ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ദീര്‍ഘവും സങ്കീര്‍ണവുമായ പ്രക്രിയയാണ് അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പ്. എല്ലാവരെയും അതിശയിപ്പിച്ച വമ്പന്‍ഭൂരിപക്ഷത്തോടെയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ നാല്പത്തിയേഴാമതു പ്രസിഡന്റായി 2025 ജനുവരി 20 നു ചുമതലയേല്ക്കുന്നത്. തന്റെ ഭരണം കാര്യക്ഷമമാക്കുന്നതിന് രണ്ട് അതിസമ്പന്നരെ ഉള്‍പ്പെടുത്തി ഭരണകാര്യക്ഷമതാവകുപ്പ് എന്ന പ്രത്യേക തസ്തിക ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അവര്‍ മന്ത്രിസഭയുടെ ഭാഗമല്ല. 2026 ജൂലൈ നാലുവരെയാണ് അവരുടെ കാലാവധി. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികദിനമാണ് 2026 ജൂലൈ നാല്.
ഭരണകാര്യക്ഷമതാസമിതിക്ക് മൂന്നു ചുമതലകളാണു നിര്‍വഹിക്കാനുള്ളത്. ഒന്ന്, സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക. രണ്ട്, സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കുക. മൂന്ന്, ഭരണരംഗത്തെ, പ്രത്യേകിച്ച്, ഓഫീസുകളിലെ കെടുകാര്യസ്ഥതയും ചുവപ്പുനാടയും സാവകാശവും ഒഴിവാക്കുക. ഇതിനായി നിശ്ചയിച്ചിട്ടുള്ളത് അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നനായ എലോന്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയുമാണ്. എലോന്‍ മസ്‌ക് അമേരിക്കയിലെമാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും വലിയ സമ്പന്നനാണ്. ഇന്ത്യയിലെ അംബാനിയുടെയും അദാനിയുടെയും സ്വത്ത് ഒരുമിച്ചുചേര്‍ത്താലും മസ്‌കിനു താഴെയായിരിക്കുമെന്നാണ് സാമ്പത്തികറിപ്പോര്‍ട്ട്. അദ്ദേഹം ട്രംപിന്റെ പ്രധാനപ്പെട്ട ഇലക്ഷന്‍ പ്രചാരകനും സാമ്പത്തിസ്രോതസ്സുമായിരുന്നു. അമ്പത്തിമൂന്നുകാരനായ എലോന്‍ മസ്‌ക് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് കാനഡായിലൂടെ കാലിഫോര്‍ണിയായിലെത്തി ശതകോടീശ്വരനായ വ്യവസായിയാണ്. സ്‌പേസ് എക്‌സ്, ഇലക്‌ട്രോണിക് കാര്‍ കമ്പനിയായ ടെസ്‌ലാ മുതലായ സംരംഭങ്ങളിലാണ് കൂടുതല്‍ നിക്ഷേപം.
കേരളത്തില്‍ കുടുംബവേരുകളുള്ള വിവേക് രാമസ്വാമിയാണ് പ്രസിഡന്റ് ട്രംപിന്റെ ഉപദേശകസമിതിയിലുള്ള രണ്ടാമത്തെ കോടീശ്വരന്‍. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ പ്രൈമറിയില്‍ മത്സരിച്ചു പിന്മാറിയ യുവരാഷ്ട്രീയനേതാവുകൂടിയാണ് മുപ്പത്തൊമ്പുകാരനായ വിവേക് രാമസ്വാമി. ഇവര്‍ രണ്ടുപേരും സമ്പന്നര്‍ മാത്രമല്ല, അതിബുദ്ധിമാന്മാരായ പ്രതിഭാശാലികള്‍കൂടിയാണെന്നാണ് ഗവേഷണറിപ്പോര്‍ട്ട്. പണ്ടുകാലങ്ങളില്‍ ബുദ്ധിയുടെ ലക്ഷണവും സാക്ഷ്യവുമായി കരുതിയിരുന്നത് അക്കാദമികവിഷയങ്ങളിലെ മികവുമാത്രമാണ്. എന്നാല്‍, ഇന്ന് 'മള്‍ട്ടിപ്പിള്‍' ഇന്റലിജന്‍സിനെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നത്. ഏതു മേഖലയിലും അസാധാരണമികവു പ്രകടിപ്പിക്കുന്നവരെയും അതിബുദ്ധിമാന്മാരായി കണക്കാക്കപ്പെടുന്നു. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റേത് മ്യൂസിക് ഇന്റലിജന്‍സായും സച്ചിന്‍ തെണ്ടുല്‍ക്കറിന്റേത് ക്രിക്കറ്റ് ഇന്റലിജന്‍സായും എലോന്‍ മസ്‌കിന്റേത് ബിസിനസ് ഇന്റലിജന്‍സായും വിലയിരുത്തുന്നു.
