നാളെ എല്‍സയുടെ വിവാഹമാണ്.
ഏറെ നാളായി ഉറങ്ങിക്കിടന്ന, കുറുക്കന്‍കുന്നിലെ എല്‍സയുടെ വീട് ശബ്ദമുഖരിതമായി. എല്‍സയുടെ ചേച്ചി ടെസിയും അവരുടെ രണ്ടു കുട്ടികളും രാവിലെതന്നെ എത്തിയിരുന്നു. മുറ്റത്ത് ഓടിക്കളിക്കുകയാണ് കുട്ടികള്‍. കൂടെ അയല്‍പക്കത്തെ കുട്ടികളുമുണ്ട്.
നാലുമണി കഴിഞ്ഞപ്പോള്‍ മൂവാറ്റുപുഴയില്‍നിന്ന് സൂസമ്മയും ജയേഷും വര്‍ഷയും എത്തി. എല്‍സ കാറിനടുത്തേക്ക് ഓടിവന്ന് അവരെ സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
''ജോസങ്കിള്‍ വരില്ലേ ആന്റീ?''
''വരും മോളേ. നാളെ രാവിലെ വരും.'' അവരെ സ്വീകരിച്ച് അകത്തുകയറ്റി ഇരുത്തിയിട്ട് എല്‍സ അടുക്കളയിലേക്കു പാഞ്ഞു. ചായയും പലഹാരങ്ങളുമെടുത്തുകൊണ്ടുവന്ന് ടീപ്പോയില്‍ വച്ചിട്ട് മൂന്നുപേരെയും നോക്കി പറഞ്ഞു:
''കഴിക്ക്.''
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ടെസി അങ്ങോട്ടുവന്നു. ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കാണുകയായിരുന്നു. ടെസിയും സൂസമ്മയും. സൂസമ്മ എണീറ്റ് അവളുടെ അടുത്തേക്കു വന്നു.
''എത്ര നാളായി എന്റെ മോളെ ഒന്നു കണ്ടിട്ട്. കുഞ്ഞുനാളില്‍ ഇത്രേം ഒള്ളപ്പം കണ്ടതാ. ആളാകെ അങ്ങു മാറിപ്പോയല്ലോ? സുഖമല്ലേ മോളേ?''
''ഉം.'' ടെസി ചിരിച്ചുകൊണ്ടു തലകുലുക്കി.
''ഓര്‍ക്കുന്നുണ്ടോ എന്നെ.''
''പിന്നില്ലേ! കുഞ്ഞുന്നാളില്‍ ആന്റീടെ കൈപിടിച്ചു പെരുന്നാളിനു പോയതും ആന്റി പാവവാങ്ങിത്തന്നതുമൊക്കെ മറക്കാന്‍ പറ്റ്വോ?''
''ഇതെന്താ എല്ലും തോലുമായിട്ടിരിക്കുന്നേ? ഭക്ഷണമൊന്നും ശരിക്കു കഴിക്കുന്നില്ലേ?''
''അതൊക്കെ ഒരു കഥയാ ആന്റീ. ഇപ്പം പറഞ്ഞാല്‍ എന്റെ ഒള്ള സന്തോഷംകൂടി പോകും. പിന്നെപ്പഴെങ്കിലും കാണുമ്പം പറയാം.''
ടെസിയുടെ കണ്ണുനിറഞ്ഞത് സൂസമ്മ ശ്രദ്ധിച്ചു. കരഞ്ഞുപോയേക്കുമോ എന്നു തോന്നിയപ്പോള്‍ ടെസി മുഖം തിരിച്ചിട്ട് വേഗം അടുക്കളയിലേക്കു പോയി.
''ചേച്ചീടെ കാര്യം ആന്റിക്കറിയാല്ലോ. ഒന്നും ചോദിക്കണ്ടാട്ടോ.'' സ്വരം താഴ്ത്തി എല്‍സ പറഞ്ഞു.
''അവളുടെ ഹസ്ബന്റ് വന്നില്ലേ?'' സൂസമ്മ ആരാഞ്ഞു.
