•  27 Feb 2025
  •  ദീപം 57
  •  നാളം 50
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

പുറത്ത് വലിയ ബഹളം കേട്ടുകൊണ്ടാണ് അവള്‍ ഉണര്‍ന്നത്. കൊച്ചുപ്പാപ്പനാണ്.  
''എന്തിയേ ആ തെമ്മാടിയെന്തിയേ?''
ലിസി ചെവി വട്ടം പിടിച്ചു. ''എടാ റോയീ, നിനക്കു ഞാന്‍ വച്ചിട്ടുണ്ടെടാ, നീ ഇന്നു വാങ്ങിയത് അഡ്വാന്‍സുമാത്രം, ബാക്കി പിന്നെത്തരാം.''
''നിനക്കെന്നാ ഭ്രാന്തുപിടിച്ചോ, എന്റെ മോനെ അവന്റെ വീട്ടീന്നെറക്കിത്തല്ലാന്‍, കുഞ്ഞവറാച്ചനു തല്ലാന്‍ കൊതിയാണേ നിന്റെ മക്കളെ പോയിത്തല്ല്.'' അമ്മച്ചി രോഷംകൊണ്ടു വിറയ്ക്കുന്നു.
''ദേ ചേടത്തീ, എന്നെക്കൊണ്ട് കൂടുതല്‍ പറേപ്പിക്കരുത്  പറഞ്ഞേക്കാം. ഞാന്‍ നല്ല പുളിച്ചതൊക്കെ വിളിച്ചുപറേം.''
''എന്നാ നീ പറേടാ ഞാങ്കേക്കട്ടെ.''
അപ്പനാണ്.
ലിസി ഉള്ളംതുറന്നു ദൈവത്തോടു പ്രാര്‍ഥിച്ചു: ''എന്റെ കര്‍ത്താവായ യേശുവേ, കൊച്ചുപ്പാപ്പനെ ഇവിടന്നു മാറ്റിത്തരണേ, സമാധാനം തരണേ.''
കര്‍ത്താവ് ലിസിയുടെ പ്രാര്‍ഥന കേട്ടതായിരിക്കാം, ക്രമേണ കൊച്ചുപ്പാപ്പന്റെ കലിയടങ്ങി. കൊച്ചുപ്പാപ്പന്‍ വിജയീഭാവത്തില്‍ തറവാട്ടിലേക്കു മടങ്ങി.
വീട്ടില്‍ പതിവില്ലാത്ത ശാന്തത. ശ്മശാനമൂകത.
ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അയല്ക്കാരനായ മൂലേല്‍ ഈപ്പച്ചന്‍ കടന്നുവന്നു.
''ബേവിച്ചോ, ഞാനവിടെ ഒണ്ടാരുന്നു കേട്ടോ, സംഭവം നടക്കുമ്പം, നിങ്ങടെ തറവാട്ടില്.''
''എന്നാ സംഭവമാ ഈപ്പച്ചാ?'' അപ്പന്‍ തിണ്ണയിലേക്കിറങ്ങിച്ചെന്നു. അമ്മയും പിന്നാലെ ചെന്നു ചോദിച്ചു: ''എന്നതാ അവിടെ നടന്നെ?''
''അതു കുഞ്ഞന്നാമ്മേ, ഇവിടുത്തെ റോയിച്ചന്‍ അവന്റെ ഷര്‍ട്ടും പാന്റും അവരുടെ എലക്ട്രിക്കല്‍ പെട്ടികൊണ്ട് തേക്കുവാരുന്നു. ഉടനെ കുഞ്ഞവറായുടെ  പെമ്പിളയ്ക്കതു സഹിച്ചില്ല. അവളു പറഞ്ഞു; എന്നും വന്നു തുണി തേക്കും, കറന്റുചാര്‍ജ് നമ്മളു കൊടുക്കണം. ആ പെട്ടി കേടാക്കിയേ ഇവന്‍ അടങ്ങത്തൊള്ളൂ. നിങ്ങളു ചെന്ന് താക്കീതുകൊടുത്തു പറഞ്ഞുവിട് എന്ന്.''
''കുഞ്ഞവറാ എന്നിട്ടെന്നാ പറഞ്ഞു ഈപ്പച്ചാ?''
അപ്പന്‍ ചോദിച്ചു. 
