•  15 Aug 2024
  •  ദീപം 57
  •  നാളം 23
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. ഇരുപതുവര്‍ഷം മുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു യാത്രയായി. പിന്നീട് അവര്‍ തമ്മില്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും കാറില്‍ ഹൈറേഞ്ചിലേക്കു പോയി. കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലാണവര്‍ താമസിക്കുന്നതെന്നു മനസ്സിലാക്കി അവിടെച്ചെന്നു. സിസിലിയുടെ ഭര്‍ത്താവ് തോമസിനെ എട്ടുവര്‍ഷം മുമ്പ് ആനചവിട്ടിക്കൊന്നു എന്ന സത്യം അവിടെച്ചെന്നപ്പോള്‍ മാത്രമാണ് സൂസമ്മ അറിഞ്ഞത്. ഭര്‍ത്താവിന്റെ മരണശേഷം സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവു വന്നതിനാല്‍ മുടന്തിയാണ് എല്‍സ നടന്നിരുന്നത്. സര്‍ജറി നടത്തി മുടന്തുമാറ്റാന്‍ പണം ഇല്ലാതിരുന്നതിനാല്‍ സിസിലി അതിനു തുനിഞ്ഞില്ല. ജയേഷിന്റെ കല്യാണം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ചിന്താഗതിക്കാരിയാണ്. അവള്‍ മദ്യപിക്കാറുണ്ടെന്നു മനസ്സിലാക്കിയ ജയേഷ് അസ്വസ്ഥനായി. വര്‍ഷയുടെ പപ്പയുടെ പെരുമാറ്റവും ജയേഷിന് ഇഷ്ടപ്പെട്ടില്ല. പലതിലും വിട്ടുവീഴ്ച ചെയ്ത് ഇണക്കവും പിണക്കവുമായി ആ ദാമ്പത്യജീവിതം മുന്നോട്ടുപോയി.
(തുടര്‍ന്നു വായിക്കുക)


ന്നൊരു ഞായറാഴ്ചയായിരുന്നു. പിറ്റേന്നു തിങ്കള്‍. തോമാച്ചായന്റെ ചരമദിനമാണ്. തോമസ് വിടപറഞ്ഞിട്ട് ഒമ്പതു വര്‍ഷങ്ങള്‍. വൈകിട്ട് അഞ്ചുമണിയായപ്പോള്‍ ടെസി വീട്ടിലെത്തി. സിസിലിയും എല്‍സയും കാത്തിരിക്കയായിരുന്നു.
''പിള്ളേരെ കൊണ്ടുവന്നില്ലേ മോളേ?'' 
വരാന്തയിലേക്കു കയറുംമുമ്പേ സിസിലി ചോദിച്ചു.
''വിട്ടിട്ടു വേണ്ടേ! ഞാനൊത്തിരി നിര്‍ബന്ധിച്ചതാ. അവര്‍ക്കും പോരണോന്നാഗ്രഹമുണ്ടായിരുന്നു. നാളെ ക്ലാസുണ്ടെന്നു പറഞ്ഞ് പിടിച്ചുവച്ചു.''
ടെസിയുടെ കണ്ഠം ഇടറിയിരുന്നു. അവളുടെ ഹൃദയവേദന സിസിലിക്കും എല്‍സയ്ക്കും മനസ്സിലാകുമായിരുന്നു.
''അവനിപ്പഴും കുടി ഒണ്ടോ?''
''അല്ലാതെന്താ തൊഴില്? കുടിക്കുന്നതു പോട്ടേന്നുവയ്ക്കാം. കുടിച്ചിട്ടു വന്നുള്ള വഴക്കാ സഹിക്കാന്‍ പറ്റാത്തത്. ചുമ്മാ തല്ലും. ഓരോന്നു പറഞ്ഞ് പിരികേറ്റിക്കൊടുക്കാന്‍ അമ്മേം.''
കണ്ണുതുടച്ചിട്ട് അവള്‍ അകത്തേക്കു കയറിപ്പോയി. എല്‍സ പിന്നാലെ ചെന്ന് ചേച്ചിക്കു മാറാന്‍ ചുരിദാര്‍ എടുത്തുകൊടുത്തു. 