''ഇല്ല. നാളെ പള്ളീലേക്കു വരുവായിരിക്കും. ങ്ഹ... ആന്റി കഴിക്ക്. പുറത്ത് എന്റെ കൂട്ടുകാരി നിഷയും ഹസ്ബന്റും വന്നിട്ടുണ്ട്. ഞാന്‍ അവരെ ഒന്നു സ്വീകരിക്കട്ടെ.''
''ഉം.'' സൂസമ്മ തലകുലുക്കി.
എല്‍സ വെളിയിലേക്ക് ഇറങ്ങിച്ചെന്ന് നിഷയെയും ഹസ്ബന്‍ഡിനെയും ഷേക്ക്ഹാന്‍ഡ് നല്‍കി സ്വീകരിച്ചു. അകത്തു കയറ്റി ഇരുത്തി.
സൂസമ്മയും ജയേഷും വര്‍ഷയും പുറത്തേക്കിറങ്ങി ചുറ്റും നടന്നുനോക്കി. സിസിലിയുടെ ജീവന്‍ എടുത്ത പ്ലാവ് കോഴിക്കൂടിനു സമീപം അപ്പോഴും നീണ്ടുനിവര്‍ന്നു കിടപ്പുണ്ടായിരുന്നു.
ശിഖരങ്ങളെല്ലാം വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. സൂസമ്മ കുറച്ചുനേരം അവിടെ സങ്കടത്തോടെ നോക്കി നിന്നു.
''മുമ്പ് നമ്മളിവിടെ വന്നപ്പോള്‍ ഇവിടൊരു വ്യൂപോയിന്റ് ഉണ്ടെന്ന് എല്‍സ പറഞ്ഞില്ലായിരുന്നോ? അതെവിടാ ജയേഷേ?'' വര്‍ഷ ചോദിച്ചു.
''കാണണോ?''
''ഉം.''
''അന്ന് എല്‍സ കൊണ്ടെ കാണിക്കാന്നു പറഞ്ഞപ്പം എനിക്കൊന്നും കാണണ്ടാന്നു പറഞ്ഞു നീ ചവിട്ടിത്തുള്ളി പോയത് ഓര്‍മയുണ്ടോ?''
''അന്നത്തെ വര്‍ഷയല്ലല്ലോ ഇന്നത്തെ വര്‍ഷ. എനിക്കതൊന്നു കാണണം ജയേഷ്.''
''കാണിക്കാം.''
അകത്തേക്കു കയറി ജയേഷ് എല്‍സയോട് ആഗ്രഹം പറഞ്ഞു.
''ഞാനൊരാളെ കൂട്ടിവിടാം. അവന്‍ കൊണ്ടെ കാണിക്കും. എനിക്കു വരാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ടാ. അല്ലെങ്കില്‍ ഞാന്‍ വന്നേനെ.''
''അതെനിക്കറിയാം. ഒരാളെ കൂട്ടിവിട്ടാല്‍ മതി.''
എല്‍സ മുറ്റത്തേക്കിറങ്ങി നിഷയുടെ അനിയന്‍ അഭിഷേകിനെ വിളിച്ച് ആ ചുമതല ഏല്പിച്ചു.
അഭിഷേക് വഴികാട്ടിയായി മുമ്പിലും ജയേഷും വര്‍ഷയും പിന്നാലെയും പാറപ്പുറത്തേക്കു നടന്നു. പാറയുടെ ഓരത്തുനിന്നു ദൂരേക്കു നോക്കിയപ്പോള്‍ കണ്ട പ്രകൃതിദൃശ്യം വര്‍ഷയെ വല്ലാതെ ആകര്‍ഷിച്ചു.
''ഹായ്, എത്ര മനോഹരം! ഇവിടെ വന്നില്ലായിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമായേനെ.''
കുറേനേരം പാറപ്പുറത്തുകൂടി ചുറ്റിനടന്ന് പ്രകൃതിഭംഗി ആസ്വദിച്ചിട്ട് വീട്ടിലേക്കു മടങ്ങി. ചെന്നു കയറിയതേ എല്‍സ ചോദിച്ചു:
''കണ്ടോ? എങ്ങനുണ്ട്?''
