•  5 Sep 2024
  •  ദീപം 57
  •  നാളം 26
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
~ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സിസിലി താമസിക്കുന്ന കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലെത്തി സൂസമ്മയും ജയേഷും. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിന് സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് എല്‍സ നടന്നിരുന്നത്. ജയേഷിന്റെ കല്യാണം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായതുകൊണ്ട് പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്. എല്‍സയുടെ കാലിന്റെ മുടന്തുമാറ്റാനുള്ള സര്‍ജറിക്കായി പണം കൊടുക്കാമെന്ന് ജയേഷ് ഫോണില്‍ വിളിച്ച് എല്‍സയെ അറിയിച്ചു. എല്‍സയ്ക്കും സിസിലിക്കും ഒരുപാടു സന്തോഷമായി. (തുടര്‍ന്നു വായിക്കുക)
 
''എന്തു പണിയാ ഈ കാണിച്ചേ?'' രോഷംകൊണ്ട് വിറച്ചു വര്‍ഷ: ''എന്റെ ഫോണ്‍ പിടിച്ചുവാങ്ങി എറിയാന്‍ എങ്ങനെ ധൈര്യം വന്നു ജയേഷിന്?'' 
ജയേഷിന് പെട്ടെന്നു കുറ്റബോധം തോന്നി.
''സോറി.''
''സോറി, കീറി. ഇത്ര സങ്കുചിതമനസ്സാണോ ജയേഷിന്റേത്? എന്റെ പപ്പ പറഞ്ഞതു നേരാ. ജയേഷ് എനിക്കു ചേര്‍ന്ന ഒരു ഹസ്ബന്റേ അല്ല.''
അതു പറഞ്ഞിട്ട് അവള്‍ കിടക്കയിലേക്കു വീണ് കമിഴ്‌ന്നൊരു കിടപ്പായിരുന്നു. ജയേഷിനു വിഷമം തോന്നി. ഫോണ്‍ വാങ്ങി എറിയേണ്ടിയിരുന്നില്ല. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തുപോയി. ക്ഷമ ചോദിേച്ചക്കാം.
അടുത്തിരുന്ന് അവളുടെ ചുമലില്‍ സ്‌നേഹവായ്‌പോടെ തലോടിക്കൊണ്ട് ജയേഷ് പറഞ്ഞു: ''പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പറ്റിപ്പോയി. ക്ഷമിച്ചുകള.''
വര്‍ഷ ചാടിയെണീറ്റു. അവളുടെ കണ്ണുകളില്‍നിന്നു തീ പാറി. 
''എന്തു ക്ഷമിക്കാന്‍? ദീപക് എന്നെ വിളിച്ച് സുരക്ഷിതമായി ഇവിടെ എത്തിയോ എന്നു ചോദിച്ചത് ഒരു തെറ്റാണോ ജയേഷ്?''
''വീണ്ടും വിളിച്ചതുകൊണ്ടല്ലേ എനിക്കു ദേഷ്യം വന്നത്.''
''അവനൊരു തമാശയ്ക്കു വിളിച്ചതാകും. അതിനു ഫോണ്‍ പിടിച്ചുവാങ്ങി എറിയണോ? ജയേഷ് ആരെയൊക്കെ വിളിക്കുന്നൂന്നോ ജയേഷിനെ ആരൊക്കെ വിളിക്കുന്നൂന്നോ ഞാന്‍ തിരക്കാറുണ്ടോ? കല്യാണം കഴിഞ്ഞെന്നുവച്ച് ഞാന്‍ ഒരടിമയായി ജീവിക്കുമെന്നു വിചാരിക്കണ്ട. ആണുങ്ങള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും പെണ്ണുങ്ങള്‍ക്കും വേണമെന്നു നിര്‍ബന്ധമുള്ള കൂട്ടത്തിലാ ഞാന്‍.''
''അതൊന്നും വേണ്ടാന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ഞാന്‍ ഫസ്റ്റ് നൈറ്റിലേ പറഞ്ഞതല്ലേ ഇനി കുറച്ചൊക്കെ എന്റെ ഇഷ്ടംകൂടി നോക്കണമെന്ന്.''
