•  30 Jan 2025
  •  ദീപം 57
  •  നാളം 46
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

''ടി ലിസിയേ...
എത്ര നേരായി പെണ്ണേ ഞാന്‍ വിളിക്കുന്നു, നെന്റെ പരൂക്ഷ ഒക്കെ കഴിഞ്ഞില്ലേ? പിന്നെ ഇനി എന്നാ വായിക്കാനാ, എന്റെ മാന്‍ വന്ന് ആ അടുക്കളമിറ്റമൊന്നടിച്ചുതന്നേ''
''ഞാന്‍ പിന്നെ വരാം വല്യമ്മച്ചീ'' ലിസി നയത്തില്‍ വല്യമ്മച്ചിയെ പറഞ്ഞുവിട്ടു.
ലിസിക്കു ദേഷ്യം വന്നു. പക്ഷേ, പ്രകടമാക്കാന്‍ പാടില്ല. അമേരിക്കന്‍ പ്രസിഡന്റിനേക്കാള്‍ പദവിയാണ് വല്യമ്മച്ചിക്ക് എല്ലാരും കൊടുത്തിരിക്കുന്നത്. 
 ലിസിക്കു വിഷമം തോന്നി. ഓരോ ദിവസം കഴിയുന്തോറും തനിക്ക് വല്യമ്മച്ചിയോടുള്ള ഇഷ്ടം കുറയുകയാണ്.  
ഈ സത്യം ഈ ഭൂമുഖത്താരും അറിയണ്ടാ, അതിനാല്‍ അവള്‍ അത് ഗോപ്യമായിത്തന്നെ സൂക്ഷിച്ചു. വല്യമ്മച്ചിയോടുള്ള ബഹുമാനത്തിലെ മാറ്റം തന്നെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അതങ്ങനെ തുടരുന്നതാണ് തനിക്കിഷ്ടം. 
രണ്ടാഴ്ചയായി അപ്പന്റെ അനുജന്‍ മാത്തുക്കുട്ടിയും ഭാര്യ ഡോറിനും മൂത്തമകന്‍ ജോളിയും അതിസുന്ദരിയായ മകള്‍ കുക്കിയുമായി ഓസ്‌ട്രേലിയയില്‍നിന്നു വന്നിട്ട് തറവാട്ടില്‍ വല്യമ്മച്ചിയോടൊപ്പമുണ്ട്. ഇവരെ കൂടാതെ മറ്റു മക്കളും കുടുംബാംഗങ്ങളുമൊക്കെ മാത്തുപ്പാപ്പനെയും കുടുംബത്തെയും കാണാന്‍ വന്നുംപോയും നില്ക്കുന്നു. 
കെങ്കേമമായ മഹത്ത്വങ്ങളോടെ തലയുയര്‍ത്തിനില്ക്കുന്ന തറവാട്ടുവീടിന്റെ താഴ്‌വാരത്തായി അത്ര കേമമൊന്നുമല്ലാത്ത എന്നാല്‍ താമസസൗകര്യങ്ങളെല്ലാമുള്ള,  കക്കൂസുമാത്രമില്ലാത്ത വീട്ടിലാണ് ലിസിയും കുടുംബവും താമസിക്കുന്നത്. 
അപ്പനെ മക്കളും അമ്മച്ചിയും വിളിക്കുന്നത് 'ഇച്ചാച്ചന്‍' എന്നാണ്. ലിസിയുടെ മൂത്തസഹോദരന്‍ റോയിച്ചന്‍ മാത്രം കൊഞ്ചലോടെ  'അച്ചാച്ചന്‍' എന്നാണു വിളിക്കുന്നത്.
വല്യമ്മച്ചിയെ സഹായിക്കാന്‍ ലിസിയെയും സഹോദരിമാരെയും തറവാട്ടിലേക്കു പറഞ്ഞുവിടുന്നത് ഇച്ചാച്ചനു തീരെ ഇഷ്ടമല്ല. അമ്മച്ചി പറയും: ''മറ്റാരുമല്ലല്ലോ അപ്പന്റെ അമ്മയും തറവാടുമൊക്കെയല്ലേ, നാളെ കെട്ടിച്ചുവിടുമ്പം എല്ലാ കൂട്ടവും പഠിച്ചിരുന്നാല്‍ നല്ലതല്ലേ.''
