ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. മാധ്യമചര്‍ച്ച ഇപ്പോള്‍ രാഷ്ട്രീയചര്‍ച്ചയായി പരിണമിച്ചിരിക്കുന്നു. നടികള്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഇനിയുണ്ടാകേണ്ടത് മുഖം നോക്കാതെയുള്ള നടപടികളാണ്. താരപദവിയും രാഷ്ട്രീയചായ്‌വും പരിഗണിക്കാതെ കുറ്റക്കാരെ ശിക്ഷിക്കാന്‍ തയ്യാറായാല്‍ താരരാജപദവി ലഭിക്കാന്‍ പോകുന്നത് സര്‍ക്കാരിനുതന്നെയായിരിക്കും.
സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ ആദ്യസംഭവമല്ല എന്നതുകൊണ്ട് ആ കുറ്റത്തിന്റെ ഗൗരവം കുറയുന്നില്ല. സ്ത്രീകള്‍ വീട്ടിലും തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും ചൂഷണം ചെയ്യപ്പെടുകയും അവമതിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നതു സത്യമാണ്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളും ചൂഷണങ്ങളും പരിശോധിക്കുന്നതിനും പ്രതിവിധികള്‍ നിര്‍ദേശിക്കുന്നതിനുമായി നിയോഗിക്കപ്പെട്ട കമ്മിറ്റിയാണ് ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിലുള്ളത്. പ്രശസ്ത നടി ശാരദ, മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വസന്തകുമാരി എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്. 2017 ലാണ് കമ്മിറ്റി രൂപീകൃതമായത്.
വൈകിയാണെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതു നന്നായി. നാലരവര്‍ഷക്കാലം റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പെട്ടിയില്‍ പൂട്ടിവച്ചിരുന്നു. പല ഭാഗത്തുനിന്നുമുണ്ടായ സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. സിനിമാവ്യവസായത്തില്‍ ചൂഷണങ്ങളുണ്ട്. ഇരകളും കവര്‍ച്ചക്കാരുമുണ്ട്. നടന്മാരും സംവിധായകരും പ്രൊഡ്യൂസര്‍മാരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും സാങ്കേതികപ്രവര്‍ത്തകരും മറ്റ് ഇടനിലക്കാര്‍പോലും വേട്ടക്കാരുടെ പട്ടികയിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളസമൂഹത്തിനു വലിയ വെളിപാടായി മാറി. സിനിമ എന്ന മനംമയക്കുന്ന വെള്ളിവെളിച്ചത്തിനു പിന്നില്‍ ഇരുട്ടറകളും പീഡനമുറികളുമുണ്ട്. സൗന്ദര്യത്തിന്റെ തിരശ്ശീലയ്ക്കുപിന്നില്‍ വെള്ളയടിച്ച കുഴിമാടങ്ങളുണ്ട്. അസാധാരണമായ പ്രതിഭാവിലാസത്തിനു പിന്നില്‍ ഏതു ഹീനപ്രവൃത്തികള്‍ക്കും മടിക്കാത്ത മനുഷ്യമൃഗങ്ങളുണ്ട്. റിപ്പോര്‍ട്ടു പുറത്തുവന്നതോടെ പല പകല്‍മാന്യന്മാരുടെയും തനിനിറം വെളിച്ചത്തായി. പല ബിംബങ്ങളും വീണുടഞ്ഞു. കേരളീയരുടെ കപടസദാചാരത്തിന്റെ മുഖംമൂടി വലിച്ചുകീറപ്പെട്ടു. രാജാവ് നഗ്നനാണെന്നു ജനം തിരിച്ചറിഞ്ഞു. ഇതു കേരളീയര്‍ക്ക് അപമാനമാണെങ്കിലും തിരുത്താനും മെച്ചപ്പെടാനുമുള്ള അവസരം കൂടിയാണ്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തിലാണ് ഹേമ കമ്മിറ്റി നിലവില്‍വന്നത്. ജനപ്രീതിയുള്ള താരരാജാക്കന്മാരും കലയിലെയും സാങ്കേതികവിദ്യയിലെയും പ്രഗല്ഭരും ഒന്നിച്ചുപാര്‍ക്കുന്ന കൂടാരത്തിലേക്കു കടന്നുചെന്ന് അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നിശ്ചയത്തെ രാഷ്ട്രീയവ്യത്യാസങ്ങളുടെ പേരില്‍ മാനിക്കാതിരിക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല. പല വന്മരങ്ങളും കടപുഴകി വീഴുമെന്നു സര്‍ക്കാരിനറിയാമായിരുന്നിട്ടും അതിന്റെ ആഘാതങ്ങള്‍ ഏതായിരുന്നാലും അതിനെ നേരിടാമെന്ന് ആലോചിച്ചുറപ്പിച്ച സര്‍ക്കാര്‍നിലപാട് അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്.
