•  16 Jan 2025
  •  ദീപം 57
  •  നാളം 44
നേര്‍മൊഴി

വ്രണത്തില്‍ സുഗന്ധം പുരട്ടിയാല്‍ ദുര്‍ഗന്ധം മാറുമോ?

   ആശ്വാസകരമെന്നു വേണമെങ്കില്‍ പറയാവുന്ന ഒരു കാര്യം മണിപ്പുരില്‍ സംഭവിച്ചിരിക്കുന്നു. 19 മാസമായി മണിപ്പുരില്‍ താണ്ഡവമാടിയ വംശീയകലാപം അമര്‍ച്ച ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കിനിന്ന മുഖ്യമന്ത്രി എന്‍. ബീരേന്‍സിങ് പുതുവര്‍ഷത്തലേന്നു മണിപ്പുര്‍ ജനതയോടു മാപ്പുചോദിച്ചിരിക്കുന്നു: ''2023 മേയ് മുതല്‍ നടന്ന കാര്യങ്ങളില്‍ ഞാന്‍ ഖേദിക്കുന്നു. വംശീയകലാപത്തില്‍ ജീവനും ബന്ധുക്കളും വീടുകളും നഷ്ടപ്പെട്ട എല്ലാവരോടും മാപ്പുചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കടന്നുപോയ വര്‍ഷം ദൗര്‍ഭാഗ്യങ്ങളുടേതാകയാല്‍ ഖേദിക്കുന്നു. മണിപ്പുരിലെ 35 വംശീയവിഭാഗങ്ങളും  ഒരുമയോടെ ജീവിക്കണം... പഴയതെല്ലാം മറന്നും പൊറുത്തും പുതിയ ജീവിതം തുടങ്ങണമെന്നു ഞാന്‍ എല്ലാ വിഭാഗത്തോടും അപേക്ഷിക്കുന്നു.''

