ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര എന്ന വിഷയത്തെ ആസ്പദമാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയ ചര്‍ച്ച തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സഭാസ്തംഭനത്തിനും സഭയ്ക്കുപുറത്ത് കൈയാങ്കളിക്കും കാരണമായത്, ഭരിക്കുന്ന ബിജെപിക്കും പ്രതിപക്ഷ ഐക്യമായ ഇന്ത്യാസഖ്യത്തിനും ഭരണഘടനയെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യത്യസ്തവും വിരുദ്ധവുമാണെന്നു വ്യക്തമാക്കുന്നതാണ്. ചര്‍ച്ചയ്ക്കിടയില്‍ അമിത് ഷാ നടത്തിയ ഏതാനും പരാമര്‍ശങ്ങള്‍ ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറെ അപമാനിക്കുന്നവയായിരുന്നുവെന്ന ആരോപണമുന്നയിച്ചാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. ഭരണഘടനയെയും ഭരണഘടനാശില്പിയെയും അപഹസിച്ചത് കോണ്‍ഗ്രസാണെന്നു ബിജെപി തിരിച്ചടിച്ചു. അംബേദ്കര്‍എന്നു നാഴികയ്ക്കു നാല്പതുവട്ടം പറഞ്ഞുനടക്കുന്നതല്ലാതെ അദ്ദേഹം പ്രതിനിധാനം ചെയ്ത ദളിത്-പിന്നാക്കവിഭാഗങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും അംബേദ്കര്‍ എന്ന വാക്ക് ഉരുവിടുന്ന സമയത്ത് അത്രയും തവണ ദൈവനാമം ഉരുവിട്ടിരുന്നെങ്കില്‍ സ്വര്‍ഗം ലഭിക്കുമായിരുന്നുവെന്നും അമിത്ഷാ മറുപടിയായി പറഞ്ഞു.
പ്രത്യേക പത്രസമ്മേളനം വിളിച്ച് അമിത്ഷായോടുള്ള പ്രതിഷേധമറിയിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗയ്‌ക്കെതിരേ പ്രധാനമന്ത്രിതന്നെ മാധ്യമങ്ങള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസിനെ പഴിക്കുകയും ഷായെ സംരക്ഷിക്കുകയുമായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യം.
കോണ്‍ഗ്രസിന്റെ ഭരണകാലം ദളിത്- പിന്നാക്കവിഭാഗങ്ങളുടെ ഇരുണ്ട കാലമായിരുന്നു. ദളിതരെയും പട്ടികജാതി - പട്ടികവര്‍ഗവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കാനോ വികസനത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനോ കോണ്‍ഗ്രസിനു സാധിച്ചില്ല. സവര്‍ണമനോഭാവമുള്ള കോണ്‍ഗ്രസിനും നെഹ്‌റുകുടുംബത്തിനും അതു സാധിക്കുമെന്നും തോന്നുന്നില്ല. ബിജെപിയുടെ ഈ ആക്ഷേപത്തെ കോണ്‍ഗ്രസ്‌നേതാക്കള്‍ തള്ളുകയും അവരുടെ ദളിത്‌പ്രേമം വോട്ടുബാങ്കു ലക്ഷ്യംവച്ചുള്ള വിഭജനരാഷ്ട്രീയത്തിന്റേതാണെന്നു വിശദീകരിക്കുകയും ചെയ്തു. ബിജെപിക്കും സംഘപരിവാര്‍ നേതൃത്വത്തിനും ഭരണഘടനയോടല്ല, മനുസ്മൃതിയോടാണു വിധേയത്വം. ഭരണഘടനയെ മാനിക്കുന്നവര്‍ക്കു മതരാഷ്ട്രീയം സാധ്യമല്ലെന്നും ബിജെപിയുടെ ശ്രമം ഹിന്ദുത്വഅജണ്ട നടപ്പിലാക്കി ഭാരതത്തിന്റെ മതേതരത്വസങ്കല്പത്തെ തകര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ദളിത്‌സംരക്ഷണത്തിനു കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നു സ്ഥാപിക്കാന്‍ 1953 ല്‍ ഒബിസി സംരക്ഷണത്തിനായി രൂപീകരിച്ച കാക്കാ കലേക്കര്‍ കമ്മീഷന്റെ കാര്യം ചൂണ്ടിക്കാട്ടി. കമ്മീഷന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. അതു