•  5 Sep 2024
  •  ദീപം 57
  •  നാളം 26
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. ഇരുപതുവര്‍ഷം മുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമൊന്നുമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും സിസിലി താമസിക്കുന്ന കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലെത്തി. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് എല്‍സ നടന്നിരുന്നത്. ജയേഷിന്റെ കല്യാണം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയാണ്. ഇടയ്ക്കിടെ മദ്യപിക്കും. അവരുമായി പൊരുത്തപ്പെട്ടുപോകാന്‍ ജയേഷ് നന്നേ ബുദ്ധിമുട്ടി. ഇണക്കവും പിണക്കവുമായി അവരുടെ ദാമ്പത്യജീവിതം മുമ്പോട്ടുപോയി.
(തുടര്‍ന്നു വായിക്കുക)

ജയേഷ് വല്ലാതെ അസ്വസ്ഥനായിരുന്നു. പ്രതീക്ഷിച്ചതുപോലൊരു ജീവിതപങ്കാളിയെയല്ല തനിക്കു കിട്ടിയത്. വര്‍ഷയുടെ ജീവിതസങ്കല്പവും തന്റെ സങ്കല്പവും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. ഇത്തിരി വെള്ളമടിച്ച്, നല്ല ഭക്ഷണം കഴിച്ച്, കൂട്ടുകാരോടൊത്ത് ആടിത്തിമിര്‍ത്ത്, ഇന്‍സ്റ്റയില്‍ റീല്‍സും ഷോട്ട്‌സുമൊക്കെ ഇട്ട്, ജീവിതം അടിച്ചുപൊളിച്ച് ആഘോഷമാക്കി മുമ്പോട്ടു പോകണമെന്നാഗ്രഹിക്കുന്ന പെണ്‍കുട്ടി. അതിനെല്ലാം പ്രോത്സാഹനം നല്‍കുന്ന ഒരു അപ്പനും അമ്മയും. പരമ്പരാഗതവിശ്വാസങ്ങള്‍ക്കു പുല്ലുവില കല്പിക്കാത്ത ഒരു കുടുംബം. മദ്യം ഒഴിച്ചുകൊടുക്കുന്നതുപോലും സ്വന്തം പിതാവാകുന്ന സാഹചര്യത്തില്‍ വര്‍ഷയ്ക്ക് എങ്ങനെ മോഡേണാവാതിരിക്കാന്‍ പറ്റും?
തന്റെ ജീവിതാന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു. സ്‌കൂള്‍പഠനം കന്യാസ്ത്രീകള്‍ നടത്തുന്ന വിദ്യാലയത്തില്‍. കോളജ്പഠനം വൈദികര്‍ നടത്തുന്ന കലാലയത്തില്‍. ധാര്‍മികമൂല്യങ്ങള്‍ക്കും പരമ്പരാഗത വിശ്വാസങ്ങള്‍ക്കും ഒരുപാട് വില കല്പിച്ചിരുന്ന ഒരു ജീവിതാന്തരീക്ഷം.
പപ്പയും അമ്മയും മൂല്യങ്ങളെ മുറുകെപ്പിടിച്ച്, ദൈവത്തെ മനസ്സില്‍ പ്രതിഷ്ഠിച്ച് വിശ്വാസത്തില്‍ വളര്‍ന്നതുകൊണ്ട് താനും ആ വഴിയേ സഞ്ചരിച്ചു. കൊച്ചുന്നാളില്‍ എന്നും പള്ളിയില്‍പോയി വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തതുകൊണ്ട് മനസ്സില്‍ ദൈവചിന്ത രൂഢമായി. ധ്യാനത്തിലൂടെ നല്ല സന്ദേശങ്ങള്‍ പകര്‍ന്നുകിട്ടിയതുകൊണ്ട് തെറ്റും ശരിയും കൊച്ചുന്നാളിലേ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞു. 
കോളജ് ഹോസ്റ്റലില്‍ കുട്ടികള്‍ കളിയാക്കിയപ്പോഴും മനസ്സ് പതറാതെ മൂല്യങ്ങളില്‍ മുറുകെപ്പിടിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞു. കൂട്ടുകാരുടെ പ്രലോഭനങ്ങളില്‍ വീഴാതെ മദ്യത്തെ അകറ്റി നിറുത്തി. പെണ്‍കുട്ടികളുടെ പഞ്ചാരവാക്കുകളില്‍ വീണ് വഴിതെറ്റിയില്ല. ഇങ്ങനെയൊക്കെ ജീവിച്ചിട്ടും എന്തുകൊണ്ടാണ് തനിക്കു ചേര്‍ന്ന ഒരു ഇണയെ ദൈവം തരാത്തത്?
