ആകാംക്ഷയോടെ, അതിശയത്തോടെ അമ്മയുടെ മുഖത്തുനോക്കിയിരിക്കുകയാണ് സലോമി.
''മാത്തന്‍, നിന്നെ മടിയില്‍ക്കിടത്തി അയല്‍പക്കത്തുള്ള ചടാക്കു ജീപ്പ് തന്നത്താനോടിച്ച് ആശുപത്രിയിലെത്തിച്ചു. ഒരു മണിക്കൂറു കഴിഞ്ഞപ്പം തിരിച്ചെത്തി. മരണത്തീന്ന് രക്ഷപ്പെട്ടുവന്നതാണെന്ന ഒരു ഭാവവുമില്ലായിരുന്നു നിനക്കപ്പോള്‍. നീയങ്ങനെയൊരു കാര്യം നടന്നത് ഇത്തിരിയെങ്കിലും ഓര്‍ക്കുന്നുണ്ടോടീ?'' സെലീന ചോദിച്ചു.
''ഇല്ലമ്മേ... എനിക്കൊരോര്‍മ്മേമില്ല ഇതുവരെ ഇങ്ങനെയൊരു സംഭവം ജീവിതത്തിലുണ്ടായ കാര്യം അമ്മ പറഞ്ഞിട്ടുമില്ലല്ലോ?''
''അന്ന് നിന്റപ്പന്‍ എനിക്കിട്ടു തന്ന ഇടിക്കും ചതയ്ക്കും കണക്കില്ലടീ. ഞാന്‍ കൊച്ചിനെ നോക്കിയില്ലെന്നു പറഞ്ഞായിരുന്നു ഇടിപ്പെരുന്നാള്. ചത്തുപോയെന്നോര്‍ത്തുപോയി ഒരവസരത്തില്‍. പള്ളയ്‌ക്കൊക്കെയാ തൊഴിച്ചത്. മൂത്രത്തില്‍ക്കൂടെ ചോരയാ വന്നെ. കൊച്ചിന്റെ ജീവന്‍ കിട്ടിയതിന്റെ സന്തോഷമുണ്ടായെങ്കിലും മരിക്കാന്‍ ഞാനന്നാഗ്രഹിച്ചുപോയി.''
''ഹൊ! എന്റമ്മ എന്തുമാത്രം സങ്കടം അനുഭവിച്ചിട്ടുണ്ട്....'' സലോമി ആരോടെന്നില്ലാതെ പറഞ്ഞു.
സലോമിയില്‍നിന്ന് ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു.
''അമ്മേ കുളിപ്പിച്ചോണ്ടിരുന്നപ്പം നീ തിണ്ണയിലിരിപ്പുണ്ടായിരുന്നു. എങ്ങനെ അതിന്റെടേല്‍ച്ചെന്ന് കിണറ്റില്‍ ചാടിയെന്നെത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല. ഇപ്പഴും അതെനിക്കൊരു അതിശയ സംഭവമാ.'' സെലീന പ്രതികരിച്ചു.
''അപ്പന്റെ വീരകൃത്യങ്ങള്‍ വേറെയുമുണ്ടമ്മേ. ഒരു കാര്യം ഞാനീയിടെയറിഞ്ഞു.''
''ക്രൂരകൃത്യമായിരിക്കും കേട്ടത്.''
''അല്ല. ഒരാളുടെ ജീവന്‍ രക്ഷിച്ച സംഭവമാ. അപ്പനോടുള്ള നന്ദിയായിട്ട് അയാള്‍ മകളെ പഠിപ്പിച്ച് ഐ.എ.എസ്സുകാരിയുമാക്കി.''
''എന്താ പെണ്ണേ നീയിപ്പറയുന്നത്?'' സെലീന നെറ്റി ചുളിച്ചു.
കളക്ടറായി ചുമതലയേറ്റതിന്റെ പിറ്റേന്ന് മാളിയേക്കല്‍ തോമസ് എന്നയാള്‍ കാണാനെത്തിയതും അയാളാണ് തന്റെ പഠനച്ചെലവുകള്‍ വഹിച്ചതെന്നു വെളിപ്പെടുത്തിയ കാര്യവും സലോമി അമ്മയെ പറഞ്ഞുകേള്‍പ്പിച്ചു.
''നിന്റയപ്പന്‍ അങ്ങനെയൊരു നന്മ ചെയ്‌തെന്ന് എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല. അപ്പന്റെ മുഖസാമ്യമുള്ള മറ്റാരെങ്കിലുമായിരിക്കും അയാളെ ആശുപത്രിയിലെത്തിച്ചത്.'' സെലീന പറഞ്ഞു.