പുറത്തുവന്നത് 1980 ലാണ്. അന്നാകട്ടെ, കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്നുമില്ല. കാക്കാ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കില്‍ മണ്ഡല്‍ കമ്മീഷന്‍ വേണ്ടിവരുമായിരുന്നില്ലെന്നും ബിജെപി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെഎല്ലാ ആക്ഷേപങ്ങള്‍ക്കും കോണ്‍ഗ്രസ് അക്കമിട്ടു മറുപടി പറഞ്ഞു. നെഹ്‌റുവിന്റെ കാബിനറ്റു തന്നെ ഇന്ത്യയുടെ ബഹുസ്വരതയെ കണക്കിലെടുത്തായിരുന്നു. മന്ത്രിസഭയിലെ 12 പേരില്‍ 5 പേര്‍ കോണ്‍ഗ്രസുകാര്‍പോലുമായിരുന്നില്ല. ഡോ. അംബേദ്കര്‍, ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി, ജസ്റ്റീസ് പാര്‍ട്ടി നേതാവ് ഷണ്‍മുഖം ചെട്ടി, സ്വതന്ത്രപാര്‍ട്ടി നേതാവ് രാജഗോപാലാചാരി തുടങ്ങിയവര്‍ കോണ്‍ഗ്രസിനു പുറത്തുള്ളവരായിരുന്നു. കിസാന്‍ മസ്ദൂര്‍ പാര്‍ട്ടിയില്‍നിന്നുള്ള റാഫി അഹമ്മദ് ക്വിദായ്, ധനമന്ത്രി ബിസിനസുകാരനായ സി.എച്ച്. ഭാമ എന്നിവരുടെ കാര്യവും കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. അതായത്, കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഹിന്ദു, മുസ്ലീം, സിക്ക്, പാഴ്‌സി, ക്രിസ്ത്യന്‍, ദളിത് പ്രതിനിധികളുണ്ടായിരുന്നു. ബിജെപിയാകട്ടെ ഭൂരിപക്ഷവിഭാഗത്തിനുമാത്രമാണു മുന്‍ഗണന നല്‍കുന്നത്.
ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ച പൊടുന്നനേ ഉണ്ടായതല്ല. ഭരണഘടനയുടെ 75-ാം വാര്‍ഷികമാണ് പശ്ചാത്തലമെങ്കിലും അതേച്ചൊല്ലിയുള്ള തീപാറുന്ന പ്രഭാഷണങ്ങള്‍ കോണ്‍ഗ്രസ് നേരത്തേ ആരംഭിച്ചിരുന്നു. ഭരണഘടനാവിരുദ്ധനിലപാടാണ് ബിജെപിയുടേതെന്നു വേദികളില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു സംസാരിച്ചു മാധ്യമശ്രദ്ധ നേടിയത് രാഹുല്‍ഗാന്ധിയാണ്. ജോഡോയാത്രയെ അദ്ദേഹം ഈ ലക്ഷ്യത്തിനുവേണ്ടി സമൃദ്ധമായി പ്രയോജനപ്പെടുത്തി. പ്രധാനമന്ത്രി യാന്ത്രികമായാണെങ്കിലും ഭരണഘടനയെ വണങ്ങാന്‍ തുടങ്ങിയത് ഭരണഘടന ചര്‍ച്ചാവിഷയമാക്കിയതിനുശേഷമാണെന്ന കോണ്‍ഗ്രസിന്റെ വാദത്തെ അംഗീകരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവന്നു.
ഭരണഘടനയെ കോണ്‍ഗ്രസും നെഹ്‌റുകുടുംബവും സ്വകാര്യസ്വത്തും കുടുംബസ്വത്തുമാക്കി മാറ്റുകയും അതിനെ ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന ആക്ഷേപം ബിജെപി നേതാക്കളില്‍നിന്നുണ്ടായി. അതിനെ പ്രതിരോധിക്കാന്‍വേണ്ടിക്കൂടിയാണ് ബിജെപിയുടെ പ്രത്യയശാസ്ത്രവും വേദപുസ്തകവും മനുസ്മൃതിയാണെന്നു കോണ്‍ഗ്രസ് ആവര്‍ത്തിച്ചത്.
ഭരണഘടന രാജ്യത്തിന്റെ അടിത്തറയാണ്. അതിനു കാലോചിതമായ ഭേദഗതിയാകാമെങ്കിലും അതിന്റെ അടിസ്ഥാനസ്വഭാവത്തെ ഇല്ലാതാക്കുന്ന ചര്‍ച്ചകളും ഭേദഗതികളും ഗുണകരമല്ല. ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വോട്ടുബാങ്ക് ഭദ്രമാക്കാനാകരുത്, പകരം, ഭരണഘടനാമൂല്യങ്ങള്‍ ജീവിതപ്രമാണമാക്കുന്നതിനു സഹായകമായ വിധത്തിലായിരിക്കണം.