തന്നെക്കാള്‍ സാമ്പത്തികശേഷിയുള്ള ഒരു കുടുംബത്തില്‍നിന്ന് ഒരിക്കലും വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. അവിടെയൊരു തെറ്റുപറ്റി തനിക്ക്. വര്‍ഷയുടെ പപ്പപോലും തന്നെ  പുച്ഛത്തോടെയല്ലേ നോക്കുന്നത്! വര്‍ഷയുടെ ലെവലിലേക്കു താന്‍ ഉയരണമത്രേ. മദ്യം കഴിച്ചിട്ട് കാണുന്നവരോടൊക്കെ കൊഞ്ചിക്കുഴയുന്നതാണോ ഉയര്‍ച്ച? എന്തുകൊണ്ട് വര്‍ഷയോട് തന്റെ ലെവലിലേക്കു യരണമെന്ന് ആ മനുഷ്യനു പറയാന്‍ തോന്നിയില്ല?
വര്‍ഷയുടെ സഹപ്രവര്‍ത്തകന്‍ ദീപക് അവളെ കാണാന്‍ വന്നപ്പോള്‍ അവളുടെ കൊഞ്ചിക്കുഴഞ്ഞാട്ടം കാണണമായിരുന്നു. ഭര്‍ത്താവ് എന്നൊരുത്തന്‍ അടുത്തിരിപ്പുണ്ടെന്ന ചിന്തപോലുമുണ്ടായില്ലല്ലോ. ഇങ്ങനെയുണ്ടോ ഒരു ഫ്രണ്ട്ഷിപ്പ്! അമ്മയ്ക്കുപോലും അവളുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായി. സിനിമയ്ക്കു പോകാന്‍ സന്തോഷിച്ചിരുന്നപ്പോഴല്ലേ അവന്റെ വരവ്. സിനിമ ക്യാന്‍സല്‍ ചെയ്തതില്‍ അമ്മയ്ക്ക് എന്തുമാത്രം വിഷമമുണ്ടായി. ഒഴിവാക്കാന്‍ വയ്യാത്തത്ര ഒരടുപ്പം അവര്‍ തമ്മിലെങ്ങനെയുണ്ടായി? ജോലി കിട്ടിയതിനുശേഷംമാത്രം പരിചയപ്പെട്ട ഒരു സഹപ്രവര്‍ത്തകനല്ലേ അവന്‍? കല്യാണം കഴിഞ്ഞ ഒരു പെണ്ണ് സഹപ്രവര്‍ത്തകന്റെ ഇഷ്ടത്തെക്കാള്‍ നോക്കേണ്ടത് ഭര്‍ത്താവിന്റെ ഇഷ്ടമല്ലേ? ജയേഷിന്റെ ചിന്തകള്‍ കാടുകയറി.
സൂസമ്മ മുറിയിലേക്കു കയറി വന്നത് ജയേഷ് അറിഞ്ഞില്ല. അവന്‍ കീഴോട്ടുനോക്കി ഓരോന്ന് ആലോചിച്ചിരിക്കുകയായിരുന്നു.
''മോനേ...'' വിളികേട്ട് ഞെട്ടി മുഖം ഉയര്‍ത്തി. 
''നീ എന്താലോചിച്ചിരിക്ക്വാ. കുറച്ചു ദിവസായി ഞാന്‍ ശ്രദ്ധിക്കുന്നു നിന്റെ മുഖത്ത് വല്ലാത്തൊരു സങ്കടം. എന്താന്നു വച്ചാല്‍ അമ്മയോടു പറ.'' 
സൂസമ്മ അടുത്തുവന്നിരുന്ന് മകനെ തന്നോടു ചേര്‍ത്തുപിടിച്ച് മുടിയിഴകളില്‍ തലോടി.
''ഒന്നുമില്ലമ്മേ..''
''ഒന്നുമില്ലെന്നു പറഞ്ഞാല്‍ അതു കള്ളമാണ് ഈ അമ്മയ്ക്കറിയാം. പത്തിരുപത്തെട്ട് വര്‍ഷമായിടില്ലേ നിന്നെ ഞാന്‍ കാണാന്‍ തുടങ്ങീട്ട്.'' 
''നമ്മളെക്കാള്‍ താഴ്ന്ന ഒരു കുടുംബത്തീന്നു മതിയായിരുന്നു അമ്മേ എനിക്കൊരു കല്യാണം.''
''എനിക്കു തോന്നിയിരുന്നു നിന്റെ വിഷമം അതാന്ന്. ഇനി അതൊന്നും ഓര്‍ത്ത് വെഷമിക്കണ്ട. കുറച്ചൊക്കെ കണ്ടില്ലാന്നും കേട്ടില്ലാന്നും വച്ച് വീട്ടുവീഴ്ച ചെയ്തു മുമ്പോട്ടുപോകാന്‍ നോക്കുക. അവളു വളര്‍ന്നുവന്ന സാഹചര്യവും ഇവിടുത്തെ സാഹചര്യവും വ്യത്യസ്തമാണല്ലോ. പൊരുത്തപ്പെട്ടു വരാന്‍ കുറച്ചു സമയമെടുക്കും. നമുക്കു പ്രാര്‍ഥിക്കാം. ഒരു കുഞ്ഞൊക്കെയായി കഴിയുമ്പം എല്ലാം നേരേയാകുമെന്നാ എന്റെ വിശ്വാസം.''
സൂസമ്മ മകന്റെ കവിളില്‍ ഒരു മുത്തം നല്‍കി.
''അമ്മയോട് ഞാനൊരു കുറ്റസമ്മതം നടത്തട്ടെ.''
''ഉം.''
''മദ്യം കഴിക്കില്ലാന്ന് ഞാനൊരിക്കല്‍ വാക്കു തന്നിരുന്നു. അതു തെറ്റിച്ചു അമ്മേ.''
സൂസമ്മയുടെ കണ്ണുകള്‍ വിടര്‍ന്നു. വര്‍ഷയുടെ വീട്ടില്‍വച്ച് അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി മദ്യം കഴിച്ചത് ജയേഷ് തുറന്നു പറഞ്ഞു.
''സാരമില്ല മോനേ; ഒരു പ്രാവശ്യമല്ലേ. ഇനി ആവര്‍ത്തിക്കാതിരുന്നാല്‍ മതി. കഴിഞ്ഞതു കഴിഞ്ഞു; പോട്ടെ.''
''ഇതമ്മയോടു പറയാഞ്ഞിട്ട് എന്റെ മനസ്സിലൊരു തിക്കുമുട്ടലായിരുന്നു. ഇപ്പഴാ സമാധാനമായത്.''
''എന്റെ മോനെ എനിക്കു നന്നായിട്ടറിയാമല്ലോ. സാരമില്ലെടാ. ങ്ഹാ. വേറൊരു കാര്യം പറയാനും കൂടിയാ ഞാനിപ്പം കേറി വന്നത്. എല്‍സേടെ കാലിന്റെ സര്‍ജറി നടത്തുന്ന കാര്യം നമ്മളു മുമ്പ് സംസാരിച്ചിരുന്നല്ലോ. പപ്പയോട് ഞാനിക്കാര്യം പറഞ്ഞു. പപ്പയ്‌ക്കെതിര്‍പ്പില്ല. നിന്നെ അത്രയേറെ ലാളിച്ചതാണല്ലോ സിസിലി. സര്‍ജറീടെ കാര്യം നീ തന്നെ വിളിച്ച് അവരെയൊന്നറിയിക്കണം. നീ ചെയ്തുകൊടുക്കുന്നതായിട്ടിരുന്നോട്ടെ. അതാവുമ്പം അവര്‍ക്കു കൂടുതല്‍ സന്തോഷമാകും.''
''ഞാന്‍ വിളിച്ചുപറയാം അമ്മേ.''
''പണം കൂട്ടിവച്ചിരുന്നിട്ടൊന്നും കാര്യമില്ല മോനേ. പാവങ്ങളെ സഹായിക്കുമ്പഴേ ദൈവത്തിന്റെ അനുഗ്രഹം നമുക്കു കിട്ടൂ. അതൊരു പാവം കൊച്ചല്ലേ. നമ്മളവിടെ ചെന്നപ്പം എത്ര സ്‌നേഹത്തോടെയാ പെരുമാറീത്. അതിനു നല്ലൊരു ഭര്‍ത്താവിനെ ദൈവം കൊടുക്കട്ടെ. ചട്ടുമാറിയാല്‍ കെട്ടിക്കൊണ്ടുപോകാന്‍ ആളുണ്ടാകും. അവള്‍ക്കൊരു ജീവിതം കിട്ടട്ടെ.''