''വെരി ബ്യൂട്ടിഫുള്‍. പോയില്ലായിരുന്നെങ്കില്‍ അതൊരു നഷ്ടമായേനെ.''
എല്‍സയുടെ പിന്നാലെ വര്‍ഷ അടുക്കളയിലേക്കു നടന്നു. സൂസമ്മ അടുക്കളയില്‍ ജോലി ത്തിരക്കിലായിരൂന്നു. വര്‍ഷയും അമ്മയെ സഹായിക്കാന്‍ കൂടി. ജയേഷ് പുറത്തേക്കിറങ്ങി കുട്ടികളുടെ കളി കണ്ടു നിന്നു.
അയല്‍ക്കാര്‍ പലരും വരികയും എല്‍സയെ കണ്ടു കുശലം പറഞ്ഞ് സന്തോഷം പങ്കുവച്ചിട്ട് മടങ്ങുകയും ചെയ്തു. ബന്ധുക്കളെന്നു പറയാന്‍ ആരും എത്തിയിട്ടുണ്ടായിരുന്നില്ല.
രാത്രി അത്താഴം കഴിഞ്ഞ് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ എല്‍സ സൂസമ്മയോടു പറഞ്ഞു:
''നാളെ കല്യാണത്തിന് അമ്മേടെ സ്ഥാനത്ത് ആന്റി നില്‍ക്കണം ട്ടോ. സ്വന്തക്കാരെന്നു പറയാന്‍ എനിക്ക് നിങ്ങളൊക്കെയല്ലേ ഉള്ളൂ.''
''നില്‍ക്കാം മോളേ.''
''ജോസങ്കിള്‍ നാളെ വരില്ലേ? വരുമ്പം പറയണം പപ്പയുടെ സ്ഥാനത്ത് അങ്കിളിനോടു നില്‍ക്കാന്‍.''
''പറയാം മോളെ.''
''നിങ്ങളെല്ലാരും നേരത്തേ തന്നെ വന്നല്ലോ. ഒരുപാട് സന്തോഷമായീട്ടോ.''
സിസിലി മരിച്ചപ്പം ഞാനും ജോസും പള്ളീല്‍ വന്നിരുന്നു. മോളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട്, സംസാരിക്കാതെ തിരിച്ചുപോയി.
''അതൊന്നും സാരമില്ലാന്റീ. എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ!''
''എന്നാ മോളു പോയിക്കിടന്നോ. ആറുമണിക്കെണീറ്റ് ബ്യൂട്ടീഷ്യന്റെ അടുക്കല്‍ പോകേണ്ടതല്ലേ.''
''ശരി ആന്റീ.''
എല്‍സ എണീറ്റ് കിടപ്പുമുറിയിലേക്കു പോയി. ടെസിയോട് കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞിരുന്നിട്ട് സൂസമ്മയും ജയേഷും വര്‍ഷയും പോയി കിടന്നു. സൗകര്യങ്ങള്‍ കുറവായിരുന്നെങ്കിലും ആ വീട്ടിലെ താമസം വര്‍ഷയ്ക്ക് ഒട്ടും അരോചകമായി തോന്നിയില്ല. എല്ലാറ്റിനോടും പൊരുത്തപ്പെട്ടുപോകാന്‍ തക്കവിധം അവളുടെ മനസ്സു മാറിയിരുന്നു.
പുലര്‍ച്ചെ എണീറ്റ് ജയേഷ് എല്‍സയെ കാറില്‍കയറ്റി ബ്യൂട്ടീഷ്യന്റെ വീട്ടിലെത്തിച്ചു. തിരിച്ചുവന്ന് പ്രഭാതഭക്ഷണം ഉണ്ടാക്കാനും മറ്റും ജയേഷും സഹായിച്ചു.
