ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം പുതിയതല്ല. അതു ബിജെപി സര്‍ക്കാരിന്റെ കണ്ടുപിടിത്തവുമല്ല. 1967 വരെ രാജ്യത്തു നിലവിലിരുന്ന തിരഞ്ഞെടുപ്പുരീതി അതായിരുന്നു. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ്. ത്രിതലപഞ്ചായത്തുതിരഞ്ഞെടുപ്പ് അന്നു പ്രസക്തമായിരുന്നില്ല. കാരണം, 1992 ലാണ് അതു പ്രാബല്യത്തില്‍ വന്നത്. 1968, 1969 കാലഘട്ടത്തില്‍ ചില നിയമസഭകള്‍ പിരിച്ചുവിടപ്പെടുകയോ മറ്റു കാരണങ്ങളാല്‍ ഇല്ലാതാവുകയോ ചെയ്തതുമുതലാണ് കേന്ദ്രത്തിലേക്കും സംസ്ഥാനങ്ങളിലേക്കും പ്രത്യേകം പ്രത്യേകം തിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലംമുതലേ ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ചിന്തയോട് അനുഭാവം പ്രകടിപ്പിക്കുകയും 2014 ല്‍ പ്രധാനമന്ത്രിയായശേഷം അതു നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എങ്കിലും 2019 ലെ തിരഞ്ഞെടുപ്പുവേളയിലാണ് അതൊരു രാഷ്ട്രീയ അജണ്ടയായി ബിജെപി അവതരിപ്പിച്ചത്. അതിന്റെ വിശദാംശങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചു. 39 രാഷ്ട്രീയപ്പാര്‍ട്ടികള്‍, സാമ്പത്തികവിദഗ്ധര്‍, തിരഞ്ഞെടുപ്പുകമ്മീഷന്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്താണ് കമ്മിറ്റി റിപ്പോര്‍ട്ടു തയ്യാറാക്കിയത്. ആ റിപ്പോര്‍ട്ട് ഡിസംബര്‍ 12-ാം തീയതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അതിനുപിന്നാലേ, രാജ്യമൊട്ടാകെ ലോക്‌സഭാ, നിയമസഭാതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനായുള്ള 'ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പി'നുവേണ്ടിയുള്ള രണ്ടു ഭരണഘടനാഭേദഗതി ബില്ലുകള്‍ ലോകസഭയില്‍ അവതരിപ്പിക്കുകയുണ്ടായി, 198 നെതിരേ 269 വോട്ടുകള്‍ക്കാണ് ബില്ലവതരണം ലോകസഭ അംഗീകരിച്ചത്. ബില്ലുകളിപ്പോള്‍ വിശദപഠനത്തിനും നിര്‍ദേശങ്ങള്‍ക്കുമായി സംയുക്തപാര്‍ലമെന്ററി സമിതിക്കു(ജെപിസി) വിട്ടിരിക്കുകയാണ്. ബില്ലവതരണത്തിന് മൂന്നില്‍രണ്ടു ഭൂരിപക്ഷം ആവശ്യമില്ലെന്നതിനാല്‍ സാങ്കേതികമായി സര്‍ക്കാരിനു തിരിച്ചടിയുണ്ടായില്ല. എന്നാല്‍, ബില്ലുകള്‍ പാസാക്കാനാവശ്യമായ പിന്തുണ സര്‍ക്കാരിനില്ലെന്നു വോട്ടെടുപ്പില്‍ തെളിഞ്ഞത് സര്‍ക്കാരിനു നേരിയ ക്ഷീണവും പ്രതിപക്ഷത്തിനു താത്കാലികവിജയവുമായി. ബില്ലവതരണത്തെ എതിര്‍ത്ത പ്രതിപക്ഷം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പു നടന്നത്.
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം കേള്‍വിക്ക് ഇമ്പകരവും തത്ത്വത്തില്‍ സ്വീകാര്യവുമാണ്. എന്നാല്‍, അതിന്റെ ഭരണഘടനാപരവും പ്രായോഗികവുമായ തലങ്ങള്‍ പരിശോധിക്കുമ്പോള്‍ അതു നടപ്പാക്കുക എളുപ്പമല്ലെന്നു ബോധ്യപ്പെടും.
പാര്‍ലമെന്റിലേക്കും സംസ്ഥാനനിയമസഭകളിലേക്കും രാജ്യത്തെ എല്ലാ വോട്ടര്‍മാരും ഒരുമിച്ച് ഒരേസമയം വോട്ടു രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുപദ്ധതി. ത്രിതലപഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പുകഴിഞ്ഞ് 100 ദിവസത്തിനുള്ളില്‍ നടക്കണം. ഇത്തരത്തില്‍ തിരഞ്ഞെടുപ്പുപ്രക്രിയ പുനഃക്രമീകരിക്കുന്നതിനു ഭരണഘടനാഭേദഗതികളും നിലവിലുള്ള തിരഞ്ഞെടുപ്പുചിട്ടവട്ടങ്ങളുടെ ഭേദഗതിയും ആവശ്യമായിവരും. അതെല്ലാം പൂര്‍ത്തിയാക്കി രാജ്യം ഒരുമിച്ചു വോട്ടു ചെയ്യുന്ന സമ്പ്രദായം നിലവില്‍ വരുമെങ്കില്‍ അത് 2034 മുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പാസായാല്‍പ്പോലും 2029 ലെ പൊതുതിരഞ്ഞെടുപ്പില്‍ പുതിയ സമ്പ്രദായം നടപ്പാക്കാനാവില്ല.
