•  17 Oct 2024
  •  ദീപം 57
  •  നാളം 32
നേര്‍മൊഴി

പശ്ചിമേഷ്യന്‍ സമാധാനം ലോകസമാധാനത്തിന് അനിവാര്യം

ശ്ചിമേഷ്യയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സംഘര്‍ഷം ലോകസമാധാനത്തിനു ഭീഷണിയാണ്. പോരാട്ടവീര്യംകൊണ്ടും നൂതനയുദ്ധതന്ത്രങ്ങള്‍കൊണ്ടും ഇസ്രയേല്‍ ആരുടെയും മുമ്പിലാണ്. വിശ്വാസപരമായും രാഷ്ട്രീയമായും അവര്‍ പീഡിപ്പിക്കപ്പെടുകയും ചിതറിക്കപ്പെടുകയും പിന്നീട് ഒന്നിക്കപ്പെടുകയും ചെയ്തിട്ടുള്ള ജനതതിയാണ്. ബുദ്ധിപരമായും സാമ്പത്തികമായും ജൂതജനത വളരെ മുമ്പിലാണ്. ബിസിനസ് രംഗത്തും മാധ്യമരംഗത്തും അവരെ തോല്പിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. എണ്ണമല്ല, ഗുണമേന്മയാണ് പ്രധാനമെന്നു ലോകത്തെ പഠിപ്പിച്ച ചെറിയ ജനസമൂഹമാണവര്‍. ഒരു കോടിയില്‍ താഴെ മാത്രമാണ് അവിടത്തെ ജനസംഖ്യ. എന്നാല്‍, ഇപ്പോള്‍ നേരിട്ട് ആക്രമണത്തിലേക്കു കടന്നിരിക്കുന്ന ഇറാന്റെ ജനസംഖ്യ ഏതാണ്ട് ഒമ്പതു കോടിയാണ്. അവര്‍ക്ക് ആനുപാതികമായ ആയുധശേഖരവും സൈനികശക്തിയുമുണ്ട്. എങ്കിലും, ലോകം വിശ്വസിക്കുന്നതും ഭയപ്പെടുന്നതും ഇസ്രയേല്‍ എന്ന കൊച്ചുരാജ്യത്തെയാണ്.
ഇറാന്‍ അമേരിക്ക ഉള്‍പ്പെടെ പല വന്‍ശക്തികളുടെയും നോട്ടപ്പുള്ളിയാണ്. ഭീകരരെ കയറ്റുമതി ചെയ്യുന്ന രാജ്യമെന്നാണ് ഇറാനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രയേലും നാറ്റോരാജ്യങ്ങളും ആഗോളഭീകരതയ്‌ക്കെതിരേ പോരാടുമ്പോള്‍ ഇറാന്‍ ഭീകരസംഘടനകള്‍ക്കു കുടപിടിക്കുകയും സംരക്ഷണമൊരുക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘര്‍ഷത്തിനു കാരണക്കാര്‍ ഇസ്രയേല്‍ അല്ലെന്നു വിശ്വസിക്കുന്നവരാണ് അധികംപേരും. ഇറാന്‍  സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരസംഘടനകളാണ് തുടക്കക്കാര്‍. ഈ സംഘര്‍ഷത്തിന് ഒരു വര്‍ഷത്തെ ചരിത്രമുണ്ട്. 2023 ഒക്‌ടോബര്‍ ഏഴാംതീയതി ഹമാസ് എന്ന ഭീകരസംഘടന ഇസ്രയേലിനെ ആക്രമിച്ച് 1200ലധികം സൈനികരെ വധിക്കുകയും 200ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ബന്ദികളാക്കപ്പെട്ട ഇസ്രയേലിസൈനികരോടും പൗരന്മാരോടും കൊടുംക്രൂരത പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഇസ്രയേലിനെ പ്രകോപിച്ചു. പലസ്തീന്‍ വിമോചനത്തിനും ഇസ്രയേലിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുന്നതിനുമായി രൂപംകൊണ്ട ഹമാസ് ഭീകരസംഘടന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പ്രധാനമായും ഗാസാമുനമ്പിലാണ്.