ഒമ്പതുമണിയായപ്പോള്‍ മേക്കപ്പിട്ട്, അണിഞ്ഞൊരുങ്ങി എല്‍സ തിരിച്ചെത്തി. സാരിയുടുത്ത് ആഭരണങ്ങളൊക്കെ ധരിച്ച് സിനിമാനടിയെപ്പോലെ അവള്‍ സുന്ദരിയായി നില്‍ക്കുന്നതു കണ്ടപ്പോള്‍ വര്‍ഷ പറഞ്ഞു:
''വെരി ബ്യൂട്ടിഫുള്‍. ഒരുക്കിയ ബ്യൂട്ടീഷന്‍ കൊള്ളാം!''
എല്‍സ ചിരിച്ചതേയുള്ളൂ.
പ്രഭാതഭക്ഷണം കഴിച്ച് എല്ലാവരും ഡ്രസ്മാറി പോകാന്‍ റെഡിയായി. പതിനൊന്നരയ്ക്കാണ് വിവാഹം. മനുവിന്റെ ഇടവകപ്പള്ളിയില്‍ ഫാദര്‍ മാത്യു കുരിശിങ്കല്‍ ആണ് വിവാഹം ആശീര്‍വദിക്കുന്നത്. പത്തുമണിക്കു പുറപ്പെട്ടെങ്കിലേ പതിനൊന്നരയ്ക്ക് എത്തൂ.
''ഇപ്പം എറങ്ങിയില്ലെങ്കില്‍ അങ്ങെത്തുമ്പോഴേക്കും താമസിക്കും.'' ജയേഷിന്റെ പപ്പ ജോസ് പറഞ്ഞു.
''വാ... മോളേ... പ്രാര്‍ഥിക്കാം.''
തിരി കത്തിച്ചിട്ട് സൂസമ്മ എല്‍സയെ വിളിച്ച് തിരുഹൃദയത്തിന്റെയും തിരുക്കുടുംബത്തിന്റെയും രൂപത്തിന്റെ മുമ്പില്‍ നിറുത്തി. കൈകൂപ്പിനിന്ന് സൂസമ്മ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. ബൈബിള്‍ വായിച്ചത് വര്‍ഷയായിരുന്നു. പ്രാര്‍ഥന കഴിഞ്ഞ് എല്‍സ് എല്ലാവര്‍ക്കും സ്തുതി ചൊല്ലി. അതിനുശേഷം പപ്പയുടെയും അമ്മയുടെയും ഫോട്ടോയ്ക്കു മുമ്പില്‍ കൈകൂപ്പിനിന്ന് തെല്ലുനേരം മൗനമായി പ്രാര്‍ഥിച്ചു.
കൃത്യം പത്തുമണിയായപ്പോള്‍ വീടുപൂട്ടി എല്ലാവരും വെളിയിലേക്കിറങ്ങി. ക്ഷണിക്കപ്പെട്ട അയല്‍ക്കാരെല്ലാം അപ്പോഴേക്കും എത്തിയിരുന്നു.
ജയേഷിന്റെ കാറിലാണ് കല്യാണപ്പെണ്ണ് കയറിയത്. ആ കാറില്‍ ടെസിയും സൂസമ്മയും വര്‍ഷയും കയറി. ജയേഷാണ് കാര്‍ ഓടിച്ചത്.
പതിനൊന്നേകാലായപ്പോള്‍ കാര്‍ മനുവിന്റെ ഇടവകപ്പള്ളിയിലെത്തി. പള്ളിമുറ്റത്ത് ധാരാളം ആളുകളുണ്ടായിരുന്നു. കോട്ടും സ്യൂട്ടുമിട്ട് കല്യാണവേഷത്തില്‍ മനു കാത്തുനില്പുണ്ടായിരുന്നു. അയാള്‍ സാവധാനം വന്ന് കാറിന്റെ ഡോര്‍ തുറന്ന് എല്‍സയെ കൈപിടിച്ചു പുറത്തേക്കിറങ്ങി. ഫോട്ടോഗ്രാഫര്‍മാര്‍ ഓടിനടന്ന് ചെരിഞ്ഞും കിടന്നും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. അവരുടെ അനുമതി കിട്ടിയപ്പോള്‍ മനുവും എല്‍സയും സാവധാനം പള്ളിക്കകത്തേക്കു നടന്നു.