''കുഞ്ഞവറാ പറഞ്ഞു: ''എല്ലാരും നോക്കുമ്പം പറമ്പാദായമെല്ലാം നമ്മളല്ലേ എടുക്കുന്നേ, മലേഷ്യക്കാരും ഓസ്‌ട്രേലിയക്കാരുമെല്ലാം പ്രതിമാസം രുപാ അയച്ചുതരുന്നില്ലേന്ന്, അതുകൊണ്ട് അവന്‍ വല്ലപ്പഴും വന്ന് തുണി തേച്ചിട്ടു പോട്ടെടീന്ന്.''
''ദേ,  നിങ്ങള് മഹാമാന്യന്‍ കളിച്ച് ഫോറിന്‍ കുപ്പീം കുടിച്ച് പതുക്കെപ്പറ, അവിടെ ആ നാരദന്‍ തിണ്ണേലിരിപ്പൊണ്ട്.''
ഈപ്പച്ചന്‍ തുടര്‍ന്നു: ''എനിക്കവന്റെ ആ എരണംകെട്ട പെണ്ണുമ്പിള്ളേ, എന്നതാ അവടെ പേര് മറിയക്കുട്ടീന്നല്ലേ, ആ ജന്തൂനെ കാണാമ്മേല. ഒള്ളതങ്ങു പറഞ്ഞേക്കാം. അവളു തോട്ടിലും മുക്കിലും മൂലേലുമെല്ലാം എന്നെ നാരദന്‍ന്നു വിളിക്കുന്നതെന്റെ കെട്ടിയോളും മക്കളും അറിഞ്ഞു.'' 
പിന്നെ ആരും ഒന്നും മിണ്ടിയില്ല. 
ഈപ്പച്ചന്‍ചേട്ടന്‍ പോയി. 
''ഇച്ചാച്ചാ, റോയിമോനെ വിളിച്ചു ചോയിക്ക് - എന്നാ നടന്നെന്ന് കൃത്യമായി അറിയാല്ലോ.'' 
റോയി ഗദ്ഗദകണ്ഠനായിപറഞ്ഞു:
''അച്ചാ...ച്ചാ... എന്റെ പെങ്ങമ്മാരെ അവരടെ ചേടിപ്പണിക്കു കിട്ടാത്തേന്റെ ദെണ്ണാ അവര്‍ക്ക്. ലിസീം മേഴ്‌സീം പോയി കോരിക്കൊടുക്കാഞ്ഞിട്ടാ, എന്നോടു പശൂനേം മൃഗാശൂത്രീ കൊണ്ടുപോകാന്‍ പറഞ്ഞപ്പം ഞാമ്പറഞ്ഞു എനിക്കു നാളെ പള്ളിയില്‍ ശുശ്രൂഷയ്ക്കിടാനുള്ള കുപ്പായം എളുപ്പം തേച്ചിട്ട്, പള്ളീല്‍പോണം ഇന്ന് സുറിയാനിക്ലാസ്സുണ്ടെന്ന്. അന്നേരം എന്റെ അപ്പനേം അമ്മേംപറ്റി ഒത്തിരി മോശമായിപ്പറഞ്ഞു. 
''ഞാമ്പറഞ്ഞു, ഇവിടെ ഇഷ്ടംപോലെ വേലക്കാരില്ലേ, ഞങ്ങളെ വെറുതെ വിടെന്ന്, അതിന്റെ ബഹളമാ ഈ കണ്ടതുംകേട്ടതുമെല്ലാം.''
അമ്മയ്ക്ക് ആധിയായി... എന്റെ പൊന്നേ, ഇനി ഈ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലുംവച്ച് മാത്തുക്കുട്ടിയേം പാപ്പനിച്ചായനേം അറീക്കും. മാത്തുക്കുട്ടി നിന്നെ കൊണ്ടുപോകാനിരുന്നതാ. അതും പാളിപ്പോകും'' 
 ''എന്റെ അമ്മേ, വേറേ പണിനോക്ക്. നമ്മടെ പെമ്പിള്ളേരെ അങ്ങനെ ആര്‍ക്കും കോരാന്‍ ഇനി വിടണ്ട. തറവാട്ടുമുറ്റത്ത് മറ്റു കൊച്ചുമക്കള്‍ ഓടിക്കളിച്ചുല്ലസിക്കുന്നതും, ഭക്ഷണം കഴിച്ച് പൊട്ടിച്ചിരിച്ചു നടക്കുന്നതും കാണുന്നില്ലേ, അതുപോലാണോ നമ്മടെ പിള്ളേരെ അവര് കരുതീരിക്കുന്നത്. ഇച്ചാച്ചനും  അമ്മേം എന്തിനാ ഇങ്ങനെ പേടിക്കുന്നത്, നിങ്ങളുകാരണമാണ് ഞങ്ങളീ കഷ്ടങ്ങളൊക്കെ സഹിക്കേണ്ടിവരുന്നത്. നിങ്ങടെ ചുണക്കുറവ്, അറിയാവോ?''
''സംഭവം നടക്കുമ്പം മാത്തുക്കുട്ടി അവിടെ ഒണ്ടാരുന്നോ മോനേ.''
''ഇല്ല, മാത്തുപ്പാപ്പനും  പിള്ളേരും അച്ചോയീടെകൂടെ കരിമ്പന്‍തോടു കാണാന്‍ പോയിരിക്വാരുന്നു.''
''ഡോറിന്‍ കേട്ടില്ലേടാ?''
''ഇല്ലെന്നേ. കൊച്ചമ്മ അച്ചോയീടെ വീട്ടിലാരുന്നു.''
ഇച്ചാച്ചന്‍ സങ്കടത്തോടെ ചോദിച്ചു: ''കുഞ്ഞവറാ നിന്നെ ഒത്തിരി തല്ലിയോടാ മകനേ.''
''ഇല്ല...ച്ചാ...ച്ചാ...'' റോയിച്ചന്റെ ശബ്ദം മുറിഞ്ഞുപോയി. 
മേഴ്‌സി പറഞ്ഞു: ''ദാ നോക്ക്, റോയിച്ചാച്ചന്റെ കവിളിലും പുറത്തും കരിവാളിച്ചുകിടക്കുന്ന വിരല്‍പ്പാടുകള്‍.''
ലിസിക്കു സങ്കടമായി, അവള്‍ തീരുമാനിച്ചു: കര്‍ത്താവേ, ഞാന്‍ കാരണമാ റോയിച്ചാച്ചന്‍ തല്ലുകൊണ്ടതും ഇങ്ങനെ വഴക്കുണ്ടായതും. ഇനിയും ഇത്തരം സീനൊന്നും വേണ്ട, തന്റെ ഈഗോ കളയണം. ആ വല്യമ്മത്തള്ള 'കൊണം പിടിക്കാന്‍' വീണ്ടുംഅടിമപ്പണി ചെയ്തുകൊടുത്തേക്കാം.
അടുത്തയാഴ്ച മാത്തുപ്പാപ്പന്‍ മടങ്ങിപ്പോകും. അതുകൊണ്ട് അമ്മച്ചി പറഞ്ഞപ്രകാരം വല്യമ്മച്ചിയെ പ്രസാദിപ്പിക്കാന്‍ ആവുമ്പോലെ സഹായിക്കാം. ലിസി തീരുമാനിച്ചു. കൊച്ചമ്മ എല്ലാമൊപ്പിച്ചുവച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണമട്ടില്‍ കേമത്തിയാകും. 
ലിസി ഓര്‍മകളില്‍ ഊയലാടി. താന്‍ പത്താംതരം പഠിക്കുന്ന സമയം. പുസ്തകവുമായി കരോട്ടെ ജാതിച്ചോട്ടിലിരുന്ന് ഉച്ചത്തില്‍ വായിക്കുകയാണ്. കൊച്ചമ്മയിലെ അസൂയാലുവായ അത്യാഗ്രഹി ഉണര്‍ന്നു. വല്യമ്മച്ചിയോടു കൊച്ചമ്മ പറഞ്ഞു:
''അമ്മേ, താഴത്തെ ലിസിയ്ക്കു വിളിച്ച് ഇച്ചിരി കപ്പേം കഞ്ഞീം കൊടുക്കാം അല്ലേ? വിളിക്കട്ടെ?''
''ഈ പെണ്ണ് എപ്പം നോക്കിയാലും ഒരു പൊത്തകോം പിടിച്ച് പരൂക്ഷാന്നു പറഞ്ഞാ നടപ്പ്. എന്നാ അതിന്റെ മെകവുവല്ലോമൊണ്ടോ അതുമില്ല. ഏതായാലും നീ വിളിച്ച് വല്ലോം ഇച്ചിരി കൊടുത്തിട്ട് ആ കന്നാലിക്കൂടും ചുറ്റുവട്ടോമൊക്കെ ഒന്നു വെടിപ്പാക്കീര്.''
വയറ്റില്‍ വിശപ്പുമായി വായനയില്‍ മുഴുകിയിരുന്ന ലിസിയെ വിളിച്ച് കൊച്ചമ്മ പറഞ്ഞു: ''എടീ വാടീ, എളുപ്പം വന്ന് ഇച്ചിരി കപ്പ തിന്നേച്ച് അമ്മ കാണാതങ്ങു പൊക്കോ. നീ വന്നതായിപ്പോലും ഞാമ്പറയാന്‍ പോകുന്നില്ല.''
ഇത്തിരി കപ്പ വേവിച്ചത് കൊച്ചമ്മ ഒരു പാത്രത്തിലിട്ടു തന്നു. ലിസി പറഞ്ഞു: ''കൊച്ചമ്മേ ഞാന്‍ താഴെക്കൊണ്ടോയി എന്റെ അമ്മേം ഞാനൂടെ തിന്നേച്ച് എളുപ്പം പാത്രം കൊണ്ടെത്തരാം.''
കൊച്ചമ്മ അല്പം കപ്പപ്പുഴുക്കുംകൂടി തവിയില്‍ കുടഞ്ഞു തന്നതായി ആക്ട് ചെയ്തു.
എന്നിട്ട് ശബ്ദം താഴ്ത്തിപ്പറഞ്ഞു: ''എന്റെ ദൈവേ, എന്നെ ഇതുപോലെ സ്‌നേഹിക്കാനും അന്വേഷിക്കാനുമൊരു മോളേ തന്നില്ലല്ലോ. താഴത്തെ കൊച്ചമ്മ എത്ര ഭാഗ്യവതിയാ... ചാകുമ്പം തലയ്ക്കലും കാല്ക്കലുമിരിയ്ക്കാന്‍ പെണ്‍മക്കളൊണ്ടല്ലോ''
ലിസിയോര്‍ത്തു: താഴെ എന്റെ അമ്മയ്ക്ക് നാലാണും മൂന്നുപെണ്ണും. എന്നിട്ടും അമ്മ പറയുന്നു; ആ മൂന്നുംകൂടി ആണായിരുന്നേ എത്ര നന്നായിരുന്നെന്ന്. സ്ത്രീധനോം സ്വര്‍ണോം ഉണ്ടാക്കിക്കൊടുക്കണമല്ലോ എന്ന ആധിയായിരുന്നു അമ്മയുടെ ആ ചേതോവികാരത്തിനു പിന്നില്‍. ആ കൂടെത്തന്നെ അമ്മ പറയും: എനിക്കു മൂന്നു പെണ്ണാണേന്നു പറഞ്ഞു കരഞ്ഞപ്പം എന്റെ പെണ്ണുകെട്ടാത്ത, മക്കളില്ലാത്ത മൂത്താങ്ങള കുഞ്ഞോച്ചായി പറഞ്ഞു; കുഞ്ഞന്നാമ്മേ നിനക്കു മൂന്നു പെണ്‍മക്കളെ ദൈവം തന്നതാ. അവര്‍ ഒരധികപ്പറ്റുമല്ല, അതുങ്ങളാ വീട്ടിലെ പണിയൊക്കെ ചെയ്‌തോളും നിനക്കൊരു രാജ്ഞി കണക്കെ വാഴാമെന്ന്.
പെണ്ണിനെ ഒരിടത്ത് ഓക്കാനം, മറ്റൊരിടത്ത് പെണ്ണില്ലേന്നു പറഞ്ഞ് വിലാപം. എന്തൊരു വിരോധാഭാസം ദൈവമേ! ലിസി ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. പെണ്ണില്ലേലും തങ്ങള്‍ക്കുവേണ്ടി മാത്തുക്കുട്ടിപ്പാപ്പന്‍ കൊണ്ടുവന്ന നല്ല ഡ്രസ്സൊക്കെ തട്ടിപ്പറിച്ചെടുത്ത് കൊച്ചമ്മ അവരുടെ സഹോദരങ്ങളുടെ പെണ്‍മക്കള്‍ക്കു കൊടുക്കുന്നു. 