കപ്പ പുഴുങ്ങിയതും ഇറച്ചിക്കറിയുമുണ്ടായിരുന്നു. സിസിലി ഒരു പാത്രത്തില്‍ അതു വിളമ്പി മേശപ്പുറത്തു വച്ചിട്ട് ടെസിയെ വിളിച്ചു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ടെസി അതു മുഴുവന്‍ കഴിച്ചു.
''നീ ഒത്തിരി കോലം കെട്ടുപോയല്ലോ മോളേ.'' ടെസിയുടെ രൂപം കണ്ടപ്പോള്‍ സങ്കടം വന്നു സിസിലിക്ക്. 
''ശരിക്കു ഭക്ഷണംപോലും തരുന്നില്ല അമ്മേ അവിടെ. ഞാനിങ്ങോട്ടു പോര്വാ. ഒന്നുമില്ലെങ്കിലും പേടികൂടാതെ ഉറങ്ങുകെങ്കിലും ചെയ്യാല്ലോ ഇവിടെ.''
''നാട്ടുകാരു കേട്ടാല്‍ എന്നാ പറയും മോളേ! ക്ഷമിച്ചും സഹിച്ചുമൊക്കെ അവിടെ നിക്കാന്‍ നോക്ക്വാ.  എന്നെങ്കിലും മോള്‍ക്കൊരു നല്ല കാലം ദൈവം തരും. ഞങ്ങളെന്നും പ്രാര്‍ഥിക്കുന്നുണ്ട്.''
ടെസി ഒന്നും മിണ്ടിയില്ല. എണീറ്റ് കൈകഴുകി. പിന്നെ കിടപ്പുമുറിയില്‍ ചെന്നിരുന്ന് എല്‍സ അടുത്തു വിളിച്ചിരുത്തി വിശേഷങ്ങള്‍ തിരക്കി. ജയേഷിന്റെ കല്യാണത്തിനു പോയതും പഴയവീടും പരിസരവുമൊക്കെ കണ്ടതും അവള്‍ ടെസിയോടു വിശദീകരിച്ചു.
''ടെസിച്ചേച്ചിയെ സൂസമ്മയാന്റി തിരക്കിയിരുന്നു.'' 
''കല്യാണത്തിനു വരണോന്നും എല്ലാരേം കാണണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു മോളേ. കെഞ്ചിപ്പറഞ്ഞതാ. വിട്ടില്ല.'' ടെസി ഒന്നു നെടുവീര്‍പ്പിട്ടു.
ചേച്ചിയുടെ ദുര്‍വിധി ഓര്‍ത്ത് എല്‍സയുടെ മനസ്സു വിങ്ങി. പാവം! എന്തുമാത്രം വേദന സഹിക്കുന്നു! എത്ര വലിയ കുരിശുചുമക്കുന്നു!
''നാളെ എപ്പഴാ മോളേ കുര്‍ബാന?'' 
''ആറരയ്ക്ക്. അതുകഴിഞ്ഞ് സിമിത്തേരിയില്‍ ഒപ്പീസ് പറഞ്ഞിട്ടുണ്ട്.''
''ഞാനിത്തിരിനേരമൊന്നു കിടക്കട്ടെ. ഇന്നലെ രാത്രി ഒട്ടും ഒറങ്ങിയില്ല. പപ്പേടെ കാര്യം ഓര്‍ത്തപ്പം ഒറക്കം വന്നില്ല. ആന ചവിട്ടിക്കിടക്കുന്ന ആ കാഴ്ച! അതോര്‍ക്കുമ്പം ഇപ്പഴും ചങ്കുപിടയുവാ മോളേ. നല്ല ആരോഗ്യത്തോടെ ഓടിനടന്ന ആള് ഒറ്റദിവസംകൊണ്ടല്ലേ അപ്രത്യക്ഷമായത്. നമ്മളെ എന്തോരം സ്‌നേഹിച്ചതാ പപ്പാ. ഞാനോര്‍ക്കുന്നു, കുരുമുളക് വിറ്റിട്ടു വരുമ്പഴൊക്കെ പപ്പാ എന്തെങ്കിലും സ്‌പെഷ്യല്‍ ഫുഡ് വാങ്ങിച്ചോണ്ടു വരുമായിരുന്നു. അതുകഴിക്കാന്‍ നമ്മള് ഉറങ്ങാതെ നോക്കി ഇരിക്ക്വായിരുന്നു. നീ ഓര്‍ക്കുന്നുണ്ടോ?''