പള്ളിക്കകം നിറയെ ആളുകളുണ്ടായിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റു സ്റ്റാഫും മനുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ഒരുപാട് ആളുകള്‍.
പള്ളിക്കകത്ത്, ഏറ്റവും മുമ്പില്‍ അള്‍ത്താരയുടെ സമീപം വന്നു വധൂവരന്മാര്‍ നിന്നു. അവര്‍ക്കു പിന്നിലായി സ്വന്തക്കാരും ബന്ധുക്കളും. എല്‍സയുടെ തൊട്ടുപിന്നിലായിരുന്നു സൂസമ്മയും ജോസും ജയേഷും വര്‍ഷയും നിന്നത്.
ഗായകസംഘം പ്രാര്‍ഥനാഗീതം ആലപിച്ചു. പാട്ടുതീര്‍ന്നതും കുര്‍ബാനയ്ക്കുള്ള തിരുവസ്ത്രം അണിഞ്ഞ് ഫാദര്‍ മാത്യു കുരിശിങ്കല്‍ അള്‍ത്താരയിലേക്കു വന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശുദ്ധബലി തുടങ്ങി. മനുവും എല്‍സയും ഭക്തിപൂര്‍വം ഈശോയുടെ തിരുസ്വരൂപത്തിലേക്കു മിഴികള്‍ നട്ടു നില്‍ക്കുകയായിരുന്നു.
സുവിശേഷവായന കഴിഞ്ഞ് പ്രസംഗത്തിനുള്ള സമയമായി. എല്ലാവരും പള്ളിക്കകത്തെ ചാരുബഞ്ചില്‍ ഇരുന്നു. മനുവിനും എല്‍സയ്ക്കും ഇരിക്കാനായി ആരോ രണ്ടു കസേരയെടുത്തുകൊണ്ടുവന്നു കൊടുത്തു.
കുരിശിങ്കലച്ചന്‍ എല്ലാവരെയും ഒന്നു നോക്കിയിട്ട് പ്രസംഗം തുടങ്ങി.
''ഇന്ന് ഇവിടെ വിവാഹിതരാകുന്ന ഡോക്ടര്‍ മനുവിനും എല്‍സയ്ക്കും ആദ്യമേതന്നെ നല്ലൊരു ദാമ്പത്യജീവിതം ആശംസിക്കുന്നു. ഡോക്ടര്‍ മനുവിനെ എനിക്കു പരിചയമുണ്ടെങ്കിലും ഒരുപാട് അടുപ്പമില്ല.
അതേസമയം എല്‍സയുമായി എനിക്കു മൂന്നുവര്‍ഷത്തെ പരിചയവും അടുപ്പവുമുണ്ട്. കുറുക്കന്‍കുന്നുപള്ളിയില്‍ ഞാന്‍ സ്ഥലംമാറിച്ചെല്ലുമ്പോള്‍ എന്നെ സ്വീകരിക്കാന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്ന ആളുകളുടെ കൂട്ടത്തില്‍ എല്‍സയും ഉണ്ടായിരുന്നു. അന്ന് അവള്‍ അവിടെ വേദപാഠം പഠിപ്പിക്കുന്നുണ്ടായിരുന്നു. അന്ന് പരിചയപ്പെട്ടതാണ് എല്‍സയെ. പിന്നീട് ആ കുടുംബവുമായി ഞാന്‍ കൂടുതല്‍ അടുത്തു. ഞാനാ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ എല്‍സയുടെ അമ്മ സിസിലി ചക്കപുഴുങ്ങിയതും ചേന പുഴുങ്ങിയതുമൊക്കെ വിളമ്പിവച്ചിട്ട് കഴിക്ക് അച്ചാ എന്നു പറഞ്ഞു സ്‌നേഹത്തോടെ വിളിച്ചുകൊണ്ടുപോയി കഴിപ്പിക്കുന്നത് ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നു. സിസിലി