''അതുപോലൊരു പെണ്‍കുട്ടിയെയാരുന്നു അമ്മേ ഞാന്‍ മനസ്സില്‍ കണ്ടത്. കിട്ടിയത് ഇങ്ങനൊരെണ്ണമായിപ്പോയി.''
''വിഷമിക്കണ്ടെടാ. ഒരു കുഞ്ഞായിക്കഴിയുമ്പം അടക്കോം ഒതുക്കോം വന്നോളും. പുന്നമൂട്ടിലെ ഡയാന കല്യാണത്തിനുമുമ്പ് എന്തോരം പൊങ്ങിപ്പിടിച്ചു നടന്നതാ. ഒരു കൊച്ചായി കഴിഞ്ഞപ്പം ഒതുങ്ങിയില്ലേ.'' ജയേഷ് ഒന്നും മിണ്ടിയില്ല. കുറച്ചുനേരം കൂടി വര്‍ത്തമാനം പറഞ്ഞിരുന്നിട്ട് സൂസമ്മ എണീറ്റ് വെളിയിലേക്കിറങ്ങി.
അമ്മ പോയിക്കഴിഞ്ഞപ്പോള്‍ ജയേഷ് വീണ്ടും ചിന്തയില്‍ മുഴുകി. ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവരുമ്പോള്‍ സന്തോഷവും സങ്കടവും പങ്കുവയ്ക്കാന്‍ ഒരാളാകുമല്ലോ എന്നു സന്തോഷിച്ചിരുന്നതാണ് കല്യാണത്തിനുമുമ്പ്. അതിങ്ങനെയായിപ്പോയി. ജയേഷ് ഒരു ദീര്‍ഘശ്വാസം വിട്ടു.
അന്ന് ഓഫായിരുന്നതിനാല്‍ ജയേഷിന് വര്‍ക്ക് ഉണ്ടായിരുന്നില്ല. മൊബൈലില്‍ ഓരോന്നു നോക്കി വെറുതെ ഇരുന്നു. വര്‍ഷ ഡ്യൂട്ടിക്കു പോയിരിക്കയാണ്. ഇന്‍ഫോപാര്‍ക്കിലാണ് ജോലി. 
പതിവായി എട്ടുമണിക്കുമുമ്പേ അവള്‍ വീട്ടില്‍ എത്താറുള്ളതാണ്. ടൂ വീലറിലാണ് വരവ്. എട്ടരയായിട്ടും കാണാഞ്ഞപ്പോള്‍ ജയേഷ് ഫോണ്‍ ചെയ്തു.
''വര്‍ക്ക് തീരാന്‍ വൈകി ജയേഷേ. ഇത്തിരി വൈകിയേ എത്തൂ. ജയേഷ് വെയ്റ്റ് ചെയ്യണ്ട. ഫുഡ് കഴിച്ചിട്ടു കിടന്നോ.''
''എങ്കിലതൊന്നു വിളിച്ചു പറയരുതായിരുന്നോ?'' ജയേഷിനു ദേഷ്യം വന്നു.
''സമയം പോയതറിഞ്ഞില്ല. ജയേഷ് വിളിച്ചപ്പഴാ ടൈം നോക്കിയത്. ഇത്ര പേടിക്കാന്‍ ഞാന്‍ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ. അങ്ങെത്തിക്കോളാം.''
''രാത്രിയല്ലേ, വണ്ടി പതിയെ ഓടിച്ചാല്‍ മതി കേട്ടോ.''
അതിനു മറുപടിയായി അങ്ങേ തലയ്ക്കല്‍നിന്ന് ഒരു പരിഹാസച്ചിരിയാണ് കേട്ടത്. ജയേഷിനു ദേഷ്യം വന്നു. അവന്‍ ഫോണ്‍ കട്ടു ചെയ്തു. ഒരു നെടുവീര്‍പ്പിട്ടിട്ട് അവന്‍ എല്‍സയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അങ്ങേത്തലയ്ക്കല്‍ ഹലോ എന്ന ശബ്ദം.