''ചേച്ചി അതൊന്നും ഓര്‍മിപ്പിക്കാതെ. എനിക്കു കരച്ചിലുവരും. ചേച്ചി കിടക്ക്. രാവിലെ എണീക്കേണ്ടതല്ലേ. ഞാന്‍ കുറച്ചു പൂക്കളൊക്കെ പറിച്ചുവയ്ക്കട്ടെ.''
എല്‍സ വെളിയിലേക്കു പോയതും ടെസി കട്ടിലിലേക്കു ചാഞ്ഞു.
മുറ്റത്തരികിലെ റോസാച്ചെടിയില്‍നിന്ന് കുറെ പൂക്കള്‍ ഇറുത്തു എല്‍സ. മറ്റു ചെടികളില്‍നിന്ന് വേറേയും പൂക്കള്‍. വാടിപ്പോകാതിരിക്കാന്‍ വെള്ളം തളിച്ച് എല്ലാം ഒരു പാത്രത്തില്‍ സൂക്ഷിച്ചു.
പുലര്‍ച്ചെ അഞ്ചരയ്ക്ക് എണീറ്റ് സിസിലി ടെസിയെയും എല്‍സയെയും വിളിച്ചുണര്‍ത്തി. 
പള്ളിയില്‍ പോകാന്‍ വേഷം മാറിവന്ന് മൂന്നുപേരും തോമാച്ചായന്റെ ഫോട്ടോയ്ക്കുമുമ്പില്‍നിന്ന് കൈകൂപ്പി കുറേനേരം പ്രാര്‍ഥിച്ചു. പിന്നീട് വീടുപൂട്ടി നേരേ പള്ളിയിലേക്കു യാത്രയായി. 
ആദ്യം സിമിത്തേരിയിലേക്കാണു പോയത്. കല്ലറയുടെ ഗ്രാനൈറ്റ് സ്ലാബ് തുടച്ചു വൃത്തിയാക്കിയശേഷം പൂക്കള്‍കൊണ്ട് അലങ്കരിച്ചു. തുടര്‍ന്ന് പ്രാര്‍ഥന ചൊല്ലി.
കുര്‍ബാനയ്ക്കുള്ള മണിമുഴങ്ങിയപ്പോള്‍ മൂന്നുപേരും സിമിത്തേരിയില്‍നിന്നിറങ്ങി പള്ളിയിലേക്കു നടന്നു.
കുര്‍ബാന കഴിഞ്ഞ് വീണ്ടും സിമിത്തേരിയില്‍ കല്ലറയുടെ അരികിലെത്തി തിരി കത്തിച്ചു. അച്ചന്‍ വന്ന് ഒപ്പീസു ചൊല്ലി. ഒപ്പീസു കഴിഞ്ഞപ്പോള്‍ സിസിലി അച്ചനോടു പറഞ്ഞു: ''വീടൊന്നു വെഞ്ചരിക്കണം അച്ചോ. ഇന്ന് സൗകര്യമുണ്ടാകുമോ?'' 
''അതിനെന്താ. എപ്പ വരണമെന്നു പറ.''
''പത്തിനും പതിനൊന്നിനും ഇടയ്ക്ക്.''
''ആയിക്കോട്ടെ. ഞാനങ്ങു വന്നേക്കാം.'' 
ടെസിയുടെ നേരേ തിരിഞ്ഞിട്ട് അച്ചന്‍ ചോദിച്ചു:
''നിനക്കു സുഖാണോ കൊച്ചേ.''
''അതെ അച്ചോ.'' അവള്‍ ഒരു കള്ളം പറഞ്ഞു.
''ശരി. വരുമ്പം കാണാം.''
അതു പറഞ്ഞിട്ട് അച്ചന്‍ പള്ളിമേടയിലേക്കു പോയി.