എപ്പഴും പറയുമായിരുന്നു എല്‍സയുടെ കല്യാണം കഴിഞ്ഞിട്ടേ എന്റെ കണ്ണടപ്പിക്കാവൂ ഈശോയേ എന്ന്. പക്ഷേ, ദൈവം സിസിലിയെ അതിന് അനുവദിച്ചില്ല. നല്ലവരെ ദൈവം വേഗം വിളിക്കും എന്നു പറഞ്ഞപോലെ സിസിലിയെ ദൈവം വേഗം സ്വര്‍ഗലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പനും അമ്മയും നഷ്ടപ്പെട്ട് എല്‍സ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചുനിന്നപ്പോള്‍ ദൈവം ഒരു ദൂതനെ അവളുടെ അടുത്തേക്കു പറഞ്ഞയച്ചു. ആ ദൂതനാണ് ഈ നില്‍ക്കുന്ന ഡോക്ടര്‍ മനു. മനുവിന് ഒരു കാര്യത്തില്‍ സന്തോഷിക്കാമെന്ന് ഞാനുറപ്പുതരുന്നു. അതു മറ്റൊന്നുമല്ല; നല്ല സ്വഭാവശുദ്ധിയും ദൈവവിശ്വാസവും സ്‌നേഹവും ക്ഷമാശീലവുമൊക്കെയുള്ള ഒരു വധുവിനെയാണ് ദൈവം കൈപിടിച്ചു മനുവിനു തന്നിരിക്കുന്നത്. ഒരു കുടുംബം എങ്ങനെ മുമ്പോട്ടുകൊണ്ടുപോകണമെന്ന് എല്‍സയ്ക്കറിയാം. അപ്പനെയും അമ്മയെയും സ്‌നേഹിക്കേണ്ടത് എങ്ങനെയെന്നറിയാം. കേട്ടറിവല്ല, എന്റെ അനുഭവത്തില്‍നിന്നാണ് ഞാനിതു പറയുന്നത്. മനുവിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എല്‍സ തരുന്ന സ്‌നേഹം അതേ അളവില്‍ തിരിച്ചങ്ങോട്ടും കൊടുക്കണം. അവള്‍ പരാതി പറഞ്ഞില്ലെങ്കില്‍പ്പോലും അവളുടെ കണ്ണുനിറയുന്ന ഒരു സാഹചര്യം ഉണ്ടാവരുത്. എന്തു പ്രശ്‌നം ഉണ്ടായാലും പരസ്പരം തുറന്നുപറഞ്ഞ് അപ്പപ്പോള്‍ പരിഹരിച്ചു മുമ്പോട്ടുപോകണം. ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നാല്‍ എങ്ങനെ പെരുമാറണമെന്ന് എല്‍സ എന്നെ ക്ഷണിക്കാന്‍ വന്നപ്പോള്‍ അവള്‍ക്കു ഞാന്‍ ക്ലാസ് എടുത്തിട്ടാണ് വിട്ടിരിക്കുന്നത്. കുറച്ചുകാലത്തെ പരിചയംകൊണ്ട് എല്‍സയുടെ സ്വഭാവം എന്താണെന്ന് മനുവിന് ഏറെക്കുറെ മനസ്സിലായിട്ടുണ്ടാവുമല്ലോ. അതുകൊണ്ട് പൊരുത്തപ്പെട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണു ഞാന്‍ കരുതുന്നത്. പിന്നെ, മനുഷ്യരല്ലേ ചെറിയ തീയും പുകയുമൊക്കെ ഇടയ്ക്കുണ്ടാകും. അത് ആളിക്കത്താതിരിക്കാന്‍ രണ്ടുപേരും നോക്കണം. പരസ്പരം വിട്ടുവീഴ്ച ചെയ്യാതെ ആരുടെയും കുടുംബജീവിതം സന്തോഷകരമായി മുമ്പോട്ടുപോകില്ല. മനുവിനോട് ഒരു