''ജയേഷാ''
''അറിയാം. നമ്പര്‍ ഞാന്‍ സേവ് ചെയ്തിട്ടുണ്ട്.
''ഉറങ്ങിയായിരുന്നോ?''
''ഇല്ല. അത്താഴം കഴിച്ചിട്ട് അമ്മയോടു വര്‍ത്തമാനം പറഞ്ഞിരിക്ക്വായിരുന്നു.''
''ഞാനൊരു കാര്യം പറയാനാ വിളിച്ചെ.'' 
''എന്തേ?''
''എല്‍സയുടെ കാലിന്റെ മുടന്തുമാറ്റാന്‍ ഒരു സര്‍ജറികൊണ്ടു സാധിക്കുമെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്?''
''ഉം.''
''ഡോക്ടറെക്കണ്ട് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌തോ. അതിന്റെ മുഴുവന്‍ ചെലവും ഞാന്‍ വഹിച്ചോളാം.''
''അതിന് ഒരുലക്ഷം രൂപേടെ മോളില്‍ ചെലവാകും ജയേഷേ...''
''എത്രയായാലും ഞാന്‍ തന്നോളാം. ഏറ്റവും നല്ല ആശുപത്രീല്‍ത്തന്നെ നമുക്കീ സര്‍ജറി നടത്തണം. ജീവിതകാലം മുഴുവന്‍ ഇങ്ങനെ ചട്ടിച്ചട്ടി നടന്നാ പോരല്ലോ.''
''വര്‍ഷയുടെ സമ്മതത്തോടെയാണോ ഇപ്പം വിളിച്ചേ?''
''ഇതിനെന്തിനാ വര്‍ഷയുടെ സമ്മതം? ഞാനുണ്ടാക്കിയ കാശല്ലേ? മാസം അറുപതിനായിരം രൂപ എനിക്കു ശമ്പളമുണ്ട്. അത് എങ്ങനെ ചെലവഴിക്കണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്.''
''ഞാന്‍ അമ്മേടെ കൈയില്‍ ഫോണ്‍ കൊടുക്കാം.''
എല്‍സ സിസിലിക്കു ഫോണ്‍ കൈമാറി. 
ജയേഷ് സിസിലിയോടു കാര്യം പറഞ്ഞു. കേട്ടപ്പോള്‍ സന്തോഷംകൊണ്ട് സിസിലിയുടെ കണ്ണുനിറഞ്ഞു.
''എന്റെ മോനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും. ഞാനെന്നും പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. എന്റെ മോളുടെ ചട്ടൊന്നു മാറ്റാന്‍ വഴികാട്ടിത്തരണേ ദൈവമേന്ന്. ഇന്ന് എന്റെ പ്രാര്‍ഥന ദൈവം കേട്ടല്ലോ. സന്തോഷമായി.''
സിസിലി ജയേഷിന് ഒരുപാട് നന്ദി പറഞ്ഞു. വിശേഷങ്ങള്‍ പങ്കുവച്ചിട്ട് ഫോണ്‍ കട്ടു ചെയ്തു ജയേഷ്.
രാത്രി ഒന്‍പതരയായപ്പോഴാണ് വര്‍ഷ ഓഫീസില്‍നിന്നു വന്നത്. ടൂവീലര്‍ പോര്‍ച്ചില്‍ വച്ചിട്ട് അവള്‍ സ്വീകരണമുറിയിലേക്കു കയറി. പടികള്‍ കയറി റൂമിലേക്കു വന്നു. നടന്നുവരുന്നതു കണ്ടപ്പോള്‍ത്തന്നെ ജയേഷിനു പന്തികേടു തോന്നി. അവള്‍ വേച്ചുപോകുന്നല്ലോ! മുഖം വല്ലാണ്ടിരിക്കുന്നുവല്ലോ! കണ്ണുകള്‍ ചുവന്നിട്ടുണ്ടോ?
''വേഷം മാറീട്ട് വേഗം വാ. നമുക്കു പോയി ഭക്ഷണം കഴിക്കാം. അമ്മ കാത്തിരിക്ക്വാ.'' തെല്ലു നീരസത്തോടെ ജയേഷ് പറഞ്ഞു. ''ഞാന്‍ കഴിച്ചു ജയേഷ്. ജയേഷ് പോയി കഴിച്ചോ.'' അവളുടെ സംസാരത്തിന് ഒരു കുഴച്ചില്‍.