ഒക്‌ടോബര്‍ ഏഴ് ഇസ്രയേല്‍ മറക്കാനാഗ്രഹിക്കുന്ന കറുത്തദിനമാണ്. ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണഏജന്‍സിയുള്ള ഇസ്രയേലില്‍ ഹമാസ് തീവ്രവാദികള്‍ നുഴഞ്ഞുകയറിയത് ലോകത്തെ അദ്ഭുതപ്പെടുത്തുകയും ഇസ്രയേലിനെ നടുക്കുകയും ചെയ്തു. അതിനുള്ള തിരിച്ചടി അതിന്റെ വാര്‍ഷികദിനത്തില്‍ത്തന്നെ നല്കുമെന്ന ചിന്തയിലാണു ലോകം. ഇസ്രയേല്‍ അതിനു തുനിഞ്ഞാല്‍ അത് ഒരു മഹായുദ്ധമായി മാറുമോ എന്നാണ് ലോകം ഭയപ്പെടുന്നത്. ഇസ്രയേലും ഭീകരസംഘടനകളുമായുള്ള ഒരു സംഘട്ടനമായി അത് ഒതുങ്ങിനില്‍ക്കാനിടയില്ല എന്നാണു വിലയിരുത്തല്‍. ഏഴു ശക്തികള്‍ക്കെതിരെയാണ് തങ്ങള്‍ പോരാടുന്നതെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഇസ്രയേലിന് ആയുധം നല്‍കില്ലെന്ന് അറിയിച്ചപ്പോഴായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ലബനിലെ ഹിസ്ബുള്ള, ഗാസാമുനമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ തീവ്രവാദിസംഘടന ഹമാസ്, യമനിലെ ഹൂതികള്‍, ഇറാക്ക്-സിറിയ എന്നിവിടങ്ങളിലെ ചില സായുധസേനകള്‍, ഇവരെയെല്ലാം തീറ്റിപ്പോറ്റി സംരക്ഷിക്കുന്ന ഇറാന്‍ എന്നിവര്‍ക്കെതിരേയാണ് ഇസ്രയേല്‍ ഒറ്റയ്ക്കു പോരാടുന്നത്. ഇറാന്‍ കഴിഞ്ഞ ദിവസം 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന്റെ നേര്‍ക്കു തൊടുത്തുവിട്ടത്. ഇസ്രയേല്‍സേന മിസൈലുകളെ അവരുടെ ആകാശത്തുവച്ചുതന്നെ നിര്‍വീര്യമാക്കിയതുകൊണ്ട് ആള്‍നാശവും മറ്റു നഷ്ടങ്ങളും കുറഞ്ഞു. പ്രതിരോധത്തെക്കാള്‍ ചെലവുകുറവ് ആക്രമണത്തിനാണെന്നു ബോധ്യപ്പെട്ട ഇസ്രയേല്‍ ഇപ്പോള്‍ ആ വഴിക്കാണ് ചിന്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
യുദ്ധം ആരു ചെയ്താലും ഏതു ലക്ഷ്യത്തിനുവേണ്ടി ചെയ്താലും കുറ്റകരമാണ്, അപലപിക്കപ്പെടേണ്ടതാണ്. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നത് നിരപരാധികളും കുട്ടികളുമൊക്കെയാണ്. യുദ്ധത്തിനു നേതൃത്വം വഹിക്കുന്ന കൊടുംകുറ്റവാളികള്‍ അതീവസുരക്ഷാസങ്കേതങ്ങളിലാണു വസിക്കുന്നത്. അവരെപ്പോലും തിരഞ്ഞുപിടിച്ച്  കൊല്ലുന്ന പുതിയ യുദ്ധരീതികളാണ് ഇസ്രയേല്‍ പരീക്ഷിക്കുന്നത്. അറുപത് അടിവരെ താഴ്ചയില്‍ ബങ്കറുകള്‍ക്കുള്ളില്‍ കഴിയുന്ന നേതാക്കന്മാരെ സുരക്ഷിതത്വത്തിന്റെ തോടുകള്‍ പൊട്ടിച്ച് കൊലചെയ്യുന്ന ലേസര്‍ ബോംബുകളുടെ കാലത്ത് യുദ്ധം മനുഷ്യഭാവനയ്ക്കുപോലും അപ്പുറത്താണെന്നു സമ്മതിക്കേണ്ടിവരുന്നു.