''നല്ല സ്‌നേഹമുള്ള അച്ചനാ. പാവങ്ങളോടു പ്രത്യേക കരുണയാ. എന്തോരം സഹായം അവര്‍ക്കു ചെയ്യുന്നുണ്ടെന്നറിയാമോ. പെരുന്നാളിനു പിരിക്കുന്ന കാശിന്റെ ഇരുപതു ശതമാനം മാറ്റിവച്ചിട്ട് അച്ചന്‍ അതു പാവങ്ങള്‍ക്കു വീതിച്ചുകൊടുക്കും. മിക്കവാറും വര്‍ഷത്തില്‍ രണ്ടുതവണ അച്ചന്‍ എല്ലാ വീട്ടിലും കേറിയിറങ്ങും. ഓരോ വീടിന്റേം അവസ്ഥ അച്ചനു നന്നായിട്ടറിയാം. ഇനി ആറുമാസം കൂടിയേ ഒള്ളൂ ഈ ഇടവകേല്‍.'' സിസിലി ടെസിയോടു പറഞ്ഞു. അവള്‍ ഒന്നും മിണ്ടിയില്ല.
തിരിച്ചു വീട്ടിലെത്തിയപ്പോള്‍ മണി എട്ട്. സിസിലി വേഗം കപ്പ പുഴുങ്ങി. തലേന്നത്തെ ഇറച്ചിക്കറി ചൂടാക്കി വാങ്ങിവച്ചു. ഒരു വാഴയില വെട്ടിക്കൊണ്ടു വന്നിട്ട് അതിലേക്ക് കപ്പയും ഇറച്ചിക്കറിയും വിളമ്പി. കുടിക്കാന്‍ കട്ടന്‍കാപ്പിയും. മൂന്നുപേരും ഒരുമിച്ചിരുന്ന് ഒരിലയില്‍നിന്നാണു ഭക്ഷണം കഴിച്ചത്.
പത്തരയായപ്പോള്‍ വികാരിയച്ചന്‍ വന്നു. 72 വയസ്സുണ്ട് അച്ചന്. തനിയെ, നടന്നാണു വന്നത്. കൈയിലൊരു കുടയുമുണ്ടായിരുന്നു. കുട മടക്കി തൂണിനോടു ചേര്‍ത്തുവച്ചിട്ട് അച്ചന്‍ ചെരുപ്പൂരിയിട്ട് വരാന്തയിലേക്കു കയറി. സിസിലി പുറത്തേക്കിറങ്ങിവന്നു ഭവ്യതയോടെ കൈകൂപ്പി സ്തുതി ചൊല്ലി. അച്ചന്‍ വരാന്തയിലെ കസേരയിലിരുന്നിട്ട് സിസിലിയെ നോക്കി പറഞ്ഞു:
''ഒരു ഗ്ലാസ് വെള്ളമിങ്ങെടുത്തോ.''
''നാരങ്ങാവെള്ളം?''
''ആയിക്കോട്ടെ. ഉപ്പിട്ടു മതി.'' 
സിസിലി അകത്തേക്കു കയറിപ്പോയി. ആ സമയം എല്‍സ വെളിയിലേക്കിറങ്ങിവന്ന് അച്ചനു സ്തുതി ചൊല്ലി. 
''ങ്ഹ നീ ഇവിടുണ്ടായിരുന്നോ? ട്യൂഷനൊക്കെ എങ്ങനെ നടക്കുന്നു?''
''നന്നായിട്ടു പോകുന്നു അച്ചോ.''
''നിന്റെ വേദപാഠക്ലാസിനെപ്പറ്റിയൊക്കെ അമ്മമാര്‍ക്കു നല്ല അഭിപ്രായമാ കേട്ടോ. ബൈബിളൊക്കെ നന്നായിട്ടു പഠിച്ചിട്ടു വന്നാ ക്ലാസെടുക്കുന്നതെന്ന് പേരന്റ്‌സ് പറഞ്ഞു. കണ്‍ഗ്രാജുലേഷന്‍സ്.''
''താങ്ക്‌യു ഫാദര്‍.''
അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ സിസിലി നാരങ്ങാവെള്ളവുമായി വന്നു. നാരങ്ങാവെള്ളം കുടിച്ചു ഗ്ലാസ് തിരികെക്കൊടുക്കുമ്പോള്‍ വികാരിയച്ചന്‍ ചോദിച്ചു:
''ഇവള്‍ക്കു കല്യാണമൊന്നും ആലോചിക്കുന്നില്ലേ സിസിലി?''
''ആലോചിക്കുന്നുണ്ട് അച്ചോ. ഒന്നും ഒത്തുവരുന്നില്ല. അവളുടെ ഈ കാലു കാണുമ്പം വരുന്നോരൊക്കെ ഒന്നും മിണ്ടാതെ തിരിച്ചുപോക്വാ.'' 