''തിരിച്ചിങ്ങോട്ടുമാകാം. കുറച്ചൊക്കെ എന്റെ ഇഷ്ടംകൂടി നോക്കണം.''
''ഷുവര്‍. ഞാന്‍ നോക്കാന്‍ പരമാവധി ശ്രമിക്കാം. കുടുംബജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ നമ്മള്‍. പൊരുത്തപ്പെട്ടു വരാന്‍ സമയം എടുക്കും. എനിക്കു തെറ്റുപറ്റിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.'' 
''ശരി. ഇപ്രാവശ്യം ഞാന്‍ ക്ഷമിച്ചു. ഇനിയും ഇങ്ങനുണ്ടായാല്‍ ഞാന്‍ പപ്പയോടു പറയും. പപ്പ ചൂടനാന്നറിയാല്ലോ. പിന്നങ്ങോട്ട് നമ്മള്‍ ഒരുമിച്ചുള്ള ജീവിതം അത്ര സുഖകരമായിരിക്കില്ല.''
''കല്യാണം കഴിഞ്ഞ് ഒരു വര്‍ഷംപോലുമായില്ല. അതിനുമുമ്പേ ഇങ്ങനെയൊരു സംസാരം വേണോ വര്‍ഷേ?''
''എന്നെക്കൊണ്ടു പറയിപ്പിച്ചതല്ലേ?''
''ഞാന്‍ സോറി പറഞ്ഞല്ലോ.''
''ശരി. ക്ഷമിച്ചിരിക്കുന്നു.'' വര്‍ഷയുടെ ഉള്ളിലെ ദേഷ്യം പോയി മുഖം പ്രസന്നമായി. അവള്‍ ചിരിച്ചപ്പോള്‍ ജയേഷിനു സന്തോഷമായി. അവളെ ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു: ''നമ്മുടെ കൊച്ചുകൊച്ചു വഴക്കുകളും പിണക്കങ്ങളുമൊക്കെ ഈ മുറിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കണം. എന്റെ പപ്പയും അമ്മയും ഒന്നും അറിയരുത്. അവരു പാവമാ. പ്രത്യേകിച്ച് അമ്മ. അമ്മയുടെ മനസ്സ് വിഷമിപ്പിക്കുന്ന ഒരു സംസാരം ഉണ്ടാവരുതു കേട്ടോ.''
''ഉം.''
ജയേഷ് അവളെ ചേര്‍ത്തുപിടിച്ച് ഒരു ചുംബനം നല്‍കി. ആ സ്‌നേഹപ്രകടനത്തില്‍ വര്‍ഷയുടെ പിണക്കം ഉരുകിയൊലിച്ചുപോയി. ലൈറ്റ് ഓഫ് ചെയ്തിട്ട് രണ്ടുപേരും കിടക്കയിലേക്കു ചാഞ്ഞു.
   *       *        *
അന്നു ഞായറാഴ്ചയായിരുന്നു. രാവിലെ പള്ളിയില്‍ പോയി വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തു സിസിലിയും എല്‍സയും. കുര്‍ബാന കഴിഞ്ഞ് പള്ളിമേടയില്‍ വികാരിയച്ചനെ കാണാനായി ചെന്നു. അച്ചന്‍ ആരോടോ സംസാരിച്ചിരിക്കയായിരുന്നു. വാതില്‍ക്കല്‍ കാത്തുനിന്നിട്ട്, ആള്‍ ഇറങ്ങിപ്പോയപ്പോള്‍ അകത്തേക്കു കയറി ഇരുവരും. സിസിലി അച്ചനു സ്തുതി ചൊല്ലി. ഡയറിയില്‍ എന്തോ കുറിച്ചുകൊണ്ടിരിക്കുകയായിരുന്നു അച്ചന്‍.
''ഇരിക്ക്...'' എഴുതുന്നതിനിടയില്‍ അച്ചന്‍ കൈചൂണ്ടി. രണ്ടുപേരും അഭിമുഖമായി കസേരയിലിരുന്നു.
