•  21 Nov 2024
  •  ദീപം 57
  •  നാളം 37
നേര്‍മൊഴി

ചാവറപ്പിതാവിന് നവോത്ഥാനനായകപ്പട്ടം

ത്യത്തെ തമസ്‌കരിക്കാം, കുഴിച്ചുമൂടാം. എന്നാല്‍, എന്നന്നേക്കുമായി ഇല്ലാതാക്കാനാവുകയില്ലെന്ന ചിരപുരാതനസത്യത്തെ ഓര്‍മപ്പെടുത്തുന്നതാണ് ചാവറപ്പിതാവിന് കേരളനവോത്ഥാനനായകരുടെ പട്ടികയില്‍ ലഭിച്ച അംഗീകാരം. കേരളസമൂഹത്തില്‍ നവോത്ഥാനത്തിന്റെ ആദ്യവഴികള്‍ വെട്ടിയ ചാവറപ്പിതാവിനെ ചരിത്രകാരന്മാര്‍ കാണാമറയത്തു നിര്‍ത്തിയിരിക്കുകയായിരുന്നു. കാലം ആ തെറ്റ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. ഏഴാംക്ലാസ് സാമൂഹികശാസ്ത്രം പാഠപുസ്തകം നാലാമധ്യായത്തില്‍ ചാവറപ്പിതാവിന്റെ സംഭാവനകളെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത് സന്തോഷകരമാണ്.