കേരളത്തിലും ഇത്തരത്തിലുള്ള പ്രഗല്ഭരും സത്യസന്ധരും നിര്‍ഭയം സാമൂഹികനന്മയ്ക്കായി നിലപാടു സ്വീകരിക്കുന്നവരുമായ അധികാരസമിതിയുടെ സേവനം ആവശ്യമാണ്. അനാവശ്യചെലവുകളും ധൂര്‍ത്തും അവസാനിക്കണം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാകണം. ചുവപ്പുനാടകള്‍ അഴിയണം. പദ്ധതികളുടെ നടത്തിപ്പില്‍ ഏകോപനമുണ്ടാകണം. ഒരുദാഹരണംമാത്രം ഓര്‍മിക്കാം. നാട്ടില്‍ ഒരു റോഡ് ഭംഗിയായി ടാര്‍ ചെയ്തു ലഭിച്ചാല്‍ അതിനെ ഭാഗ്യമായി കരുതണം. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം നിധിപോലെ ലഭിച്ച ആ സൗഭാഗ്യത്തെ സര്‍ക്കാരിന്റെതന്നെ മറ്റു വകുപ്പുകള്‍ ഇടപെട്ട് തല്ലിക്കെടുത്തുന്നതാണ് നമ്മുടെ അനുഭവം. പൊതുമരാമത്തുവകുപ്പ് റോഡുനിര്‍മിച്ചാല്‍ പിറ്റേന്ന് വാട്ടര്‍ അതോറിറ്റിക്കാര്‍ റോഡു കുത്തിപ്പൊളിച്ചു കുളമാക്കും. അവര്‍ മാറിക്കഴിയുമ്പോള്‍ ഇലക്ട്രിസിറ്റി വകുപ്പ് കേബിളിടാന്‍ വീണ്ടും റോഡിനെ ആക്രമിക്കും. ടെലിഫോണുള്‍പ്പെടെയുള്ള സമ്പര്‍ക്കമാധ്യമസംവിധാനങ്ങള്‍ റോഡു കൈയേറാന്‍ കാത്തുനില്പുണ്ടാകും. ഇത്തരം പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും സാധിക്കാത്തിടത്തോളംകാലം ഭരണം ജനോപകാരപ്രദമാവുകയില്ല.
റോഡുകളില്‍നിന്നു ഫയലുകളിലേക്കു കടക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കരുത്തനും കര്‍ക്കശക്കാരനും കാര്യനിര്‍വഹണത്തില്‍ മിടുക്കനുമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഒന്നാം പിണറായി മന്ത്രിസഭയുടെ ആദ്യനാളുകളില്‍ ജനങ്ങളില്‍ പ്രതീക്ഷ ഉണര്‍ത്തുംവിധമുള്ള ഒരു പ്രസ്താവന അദ്ദേഹം നടത്തി. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുന്നറിയിപ്പായിരുന്നു അത്. അതായത്, ഫയല്‍നീക്കത്തില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കരുതെന്നര്‍ഥം. ഉദ്യോഗസ്ഥരുടെ സഹകരണത്തെ ആശ്രയിച്ചാണ് ഭരണത്തിന്റെ വേഗം. ഒന്നും സംഭവിച്ചില്ല എന്നതാണു സത്യം. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം എന്‍.ജി.ഒ. അസോസിയേഷന്റെ ഡയമണ്ട് ജൂബിലി ആഘോഷവേളയില്‍ അദ്ദേഹം ഫയല്‍നീക്കത്തിന്റെ പോരായ്മകളെക്കുറിച്ചു താക്കീതുരൂപത്തില്‍ സംസാരിച്ചത്. താക്കീതും മുന്നറിയിപ്പും ഫലപ്രദമാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികളിലേക്കു കടക്കണം.