•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഇടം

ച്ചയൂണിനു പ്രിയപ്പെട്ട വിഭവങ്ങളെല്ലാം മേശയില്‍ നിരന്നിട്ടും പുഴക്കര വക്കച്ചന്റെ മുഖം മങ്ങിയിരുന്നു. വധശിക്ഷയ്ക്കുമുമ്പുള്ള അവസാനഭക്ഷണം  കഴിക്കുന്നവന്റെ ഭാവങ്ങളായിരുന്നു അയാളുടെ മുഖത്ത്.
''ഇച്ചായാ, ഡക്ക് റോസ്റ്റ് നന്നായില്ലേ ഇതുവരെ തൊട്ടിട്ടില്ലല്ലോ?'' അയാള്‍ക്ക് ഓരോന്നു വിളമ്പിക്കൊടുത്തുകൊണ്ട് അടുത്ത കസേരയിലിരുന്ന ഫിലോമിന തിരക്കി.
''ഫിലോ... നീ ദയവായിട്ടൊന്നു മിണ്ടാതിരിക്ക്.''
''എന്താ ഇച്ചായാ... എന്തു പറ്റി?''
''എടീ, ഞാനാ ജിനേഷിന്റെയടുത്ത് ഒത്തുതീര്‍പ്പിനുവേണ്ടി ഒരുത്തനെ വിട്ടിരുന്നു. ഒന്നും നടന്നില്ല. സംഗതി പാളി.''
''വക്കച്ചായനെന്തിനാ അതിന് ഇടനിലക്കാരനെ വിട്ടത്? ഇങ്ങനെയുള്ള കാര്യമൊക്കെ നേരിട്ടു ചെയ്യുന്നതാ ബുദ്ധി.''
''ഒന്നിനും വഴങ്ങാത്തവന്റെ മുമ്പില്‍ ഞാന്‍ ചെന്ന് വീണ്ടും നാണംകെടണമെന്നാണോ?''
''എന്നല്ല, ഇടനിലക്കാരന്‍ നമ്മളുദ്ദേശിച്ച പണം മുഴുവന്‍ കൊടുക്കാതെ കൊടുത്തെന്നു പറഞ്ഞാല്‍ വിശ്വസിക്കണ്ടേ?''
''വിശ്വസിക്കാവുന്നയാളെയാ വിട്ടത്. ഒരോഫറ് വച്ചു. ഞെട്ടിക്കുന്ന ഓഫറായിരുന്നു. എന്നിട്ടും അവന്‍ വഴങ്ങിയില്ല. അവനെന്റെ  വീടു പൊടിയാകുന്നതു കാണണം. എന്തു നേട്ടമാ അവനതുകൊണ്ട്? സാഡിസം. ഒടുക്കത്തെ സാഡിസം.''
''സുപ്രീം കോടതീല്‍നിന്ന് തീരുമാനം വന്നോ ഇച്ചായാ.''
''ഇല്ല. രണ്ടു ദിവസങ്ങള്‍ക്കുള്ളിലുണ്ടാകും. അവന്റെ വക്കീല് നമുക്കു സ്റ്റേ കിട്ടാതിരിക്കാനുള്ള എല്ലാ വാദങ്ങളും നിരത്തി. നമ്മുടെ വക്കീലിന്റെ പ്രതീക്ഷ പോയി. രൂപാ പത്തു ലക്ഷമാ ആ പെരുമ്പാമ്പ് വിഴുങ്ങിയത്..!''
''അച്ചായാ, വരുന്നതെന്തും നേരിടാനുള്ള കരുത്തു നമ്മള്‍ക്കുണ്ടാകണം. ഏതായാലും പെരുവഴീലോട്ടെറങ്ങണ്ടല്ലോ. വീടും ഫ്‌ളാറ്റുമൊക്കെ നമുക്കൊണ്ടല്ലോ.''
ഊണുനിര്‍ത്തി വക്കച്ചന്‍ എഴുന്നേറ്റുനിന്നു.