എഴുത്തു കഴിഞ്ഞ് ഡയറി മടക്കിവച്ചുകൊണ്ട് അച്ചന്‍ പറഞ്ഞു: ''കുര്‍ബാനയ്ക്ക് ഒരാള് കാശു തന്നതാ. പേരും വീട്ടുപേരുമൊക്കെ എഴുതിവച്ചില്ലെങ്കില്‍ മറന്നുപോകും. കുര്‍ബാന ചൊല്ലുമ്പം അവരെ പ്രത്യേകം ഓര്‍ത്ത് ചൊല്ലണമല്ലോ. അതിനാണല്ലോ അവരു കാശുതരുന്നത്.''
സിസിലിയും എല്‍സയും ചിരിച്ചതേയുള്ളൂ. 
''ങ്ഹ... എന്താ രണ്ടുപേരുംകൂടി രാവിലെ? ഇവളുടെ കല്യാണം വല്ലോം ഒറപ്പിച്ചോ സിസിലി?'' അച്ചന്‍ എല്‍സയെ നോക്കി.
''ഏയ് ഇല്ല.'' സിസിലി ചിരിച്ചുകൊണ്ട് തുടര്‍ന്നു: വേറൊരു സന്തോഷവാര്‍ത്ത പറയാന്‍ വന്നതാ.''
''എന്നതാ?''
''ഇവളുടെ കാലിന്റെ ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചു.''
''ഉവ്വോ? സന്തോഷം! കാശൊക്കെ എങ്ങനെ സംഘടിപ്പിച്ചു?''
''അച്ചനോര്‍മയില്ലേ കുറേനാള് മുമ്പ് ഞങ്ങളെ വീട് അന്വേഷിച്ച് ഒരു അമ്മയും മകനും ഇവിടെ വന്നത്? മൂവാറ്റുപുഴേന്ന്?''
''ഓ... ഓര്‍ക്കുന്നുണ്ട്. നന്നായി സംസാരിക്കുന്ന ഒരമ്മ.''
''ങ്ഹാ... അവരുടെ മോന്‍ ജയേഷ് കഴിഞ്ഞദിവസം ഫോണ്‍ വിളിച്ചു പറഞ്ഞു ഓപ്പറേഷനുള്ള കാര്യങ്ങളൊക്കെ ചെയ്‌തോ കാശ് അവന്‍ തന്നേക്കാമെന്ന്.''
''വെരി ഗുഡ്. അവന്‍ നല്ല പയ്യനാണല്ലോ. ഇക്കാലത്ത് ഇങ്ങനെയുള്ള ചെറുപ്പക്കാരെ കാണാന്‍ ബുദ്ധിമുട്ടാ. പണ്ടത്തെ ഒരയല്‍പക്കബന്ധം മാത്രമല്ലേ നിങ്ങളുതമ്മിലുള്ളൂ.''
''ഉം.''
''ഇവളുടെ പ്രാര്‍ഥനകൊണ്ടാ.'' എല്‍സയെ നോക്കി അച്ചന്‍ തുടര്‍ന്നു: ''ഞാന്‍ ശ്രദ്ധിക്കാറുണ്ട് കുര്‍ബാന കഴിഞ്ഞ് എന്നും നീ മാതാവിന്റെ മുമ്പില്‍ കൈകൂപ്പിനിന്ന് കുറേനേരം പ്രാര്‍ഥിക്കുന്നത്. ങ്ഹ, എന്നാ ഓപ്പറേഷന്‍? തീയതി തീരുമാനിച്ചോ?''
''ഇല്ല. അച്ചന്‍ പ്രാര്‍ഥിക്കണമെന്നു പറയാന്‍ വന്നതാ.'' എല്‍സ പറഞ്ഞു.
''അതല്ലേടീ കൊച്ചേ എന്റെ ജോലി. ഞാന്‍ എന്നും നിങ്ങള്‍ക്കു രണ്ടുപേര്‍ക്കുംവേണ്ടി കുര്‍ബാനയില്‍ പ്രത്യേകം ഓര്‍ത്തു പ്രാര്‍ഥിക്കുന്നുണ്ട്. മുഖസ്തുതി പറയുകയല്ല, ഇത്രയും നല്ലൊരു കൊച്ചിനെ ഈ ഇടവകേല്‍ വേറേ ഞാന്‍ കണ്ടിട്ടില്ല. ഇവളുടെ വേദപാഠക്ലാസിനെക്കുറിച്ചും നല്ല അഭിപ്രായമാ അമ്മമാര്‍ക്ക്.''
താന്‍ ആകാശത്തേക്ക് ഉയരുന്നപോലെ തോന്നി എല്‍സയ്ക്ക്.
ഞാനിവിടുന്നു സ്ഥലം മാറിപ്പോയാലും നിങ്ങളെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ഥിക്കും മക്കളേ.''
കേട്ടപ്പോള്‍ സിസിലിയുടെയും എല്‍സയുടെയും കണ്ണുനിറഞ്ഞുപോയി.
അച്ചന്‍ എണീറ്റ് അലമാര തുറന്ന് ഒരു കൊന്ത എടുത്തു. തിരിഞ്ഞ്, അത് എല്‍സയ്ക്കു നീട്ടിക്കൊണ്ടു പറഞ്ഞു: ''ഫ്രാന്‍സിസ് മാര്‍പാപ്പാ വെഞ്ചരിച്ചു തന്ന കൊന്തയാ. ഞാനിതാര്‍ക്കും കൊടുക്കാതെ വച്ചിരിക്ക്വായിരുന്നു. ഇതു നിനക്കു തരുവാ. എന്നും കൊന്തചൊല്ലി പ്രാര്‍ഥിക്കണം ട്ടോ.''
''ഉം.'' രണ്ടു കൈയും നീട്ടി എല്‍സ അതുവാങ്ങി. അവളുടെ മിഴികളില്‍ രണ്ടുതുള്ളി കണ്ണീര്‍ പുറത്തേക്കു ചാടാന്‍ വെമ്പല്‍കൊണ്ടു നിന്നിരുന്നു.
അച്ചന്‍ അവളുടെ തലയില്‍ കൈവച്ച് കുറച്ചുനേരം പ്രാര്‍ഥിച്ചിട്ടു പറഞ്ഞു: ''സന്തോഷമായിട്ടു  പൊക്കോ. എല്ലാം ഭംഗിയായിട്ടു നടക്കും. നീ മുടന്തില്ലാതെ നടക്കുന്ന കണ്ടിട്ടു വേണം എനിക്കീ ഇടവകേന്ന് സ്ഥലം മാറിപ്പോകാന്‍.''
എല്‍സ ചിരിച്ചതേയുള്ളൂ.
''ഓപ്പറേഷന്‍ തീയതി എന്നെ അറിയിക്കണേ...'' അച്ചന്‍ ഓര്‍മിപ്പിച്ചു.
''ഉം.'' എല്‍സ തലകുലുക്കി.
നിറഞ്ഞ ഹൃദയത്തോടെയാണ് അവര്‍ പള്ളിമേടയില്‍ നിന്നിറങ്ങിയത്. വീട്ടിലേക്കു നടന്നുപോകുമ്പോള്‍ സിസിലി പറഞ്ഞു:
''മോളേ നമുക്കു നാളെത്തന്നെ ആശുപത്രീല്‍ പോയി ഡോക്ടറുടെ റിപ്പോര്‍ട്ട് വാങ്ങണം. സര്‍ജറി നടത്താന്‍ പറ്റിയ ഏറ്റവും നല്ല ആശുപത്രി ഏതാന്ന് ഡോക്ടറോടു ചോദിച്ചാല്‍ ഡോക്ടറു പറഞ്ഞു തരും. കാശ് എത്രയായാലും പ്രശ്‌നമില്ലല്ലോ.''