എന്തായാലും കൊച്ചമ്മയുടെ വിദ്യ ഫലിച്ചു. ലിസിയെ കുപ്പിയിലിറക്കി വല്യമ്മച്ചിക്കു കൊടുത്തു, വീട്ടുവേലകളെല്ലാം തകൃതിയായി എടുപ്പിക്കുന്നു. 
കിണറ്റിലെ വെള്ളം കോരുന്ന കപ്പിയില്‍ എണ്ണയില്ലാതെ വലിക്കുന്ന കരകരശബ്ദം കേട്ടിട്ട് തന്റെ അമ്മ പറഞ്ഞു: എന്റെ ലിസി അവിടെപ്പോയി വെള്ളം വലിക്കുന്നു. ഞാന്‍ പശുവിനു കൊടുക്കാന്‍ പുല്ലു പറിപ്പിക്കുമെന്നു പേടിച്ച് കരോട്ടെ ജാതിച്ചോട്ടില്‍ പോയിരുന്നു പഠിച്ചതാ. മനുഷ്യര്‍ക്കിടയില്‍ ഇത്രേം മണ്ടികളുണ്ടോ? ഇവക്ക് മേഴ്‌സിയെ നോക്കി പഠിക്കാമ്മേലേ. മേഴ്‌സിയോടു കരോട്ടുകാര്‍ ജോലി പറഞ്ഞാലൊടനേ, 'എന്തോ  - ഞാനിപ്പം വരാമേ'ന്നു വിളിച്ചു  പറഞ്ഞിട്ട്, 'എന്നെ അമ്മ വിളിക്കുന്നു പിന്നെ വരാം' എന്നു പറഞ്ഞ് ഓടിയിങ്ങു പോരും, എന്നിട്ട് ആ പാവത്തിനെ പറഞ്ഞുവിടും, ലിസിമോളേ നിന്നെ ദേ കരോട്ടെയമ്മ വിളിക്കുന്നെന്നു പറയും.  ഈ പാവം ഓടിച്ചെന്നു മടയ്ക്കും. ഇതുതന്നെ പരിപാടിയാ. ലിസീടെ തലതൊട്ടത് എന്റെ സാധുവായ അമ്മയല്ലേ, എന്നാല്‍ മേഴ്‌സിയുടെ തലതൊട്ടത് കരോട്ടെ അമ്മച്ചി, പേരും അങ്ങനെതന്നെ. ആ വക്രതയുടെ ഒരംശം മേഴ്‌സിക്കും, എന്റെ അമ്മേടെ പാവത്തം ലിസിക്കും കിട്ടീട്ടുണ്ട്. 
ആഴം കൂടിയ കിണറ്റില്‍നിന്ന് വെള്ളം വലിച്ചുവലിച്ച് ലിസി  ഒരു പരുവമായി. കട്ടിയുള്ള റബര്‍ ടയറാണ്, കയറിനു പകരം. വലിയ തൊട്ടിയും. തന്റെ അപ്പനാണേല്‍ തങ്ങളുടെ ആഴം കുറഞ്ഞ കിണറ്റില്‍ കനം കുറഞ്ഞ പ്ലാസ്റ്റിക് കയറും ചെറിയ തൊട്ടിയുമാണ് ഇട്ടിരിക്കുന്നത്. കരോട്ടെ കിണറ്റിലേക്ക് തൊട്ടിയിട്ടാല്‍ അതു നിറയാതെ വലിച്ചെടുക്കണം, പക്ഷേ, എത്ര ശ്രമിച്ചാലും പാളക്കുഴിയില്‍ എത്തുമ്പോള്‍ തൊട്ടിനിറയും. ആയത്തില്‍ വെള്ളം വലിച്ചപ്പോള്‍ ഒരിക്കല്‍ ലിസിയുടെ കാലുകള്‍ പൊങ്ങിപ്പോയി കിണറ്റില്‍ വീഴാന്‍ പോയതാണ്. അന്ന് കാലായിലെ അവറാഞ്ചേട്ടന്‍ ഓടിവന്ന് രക്ഷിച്ചു. എന്നിട്ടും ഹൃദയം കല്ലാക്കിയ വല്യമ്മച്ചിയും കൊച്ചമ്മയും വീണ്ടും ആഴക്കിണറ്റില്‍നിന്ന് വെള്ളം കോരിപ്പിക്കുകയാണ്. 
ലിസി ദേഷ്യമടക്കാന്‍ കഴിയാതെ പല്ലുകള്‍ ഞെരിച്ചമര്‍ത്തിക്കടിച്ചു.
