രാജ്യത്ത് ആരാധനാലയങ്ങള്‍ക്കുമേല്‍ അവകാശവാദങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. അത് രാജ്യത്തിന്റെ വളര്‍ച്ചയെയും വികസനത്തെയും കെട്ടുറപ്പിനെയും ഐക്യത്തെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തു നിലനില്ക്കുന്ന സമാധാനാന്തരീക്ഷം തകരാനും മതസൗഹാര്‍ദത്തിന് ഉലച്ചില്‍ സംഭവിക്കാനും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉടലെടുക്കാനും അതു കാരണമാകും. ഇത്തരം അപകടങ്ങള്‍ മുന്നില്‍ക്കണ്ട് അത് ഒഴിവാക്കാന്‍ 1991 ല്‍ ആരാധനാലയസംരക്ഷണനിയമം പാസാക്കിയിരുന്നു. 1947 ലെ തത്സ്ഥിതി ആരാധനാലയങ്ങളുടെ കാര്യത്തില്‍ തുടരണമെന്നായിരുന്നു ആ നിയമത്തിന്റെ പൊരുള്‍. എന്നാല്‍, ബാബ്‌റി മസ്ജിദിനെമാത്രം ഈ പൊതുനിയമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.
1991 ലെ ആരാധനാലയസംരക്ഷണനിയമം നിലനില്‌ക്കെയാണ് അതിനെതിരേ കോടതികളില്‍ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുന്നത്. ഹര്‍ജികള്‍ കോടതികളുടെ ഫയലുകളില്‍ സ്വീകരിക്കപ്പെടുകയും സര്‍ക്കാര്‍ അക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഹര്‍ജികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഹര്‍ജികളില്‍ ഏറ്റവും പുതിയതും വിവാദമായതും രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയെ സംബന്ധിച്ചാണ്. ശിവക്ഷേത്രത്തിനു മുകളിലാണ് അജ്മീര്‍ ദര്‍ഗ നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ആക്ഷേപം. അവിടെ ഹിന്ദുക്കളെ പൂജ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേനാ തലവന്‍ വിഷ്ണു ഗുപ്തയാണ് സെപ്റ്റംബര്‍മാസത്തില്‍ അജ്മീര്‍ കോടതിയെ സമീപിച്ചത്. അതിന്റെയടിസ്ഥാനത്തില്‍ ജഡ്ജി മന്‍മോഹന്‍ ചന്ദ്രേല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും ദര്‍ഗ കമ്മി റ്റിക്കും നോട്ടീസയച്ചു. ഡിസംബര്‍ 20 ന് കേസ് വീണ്ടും പരിഗണിക്കും.
ഉത്തര്‍പ്രദേശിലെ സംബാലില്‍ സമുദായസംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അജ്മീറിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സംബാലിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേയ്ക്ക് ഉത്തരവിട്ടതിനെത്തുടര്‍ന്നായിരുന്നു സാമുദായികസംഘര്‍ഷം. പുരാതനമായ ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത് എന്നാണു പരാതി.
വാരണാസിയിലെ ഗ്യാന്‍വാപി മോസ്‌കില്‍ സര്‍വേ നടത്താന്‍ കോടതി നല്‍കിയ അനുമതി 2023 ഓഗസ്റ്റില്‍ സുപ്രീംകോടതി ശരിവച്ചതോടെയാണ് സംഘപരിവാര്‍സംഘടനകള്‍ കൂടുതല്‍ കേസുകളുമായി രംഗത്തുവന്നത്. 2019 ല്‍ അയോധ്യാക്കേസില്‍ വിധി പറഞ്ഞ ജസ്റ്റീസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചുതന്നെയാണ് സര്‍വേയ്ക്ക് അനുമതി നല്കിയത്. ഇദ്ദേഹത്തിന്റെ ഭവനത്തിലെ സ്വകാര്യചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തത് വലിയ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും കാരണമായത് ചേര്‍ത്തുവായിക്കേണ്ടതാണ്.
ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മതേതരത്വം എന്ന വാക്ക് ഒഴിവാക്കുന്നതിനുവേണ്ടി കോടതിയെ സമീപിച്ച ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയും അശ്വനികുമാര്‍ ഉപാധ്യായയും എന്തു സൂചനയാണ് നല്‍കുന്നത്? 1991 ലെ ആരാധനാലയസംരക്ഷണനിയമത്തിന്റെ സാധുതയെയാണ് അവര്‍ ചോദ്യം ചെയ്യുന്നത് എന്നതു മറ്റൊരു കാര്യം. 1991 ല്‍ പാസാക്കപ്പെട്ട നിയമം റദ്ദാക്കണമെന്നു രാജ്യസഭയില്‍ ആവശ്യപ്പെട്ടത് ബിജെപി എം.പി. ഹര്‍നാഥ് സിങ് യാദവാണ്. പാര്‍ട്ടിയും പ്രധാനമന്ത്രിയും ഇത്തരക്കാരെ കയറൂരിവിടുന്നത് അവരുടെമേല്‍ നിയന്ത്രണം ഇല്ലാത്തതുകൊണ്ടോ അവരിലൂടെ കാര്യങ്ങള്‍ സാധിച്ചെടുക്കാനോ?
മതങ്ങളും സമുദായങ്ങളും രാജ്യത്തെ നിയമവ്യവസ്ഥയെയും പൊതുമര്യാദകളെയും വെല്ലുവിളിച്ച് ഹര്‍ജികളുമായി ഇറങ്ങിത്തിരിച്ചാല്‍ രാജ്യത്തിന്റെ സ്ഥിതി എന്താകും? ഉള്‍ക്കൊണ്ടും ഉള്‍പ്പെടുത്തിയും പങ്കുവച്ചും പങ്കുചേര്‍ന്നും ജീവിച്ചുവന്ന സഹിഷ്ണുതയുടെ സംസ്‌കാരമാണു കുഴിമാന്തലിലൂടെ തച്ചുടയ്ക്കപ്പെടുന്നത്. അത് അനുവദിച്ചുകൂടാ. നിലവിലുള്ള ആരാധനാലയങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും തത്സ്ഥിതി തുടരാനുള്ള അന്തിമമായ രാഷ്ട്രീയതീരുമാനവും അതിന്മേലുള്ള കോടതിയുത്തരവും ഉണ്ടാകാതെ രാജ്യത്തിനു മുമ്പോട്ടുപോകാനാവില്ല. ആവശ്യമെങ്കില്‍ സര്‍വകക്ഷിയോഗങ്ങളും കോടതികളുമായുള്ള ഈ വിഷയത്തിലെ ചര്‍ച്ചകളും ആവശ്യമായി വരാം. ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കാന്‍ എളുപ്പമാണ്. അങ്ങനെ ചെയ്താല്‍ തകരുന്നത് മതസങ്കല്പങ്ങളും സമുദായസൗഹാര്‍ദവുമാണ്. രാജ്യത്തിന്റെ വളര്‍ച്ച ഭൗതികപുരോഗതിയെ ആശ്രയിച്ചല്ല, ജനങ്ങളുടെ ഐക്യത്തെ ആശ്രയിച്ചാണെന്നു ചിന്തിക്കുന്ന വലിയൊരു ജനസമൂഹം ഇവിടെയുണ്ട്. അവരെ നിരാശപ്പെടുത്താതിരിക്കാനുള്ള ഉത്തരവാദിത്വം നേതാക്കന്മാര്‍ക്കുണ്ട്.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രണ്ടര വര്‍ഷംമുമ്പു നാഗ്പൂരില്‍ പ്രവര്‍ത്തകരോടു ചോദിച്ച ചോദ്യം എല്ലാവരുടെയും മനസ്സിലും ഹൃദയത്തിലുമുണ്ടായിരിക്കട്ടെ. അദ്ദേഹം ചോദിച്ചു: ''ശിവലിംഗം അന്വേഷിച്ച് നിങ്ങള്‍ എത്രകാലം മോസ്‌കുകള്‍ കുഴിച്ചുകൊണ്ടിരിക്കും?'' ഇത് ഒരു വിഭാഗത്തോടുമാത്രമുള്ള ചോദ്യമല്ല. രാജ്യത്തിന്റെ ഭാവി ഒന്നിപ്പിലാണ്, ഭിന്നിപ്പിലല്ല.