യുദ്ധത്തിനുപയോഗിക്കേണ്ടിവരുന്നത് വികസനത്തിനുവേണ്ടി വിനിയോഗിക്കാമായിരുന്ന പണമാണ്. ജനക്ഷേമവും നാടിന്റെ പുരോഗതിയുമാണ് യുദ്ധക്കൊതിയന്മാര്‍ കവര്‍ന്നെടുക്കുന്നത്. ഇസ്രയേല്‍ ഇറാനെതിരേ മൂന്നു തലങ്ങളിലുള്ള യുദ്ധം നടത്തുമെന്നാണ് മുന്നറിയിപ്പു നല്‍കുന്നത്. ഒന്ന്; രാഷ്ട്രീയതലത്തില്‍, രണ്ട്; മിലിട്ടറിതലത്തില്‍. മൂന്ന്, സാമ്പത്തികനാശത്തിന്റെ രൂപത്തില്‍. അതായത്, രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചും സൈനികത്താവളങ്ങളും ആയുധപ്പുരകളും നശിപ്പിച്ചും എണ്ണപ്പാടങ്ങള്‍ കത്തിച്ചും എല്ലാത്തരത്തിലും ഇറാനെ ദുര്‍ബലമാക്കാനുള്ള യുദ്ധതന്ത്രങ്ങളാണ് ഇസ്രയേല്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്.
യുദ്ധമുണ്ടാകുമ്പോള്‍ വന്‍ശക്തികള്‍ കാഴ്ചക്കാരാകുന്നതു തെറ്റാണ്. അതിനേക്കാള്‍ വലിയ കുറ്റമാണ് അവര്‍ കക്ഷി ചേരുന്നത്. അമേരിക്കയും നാറ്റോരാജ്യങ്ങളും ചില അറബുരാജ്യങ്ങളും ഇസ്രയേലിനോടു പക്ഷംചേരുന്നതുപോലെതന്നെ അപകടകരമാണ് റഷ്യയും ചൈനയും മറ്റ് ഇസ്ലാമികശക്തികളും പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കൂടെനില്ക്കുന്നത്. വന്‍ശക്തികള്‍ യുദ്ധക്കൊതിയന്മാരുടെ പക്ഷത്തല്ല, സമാധാനത്തിന്റെ പക്ഷത്താണു നില്‌ക്കേണ്ടത്. യുദ്ധം ആയുധക്കച്ചവടത്തിനുള്ള അവസരമായിക്കരുതുന്ന രാജ്യങ്ങള്‍ ആ മരണക്കച്ചവടത്തില്‍നിന്നു പിന്മാറണം. പശ്ചിമേഷ്യയില്‍ യുദ്ധം നീണ്ടാല്‍ അത് ലോകസാമ്പത്തികസ്ഥിതിയെ ആകമാനം ബാധിക്കും. ഐക്യരാഷ്ട്രസംഘടന അതില്‍ത്തന്നെ ബലഹീനമാണെങ്കിലും വന്‍ശക്തികള്‍ ഇടപെട്ടാല്‍ അതിനെ ശക്തിപ്പെടുത്താന്‍ കഴിയും. ഐക്യരാഷ്ട്രസംഘടനയുടെ ശക്തി അതിനു ലോകരാഷ്ട്രങ്ങള്‍ നല്കുന്ന പിന്തുണയെ ആശ്രയിച്ചാകയാല്‍ നിര്‍ണായകഘട്ടങ്ങളില്‍ വന്‍ശക്തികള്‍ മുതലെടുപ്പിനു ശ്രമിക്കാതെ സമാധാനത്തിനുവേണ്ടി നിലകൊള്ളണം. പശ്ചിമേഷ്യയില്‍ ശാശ്വതസമാധാനത്തിനു ദ്വിരാഷ്ട്രസിദ്ധാന്തത്തിന്റെ പ്രസക്തി ഇനിയും ചര്‍ച്ച ചെയ്യണം.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുവെന്നുള്ളതുകൊണ്ടല്ല ഇന്ത്യ ഈ വിഷയത്തില്‍ ഇടപെടേണ്ടത്. ഒരു ലോകശക്തിയെന്ന നിലയില്‍ ചേരിചേരാനയം എന്ന പരമ്പരാഗതനിലപാട് ഇന്ത്യ ആവര്‍ത്തിക്കുകയും വന്‍ശക്തികളെ സ്വാധീനിക്കുകയും വേണം. കേരളത്തില്‍ ചില നേതാക്കന്മാര്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ഒരു മതവിഭാഗത്തിന്റെ നാലു വോട്ടിനുവേണ്ടിയിട്ടാണെന്നു സമാധാനകാംക്ഷികളായ വിവരമുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കുന്നതും നന്ന്. സമാധാനം പുലരട്ടെ!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)