മുഖ്യമന്ത്രിയുടെ ഈ മനംമാറ്റം ആത്മാര്‍ഥതയുള്ളതാണോ?  ഇതിന്റെ പിന്നിലെ പ്രേരണ ആരുടേതാണ്? മണിപ്പുരില്‍ സമാധാനമുണ്ടാകണമെന്നു മുഖ്യമന്ത്രി തീരുമാനിച്ചാല്‍ അതു സാധ്യമാണ്. നിയമസഭയില്‍ ഭൂരിപക്ഷവും കേന്ദ്രമന്ത്രിസഭയുടെ പിന്തുണയുമുണ്ട്. സ്വന്തം തീരുമാനം കൊണ്ടായാലും ബാഹ്യസമ്മര്‍ദംകൊണ്ടായാലും സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. കൂടെയുള്ള എംഎല്‍എമാരുടെയും ഘടകകക്ഷി എംഎല്‍എമാരുടെയും മിസോറാം മുഖ്യമന്ത്രിയുടെയും സമ്മര്‍ദമുണ്ടെന്നു കരുതപ്പെടുന്നു. സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളും തീര്‍ച്ചയായും മുഖ്യമന്ത്രിക്കു സമ്മര്‍ദമായിട്ടുണ്ടാകും. കലാപം സംസ്ഥാനസര്‍ക്കാര്‍ കണ്ടുനില്ക്കുകയാണെന്നും മണിപ്പുരില്‍ സമ്പൂര്‍ണ ഭരണത്തകര്‍ച്ച സംഭവിച്ചുവെന്നും സുപ്രീംകോടതി ഒന്നിലധികം പ്രാവശ്യം നിരീക്ഷിച്ചു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള സമ്മര്‍ദം ഇതിനു പുറമേയാണ്.
ഇന്ത്യയുടെ രത്‌നം എന്ന പേര് മണിപ്പുരിനുണ്ട്. എന്നാല്‍, ഇന്ന് മണിപ്പുര്‍ ചോരക്കറ പുരണ്ടു ശോഭ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അതിനു കാരണക്കാരില്‍ പ്രധാനി മുഖ്യമന്ത്രിയാണെന്നാണ് ആക്ഷേപം. രാഷ്ട്രീയലാഭത്തിനുവേണ്ടി  അദ്ദേഹം മെയ്തികളുടെ പക്ഷംചേര്‍ന്നു കുക്കികള്‍ക്കെതിരേ പോരാടുന്നുവെന്ന പരാതി ശക്തമാണ്. നിഷ്പക്ഷത പാലിക്കുന്ന ഒരു ഭരണകൂടത്തിനു നിയന്ത്രണത്തില്‍ കൊണ്ടുവരാവുന്ന ക്രമസമാധാനപ്രശ്‌നങ്ങളേ മണിപ്പുരിനുള്ളൂ എന്നു വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്ത്, ക്രമസമാധാനനില മെച്ചപ്പെടുത്താനുള്ള നിര്‍ദേശം കേന്ദ്രത്തില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ പഴയതുപോലെ കാര്യങ്ങള്‍ എളുപ്പത്തില്‍ നീങ്ങുന്നില്ല.
ബില്ലുകള്‍ ഒതുക്കത്തില്‍ പാസാക്കിയെടുക്കാന്‍ കഴിയുന്നില്ല. വണ്‍ ഇന്ത്യ, വണ്‍ ഇലക്ഷന്‍ പദ്ധതി നടപ്പാക്കുക എളുപ്പമല്ല. എം.പിമാരുടെ ആക്രമണത്തിന്റെ ശക്തിയും വര്‍ധിച്ചുവരികയാണ്. പാര്‍ലമെന്റില്‍ പ്രിയങ്ക നവാഗതയാണെങ്കിലും ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് അവര്‍ നടത്തുന്നത്. പ്രിയങ്കയോളം കരുത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ നാലഞ്ചു വനിതാ എംപിമാര്‍കൂടി ചേരുമ്പോള്‍ പാര്‍ലമെന്റുസമ്മേളനങ്ങള്‍ ബിജെപി നേതാക്കള്‍ക്ക് ആഹ്ലാദകരമല്ല.
മുഖ്യമന്ത്രിക്കു കുക്കികള്‍ മാപ്പു നല്‍കിയാലും മണിപ്പുരില്‍ സമാധാനമുണ്ടാകണമെന്നില്ല. രാഷ്ട്രീയനേട്ടങ്ങള്‍ക്കുള്ള കലഹങ്ങള്‍ അവിടെ അവസാനിക്കണം. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഗോത്രത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാകണം. ഹിന്ദുക്കളും മുസ്ലീംകളും ക്രിസ്ത്യാനികളുമായി തരംതിരിച്ചു കാണാതെ മനുഷ്യരായി എല്ലാവരെയും പരിഗണിക്കുമ്പോഴാണ് സമാധാനത്തിന്റെ വെള്ളരിപ്രാവ് മണിപ്പുരിന്റെ ആകാശത്തു പറക്കുന്നത്. തെറ്റ് ഏറ്റുപറഞ്ഞ മുഖ്യമന്ത്രിയെ ഇനിയെങ്കിലും മാറ്റിക്കൂടേ? മുഖ്യമന്ത്രിയെ മാറ്റിയാല്‍ ഇംഫാല്‍ താഴ്‌വര കലാപകലുഷിതമാകുമെന്നു കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടാന്‍ കാരണമെന്താണ്?
ബിജെപി നേതൃത്വത്തിനു മുഖ്യമന്ത്രി ബിരേന്‍സിങിനെ മാറ്റിനിര്‍ത്താനാവില്ലെന്ന സംസാരമുണ്ട്. കാരണം, പാര്‍ട്ടിയുടെ ഫണ്ടിന്റെ പ്രധാന സ്രോതസ്സുകളിലൊന്ന് അദ്ദേഹമാണ്. കോര്‍പ്പറേറ്റു കുത്തകകളുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണത്രേ അദ്ദേഹം. മണിപ്പുര്‍ കലാപഭൂമിയായി മാറിയാല്‍ അവിടെനിന്നു മറ്റു പ്രദേശങ്ങളിലേക്കു വലിയ തോതിലുള്ള പ്രയാണം നടക്കും. അങ്ങനെ, കാലക്രമേണ മണിപ്പുര്‍ ഭൂപ്രദേശം വിജനമാകും. അതു സാവധാനം റിയല്‍ എസ്റ്റേറ്റുകാരുടെ സ്വപ്നഭൂമിയായി മാറും. മലകളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശം കഞ്ചാവുപോലെയുള്ള മയക്കുമരുന്നുത്പന്നങ്ങളുടെ സങ്കേതമായിത്തീരും. അതിര്‍ത്തിപ്രദേശമാകയാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ മയക്കുമരുന്നുത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും നടക്കും. അങ്ങനെ, മണിപ്പുര്‍ മയക്കുമരുന്നുകളുടെ അന്താരാഷ്ട്രവിപണിയായി മാറാം. ഇത്തരത്തിലുള്ള ബിസിനസ്താത്പര്യങ്ങളാണ് മണിപ്പുരിലെ തീ അണയാതിരിക്കാന്‍ കാരണം. ഈ നിരീക്ഷണത്തില്‍ സത്യത്തിന്റെ അംശമുണ്ടെങ്കില്‍ മണിപ്പുരിലെ രാഷ്ട്രീയനേതൃത്വം രാജ്യദ്രോഹക്കുറ്റമാണു ചെയ്യുന്നത്. മണിപ്പുരിന്റെ മുറിവുണക്കാന്‍ മുഖ്യമന്ത്രിയുടെ മാപ്പ് ഉപകരിക്കുമെങ്കില്‍ അതു മഹാഭാഗ്യമാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)