നടി ആക്രമിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍നിലപാട് സ്ത്രീപക്ഷമായിരുന്നില്ല എന്ന ആക്ഷേപത്തിന്റെ പേരില്‍ നട്ടെല്ലുള്ള നടിമാര്‍ ചേര്‍ന്നു രൂപീകരിച്ച ബദല്‍ സമിതിയാണ് ഡബ്ലിയു.സി.സി. (വുമന്‍ സിനിമ കളക്ടീവ്). അത് അതിജീവിതയ്ക്കു നീതികിട്ടാന്‍വേണ്ടിയുള്ള അതിജീവനത്വരയുള്ള സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്. ഹേമ കമ്മിറ്റി പ്രഖ്യാപിക്കാന്‍ ഡബ്‌ളിയു.സി.സി.യും പ്രേരണയായെന്ന കാര്യത്തില്‍ സംശയമില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പ്രതിക്കൂട്ടിലായത് അമ്മ എന്ന സിനിമാസംഘടനയാണ്. ഭാരവാഹിയാണെങ്കിലും അല്ലെങ്കിലും സിനിമാമേഖലയിലെ രാജാക്കന്മാര്‍ മമ്മൂട്ടിയും മോഹന്‍ലാലുംതന്നെ. അമ്മയിലെ അംഗങ്ങള്‍ക്കെതിരേ അതിലെതന്നെ അംഗങ്ങളായിരുന്നവര്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ താരരാജാക്കന്മാര്‍ പ്രതികരിക്കാന്‍ വൈകിയതു സംഘടനയ്ക്കു ക്ഷീണമായി. മലയാളസിനിമയില്‍ പവര്‍ഗ്രൂപ്പ് ഇല്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞത് വളരെ വൈകിയാണ്. ഹേമകമ്മിറ്റി സൂചന നല്‍കിയ പതിനഞ്ചംഗ പവര്‍ കമ്മിറ്റിയാണ് സിനിമാവ്യവസായത്തെ നിയന്ത്രിക്കുന്നത് എന്നതാണ് ആക്ഷേപം. ഇംഗിതത്തിനു വഴങ്ങാത്തവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നതുമാത്രമല്ല, പവര്‍ഗ്രൂപ്പിനു വഴങ്ങാത്ത നടന്മാര്‍ക്കുപോലും വളരാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്ന അവസ്ഥയുണ്ട് എന്നും പറയപ്പെടുന്നു.
ഒരു തൊഴിലിടം എന്ന നിലയില്‍ സിനിമയില്‍ വിവേചനവും ചൂഷണവും പാടുള്ളതല്ല. തൊഴില്‍സുരക്ഷ, അടിസ്ഥാനസൗകര്യങ്ങള്‍, ന്യായമായ വേതനം, തൊഴില്‍സമയക്രമം എന്നിങ്ങനെ എല്ലാ തൊഴില്‍നിയമങ്ങളും സിനിമാമേഖലയിലും ബാധകമാണെങ്കിലും അതിന്റെ ഗുരുതരമായ ലംഘനം അവിടെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിനിമാമേഖലയുടെ ഒരു പരിമിതി അവകാശം പറഞ്ഞ് ആര്‍ക്കും അവസരം നേടാനാവുകയില്ലെന്നാണ്. യോഗ്യത നിശ്ചയിക്കുന്നത് സിനിമ പിടിക്കുന്നവര്‍ തന്നെയാണ്. ഈ കഥാപാത്രത്തിന് ഇയാള്‍ വേണ്ട എന്നു തീരുമാനിച്ചാല്‍ ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവുകയില്ല.
ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേ, അമ്മസംഘടനയെ സമൂലം ശുദ്ധീകരിക്കേണ്ടതാവശ്യമാണ്. 'അമ്മ' എന്ന പേര് മനോഹരമാണ്. ആ പേരിന് കളങ്കം സംഭവിച്ചിരിക്കുന്നു. അമ്മ എന്നതിനു പകരം ഇന്ന് എ.എം.എം.എ. എന്നു മാറ്റിപ്പറയാന്‍ വിവേകമതികള്‍ തയ്യാറാകുന്നു.
മലയാളസിനിമ കോടികളുടെ ബിസിനസാകയാല്‍ ആ പണത്തിന്റെ സ്രോതസ്സുകള്‍ കണ്ടെത്തണം. വാരിക്കൂട്ടുന്ന ശതകോടികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയണം. ആ പണം എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും കണ്ടെത്തണം. അതിനുപുറമേ സിനിമ എന്ന മാധ്യമത്തിന്റെ നിറപ്പകിട്ടില്‍ മദ്യത്തിനും മയക്കുമരുന്നിനും നല്‍കുന്ന പരസ്യത്തിന്റെ ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ വിലയിരുത്തണം. അതുപോലെതന്നെ, മതവിരുദ്ധപ്രചാരണത്തിനു സിനിമ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം.