിക്കുന്നവരും വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരുമായി ഏറെപ്പേരുണ്ടായിരിക്കും!
''കാര്യങ്ങള്‍ സുമന്‍ പറഞ്ഞതുപോലെയല്ല. എനിക്കിതുവരെ ഒരു വിവാഹാലോചനപോലും വന്നിട്ടില്ല. കളക്ടറായപ്പോള്‍ ഒരു പത്രത്തില്‍വന്നതു കണ്ടുകാണുമല്ലോ. കാലന്‍ മാത്തന്റെ മകള്‍ ഇനി ജില്ല ഭരിക്കുമെന്ന്! എന്റപ്പന്‍ വെട്ടേറ്റു മരിച്ചു കിടക്കുന്ന ചിത്രം കൂടി മറ്റൊരു പത്രത്തില്‍ വന്നു. കാലന്‍ മാത്തന്‍ എന്ന പേര് ഭയവും പരിഹാസവുമുണ്ടാക്കുന്നതാണ് പലര്‍ക്കും. എനിക്കു ജന്മം തന്നത് ആ മനുഷ്യനാണ്. വെള്ളത്തില്‍പോയി മരിക്കാറായപ്പോള്‍ കിണറ്റില്‍ ചാടി രക്ഷിച്ചതും മറ്റാരുമല്ല.''
''സലോമീ, കുടുംബമഹത്ത്വം, പാരമ്പര്യം ഇതൊന്നും എനിക്കു പ്രശ്‌നമില്ല. എന്റെ വീട്ടുകാരും അക്കാര്യത്തില്‍ എന്റെയൊപ്പമാണ്. ജോലിയും പദവിയും സലോമിക്കൊപ്പമില്ലേ? സമ്മതമാണെങ്കില്‍ നമുക്കൊന്നിച്ചു ജീവിക്കാം.''
സലോമിയുടെ മുഖത്ത് സമ്മിശ്രഭാവങ്ങളുണ്ടായി.
''പെട്ടെന്നു പറയാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കും. വേണ്ട. ആലോചിച്ചു പറഞ്ഞാല്‍ മതി. ഇതാ എന്റെ അഡ്രസ്സ് കാര്‍ഡ്.'' സുമന്‍ കാര്‍ഡ് നീട്ടിക്കൊണ്ടു പറഞ്ഞു.
അല്പമൊന്നു മടിച്ചെങ്കിലും സലോമി കാര്‍ഡ് കൈനീട്ടി വാങ്ങി. കൂടുതലൊന്നും പറയാതെ സുമന്‍ബാബു യാത്ര പറഞ്ഞു പോയി.
സുമന്‍ ബാബുവിന്റെ വരവും സംസാരവും പെട്ടെന്നുള്ള സ്‌നേഹം വെളിപ്പെടുത്തലുമൊക്കെ വിചിത്രമായി സലോമിക്കു തോന്നി. കോളജു പഠനകാലത്ത് കാതില്‍ കമ്മലില്ലാതെ കഴുത്തില്‍ കൊന്ത മാത്രമിട്ടു നടന്നിരുന്ന തന്നെ അല്പമെങ്കിലും പരിഗണിച്ചിരുന്നത് സുമന്‍ മാത്രമാണ്. ചില നിമിഷങ്ങളില്‍ അവനോട് തീവ്രമായ സ്‌നേഹം തോന്നിയിട്ടുമുണ്ട്. എല്ലാം ഉള്ളിലൊതുക്കിയതേയുള്ളൂ. 
അമ്മ തന്റെ വിവാഹക്കാര്യം സൂചിപ്പിച്ച കാര്യം സലോമിയോര്‍ത്തു. അമ്മ സ്വന്തം നിസ്സഹായത വ്യക്തമാക്കുകയും ചെയ്തു. ഒരു വിവാഹം, കുടുംബജീവിതം മക്കള്‍ എല്ലാം ഏതൊരു പെണ്ണിനെയുംപോലെ തന്റെയും സ്വപ്നമാണ്. സുമന്റെ കുടുംബപശ്ചാത്തലമൊന്നും തനിക്കറിയില്ല. എന്തായാലും തന്റേതിനേക്കാള്‍ മികച്ചതായിരിക്കും. എസ്.ബി.ഐ. മാനേജരും ജില്ല കളക്ടറും തമ്മിലുള്ള ഭേദം സുമന്‍ എടുത്തു പറഞ്ഞു. ഒരുപക്ഷേ, തന്റെ എല്ലാ അയോഗ്യതകളും അവഗണിക്കാന്‍ സുമനെ പ്രേരിപ്പിക്കുന്നത് ഇപ്പോഴത്തെ സ്റ്റാറ്റസാണ്. സലോമി, സുമന്‍ നല്‍കിയ അഡ്രസ് കാര്‍ഡെടുത്ത് താത്പര്യത്തോടെ നോക്കി. അവന്റെ നമ്പറില്‍ വിളിച്ചാലോ? തീരുമാനം അറിയിച്ചാലോ? വേണ്ട. മനസ്സു വിലക്കി. അതൊന്നും ഇവിടെവച്ചു വേണ്ട.
അപ്പോള്‍ സലോമിയുടെ പേഴ്‌സണല്‍ ഫോണ്‍ ശബ്ദിച്ചു.
അവള്‍ ഉദ്വേഗത്തോടെ അതെടുത്തു. പരിചയമില്ലാത്ത നമ്പരാണ്.
''ഹലോ... ആരാണ്?''
''ഞാന്‍ അഡ്വക്കേറ്റ് സുമിത്രാ മോഹന്‍. കഴിഞ്ഞ ദിവസം ഞാന്‍ മേഡത്തെ വന്നു കണ്ടിരുന്നു.''
''മനസ്സിലായി. പറഞ്ഞോളൂ.''
''പുഴക്കരവക്കച്ചന്റെ വീട് പൊളിച്ചുനീക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതിയുമായി. ഇനി അതെത്രയും വേഗം നടപ്പാക്കണം. കോര്‍ട്ട് ഓര്‍ഡര്‍ എത്രയും പെട്ടെന്ന് എത്തിക്കാം.'' 
''ഓര്‍ഡര്‍ കിട്ടിയിട്ട് തീരുമാനമെടുക്കും.'' കളക്ടര്‍ സലോമി ദൃഢസ്വരത്തില്‍ പറഞ്ഞു.


(തുടരും)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)