അമ്മ അപ്പനെ ഇപ്പോഴും വല്ലാതെ വെറുക്കുന്നുണ്ടെന്ന് സലോമിക്കു തോന്നി.
''അമ്മേ, ഞാനൊരു കാര്യം ചോദിച്ചാല്‍ വെഷമമാകുമോ?''
''നീ എന്തും ചോദിച്ചോ. എനിക്കിനിയെന്തു വിഷമം?''
''അമ്മ ഇഷ്ടത്തോടെയല്ലേ, അപ്പനെ കല്യാണം കഴിച്ചത്?''
സെലീനാ വല്ലാത്ത ഭാവത്തില്‍ പുഞ്ചിരിച്ചു. അല്പനേരം മൗനിയായി.
''പെണ്ണുകാണലിനു വന്നപ്പം എനിക്കാ മനുഷ്യനോട് പേടിയാ തോന്നിയത്. ഒരു കശാപ്പുകാരന്റെ മട്ടും ഭാവവും. സംസാരത്തിലും അറപ്പുതോന്നി. ആളുപോയിക്കഴിഞ്ഞപ്പം എനിക്കു വേണ്ടാന്നു പറഞ്ഞ് ഞാന്‍ വീട്ടില്‍ വഴക്കുണ്ടാക്കി. അയാള്, ഇഷ്ടമായെന്നും ഉടനെ കല്യാണം നടത്തണമെന്നും അറിയിച്ചപ്പം എന്റയപ്പന്‍ പെണ്ണിനിഷ്ടപ്പെട്ടില്ലെന്ന് തുറന്നു പറഞ്ഞു. അങ്ങനെയതു പോയല്ലോന്ന് ഞാന്‍ കരുതി. അപ്പന്‍ പിന്നെ എന്റെ കല്യാണാലോചനയും നിര്‍ത്തി. വീട്ടില്‍ കാശിന് നല്ല ബുദ്ധിമുട്ടുള്ള കാലമാ. രണ്ടുകൊല്ലം കഴിഞ്ഞ് പിന്നേം മാത്തന്‍ ആളെ പറഞ്ഞുവിട്ടു. പണമൊന്നും വേണ്ട പെണ്ണിനെ മതിയെന്ന്. സമ്മതിക്കെടീ, അല്ലെങ്കില്‍ ഇങ്ങനെ നിന്നു മൂത്തുനരച്ചു പോകുകയേയുള്ളൂവെന്ന് വീട്ടിലുള്ളവര്‍ നിര്‍ബന്ധിച്ചു. മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. കൂടെ ജീവിച്ച ഓരോ ദിവസവും എന്റെ കണ്ണീരൊഴുകി. കെട്ടിക്കേണ്ടായിരുന്നെന്ന് എപ്പഴുമോര്‍ത്തു.'' സെലീന പറഞ്ഞു.
''പെണ്ണിന്റെ ഇഷ്ടവും സമ്മതവും നോക്കാതെയാ പല കല്യാണങ്ങളും പണ്ട് നടക്കുന്നത്, അല്ലേയമ്മേ?'' സലോമി പ്രതികരിച്ചു.
''അതെ. ഇഷ്ടപ്പെടാത്ത ഒരാളുടെകൂടെ ജീവിക്കുന്നത് എന്നും പെണ്ണിന് പീഡാസഹനമാ. എനിക്കിനി ആകെയൊരാഗ്രഹമേയുള്ളൂ. എന്റെ മകള്‍ക്ക് ഒരു നല്ല കെട്ടിയവനെ കിട്ടണം. നെനക്ക് ഉദ്യോഗപ്പവറുണ്ട്. സൗന്ദര്യമുണ്ട്. ഇല്ലാത്തത് പാരമ്പര്യമാ. അപ്പന്റേം അമ്മേടേം കുടുംബവും ചുറ്റുപാടും കേള്‍ക്കുമ്പം കൊള്ളാവുന്നവരൊക്കെ പിറകോട്ടു വലിഞ്ഞേക്കും. അതാ പേടി.''
''അതേ, സമ്പത്തും പ്രതാപോമുള്ളവരെല്ലാം നല്ലവരൊന്നുമല്ല. അവരാ പാവപ്പെട്ടവനെ തെമ്മാടിയും കൊലപാതകിയുമൊക്കെയാക്കുന്നത്. നമ്മടെയപ്പനെ ഗുണ്ടയാക്കിക്കൊണ്ടു നടന്നത് പുഴക്കര വക്കച്ചനല്ലേ? ഒടുവില്‍ കൊല്ലിച്ചതാണെന്നും പറച്ചിലുണ്ട്.''