''കഴിച്ചോ?''
''ഉം. എന്റെകൂടെ ചെന്നൈയില്‍ ഉണ്ടായിരുന്ന ദീപക്കില്ലേ? ഇന്നാളിവിടെ വന്ന ദീപക്? അവന്‍ എറണാകുളത്തേക്കു ട്രാന്‍സ്ഫറായി. ഇന്ന് അവന്റെ വക ഒരു പാര്‍ട്ടിയുണ്ടായിരുന്നു. ട്രാന്‍സ്ഫര്‍ കിട്ടിയതിന്റെ സന്തോഷം. അതാ വൈകിയത്.''
''ഞാന്‍ വിളിച്ചപ്പം ഡ്യൂട്ടി കഴിഞ്ഞില്ലെന്നല്ലേ പറഞ്ഞത്.''
''അപ്പം കഴിഞ്ഞില്ലായിരുന്നു. പിന്നെയായിരുന്നു പാര്‍ട്ടി. പെട്ടെന്നു കഴിച്ചിട്ട് ഞാന്‍ പോന്നു. അവരൊന്നും പിരിഞ്ഞിട്ടില്ല.''
''പാര്‍ട്ടിക്ക് ലിക്വര്‍ ഉണ്ടായിരുന്നോ?''
''ചെറുതായിട്ട്. ഒരു പെഗ്ഗേ ഞാന്‍ കഴിച്ചുള്ളൂ. അതും അവന്‍ നിര്‍ബന്ധിച്ചതുകൊണ്ടു മാത്രം.''
''വെള്ളമടിച്ചോണ്ടാണോ വണ്ടി ഓടിച്ചത്? പൊലീസ് പിടിച്ചിരുന്നെങ്കില്‍...''
''ഓ... പെണ്ണുങ്ങളെയൊന്നും പൊലീസ് ചെക്ക് ചെയ്യാറില്ലെന്നേ...!  ങ്ഹ...ഞാന്‍ ഡ്രസ് മാറി കുളിച്ചിട്ടു വരാം. ജയേഷ് പോയി ഫുഡ് കഴിച്ചിട്ടു വാ. അമ്മ അവിടെ നോക്കിയിരിപ്പുണ്ട്.'' അതു പറഞ്ഞിട്ട് അവള്‍ വേഷം മാറാന്‍ പോയി. ജയേഷ് ഭക്ഷണം കഴിക്കാന്‍ താഴേക്കും പോയി.
ഭക്ഷണം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ കണ്ടത് കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്ന് ആര്‍ക്കോ ഫോണ്‍ ചെയ്യുന്ന വര്‍ഷയെയാണ്. ചിരിയും തമാശകളും. ജയേഷിനെ കണ്ടിട്ടും കൂസലുണ്ടായില്ല അവള്‍ക്ക്. പത്തുമിനിറ്റ് കഴിഞ്ഞു ഫോണ്‍ കട്ട് ചെയ്തിട്ട് വര്‍ഷ എണീറ്റു ജയേഷിനെ നോക്കിപ്പറഞ്ഞു.
''ദീപക്കായിരുന്നു. ഞാനിവിടെ എത്തിയോന്നറിയാന്‍ വിളിച്ചതാ. അവനു ഭയങ്കര പേടി.''
''ലൈറ്റ് ഓഫ് ചെയ്തിട്ട് കിടക്കാന്‍ നോക്ക്. മണി പത്തരയാകുന്നു.'' ജയേഷ് പറഞ്ഞുതീര്‍ന്നതും ഫോണ്‍ വീണ്ടും ശബ്ദിച്ചു. വര്‍ഷ നോക്കിയിട്ട് പറഞ്ഞു:
''അവന്‍തന്നെയാ. ദീപക്. നല്ല ഫിറ്റാ...''
ജയേഷിനു രോഷം നുരഞ്ഞു പൊന്തി. പാഞ്ഞുചെന്ന് വര്‍ഷയുടെ കൈയില്‍നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി കോള്‍ കട്ട് ചെയ്തിട്ട് മേശപ്പുറത്തേക്ക് ഒരേറു കൊടുത്തു. വര്‍ഷയുടെ കണ്ണുകള്‍ രോഷംകൊണ്ട് തീപ്പന്തമായി.

 (തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)