2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം 15 സംസ്ഥാനങ്ങളിലെ 48 നിയമസഭാമണ്ഡലങ്ങളിലേക്കും രണ്ടു ലോകസഭാമണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നവംബര്‍മാസത്തില്‍ നടക്കുകയാണ്. ഉത്തര്‍പ്രദേശ് 9, രാജസ്ഥാന്‍ 7, പശ്ചിമബംഗാള്‍ 6, ആസാം 5, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 4 വീതം, കര്‍ണാടക 3, കേരളം 2, മധ്യപ്രദേശ്, സിക്കിം രണ്ടുവീതം, ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഘാലയ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. വയനാട് ഉള്‍പ്പെടെ രണ്ടു പാര്‍ലമെന്റുമണ്ഡലങ്ങളിലും പുതിയ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുഫലം നിലവിലെ രാഷ്ട്രീയഘടനയെ ഗൗരവമായി ബാധിക്കുകയില്ല. എന്നാല്‍, കേരളത്തില്‍ ഈ ഉപതിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതത്രേ.
വയനാട് പാര്‍ലമെന്റുമണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുമാണ് കേരളത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്. രണ്ടു കാരണങ്ങളാലാണ് ഈ തിരഞ്ഞെടുപ്പു പ്രധാനപ്പെട്ടതായി മാറുന്നത്. ഒന്നാമത്തേത്, സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജനങ്ങള്‍ക്കു കിട്ടുന്ന അവസരമാണിത്. രണ്ടാമത്തേത്, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ത്രിതലപഞ്ചായത്തുതിരഞ്ഞെടുപ്പു നടക്കുന്നുവെന്നതാണ്. രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയക്കാരെക്കുറിച്ചുമുള്ള ജനങ്ങളുടെ; പ്രത്യേകിച്ച്, അഭ്യസ്തവിദ്യരുടെയും യുവജനങ്ങളുടെയും സമീപനം മാറിയിട്ടുണ്ട്. രാഷ്ട്രീയത്തിനുവേണ്ടി രാഷ്ട്രീയം എന്ന പരമ്പരാഗതരീതി മാറിവരികയാണ്. എന്നാല്‍, രാഷ്ട്രീയനേതാക്കന്മാര്‍ അവരുടെ പഴയ കാഴ്ചപ്പാടും നിലപാടും തുടരുകയാണ്. സമകാലികരാഷ്ട്രീയത്തില്‍ രണ്ടു കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. അതു സാന്നിധ്യവും (ജൃലലെിരല) നിര്‍വഹണവു(ജലൃളീൃാമിരല)മാണ്. സന്നിഹിതമാകുന്നതില്‍ എല്ലാ നേതാക്കന്മാരുംതന്നെ ഉയര്‍ന്ന മാര്‍ക്കുള്ളവരാണ്. എന്നാല്‍, നിര്‍വഹണത്തിന്റെ കാര്യത്തില്‍ മിക്കവരും ശരാശരിക്കു താഴെയത്രേ.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് കൈവരിച്ചത് അവിശ്വസനീയമായ നേട്ടമാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ട്രംപ് ഭൂരിപക്ഷം നേടി. പോപ്പുലര്‍ വോട്ടും അദ്ദേഹം സ്വന്തമാക്കി. ഇതിനുപുറമേ ഏഴു ചാഞ്ചാട്ടസംസ്ഥാനങ്ങളും അദ്ദേഹം സ്വന്തം പേരിലാക്കി. ഈ മാജിക്കിന്റെ അടിസ്ഥാനം വ്യക്തമാണ്: അമേരിക്കക്കാര്‍ ആഗ്രഹിക്കുന്നതു ചെയ്തുകൊടുക്കാന്‍ കമലാഹാരീസിനെക്കാള്‍ ശേഷി തനിക്കാണെന്ന് അമേരിക്കന്‍ജനതയെ ബോധ്യപ്പെടുത്താന്‍ ട്രംപിനു സാധിച്ചു. ഇനി മുന്നോട്ട്, നേതാക്കന്മാര്‍ക്ക് നിര്‍വഹണമികവില്ലാതെ വിജയിച്ചുകയറാനാവില്ല.
കഴിഞ്ഞ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചത് യുഡിഎഫാണ്. അതു ഭരണവിരുദ്ധവികാരംകൊണ്ടു മാത്രമാണെന്നു കരുതുന്നതില്‍ കഴമ്പില്ല. കാരണം, പുതുപ്പള്ളിയും തൃക്കാക്കരയും കോണ്‍ഗ്രസ് കോട്ടയായിരുന്നു. മാത്രവുമല്ല, രണ്ടിടങ്ങളിലും സഹതാപതരംഗവുമുണ്ടായിരുന്നു. ഈ തത്ത്വം പാലാ ഉപതിരഞ്ഞെടുപ്പില്‍ ബാധകമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയും പ്രധാനപ്പെട്ടതാണ് എന്നതാണ് ഉത്തരം.
ചേലക്കര കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി ഇടതുചായ്‌വുള്ള മണ്ഡലമാണ്. അതു പിടിച്ചെടുക്കുന്നതിനു വലിയ ശ്രമവും പുതിയ തന്ത്രവുമാവശ്യമാണ്. കരുവന്നൂര്‍ ബാങ്കുകൊള്ള, നവീന്‍ബാബുവിനെ മരണത്തിലേക്കു നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്തുപ്രസിഡന്റ് പി.പി. ദിവ്യയുടെ പ്രസംഗം, മുനമ്പം വിഷയത്തിലും വഖഫ് ഭേദഗതി നിയമത്തിനു നേര്‍ക്കും സര്‍ക്കാരും പ്രതിപക്ഷവും സ്വീകരിച്ച നിലപാടും ചേലക്കരയില്‍ ചര്‍ച്ചയാകും. കുഴല്‍പ്പണവും പാലക്കാട്ടെ ഹോട്ടല്‍ റെയ്ഡും തൃശൂര്‍ പൂരംകലക്കലുമെല്ലാം മൂന്നു മുന്നണികള്‍ക്കും കുരുക്കാകും. ജനകീയവിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ഇത്തരം വിഷയങ്ങളില്‍ വോട്ടര്‍മാര്‍ വീഴാനിടയില്ല. രാഷ്ട്രീയാന്ധത ബാധിച്ച പ്രവര്‍ത്തകരൊഴിച്ച് മറ്റെല്ലാവരും കുറെയൊക്കെ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. അവര്‍ വികസനവിഷയങ്ങളില്‍നിന്നുള്ള നേതാക്കന്മാരുടെ ഒളിച്ചോട്ടത്തെ അംഗീകരിക്കുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ,
കുറ്റവാളികളുടെ അഴിഞ്ഞാട്ടം, പൊലീസിന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെയും അഴിമതിയും അഴിഞ്ഞാട്ടവുമൊക്കെ വോട്ടിനെ സ്വാധീനിക്കും.