''ഇത്തിരി ചട്ടുണ്ടെന്നല്ലേയുള്ളൂ. അതു വല്യ കുറവാണോ? ഒന്നുമല്ലെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരു മുഖമുണ്ടല്ലോ. പിന്നെ നല്ല സ്വഭാവോം.''
''സ്വഭാവമൊക്കെ ഇപ്പം ആര്‍ക്കുവേണം അച്ചോ. ഇന്നത്തെ ആമ്പിള്ളേര്‍ക്ക് അടിച്ചുപൊളിച്ചു നടക്കുന്ന പെമ്പിള്ളേരെയല്ലേ ഇഷ്ടം. അതല്ലെങ്കില്‍ കാശുവേണം. ഇതു രണ്ടും ഇവള്‍ക്കില്ലല്ലോ. ങ്ഹ, സമയമാകുമ്പം എല്ലാം നടക്കും അച്ചോ.'' സിസിലി ഒരു ദീര്‍ഘശ്വാസം വിട്ടു.
''എന്റെ ഒരകന്ന ബന്ധത്തിലുള്ള ഒരു പയ്യനുണ്ട്. ഒരു പാവം ചെക്കനാ. വല്യ പരിഷ്‌കാരിയൊന്നുമല്ല. ഒരുപാട് സാമ്പത്തികവുമില്ല. ഒരു പ്രൈവറ്റ് കമ്പനീല്‍ സാമാന്യം ശമ്പളത്തില്‍ ഒരു ജോലിയുണ്ട്. ഇവളെപ്പോലെ നല്ല ഭക്തിയും വിനയവുമൊക്കെയുള്ള ഒരു കൊച്ചനാ. കഴിഞ്ഞ ദിവസം ഞാനാലോചിച്ചപ്പം എനിക്കു തോന്നി ഇവള്‍ അവനു ചേരുമെന്ന്. ദൈവം തോന്നിപ്പിച്ചതാകും. ഞാനവനെ ഒന്നിങ്ങു പറഞ്ഞു വിടട്ടേ?''
''വിട്ടോ അച്ചോ. പിന്നെ, ഒരു കാര്യം പ്രത്യേകം പറഞ്ഞേക്കണം. കൊടുക്കാന്‍ ഒരുപാട് കാശൊന്നുമില്ല. നുള്ളിപ്പെറുക്കി ഇത്തിരി സ്വര്‍ണമോ മറ്റോ...'' 
''കാശു ചോദിച്ചു വരുന്നോരെയൊന്നും ഈ പടിക്കകത്തു കയറ്റരുത്. അങ്ങനെ വരുന്നോരൊന്നും കുടുംബജീവിതം ആഗ്രഹിച്ചു വരുന്നോരല്ല. ഞാനീ പറഞ്ഞ പയ്യന്‍ അത്തരക്കാരനല്ല. എനിക്കു നന്നായി അറിയാവുന്നതുകൊണ്ടാ ഞാന്‍ ഈ പ്രൊപ്പോസല്‍ കൊണ്ടുവന്നത്.''
''എങ്കില്‍ വന്നു കാണാന്‍ പറ അച്ചോ?''
''നിനക്ക് എതിര്‍പ്പു വല്ലോം ഒണ്ടോ കൊച്ചേ?''
അച്ചന്‍ എല്‍സയുടെ നേരേ തിരിഞ്ഞു. 
''ഇല്ലച്ചോ.''
''എന്നാ ഇനി സമയം കളയണ്ട. വെഞ്ചരിച്ചേക്കാം.'' അച്ചന്‍ എണീറ്റു മുറിയിലേക്കു കയറി. വെഞ്ചരിപ്പു കഴിഞ്ഞ് ഊറാറ എടുത്തു മടക്കിക്കൊണ്ടിരിക്കുമ്പോള്‍ എല്‍സ ചോദിച്ചു: ''കപ്പപുഴുങ്ങിയതും ഇറച്ചിക്കറിയുമുണ്ട്. ഇത്തിരി എടുക്കട്ടെ അച്ചോ?''
''ഇറച്ചിക്കറി നീ ഒണ്ടാക്കിയതാണോ?''
''അല്ല, അമ്മയാ.'' അവള്‍ ചിരിച്ചു.
''നിനക്ക് ഒണ്ടാക്കാനൊന്നും അറിഞ്ഞൂടേ.''