''നീ വന്നപ്പം വല്ലോം പഠിച്ചോണ്ടാരുന്നോ വന്നേ''
''അല്ലെന്നേ, അതിന്റെ കേടു മുഴുവന്‍ ഞാനനുഭവിച്ചില്ലേ, അലക്കും മെഴക്കും മാത്രേ എനിക്കറിയാരുന്നൊള്ളൂ. എന്റെ വീട്ടില്‍ എന്നെ അടുക്കളേ കേറാനോ പെരുമാറാനോ അനുവദിച്ചില്ല, മിടുമിടുക്കരായ രണ്ടു നാത്തുമ്മാര്‍ക്ക് എന്റെ അമ്മ അടുക്കള തീറെഴുതിക്കൊടുത്തു. ഇവിടെ നിങ്ങടെ അമ്മച്ചീടെ അടുത്തുവന്ന് ഞാന്‍ ഒരുപാടാക്ഷേപം സഹിച്ചു, ഒത്തിരി നിന്ദിക്കപ്പെട്ടു. എന്നാലും എന്റെ അമ്മായിയമ്മയോടെനിക്കു നന്ദിയേയുള്ളൂ, എന്നെ ഒരു നല്ല പാചകറാണിയും പാകംവന്ന വീട്ടമ്മയുമാക്കിയതവരല്ലേ?'' 
''...ന്നാപ്പിന്നെ നമ്മടെ പെമ്പിള്ളേര്‍ക്ക് നീ പറഞ്ഞും കാണിച്ചും കൊടുത്താ പോരേടീ.''
''അല്ലിച്ചാച്ചാ എന്റെ കയ്യിലെ ന്നാ കിട്ടുന്നേ വല്ല മത്തിയോ അയലയോ ഒക്കെയല്ലേ, കരോട്ടെ സ്ഥിതി അതല്ലല്ലോ, അവിടെ നിത്യോം കല്യാണവീടുപോലല്ലേ? തന്നേമല്ല, മാത്തുക്കുട്ടി കാരണാന്റെ പെമ്മക്കളു നല്ല തുണിയുടുക്കുന്നത്. 
മാത്തുക്കുട്ടീടെ കുക്കിക്ക് അവന്‍ കൊടുക്കുന്നത്, നമ്മടെ കൊച്ചുങ്ങക്കു നമ്മളു കൊടുക്കുന്നപോലെ, ആണ്ടിലൊരു സ്‌കൂളു തൊറപ്പിനോ കൊടിമൊളകു പറിക്കുമ്പഴോ അല്ല എന്നും പുത്തനുടുപ്പുകളാ. ഒരുപാടു പേരു കൊടുക്കാനുമൊണ്ട്. മാത്തുക്കുട്ടീടെ കമ്പനിസുഹൃത്തുക്കളും ഡോറിന്റെ വീട്ടുകാരുമെല്ലാം'' 
''നിനക്കെങ്ങനെ അറിയാം?''
''ഡോറിന്‍ പറഞ്ഞു.''
''അവളിംഗ്ലീഷുകാരിയല്ലേ, പിന്നെ ഹിന്ദീം മറാഠീം അറിയാം, നിനക്കിതൊക്കെ തിരീവോ?''
''അതേ, ഞങ്ങക്കു പെണ്ണുങ്ങക്കു ബാഷ ഒന്നും വേണ്ട, ഒക്കെ ഡോറിന്‍ പറഞ്ഞു, എനിക്കെല്ലാം പിടീംകിട്ടി. നമ്മള്‍ വിരുന്നുകൊടുത്ത കോഴിക്കറീലെ അരപ്പ് ചോദിച്ചു, ഞാന്‍ അരപ്പും ഉണ്ടാക്കുന്ന വിധോം കാണിച്ചുകൊടുത്തു. അവക്കതു മനസ്സിലായി.''
ഇച്ചാച്ചന്റെയും അമ്മയുടെയും സംസാരം ശ്രദ്ധിക്കുന്നതായി ഭാവിക്കപോലും ചെയ്യാതെ ലിസി മൗനമായിരുന്ന് ആട്ടുകല്ലില്‍ അരിയാട്ടുകയാണ്. 
വല്യമ്മച്ചി വീണ്ടും വരുന്നത് ലിസി ജനലിലൂടെ കണ്ടു. അവള്‍ ആത്മഗതം നടത്തി: ''ദൈവമേ ഗതികേടായല്ലോ.''