സെലീന നിശ്ശബ്ദയായി ഏതാനും നിമിഷമിരുന്നു. നേരം ഇരുളുകയാണ്. തണുത്തകാറ്റ് വീശുന്നുണ്ട്. മഴപ്പുള്ളുകള്‍ താണുപറക്കുന്നു.
''മോളേ, പുഴക്കര വക്കച്ചനോട് നമുക്ക് ഒരു കടം കിടപ്പുണ്ട്. ഇതുവരെ കൊടുത്തുവീട്ടാന്‍ പറ്റീട്ടില്ല.''
''എന്തിന്റെയാ? എത്ര രൂപയുണ്ടമ്മേ.''
''മാത്തന്റെ മരിച്ചടക്കിന്റെ സകലചെലവും അയാളാ വഹിച്ചത്. എത്രയാണെന്നു പറഞ്ഞിട്ടില്ല. അടക്കിയിട്ട് രണ്ടുദിവസം കഴിഞ്ഞ് വക്കച്ചന്‍ വീട്ടില്‍ വന്നു. എന്നെ ആശ്വസിപ്പിക്കാനും അയാളുടെ വീട്ടിലേക്ക് അടുക്കളപ്പണിക്കു വിളിക്കാനുമായിരുന്നു. ഞാന്‍ പോയില്ല. ഒരാഴ്ചയാകും മുമ്പ് ഈ വീടും വീട്ട് നിന്നേംകൊണ്ട് ഞാന്‍ കോണ്‍വെന്റിലേക്കു മാറുകയായിരുന്നു.''
''അയാള് ചീത്തമനുഷ്യനായിരുന്നു അല്ലേ, അമ്മേ.''
''അതെ. ഒരു തരത്തില്‍ ചിന്തിച്ചാല്‍ മാത്തന്റെ മരണത്തിനു കാരണം അന്നത്തെ എന്റെ നെറവും ശരീരവുമായിരുന്നു. മാത്തനോട് ഇഷ്ടമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞാനാ മനുഷ്യനെ മനസ്സുകൊണ്ടുപോലും വഞ്ചിച്ചിട്ടില്ല മോളെ. വക്കച്ചന്റെ കെണിയില്‍നിന്ന് പലവട്ടം എന്നെ രക്ഷിച്ചത് ദൈവംതമ്പുരാനാ.''
വലിയ മഴത്തുള്ളികള്‍ മുറ്റത്തുവീണുതുടങ്ങിയപ്പോള്‍ സെലീനയും സലോമിയും ഇറയത്തുനിന്നെഴുന്നേറ്റു. അവര്‍ അകത്ത് മുറിയില്‍ ചെന്നിരുന്നു.
''നെനക്കിപ്പം വയസ്സ് ഇരുപത്തിയേഴായി. ഇനിയെത്രയും പെട്ടെന്ന് കല്യാണം നടത്തണ്ടതാ. വല്യ ബംഗ്ലാവില്‍ നീ കുടുംബമായിട്ടു താമസിക്കുന്നത് അമ്മയ്ക്കു കാണണം.''
''കാണാന്‍ ഒരു ദിവസംപോലും അമ്മയങ്ങോട്ടൊന്നു വരികയില്ലല്ലോ?'' കല്യാണം ഞാന്‍തന്നെ അന്വേഷിച്ച് ഞാന്‍തന്നെ നടത്തണോന്നാണോ അമ്മ പറയുന്നെ?''
''മോളേ, നെനക്കപ്പനില്ല, ആങ്ങളയില്ല. ഈ പാവംപിടിച്ച കൂലിപ്പണിക്കാരിയായ തള്ളയ്ക്ക് എന്തുചെയ്യാന്‍ പറ്റും, പറയാനല്ലാതെ.'' സെലീന മകളെ ദീനമായി നോക്കി.
''എനിക്കറിയാമമ്മേ, അമ്മ ഒരഭിപ്രായം പറയ്. എങ്ങനെയുള്ള ചെറുക്കനെയാ ഞാന്‍ കല്യാണം കഴിക്കണ്ടത്?''
''നെനക്കു ചേരുന്ന ചെറുക്കന്‍ വേണം, കാഴ്ചയിലും ജോലിയിലുമൊക്കെ. നിന്നെ ആലോചിച്ചാല്‍ ആര്‍ക്കും ഇഷ്ടപ്പെടാതെ വരില്ല. ആകെയുള്ളൊരു കുഴപ്പം മരിച്ചുപോയ അപ്പനും ജീവിച്ചിരിക്കുന്ന ഞാനുമാ.''