തറവാട്ടില്‍ ഇഷ്ടംപോലെ ഡിക്ഷ്ണറികള്‍ ഉണ്ട്. ഒരു വാക്കിന്റെ അര്‍ഥമറിയാന്‍ ഒരു ഡിക്ഷ്ണറി ചോദിച്ചപ്പോള്‍ കൊച്ചമ്മ പറഞ്ഞു: താഴെക്കൊണ്ടുപോയി നോക്കേണ്ട, വാക്കുകള്‍ കുറിച്ചോണ്ടു വാ, എന്നിട്ട് ഇവിടെയിരുന്നുനോക്കിയാല്‍ മതി. പത്രമാസികകളും അതുപോലെതന്നെ. തന്നുവിടില്ല. തറവാട്ടിലിരുന്ന് വായിച്ചോണം. പത്രം വായിക്കാന്‍ ചെന്നാല്‍ കരോട്ടെയമ്മ എന്ന് തങ്ങള്‍ വിളിക്കുന്ന വല്യമ്മച്ചി കുട്ടകംമുതല്‍ കോളാമ്പിവരെ തേച്ചുമിഴക്കിക്കും, മുറ്റംമാത്രമല്ല പറമ്പു മുഴുവന്‍ അടിച്ചുവാരി തീയിടീക്കും, കയ്യാലപ്പുറത്തെ പുല്ലുകള്‍ പറിപ്പിക്കും, കുരുമുളകുകാലമായാല്‍ മുളകുചരടിലെ മണികള്‍ പെറുക്കിക്കും, ഇത്തിരി വല്ലോമാണോ മുളകുചരടുകള്‍, കുട്ടക്കണക്കിനു കാണും. പെറുക്കിപ്പെറുക്കി നടു കഴയ്ക്കും, തുടകളും കാലുകളും മരയ്ക്കും. 
അവള്‍ ഒരു സാഹസകൃത്യത്തിലേര്‍പ്പെട്ടു. തന്റെ വീട്ടില്‍ കൊണ്ടുവന്ന് സൈ്വരമായി വാക്കുകളുടെ അര്‍ഥം നോക്കി എഴുതിയെടുക്കാനായി ഡിക്ഷ്ണറി താഴേക്കു കൊണ്ടുവന്നു. കൊച്ചമ്മയോടു പറഞ്ഞു: ''ഞാനെളുപ്പംകൊണ്ടെ തിരിച്ചു തരാം.''
വല്യമ്മച്ചിയുടെ കാര്‍ക്കശ്യമേറിയ സ്വരം ഉയര്‍ന്നുകേള്‍ക്കാം താഴത്തെ വീടുവരെ: ''ഈ പെണ്ണിനു നാണമില്ലേന്ന്, അവളാ എന്തപ്പനാടി പൊത്തകോം എടുത്തോണ്ടുപോയീന്നു മറിയപ്പെണ്ണ് പറഞ്ഞുകേപ്പിച്ചിട്ടു കുഞ്ഞവറാ കെടന്നു കൊലവിളിക്കുന്നു.''
''എടീ ലിസീ, പൊസ്തകം കൊണ്ട് എളുപ്പംകൊടെടീ. എന്റെ മക്കള്‍ക്ക് പശൂന്റെ ചാണകം വില്‍ക്കുമ്പം അമ്മ വാങ്ങിത്തരാം.''  അതമ്മ ആശ്വസിപ്പിക്കാനായി ചുമ്മാ പറഞ്ഞതാണെന്നു ലിസിക്കറിയാം. വേറേ നൂറുകൂട്ടം അത്യാവശ്യങ്ങള്‍ ഉണ്ട്. അതിനിടയിലാ ഡിക്ഷ്ണറി വാങ്ങാമ്പോണെ.
അര്‍ഥം നോക്കാന്‍ അമ്മ സമ്മതിച്ചില്ല. ലിസി അതുകൊണ്ടെ വല്യമ്മച്ചിയുടെ കൈയില്‍ കൊടുത്തു. വല്യമ്മച്ചി പറഞ്ഞു: ''ചോദിച്ചത് ചോദിച്ചു, മേലാല്‍ ഈ കാര്യോം പറഞ്ഞോണ്ട് ഈ പരിസരത്താരും വന്നേക്കരുത്, പറഞ്ഞേക്കാം.''

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)