''എന്നാലും ഒരുപാടൊന്നും ജയേഷിനെക്കൊണ്ടു മുടക്കിക്കണ്ട അമ്മേ. അവര് അധ്വാനിച്ചുണ്ടാക്കിയ കാശല്ലേ. നമുക്ക് ഒരു ഇടത്തരം ആശുപത്രി മതി.'' എല്‍സ പറഞ്ഞു.
''നീ പറഞ്ഞതിലും കാര്യമുണ്ട്. നനഞ്ഞിടം കുഴിക്കുന്നത് ശരിയല്ലല്ലോ. നമുക്ക് കട്ടപ്പനയിലെ ആശുപത്രിയില്‍ത്തന്നെ സര്‍ജറി നടത്താം. അതാവുമ്പം ഒരുപാട് ചെലവു വരില്ല.''
എല്‍സ അതിനോടു യോജിച്ചു.
 *     *     *
~ഒരു ശനിയാഴ്ച രാത്രി.
ജയേഷ് കുളിക്കുകയായിരുന്നു. ആ സമയം ജയേഷിന്റെ ഫോണ്‍ ശബ്ദിച്ചു. വര്‍ഷ എടുത്തു നോക്കി. എല്‍സ എന്ന പേരു കണ്ടപ്പോള്‍ പച്ചബട്ടണില്‍ വിരല്‍തൊട്ട് കാതോടു ചേര്‍ത്തു.
''ഹലോ.''
''ജയേഷ് ഇല്ലേ?''
''കുളിക്ക്വാ. എന്തേ?''
''ജയേഷിനോട് ഒരു കാര്യം പറയാനാ.''
''എന്നോടു പറയാന്‍ ബുദ്ധിമുട്ടുള്ള കാര്യാണോ?''
''ഏയ്, ഒരിക്കലുമല്ല. എന്റെ കാലിന്റെ സര്‍ജറി നടത്തുന്ന കാര്യം ജയേഷ് മുമ്പ് സംസാരിച്ചിരുന്നു. അതിന്റെ ഡേറ്റ് ഫിക്‌സ് ചെയ്തൂന്നു പറയാനാ. അടുത്തമാസം അഞ്ചാം തീയതി. ഒരു ലക്ഷം രൂപ അഡ്വാന്‍സ് കെട്ടിവയ്ക്കണം.''
''അതിന്?''
''കാശ് ജയേഷ് തരാന്നു പറഞ്ഞിരുന്നു.''
''ഓഹോ! ഞാനറിയാതെ അങ്ങനെയൊരിപാട് നടന്നോ?''
''ജയേഷ് പറഞ്ഞില്ലേ?''
''എന്നോടൊന്നും പറഞ്ഞില്ല!''
''ജയേഷിനോട് എന്നെ ഒന്നു വിളിക്കാന്‍ പറയ്വോ?''
''ആട്ടെ. എത്ര തരാമെന്നു പറഞ്ഞു?''
''മുഴുവന്‍ ചെലവും വഹിച്ചോളാന്നു പറഞ്ഞു.''
''ശരി.'' അതു പറഞ്ഞിട്ട് വര്‍ഷ ഫോണ്‍ കട്ട് ചെയ്തു. അവള്‍ക്കു വല്ലാതെ ദേഷ്യം വന്നു. താനറിയാതെ ഇങ്ങനെ ഒരിടപാടോ? ജയേഷിന്റെ ഫോണിലെ കോള്‍ ഹിസ്റ്ററി അവള്‍ നോക്കി. പല തവണ എല്‍സയെ വിളിച്ചിട്ടുണ്ട്. എല്‍സ ഇങ്ങോട്ടും. മിക്കതും രാത്രിയില്‍. ഫോണ്‍ മേശപ്പുറത്തേക്ക് എറിഞ്ഞിട്ട് അവള്‍ പല്ലു ഞെരിച്ചു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ജയേഷ് കുളികഴിഞ്ഞു വന്നപ്പോള്‍ വര്‍ഷ രൂക്ഷമായി ഒന്നു നോക്കി.