''എടീ, ഇതാണെന്റെ ഡ്രീംഹൗസ്. ഇവിടുത്തെ വിശാലമായ ഹാളുണ്ടാക്കിയത് മരിക്കുമ്പം എന്റെ ദേഹം പെട്ടീല്‍ കെടത്താനാ. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം നില്‍ക്കാനുള്ള ഇടമിവിടെയുണ്ട്. കരിങ്കല്ലു പാകി ഇടയ്ക്കു പുല്ലു പിടിപ്പിച്ച മുറ്റത്ത് എന്നെ യാത്രയാക്കാന്‍ വരുന്നവര്‍ക്കൊക്കെ നില്‍ക്കാം. കുന്നിന്‍ചെരിവിലുള്ള തറവാട്ടു വീട്ടീന്നെറങ്ങി ഇങ്ങോട്ടു മാറിയതിന് അങ്ങനെ പല ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നു. എന്റെ മീര മോള് ഈ വീട്ടീന്നെറങ്ങിയാ വല്ലാതെ വെഷമിക്കും. 'ഫിക്‌സ്' കൂടി അവള്‍ മരിച്ചുപോയെന്നുമിരിക്കും. നമ്മളെങ്ങനെ സഹിക്കുമെടീ അതൊക്കെ?'' വക്കച്ചന്റെ ശബ്ദമിടറി.
''മോള്, അഡ്ജസ്റ്റാകും. അച്ചായന്റെ കാര്യത്തിലാ...'' ഫിലോമിന പറഞ്ഞു.
''മറ്റവന്‍... ആ വൃത്തികെട്ടവന്‍ പൊടിക്കൂനയായിക്കെടക്കുന്ന നമ്മുടെ വീടിന്റെ മുമ്പില്‍നിന്ന് സെല്‍ഫിയെടുത്ത് ആഘോഷിക്കുമായിരിക്കും. പൊറുക്കുകേല അവനോടു ഞാന്‍. പോലീസിന്റെ പ്രൊട്ടക്ഷനൊന്നും എനിക്കു പ്രശ്‌നമല്ല. രണ്ടാംപ്രതി മാത്തന്റെ മകള്. കളക്ടറ്. അവളേം വിടുകേല ഞാന്‍. 'കൊക്കി'നു ജീവനുണ്ടെങ്കില്‍ വക്കച്ചന്‍ പകരം വീട്ടിയിരിക്കും. അതിനൊന്നും പറ്റിയില്ലെങ്കില്‍ പുഴക്കര വക്കച്ചന്‍ ഈ ഭൂമിയില്‍ പിന്നെ ജീവിച്ചിരിക്കില്ല.''
''ഇങ്ങനെയൊക്കെപ്പറയാതെ വക്കച്ചായാ. കായല്‍ക്കരയിലല്ലെങ്കിലും പുഴയും തോടുമൊക്കെയുള്ള വേറെയും പ്ലോട്ടുകള്‍ നമുക്കുണ്ടല്ലോ. അവിടെ പുതിയൊരു വീടുണ്ടാക്കാം. ഇതിലും വലുത്. പുതിയ ഫാഷനിലുള്ളത്.''
''ഇല്ല. ഇനി വീടുപണിയില്ല എന്റെ ജീവിതത്തില്‍. എന്റെ വീടു പൊളിപ്പിച്ചവര്‍ക്കെതിരേയായിരിക്കും എന്റെ പണി.
വാഷ്‌ബേസനില്‍ കൈയും മുഖവും കഴുകി ടര്‍ക്കിത്തോര്‍ത്തുകൊണ്ടു തുടച്ച്‌കൊണ്ട് വക്കച്ചന്‍ തന്റെ റൂമിലേക്കു പോയി.
വക്കച്ചന്റെ ഭാവമാറ്റം ഫിലോമിനയെ ഉത്കണ്ഠാകുലയാക്കി. വീടൊഴിയുന്നതില്‍ മീരമോളെക്കാളധികം തകരുന്നത് അച്ചായനാണ്. എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതിന്റെ വിഹ്വലത വക്കച്ചനുണ്ട്. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ പതിന്നാലാംനിലയില്‍ നിന്നു ചാടിമരിച്ച കോടീശ്വരനെപ്പറ്റി ഫിലോമിന ഓര്‍ത്തു. ജീവിതമാര്‍ഗ്ഗമില്ലാഞ്ഞിട്ടല്ല ആ മനുഷ്യന്‍ കടുംകൈ ചെയ്തത്. ഒരു തിരിച്ചടി നേരിടാനുള്ള മനക്കരുത്തില്ലാഞ്ഞിട്ടാണ്. വക്കച്ചനും അങ്ങനെയെന്തെങ്കിലും ചെയ്‌തേക്കുമോ എന്ന് അവള്‍ ഭയപ്പെട്ടു. മകള്‍ക്കും ഭര്‍ത്താവിനും ഉച്ചഭക്ഷണം കൊടുത്തുകഴിഞ്ഞാണ് ഫിലോമിന കഴിക്കാറുള്ളത്.
ഡൈനിംഗ് ടേബിളിനു മുമ്പിലിരിക്കുമ്പോള്‍ വിശപ്പൊട്ടും തോന്നിയില്ല. പ്ലേറ്റില്‍ രണ്ടു സ്പൂണ്‍ ചോറും പുളിശേരിയും ഒരു പീസ് മീന്‍വറുത്തതും വിളമ്പി.
ഒരുവിധത്തില്‍ അതു കഴിച്ചുതീര്‍ത്തു. കൈകഴുകിവന്ന് പാത്രങ്ങളെല്ലാം എടുത്ത് കഴുകിവച്ചു. പിന്നെ അവര്‍ മകളുടെ മുറിയിലേക്കു  ചെന്നു. വീല്‍ചെയറിലിരുന്ന് ഏതോ ഇംഗ്ലീഷ് പുസ്തകം വായിക്കുകയായിരുന്നു, മീര. അമ്മയെക്കണ്ട് അവള്‍ പുസ്തകം മടക്കി.
''മോളേ...''
''എന്താ... അമ്മേ?''
എന്തു പറയണം, എങ്ങനെ തുടങ്ങണമെന്നറിയാതെ ഫിലോമിന പതറിനിന്നു.
''അമ്മ വന്ന കാര്യം പറയ്, എന്താണെങ്കിലും.'' മീര മൃദുവായി പുഞ്ചിരിച്ചു.
''അമ്മയ്ക്ക് നിന്റെയൊപ്പം പഠിത്തവും അറിവുമൊന്നുമില്ല. ജീവിതത്തീന്ന് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ചില കാര്യങ്ങള്‍ പറയാനാ വന്നെ.''
''പറഞ്ഞോ.''
''ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുംപോലെയും ആഗ്രഹിക്കുംപോലെയും എല്ലാം നടക്കണമെന്നില്ല. രോഗം, മരണം, ദുരന്തങ്ങള്‍ എല്ലാം നമ്മള്‍ നേരിടണം. വെള്ളപ്പൊക്കത്തില്‍ എത്രപേരുടെ വീടുകള്‍ ഒഴുകിപ്പോകുന്നു. വീട്ടിലുള്ളവരെല്ലാം ഒന്നിച്ചു മരിക്കുന്നു. ഒന്നോ രണ്ടോ പേര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. അങ്ങനെ ശേഷിക്കുന്നവര്‍ ജീവിക്കുന്നില്ലേ? നമുക്കിപ്പോള്‍ ഈ വീട്ടില്‍നിന്നിറങ്ങിയാലും പോകാന്‍ ഇടമുണ്ട്. നിയമപരമല്ലാത്തത് സംരക്ഷിക്കാന്‍ ഇങ്ങനെ വാശി പിടിക്കുന്നത് ശരിയല്ലെന്നാ എന്റെ അഭിപ്രായം.''
''അമ്മ ഈ വീടിനെ ഒരിക്കലും സ്‌നേഹിച്ചിട്ടില്ല. ഞാനും പപ്പയും ഇതിനെ ഒത്തിരി സ്‌നേഹിക്കുന്നു. ഞങ്ങടെ വിഷമം അതുകൊണ്ടാ.'' മീര പറഞ്ഞു.
''എനിക്കിനി ഒന്നും പറയാനില്ല.'' ഫിലോമിന പോകാന്‍ ഭാവിച്ചു.
''പോകാതമ്മേ, പിണങ്ങാതമ്മേ. ഞാനമ്മയെ കുറ്റപ്പെടുത്തിയതല്ല. വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല'' മീര സങ്കടപ്പെട്ടു.
ഫിലോമിന മൗനിയായി അവിടെത്തന്നെ നിന്നു.
''ഈ വീട് വെറും പൊടിയാക്കിക്കളഞ്ഞിട്ട് ആര്‍ക്ക് എന്തു നേട്ടം കിട്ടാനാണമ്മേ? നമ്മളിവിടെ ജീവിക്കുന്നു എന്നല്ലാതെ കായലിനെ ഏതെങ്കിലും തരത്തില്‍ മലിനപ്പെടുത്തുന്നുണ്ടോ? ഇതു ഫാക്ടറിയൊന്നുമല്ലല്ലോ പൊല്യൂഷനുണ്ടാക്കാന്‍. എറണാകുളത്ത് ഫ്‌ളാറ്റ് നീക്കീട്ട് ആര്‍ക്കു പ്രയോജനം കിട്ടി? അതുകൊണ്ടു നമ്മുടെ വീടിനെ രക്ഷിക്കാന്‍ അവസാനത്തെ ശ്രമംവരെ നടത്തണം.''
''നിയമം നമുക്കു പൂര്‍ണമായും എതിരാണ്.''
''ആയിരിക്കും. കഴിഞ്ഞ ദിവസം സലോമിയുടെ പേഴ്‌സണല്‍ നമ്പര്‍ നമ്മള്‍ കണ്ടുപിടിച്ചായിരുന്നല്ലോ. അമ്മ എന്റെ ഫോണില്‍ അതൊന്ന് ഡയല്‍ ചെയ്തു തന്നേ?''
''എന്തിന്?''
''എനിക്കൊന്നു വിളിക്കാന്‍''
''സലോമിയില്‍നിന്ന് കാരുണ്യം പ്രതീക്ഷിക്കരുത്. അവളുടെ കുടുംബം കുളംതോണ്ടിയത് നിന്റെ പപ്പായാണ്.''
''ആയിരിക്കും. അതിന്റെയൊക്കെ ശിക്ഷ അനുഭവിക്കുന്നവളല്ലേ ഞാന്‍. മരണത്തെക്കാള്‍ കഷ്ടമായ ജീവിതം നയിക്കുന്നവള്‍. എനിക്കു സലോമിയോടൊന്നു മിണ്ടണം.''
''നമ്മുടെയവസ്ഥ, നിന്റെ സ്ഥിതി അവളെ അറിയിക്കണോ മോളേ?''
''ഞാന്‍  ഫോണിലൊന്നു വിളിക്കുന്നതേയുള്ളൂ. എന്റെ കുറവുകള്‍ പറഞ്ഞ് പിന്മാറാനൊന്നും ഞാന്‍ പറയില്ല. എനിക്കവളുടെ ശബ്ദമൊന്നു കേള്‍ക്കണം. ഇത്ര ദയനീയമായ സാഹചര്യങ്ങളില്‍ക്കൂടി സഞ്ചരിച്ച് ജില്ലാകളക്ടറുടെ കസേരയിലെത്തിയ സലോമിയെ ഒന്നഭിനന്ദിക്കണം.''
''നിന്റെ പപ്പാ ഇതറിഞ്ഞാല്‍ സഹിക്കില്ല. ഒത്തിരി വിഷമിക്കും.''
''ഞാന്‍ വിളിച്ചെന്ന് അമ്മ പറയാതിരുന്നാല്‍ മതി. നമ്പര്‍ ഡയല്‍ ചെയ്ത് എന്റെ ചെവിയില്‍ വച്ചുതാ.''
മനസ്സില്ലാമനസ്സോടെ ഫിലോമിനാ, മീരയുടെ ഫോണില്‍ കളക്ടര്‍ സലോമിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. പിന്നെ കോള്‍ബട്ടണമര്‍ത്തി. ബെല്ലുണ്ടായിരുന്നു. അവളുടെ ചെവിയോടു ചേര്‍ത്തപ്പോള്‍ ഡിസ്‌കണക്റ്റായി.
ഫിലോമിന വീണ്ടും നമ്പര്‍ ഡയല്‍ ചെയ്തു. എന്‍ഗേജ്ഡ് ടോണ്‍!
''മോളേ, കളക്ടറെയൊക്കെ വിളിച്ചു സംസാരിക്കാന്‍ എളുപ്പമൊന്നുമല്ല. പരിചയമില്ലാത്ത നമ്പര്‍ കണ്ടാല്‍ അവരൊക്കെ എടുക്കണോന്നുമില്ല.'' ഫിലോമിന പറഞ്ഞു.
''അമ്മയ്ക്ക് സലോമിയുടെ നമ്പരില്‍ ഒരു മെസേജ് വിടാമോ?''
''അയ്യോ. അതൊന്നും എനിക്കത്ര പിടിയില്ല.''
''എന്റെ ആ ആഗ്രഹവും നടക്കില്ലെന്നു തോന്നുന്നു'' മീര ദീനമായ പുഞ്ചിരിയോടെ പറഞ്ഞു.
''മോളേ, നമ്മുടെ തറവാടു വീടു വെറുതേ കിടക്കുകയല്ലേ? എല്ലാ സൗകര്യങ്ങളുമുള്ള വീട്. പപ്പായൊക്കെ ജനിച്ച വീട്. നമുക്ക് ആ വീടിനെ സ്‌നേഹിച്ചുതുടങ്ങാം.''
മീര മറുപടി പറഞ്ഞില്ല. അവളുടെ മിഴികള്‍ നിറഞ്ഞുവന്നു.
പെട്ടെന്ന് ഫോണ്‍ റിംഗ് ചെയ്തു. സലോമി കോളിംഗ്... സ്‌ക്രീനില്‍ തെളിഞ്ഞു. ഫിലോമിന ഫോണ്‍ ഓണാക്കി മീരയുടെ ചെവിയോടു ചേര്‍ത്തു.

(തുടരും)

Login log record inserted successfully!