''എടാ ബേവിച്ചാ നെന്റെ പെമ്പിള്ളേരെന്തിയേടാ? എത്ര നേരായി ഞാന്‍ വിളിക്കുന്നു. അവളുമാരടെ നാക്കെറങ്ങിപ്പോയോ? അതോ ആ താടക  അവരെ പാത്തുവച്ചിരിക്കുവാണോ?''
വല്യമ്മച്ചി താടക എന്നു വിളിച്ചത് പാവം തന്റെ നിഷ്‌കളങ്കയായ അമ്മയെ ആണല്ലോ. ലിസിക്കു സങ്കടം വന്നു. 
ഇച്ചാച്ചന്‍  അമര്‍ഷത്തില്‍ ഒന്നു നീട്ടിമൂളി. എന്നിട്ടുപറഞ്ഞു: ''അതുങ്ങക്കിഷ്ടമായിട്ട് അങ്ങോട്ടു കേറിവരുന്നതല്ല, അമ്മച്ചി പറഞ്ഞ ആ താടകയാണ് അതുങ്ങളെ അങ്ങോട്ട് ചേടിപ്പണിക്കു കേറ്റിവിടുന്നത്.''
താടക എന്ന വിളി കേള്‍ക്കാത്ത ഭാവത്തില്‍ ലിസിയുടെ അമ്മ പറഞ്ഞു: 
''മൂത്തവളു മേഴ്‌സി ആ പറമ്പിലെങ്ങാനും നാളത്തേക്കിനടുപ്പിവെക്കാന്‍ വല്ല ചുള്ളീം പെറുക്കുന്നുണ്ടാവും. രണ്ടാമത്തവള്‍ ലിസിയാണേ നാളത്തേക്കുള്ള അരിയാട്ടുവാ'' അമ്മച്ചിക്ക് വല്യമ്മച്ചിയെ പിണക്കുന്നതിഷ്ടമല്ല. വല്യമ്മച്ചി പിന്നെ വരുന്നവരോടും പോകുന്നവരോടും അമ്മച്ചീടെ കുറ്റോം കുറവും പറഞ്ഞു നടക്കുമെന്ന പേടിയുണ്ട്. 
വല്യമ്മച്ചിക്ക് ചൂട്ടുകറ്റ പിടിക്കാന്‍ കൊച്ചുപ്പാപ്പന്റെ കെട്ട്യോളും കൂടും. അവളങ്ങനെ എന്റെ കുറ്റം കൊട്ടിഘോഷിച്ചാളാവണ്ടാന്ന് അമ്മച്ചി കൂടെക്കൂടെ പറയാറുണ്ട്. ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യും, നമ്മക്കങ്ങു ക്ഷമിച്ചുകൊടുക്കാം. അവരു കെടന്നെളകട്ടെ. എല്ലാറ്റിനും ഒരു സമയമുണ്ട്. സമയം വരുമ്പം ദൈവം നേരോടെ വിധിക്കും. അന്നു നമ്മടെ അവസ്ഥേം മാറും. ഇതൊക്കെയാണ് അമ്മച്ചീടെ പതിവുസംസാരം. 
'' ങാ... ഞാനും നാളെ പ്രാതലിനുള്ള അരീമുഴുന്നുമാട്ടാനാ വിളിച്ചെ, അവളോടു പറ വെക്കം ചെയ്‌തേച്ച് അങ്ങോട്ടു വരാന്‍.''
''അയ്യോ അമ്മച്ചീ അവക്കൊത്തിരി പഠിക്കാനൊണ്ട്.''
''അവടെ പരൂക്ഷ കഴിഞ്ഞില്ലേടീ? എന്റെ ആമ്മക്കടെ വായില് നാക്കില്ലെ, കേറി വന്ന അവളുമാരടെ നെഗളം ഞാങ്കാണേണ്ടിവരുന്നത് അത്ര നല്ലതല്ല, കൂടം കൊണ്ടൊന്നേ മുട്ടികകൊണ്ട് രണ്ട് എന്നാ കാര്‍ന്നോമ്മാരു പറേന്നത്?'' അതൊരു പിരാക്കാണ്. വല്യമ്മച്ചിയുടെ പതിവ് പിരാക്ക്. പിന്നെ ഒച്ചയിടും.
''അമ്മയ്ക്കിപ്പം എന്നാ വേണം, എന്റെ പെങ്കൊച്ചു വന്ന് അരി അരച്ചുതന്നാല്‍ പ്രശ്‌നം തീരും അല്ലേ, ഞാനവളെ പറഞ്ഞുവിടാം'' അപ്പന്‍ ഇടപെട്ടു. 
ലിസിയോര്‍ത്തു: ഈ വല്യമ്മച്ചിക്ക് ജോലിചെയ്തുകൊടുത്തിട്ട് എന്നാ കിട്ടാനാ?
പണക്കാരുമക്കളു വരുമ്പം തള്ളേടെ അഹങ്കാരമൊന്നു കാണേണ്ടതു തന്നാ. എല്ലാം സഹിക്കാം, എന്നാല്‍ തന്റെ അപ്പനേമമ്മേമുള്ള കുറ്റംപറച്ചില്‍, അതുമാത്രം സഹിക്കാന്‍ പറ്റില്ല. മേഴ്‌സി നില്ക്കുന്നതുപോലെ നിന്നങ്ങു ചിരിക്കാനൊന്നും തന്നെ കിട്ടില്ല. മേഴ്‌സി അവരോടൊപ്പം ചേര്‍ന്ന് തറവാട്ടുകാരേം അതിഥികളേം ചിരിപ്പിക്കും. തനിക്കതൊന്നും പറ്റില്ല. ഇവിടെ വന്ന് അറീക്കാമെന്നു വച്ചാ വഴക്കായെങ്കിലോ, അപ്പന്‍ ചെന്നു കൂട്ടിച്ചോദിക്കയും ചെയ്യും. അതു വലിയ കലഹത്തിനുവഴിതെളിക്കും. അതുകൊണ്ട് എല്ലാം ഉള്ളിലൊതുക്കി നടക്ക്വാ. 
''ലിസിമോളേ നിന്നെ കരോട്ടെയമ്മ വിളിക്കുന്നെടീ'' അമ്മയാണ്.
''വല്യമ്മച്ചിയോടു പറ ഞാനിത് അരച്ചേച്ചു ചെല്ലാമെന്ന്, എനിക്ക് നാളത്തെകഴിഞ്ഞ് ഒരു പി.എസ്. സി. ടെസ്റ്റുണ്ടെന്നൂടെ ഒന്നു പറഞ്ഞേക്കണെ, അല്ലേ അവരവിടെ പിടിച്ചു നിര്‍ത്തി കുട്ടകോം വാര്‍പ്പും തുപ്പല്‍കോളാമ്പീമൊക്കെ തേച്ചുമിഴക്കിച്ച് എന്നെ മടുപ്പിക്കും.'' ലിസി തന്റെ അമ്മച്ചിയുടെ ചെവിയില്‍ അടക്കം പറഞ്ഞു.
''ങാ എനിക്കു ചെന്നിട്ട് കാര്യോണ്ട്, ഞാമ്പോണ്.''
അമ്മ കൊടുത്ത ആട്ടുമ്പാലൊഴിച്ച കാപ്പി കുടിച്ച് വല്യമ്മച്ചി പോയി.
പെണ്ണായിട്ടു ജനിക്കണ്ടാരുന്നു, നാല് ആങ്ങളമാരുണ്ട്, അവര്‍ക്കില്ലാത്ത കഷ്ടപ്പാടാണ് തങ്ങള്‍ മൂന്നു പെണ്‍മക്കള്‍ക്ക് അമ്മച്ചിയും വല്യമ്മച്ചിയും കൂടി സമ്മാനിക്കുന്നത്. ലിസിക്കു ദേഷ്യംവന്നു. അവള്‍ അരച്ചതു മുഴുവന്‍ ആട്ടുകല്ലില്‍നിന്ന് കോരിയില്ല. വെള്ളമൊഴിച്ച് കുറച്ച് കലക്കിയെടുത്തു, പശു കുടിക്കട്ടെ. പാലൊഴിച്ച് കാപ്പി യഥേഷ്ടം കുടിക്കാം. മോരും തൈരും കൂട്ടാം. ജാക്‌സനൊക്കെ മത്തുപിടിക്കുംവരെ തിന്നാല്‍ കിട്ടുന്നത് നല്ലൊന്നാന്തരം ഇടി മാത്രം. തങ്ങള്‍ ഇടികൊള്ളുമ്പോഴും അമ്മ അവന്റെ പക്ഷംചേരും. എന്നിട്ടവനെ മുട്ടാളനാക്കാന്‍ നോക്കും.
ലിസി തറവാട്ടിലേക്കു പോയില്ല. കാലും കൈയും കഴുകി പാദപതനം കേള്‍പ്പിക്കാതെ പതുക്കെ നടുക്കത്തെമുറിയില്‍, തന്റെ പലകക്കട്ടിലില്‍ കയറി മൂടിപ്പുതച്ചു കിടന്നു. 
ഇരുട്ടുമുറിയാണ്. കിഴക്കേമുറിയില്‍ ആങ്ങളമാരും പടിഞ്ഞാറേമുറിയില്‍ അപ്പനുമമ്മയും നടുക്കത്തെ മുറിയില്‍ തങ്ങള്‍ പെണ്‍മക്കളുമാണു കിടക്കുന്നത്. 
 നടുക്കത്തെ മുറി ചെറുതാണ്. മറ്റു രണ്ടു മുറികള്‍ക്കും നല്ല വലുപ്പമുണ്ട്. നടുക്കത്തെ മുറിയുടെയും പടിഞ്ഞാറേ മുറിയുടെയും മുകളില്‍ തട്ടിന്‍പുറമാണ്. നാലു ദിക്കിലേക്കും വാതിലുകളുണ്ട്. കിഴക്കേമുറിയിലേക്കായി ഒരു കിളിവാതില്‍പോലെ ഒരു ജനലുമുണ്ട്. ലിസി തയ്ച്ചിട്ടിരിക്കുന്ന ഒരു കര്‍ട്ടനുണ്ട്. വാതിലുകള്‍ എല്ലാം എപ്പോഴും അടച്ചിരിക്കും. കാരണം തങ്ങള്‍ മൂന്നു പെണ്‍മക്കളുടെ അന്തഃപുരമാണത്. 
എപ്പോഴും അടച്ചിടുന്നതിനാല്‍ ലൈറ്റിട്ടില്ലെങ്കില്‍ ഇരുട്ടുമുറി തന്നെ. ആ മുറിയില്‍ എത്രനേരം വേണേലും ഒളിച്ചുകിടക്കാം. ആരും കാണില്ല. രാത്രിയിലേ ലൈറ്റിടൂ, രാത്രിയാവുംവരെ കിടന്നുറങ്ങാം.
കരോട്ടുകാര്‍ക്ക് ഇഷ്ടംപോലെ വേലക്കാരുണ്ട്. ഒന്നുവിളിച്ചാല്‍ ഭവാനി, കല്യാണി, കുഞ്ഞമ്മിണി പോരാഞ്ഞ് സാറാച്ചേടത്തി, വേലക്കാരന്‍ മണിയന്‍, ലിസ്റ്റ്  അങ്ങനെ നീളുന്നു. ആരെയെങ്കിലും വിളിച്ചരപ്പിക്കട്ടെ. ബേവിച്ചന്റെ മക്കളാകുമ്പം കൂലി ഒന്നും കൊടുക്കണ്ടല്ലോ. അതാ മനസ്സിലിരിപ്പ്, എന്നാല്‍, മകന്റെ മക്കള്‍ എന്ന പരിഗണന ലേശം പോലുമില്ലതാനും.
ഓസ്‌ട്രേലിയായീന്നു കൊണ്ടുവന്ന പലഹാരങ്ങളെല്ലാം മുട്ടിനുമുട്ടിനു തിന്നുനടക്കുന്ന കൊച്ചുപ്പാപ്പനും കൊച്ചമ്മയും അവരുടെ മക്കളുമുണ്ടല്ലോ. അവര്‍ക്കരച്ചാലെന്നാ? വള ഊരിപ്പോകുമോ, നെയ്യുംമുറ്റി ഇങ്ങനെ നടക്കുവല്ലേ? തനിക്കിപ്പം മനസ്സില്ല.
അവള്‍ അപ്പന്‍ തണുപ്പത്തു പുതയ്ക്കുന്ന കറുത്ത കരിമ്പടമെടുത്ത് തലമൂടി പുതച്ചുകിടന്നു. ക്രമേണ അവളുറക്കത്തിലേക്കു വഴുതിവീണു.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)