''എല്‍സേടെ കാലിന്റെ സര്‍ജറിക്ക് കാശുകൊടുക്കാമെന്ന് ജയേഷ് പറഞ്ഞായിരുന്നോ?''
''ഓ... അവളു വിളിച്ചോ. നിന്നോടതു പറയാന്‍ ഞാന്‍ വിട്ടുപോയി. സോറി.''
''എന്തു സോറി.'' വര്‍ഷയുടെ കണ്ണുകള്‍ തീപ്പന്തമായി: ''ദീപക് എന്നെ വിളിക്കുന്നതും ദീപക്കിനെ ഞാന്‍ വിളിക്കുന്നതും നിങ്ങക്ക് ഒട്ടും സഹിക്കുകേലല്ലോ. ആ ചട്ടുകാലിയെ ജയേഷ് വിളിക്കുന്നതിനും ചട്ടുകാലി ഇങ്ങോട്ടു വിളിക്കുന്നതിനും ഒരു കുഴപ്പവുമില്ല, അല്ലേ? ഞാനറിയാതെ എന്തൊക്കെ ഇടപാടുണ്ട് നിങ്ങളു തമ്മില്‍? എത്ര വിളികളാ. കോള്‍ ഹിസ്റ്ററി ഞാന്‍ നോക്കി.''
''നീ വിചാരിക്കുന്നപോലുള്ള ഒരിടപാടുമില്ല. അതൊരു പാവം പെണ്ണാ. അവളുടെ അപ്പന്‍ പണ്ട് ഞങ്ങള്‍ക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തുതന്നിട്ടുള്ളതാ. അതിന് ഒരു പ്രത്യുപകാരമെന്ന നിലയില്‍ ഒന്നു സഹായിക്കാമെന്നു വച്ചതാ. അമ്മ പറഞ്ഞിട്ടാ...''
''അമ്മ പറയുന്നതെല്ലാം ചെയ്യും. വൈഫ് പറയുന്നതൊന്നും കേള്‍ക്കില്ല. ഞാന്‍ വെറും പൊട്ടി.''
''സോറി. പറയാന്‍ ഞാന്‍ വിട്ടുപോയി.''
''ജയേഷ് കാശുകൊടുത്ത് അവളുടെ ചട്ടുമാറ്റുന്നതിനോട് എനിക്കു യോജിക്കാന്‍ പറ്റില്ല. ആ കേസുകെട്ട് വിട്ടേക്ക്. ഞാന്‍ വിളിച്ചു പറയാം.'' വര്‍ഷ ജയേഷിന്റെ ഫോണ്‍ എടുത്ത് എല്‍സയുടെ നമ്പര്‍ ഡയല്‍ ചെയ്തു.
''വര്‍ഷേ അങ്ങനെ ചെയ്യരുത്. ഞാന്‍ വാക്കു പറഞ്ഞതാണ്.'' അതുകേട്ടപ്പോള്‍ വര്‍ഷയ്ക്കു വാശി കൂടി. അങ്ങേത്തലയ്ക്കല്‍ ഹലോ എന്ന ശബ്ദം കേട്ടപ്പോള്‍ വര്‍ഷ പറഞ്ഞു: ''അതേയ്.... ജയേഷ് കാശു തന്നിട്ട് നിന്റെ ചട്ടുമാറ്റാമെന്നു വിചാരിക്കണ്ട. ആ ആഗ്രഹമങ്ങ് ഉപേക്ഷിച്ചേക്ക്. ഇങ്ങനെ ഇരന്നു ജീവിക്കാതെ വല്ല പണിയെടുത്തു കാശുണ്ടാക്കാന്‍ നോക്ക് പെണ്ണേ. നാണമില്ലല്ലോ നിനക്കൊക്കെ.''
ഇങ്ങോട്ടെന്തെങ്കിലും പറയുംമുമ്പേ വര്‍ഷ ഫോണ്‍ കട്ടു ചെയ്തു. ഒരു ശിലാബിംബം പോലെ തരിച്ചുനിന്നുപോയി ജയേഷ്. 
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)