''അമ്മയെന്തായീ പറയുന്നെ.'' എനിക്കെന്റെ അപ്പനും അമ്മയും അപമാനമല്ല. കുറഞ്ഞവരായിട്ട് ഒരിക്കലും ഞാന്‍ കരുതീട്ടില്ല.''
''നീ കരുതില്ല. പക്ഷേ, ചുറ്റുപാടുള്ള ഒരു കുടുംബത്തീന്ന് ആലോചന വരുമ്പം അവര് വീട്ടുകാരെപ്പറ്റി തിരക്കും. കേള്‍ക്കുമ്പഴേ ഇട്ടേച്ചുപോകും.''
''അങ്ങനെയങ്ങു പോകുന്നെങ്കില്‍ പോട്ടെ. എനിക്കിപ്പം എന്റെ ജോലിയാ പ്രധാനം. ആക്ഷേപം കൂടാതെ അതു ചെയ്യണം. അമ്മ ഇനിയുള്ള കാലമെങ്കിലും കഷ്ടപ്പെടാതെ, സങ്കടപ്പെടാതെ ജീവിക്കുന്നതു കാണണം.''
''എനിക്കിപ്പം ഒരു കുഴപ്പോമില്ലെടീ. ഞാന്‍ മഠത്തില്‍ ജോലിക്കു പോണത് നെനക്കു കൊറച്ചിലാകുമെന്നും അതു വെലക്കുമെന്നുമോര്‍ത്തു. നീ അനുവദിച്ചു. അതു വലിയ സന്തോഷമായി. എന്റേം നിന്റേം വേര് ആ മഠത്തിലാ. അതെപ്പോഴും ഓര്‍മ്മ വേണം.''
''അതല്ലേ അമ്മേ ഞാന്‍ വന്നത്. കുട്ടികള്‍ക്കൊക്കെ ഉടുപ്പും പലഹാരോം കൊണ്ടു ചെന്നു കൊടുത്തത്.''
''അങ്ങനെ ചെയ്തത് എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. ഇനി വര്‍ത്താനം പിന്നെപ്പറയാം. നീ ചെന്നു കുളിച്ച് ക്ഷീണം മാറ്റ്. മഴ വന്നിട്ടു പെയ്യാതെ പോയി.'' അങ്ങനെ പറഞ്ഞ് സെലീന എഴുന്നേറ്റ് അടുക്കളയിലേക്കുപോയി.
മകള്‍ക്ക് എന്തു കറിയുണ്ടാക്കുമെന്ന് സെലീനയ്ക്ക് വേവലാതിയുണ്ടായി. ഇറച്ചിയും മീനുമൊക്കെ വല്ലപ്പോഴുമേ വാങ്ങിക്കാറുള്ളൂ. മിക്കവാറും വീട്ടുമുറ്റത്തെ പച്ചക്കറികള്‍കൊണ്ട് കഴിയുകയാണ് സെലീന. സലോമി പറഞ്ഞിട്ടു വന്നിരുന്നെങ്കില്‍ എന്തെങ്കിലും കരുതാമായിരുന്നു. പോത്തിറച്ചി ഉണങ്ങിയത് ഇരിപ്പുള്ള കാര്യം പെട്ടെന്നോര്‍ത്തു. സലോമിക്ക് ഉണക്കിറച്ചി വറുത്തത് ഇഷ്ടവുമാണ്. ടിന്നില്‍നിന്ന് ഉണങ്ങിയ പോത്തിറച്ചിയെടുത്ത് കഴുകി കഷണങ്ങളാക്കി. പിന്നെ വറ്റല്‍ മുളകും വെളുത്തുള്ളിയും ഇഞ്ചിയും കുരുമുളകും ചേര്‍ത്തരച്ചു. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് അടുപ്പത്തു വച്ചു. എണ്ണ തിളച്ചപ്പോള്‍ അരച്ചുതിരുമ്മിയ ഉണക്കയിറച്ചിക്കഷണങ്ങള്‍ ചീനച്ചട്ടിയിലിട്ട് വറുത്തുകോരി.
അമ്മയും മകളും കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. രാത്രി പതിനൊന്നുവരെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. പിന്നെ ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്നുറങ്ങി. ഉറക്കത്തില്‍ ഭീതിജനകമായ സ്വപ്നങ്ങളായിരുന്നു സലോമിക്കു കൂട്ടിനെത്തിയത്. മാത്തനെ എതിരാളികള്‍ ഇടവഴിയിലിട്ട് വെട്ടുന്ന രംഗങ്ങളായിരുന്നു സ്വപ്നത്തില്‍ തെളിഞ്ഞത്.
(തുടരും)