ബിജെപി തിരഞ്ഞെടുപ്പുമാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയ പല വാഗ്ദാനങ്ങളും നിറവേറ്റി. അവശേഷിക്കുന്നത് രണ്ടെണ്ണമാണ്. ഏകീകൃതസിവില്‍കോഡും ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുപദ്ധതിയും. പാര്‍ലമെന്റില്‍ മോദിസര്‍ക്കാരിന്റെ അംഗബലം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് മേല്പറഞ്ഞ അജണ്ടകള്‍ നടപ്പാക്കുക എളുപ്പമായിരിക്കുകയില്ല. 2014 ലും 2019 ലും പാര്‍ലമെന്റില്‍ മൃഗീയഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് വിശദമായ ചര്‍ച്ചകള്‍പോലുമില്ലാതെ ബില്ലുകള്‍ പാസാക്കാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യാസഖ്യം ശക്തമായ ആക്രമണമാണ് സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്നത്. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുപദ്ധതി നിയമമായി മാറണമെങ്കില്‍ അഞ്ചോളം ഭരണഘടനാഭേദഗതികളും പതിനേഴോളം മറ്റു നിയമഭേദഗതികളും ഉണ്ടാകേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ കാലാവധിഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 83-ാം ആര്‍ട്ടിക്കിള്‍, ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട 85-ാം ആര്‍ട്ടിക്കിള്‍, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട 172-ാം ആര്‍ട്ടിക്കിള്‍, രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട 356-ാം ആര്‍ട്ടിക്കിള്‍ തുടങ്ങിയവ പ്രധാന ഭേദഗതികളില്‍പ്പെടുന്നു. ഇതു പാസാകണമെങ്കില്‍ സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷപിന്തുണ ലഭിക്കണം. രണ്ടാമത്തെ വ്യവസ്ഥ പകുതിയിലധികം സംസ്ഥാനങ്ങള്‍ ഇത് അംഗീകരിക്കണമെന്നതാണ്. ഇതു ബിജെപിക്കു ബുദ്ധിമുട്ടുണ്ടാക്കില്ല. കാരണം, കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയത്രേ. എന്നാല്‍, മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുക ഇന്നത്തെ സാഹചര്യത്തില്‍ അസാധ്യമാണ്.
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുപദ്ധതിക്കു നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. അടുക്കലടുക്കല്‍ സംഭവിക്കുന്ന തിരഞ്ഞെടുപ്പുചെലവുകള്‍ ഒഴിവാക്കാനാകുമെന്നതാണ് ഒന്നാമത്തെ നേട്ടം. ആ തുക വികസനപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കാനാകും.
രണ്ട്, അടുക്കലടുക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ വികസനത്തിന്റെ വേഗം കുറച്ചു. പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ ഫണ്ടുകള്‍ അനുവദിക്കാനാവുകയില്ല.
മൂന്ന്, തിരഞ്ഞെടുപ്പാവശ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നിയോഗിക്കപ്പെടുന്നതുകൊണ്ട് മാസങ്ങളോളം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. അതു വികസനത്തെ ബാധിക്കും.
നാല്, വോട്ടിങ് ശതമാനമുയരാന്‍ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പു സഹായിക്കും.
അഞ്ച്, പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ നിരക്കു കുറയുകയും ചെയ്യും.
എന്നാല്‍, ഈ പദ്ധതിയുടെ ഏറ്റവും വലിയ കോട്ടമായി പറയുന്നത് അതു ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നതാണ്. നിലവിലുള്ള രീതിയാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ഒറ്റത്തിരഞ്ഞെടുപ്പാകുമ്പോള്‍ ജനാധിപത്യത്തിനും ജനഹിതത്തിനും വേണ്ട പരിഗണന ലഭിക്കാതെ വരും. ചര്‍ച്ച ചെയ്യപ്പെടുന്നതു ദേശീയവിഷയങ്ങള്‍ മാത്രമായിരിക്കും. അങ്ങനെ വരുമ്പോള്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുകളാകും സംസ്ഥാനങ്ങളില്‍പോലുമുണ്ടാകുക. രാജ്യത്ത് ദേശീയപാര്‍ട്ടികളുടെ പതിന്മടങ്ങ് സംസ്ഥാനപാര്‍ട്ടികളും പ്രാദേശികപാര്‍ട്ടികളുമുണ്ട്. അവര്‍ പരിഗണിക്കപ്പെടാതെ പോകും. ഫെഡറല്‍ ഭരണക്രമത്തെയും അതു ബാധിക്കും. ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനങ്ങളുമാണ് ആവശ്യം.