കാര്യംകൂടി ഓര്‍മിപ്പിക്കാനുണ്ട്. എല്‍സ കാരണം നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുന്നുവെങ്കില്‍, അതു പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്നില്ല എന്നു തോന്നുന്നുവെങ്കില്‍ എന്നെ വിളിച്ചറിയിക്കണം. മനുവിന് അറിയാമല്ലോ ഈ കല്യാണത്തിന് ഏറ്റവും ശക്തമായി റെക്കമെന്‍ഡ് ചെയ്തതു ഞാനാ. സാധാരണ ഒരു വൈദികനും അങ്ങനെ ചെയ്യാറുള്ളതല്ല. എനിക്ക് എല്‍സയെ നന്നായി അറിയാവുന്നതുകൊണ്ടാണ് ഞാനിത്രയും ഉറപ്പായി പറഞ്ഞത്. സിസിലിയുടെ ആത്മാവ് ഇപ്പോള്‍ സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും. അവര്‍ ആഗ്രഹിച്ചതിനേക്കാള്‍ നല്ലൊരു പുരുഷനെ ഭര്‍ത്താവായി ദൈവം തന്റെ മകള്‍ക്കു കൊടുത്തല്ലോ എന്നോര്‍ത്ത്. ഞാന്‍ എല്‍സയോടു പറഞ്ഞിട്ടുണ്ട് അടുത്തവര്‍ഷം ഈ സമയത്ത് എന്നെ കാണാന്‍ വരുമ്പോള്‍ നിങ്ങള്‍ രണ്ടുപേര്‍ മാത്രം പോരാ, മൂന്നാമതൊരാള്‍കൂടി കയ്യിലുണ്ടായിരിക്കണമെന്ന്. ഇപ്പഴത്തെ ന്യൂജന്‍തലമുറയ്ക്ക് കല്യാണം കഴിഞ്ഞ് ഉടനെ കുഞ്ഞുവേണ്ട, രണ്ടുമൂന്നുവര്‍ഷം അടിച്ചുപൊളിച്ചുനടന്നിട്ടു മതി കുഞ്ഞ് എന്നൊക്കെയാണ് ചിന്തകള്‍. അങ്ങനെ ചിന്തിച്ച പലര്‍ക്കും പിന്നീട് ദൈവം കുഞ്ഞിനെ കൊടുത്തില്ല എന്ന അനുഭവവും നമ്മുടെ ചുറ്റുമുണ്ട്. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനമാണെന്നു മനസ്സിലാക്കി, ദൈവം തരുന്ന സമയത്ത് രണ്ടുകൈയും നീട്ടി സ്വീകരിക്കുക.''
അച്ചന്റെ പ്രസംഗം പിന്നെയും നീണ്ടു. പ്രസംഗം കഴിഞ്ഞ് അച്ചന്‍ മദ്ബഹയില്‍നിന്ന് വധൂവരന്മാരുടെ അടുത്തേക്കു വന്നു. താലിയും മോതിരവും മന്ത്രകോടിയും വെഞ്ചരിച്ചു.
നൂലില്‍ കോര്‍ത്ത താലിയെടുത്ത് അച്ചന്‍ മനുവിനു കൈമാറി. മനു സാവകാശം എല്‍സയുടെ പിന്നിലേക്കു മാറി അവളുടെ കഴുത്തില്‍ താലി കെട്ടി. എല്‍സ കോരിത്തരിച്ചുപോയി. ഈ സമയം ഗായകസംഘം പാടി:
''മംഗല്യസൗഭാഗ്യമേകാന്‍
മണ്ണിനെ വിണ്ണോടു ചേര്‍ക്കാന്‍
കല്യാണരൂപനാകും,
യേശുനാഥന്‍
കരുണാവര്‍ഷം ചൊരിയുന്നു.''
ഗാനാലാപനം തുടരുന്നതിനിടയില്‍ അച്ചന്‍ മന്ത്രകോടിയെടുത്ത് മനുവിനു കൊടുത്തു. മനു അത് പിന്നില്‍നിന്ന് എല്‍സയുടെ ശിരസ്സില്‍ അണിയിച്ചു.
(തുടരും)