''അറിയാം അച്ചോ. ഇടയ്ക്ക് ഒണ്ടാക്കാറുണ്ട്. ഇതിപ്പം അമ്മ ഉണ്ടാക്കീന്നേയുള്ളൂ.''
''ങ്ഹ എടുക്ക്. നിന്റെ വീട്ടില്‍ വന്നിട്ട് ഒന്നും കഴിക്കാതെ പോയീന്നുള്ള പരാതി വേണ്ട.''
എല്‍സ അടുക്കളയിലേക്ക് ഓടി. അഞ്ചുമിനിറ്റിനുള്ളില്‍ കപ്പയും ഇറച്ചിക്കറിയും ടേബിളില്‍ നിരന്നു.
അച്ചന്‍ കൈകഴുകിയിട്ടുവന്ന് ടേബിളിനരികില്‍ കസേരയിലിരുന്നു. കപ്പ തിന്നുകൊണ്ടിരിക്കുമ്പോള്‍ അച്ചന്‍ പറഞ്ഞു:
''വല്യവല്യ കാശുകാരുടെ വീട്ടില്‍ ചെല്ലുമ്പം ടേബിളുനിറയെ വിഭവങ്ങളു നിരത്തീട്ട് വാ അച്ചാ വന്നു കഴിക്ക് എന്നു പറഞ്ഞുവിളിക്കും. ഞാന്‍ നോക്കുമ്പം എന്റെ പ്രായത്തിലുള്ളോര്‍ക്ക് തിന്നാന്‍ കൊള്ളാവുന്ന ഒന്നും കാണില്ല അവിടെ. വിളിച്ചതല്ലേന്നോര്‍ത്ത് അവരുടെ സന്തോഷത്തിനുവേണ്ടി എന്തെങ്കിലും ഇത്തിരി കഴിച്ചിട്ട് എണീറ്റുപോകും. അതേസമയം, ഇതുപോലുള്ള വീട്ടില്‍ വന്നാല്‍ ഞാന്‍ ചോദിച്ചു മേടിച്ചു കഴിക്കുകേം ചെയ്യും. കപ്പേം ചേമ്പും ചേനയുമൊക്കെ തിന്നുമ്പം കിട്ടുന്ന ആ രുചി ഇപ്പഴത്തെഏതു ഭക്ഷണത്തിനുണ്ട്?''
''അതൊന്നും പറഞ്ഞാല്‍ ഇപ്പഴത്തെ പിള്ളേരു സമ്മതിച്ചുതരില്ലച്ചോ.''
സിസിലി ചിരിച്ചു.
''അതെനിക്കറിയാം. കുഴിമന്തി, അല്‍ഫാം, ഷവര്‍മ ഇതൊക്കെയല്ലേ ഇപ്പഴത്തെ പിള്ളേരുടെ ഇഷ്ടഭക്ഷണം. പത്തുവയസ്സാകുമ്പോഴേക്കും ഇരുപതിന്റെ വളര്‍ച്ചയല്ലേ പിള്ളേര്‍ക്ക്.''
ഓരോന്നു സംസാരിച്ചിരുന്നു സമയംപോയതറിഞ്ഞില്ല. അച്ചന്‍ എണീറ്റു കൈകഴുകിയിട്ട് ടവ്വലെടുത്തു മുഖം തുടച്ചു. എന്നിട്ട് എല്‍സയെ നോക്കി പറഞ്ഞു:
''അടുത്ത ദിവസം ഞാന്‍ ആ പയ്യനെ ഇങ്ങു പറഞ്ഞുവിടാം. ദിവസോം സമയോം ഒക്കെ ഞാന്‍ ഫോണ്‍ വിളിച്ചു പറഞ്ഞേക്കാം. നീ തമ്പുരാനോടു പ്രാര്‍ഥിച്ചോ.''
എല്‍സ ചിരിച്ചുകൊണ്ട് തലകുലുക്കി. 
അച്ചന്‍ യാത്ര പറഞ്ഞ് പടിയിറങ്ങി കുടയും നിവര്‍ത്തി സാവധാനം നടന്നുപോകുന്നത് സിസിലിയും എല്‍സയും വരാന്തയില്‍ നോക്കിനിന്നു. എത്ര നല്ല അച്ചന്‍. എല്‍സയുടെ മനസ്സ് മന്ത്രിച്ചു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.ultraserver.io' (using password: YES)