സംഭവിച്ച കാര്യങ്ങളുടെ യഥാതഥമായ ആവിഷ്‌കാരമാണു ചരിത്രം. സംഭവങ്ങളുടെ കാരണക്കാരെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ അവതരണവും ചരിത്രം തന്നെ. ചരിത്രമെഴുതുന്നതിനുപകരം ചില കുബുദ്ധികളോ വര്‍ഗീയവാദികളോ തങ്ങള്‍ക്കിഷ്ടംപോല 'ചരിത്രനിര്‍മിതി' നടത്തി എന്നുള്ളതിനാല്‍ നവോത്ഥാനനായകരില്‍ മുന്‍നിരയില്‍ സ്ഥാനംപിടിക്കേണ്ടിയിരുന്ന ചാവറപ്പിതാവിനെ ഒഴിവാക്കിയിരുന്നു. ഈ അവഗണന ചാവറപ്പിതാവിനോടുമാത്രമല്ല, ക്രൈസ്തവമിഷനറിമാരോടും കേരളത്തിലെ ചരിത്രകാരന്മാര്‍ കാണിച്ചിട്ടുണ്ട്. കേരളചരിത്രവും ഇന്ത്യാചരിത്രവും രചിച്ച എ. ശ്രീധരമേനോന്‍പോലും ചാവറയച്ചന്റെ കാര്യം മറന്നുപോയി. പക്ഷേ, അദ്ദേഹം ക്രൈസ്തവമിഷനറിമാരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്.
എന്താണു നവോത്ഥാനം? അത് ചിന്തയുടെയും സംസ്‌കാരത്തിന്റെയും തലത്തിലുള്ള വിപ്ലവകരമായ മാറ്റമോ ഉയിര്‍ത്തെഴുന്നേല്‌പോ ആണ്. ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടിലും സാമൂഹികഘടനയിലും മൂല്യദര്‍ശനത്തിലും കാതലായ മാറ്റമുണ്ടായാല്‍ അതാണു നവോത്ഥാനം. 18, 19 നൂറ്റാണ്ടുകള്‍വരെയും കേരളത്തില്‍ ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന മതിലുകളുണ്ടായിരുന്നു. സാമൂഹിക അസമത്വങ്ങളും അയിത്തംപോലുള്ള ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ധാരാളമുള്ള നാടായിരുന്നു കേരളം. സവര്‍ണ, അവര്‍ണ വേര്‍തിരിവുകളും  ജന്മി, അടിമ വ്യവസ്ഥകളും കേരളമണ്ണിനെ ഭ്രാന്താലയമാക്കി മാറ്റിയിരുന്നു. ഈ സാമൂഹികവ്യവസ്ഥിതിക്കെതിരേ ആദ്യമായി പോരാടിയത് ക്രൈസ്തവമിഷനറിമാരായിരുന്നു എന്ന സത്യം ചരിത്രനിര്‍മാതാക്കള്‍ സൗകര്യപൂര്‍വം വിസ്മരിച്ചിരിക്കുകയായിരുന്നു.
1847 ല്‍ ക്രൈസ്തവമിഷനറിമാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനു നല്‍കിയ നിവേദനം നവോത്ഥാനത്തിന്റെ കാഹളമായി കണക്കാക്കാം. ദേശത്ത് അടിമവ്യാപാരം അവസാനിപ്പിക്കണം, എല്ലാവര്‍ക്കും തുല്യസ്വാതന്ത്ര്യം അനുവദിക്കണം, നാടിന്റെ പുരോഗതിക്കുവേണ്ടി അടിയന്തരനടപടികള്‍ സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുണ്ടായിരുന്നത്. തൊഴിലാളികളെ കിട്ടില്ലെന്ന കാരണം പറഞ്ഞ് ജന്മിമാര്‍ ഈ നിവേദനത്തെ എതിര്‍ത്തുവെന്നുള്ളതു ചരിത്രസത്യം.
നവോത്ഥാനത്തിന്റെ ഊര്‍ജം വിദ്യാഭ്യാസമാണെന്നു ക്രൈസ്തവമിഷനറിമാര്‍ ഉറച്ചുവിശ്വസിച്ചു. അതിന്റെ ഭാഗമായി പാശ്ചാത്യവിദ്യാഭ്യാസവും സ്വതന്ത്രചിന്തയും അവര്‍ പ്രചരിപ്പിച്ചു. 1806-16 കാലഘട്ടത്തില്‍ തെക്കന്‍തിരുവിതാംകൂറില്‍ പലയിടങ്ങളിലും വിദ്യാലയങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്‍ വിദ്യാഭ്യാസരംഗത്തേക്കു കടന്നുവന്നത്. 1846 ല്‍ അദ്ദേഹം മാന്നാനത്ത് ഒരു സംസ്‌കൃതസ്‌കൂള്‍ ആരംഭിച്ചു. സാമൂഹികകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു സംരംഭമായിരുന്നു അത്. കാരണം, സംസ്‌കൃതഭാഷ സവര്‍ണര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. അവര്‍ണരും പിന്നാക്കക്കാരുമൊക്കെ സംസ്‌കൃതം പഠിക്കുന്നതു ധിക്കാരമായി കണക്കാക്കപ്പെട്ടിരുന്നു.
കേരളത്തിലെ ഇന്നത്തെ വിദ്യാഭ്യാസപുരോഗതിക്കു കാരണമായിത്തീര്‍ന്ന 'പള്ളിയോടൊപ്പം പള്ളിക്കൂടം' എന്ന പ്രഖ്യാപനമുണ്ടായത് 1864 ലായിരുന്നു. അന്നു ചാവറയച്ചന്‍ കേരളകത്തോലിക്കാസഭയുടെ വികാരി ജനറാളായിരുന്നു. തന്റെ സ്‌കൂളുകളില്‍ അദ്ദേഹം ജാതിഭേദം നോക്കാതെ വിദ്യാര്‍ഥികളെ ഒരു ബെഞ്ചിലിരുത്തി പഠിപ്പിച്ചു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി. ഇപ്പോള്‍ സ്‌കൂളുകളില്‍ നിലവിലുള്ള ഉച്ചക്കഞ്ഞിസമ്പ്രദായത്തിന്റെ തുടക്കക്കാരന്‍ ചാവറയച്ചനാണ്.
കേരളനവോത്ഥാനനായകപട്ടികയില്‍ ശ്രീനാരായണഗുരുവും (1856) ചട്ടമ്പിസ്വാമികളും (1854), അയ്യങ്കാളിയും (1863), വാക്ഭടാനന്ദനും (1884), പണ്ഡിറ്റ് കെ.പി. കറുപ്പനും (1885), വക്കം അബ്ദുള്‍ഖാദര്‍ മൗലവിയും (1873), വി.ടി. ഭട്ടതിരിപ്പാടും (1896) സ്ഥാനം പിടിച്ചിട്ടും ഇവര്‍ ജനിക്കുന്നതിന് അര നൂറ്റാണ്ടുമുമ്പു ജനിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയ ചാവറപ്പിതാവിനെ തമസ്‌കരിച്ചതിനും തിരസ്‌കരിച്ചതിനും ചരിത്രം ഇപ്പോള്‍ പ്രായശ്ചിത്തം ചെയ്തിരിക്കുന്നു. ചാവറപ്പിതാവ് ജനിച്ചത് 1805 ലാണ്. അതായത്, ശ്രീനാരായണഗുരു ജനിക്കുമ്പോള്‍ നവോത്ഥാനായകനായ ചാവറപ്പിതാവിന് 51 വയസ്സ്.
ചരിത്രത്തിന്റെ മുഖ്യധാരയില്‍നിന്നു ചാവറപ്പിതാവിനെ അകറ്റിനിര്‍ത്തിയതില്‍ ചരിത്രകാരന്മാര്‍മാത്രമല്ല, മാറിമാറി വന്ന ഭരണകൂടങ്ങളും കാരണക്കാരാണ്. അതിനു ന്യായമായ പരിഹാരമുണ്ടാകണം. ക്രാന്തദര്‍ശിയും ഭാഷാസ്‌നേഹിയും ബഹുഭാഷാപണ്ഡിതനും സമുദായനേതാവുമായ ചാവറപ്പിതാവിന് അര്‍ഹമായ സ്മാരകങ്ങളാവശ്യമാണ്. ചാവറപ്പിതാവിന്റെപേരില്‍ സര്‍വകലാശാലയോ സര്‍വകലാശാലകളില്‍ പ്രത്യേക ചെയറുകളോ ആകാം. നേരത്തേ പട്ടികയിലുണ്ടായിരുന്ന നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ചത് അവരവരുടെ സമുദായോന്നതിക്കുവേണ്ടിയിട്ടായിരുന്നു. എന്നാല്‍, ചാവറപ്പിതാവ് കേരളസമൂഹത്തെ ഒന്നായിക്കണ്ടു. അദ്ദേഹത്തിന്റെ ചിന്തയിലും ദര്‍ശനത്തിലും പ്രവൃത്തിയിലും ഭിന്നിപ്പിന്റെയോ വിഭാഗീയതയുടെയോ വിവേചനത്തിന്റെയോ മതിലുകള്‍ ഉണ്ടായിരുന്നില്ല.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)