•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ഇടം

വീടിനടുത്തുള്ള എട്ടു വീടുകളില്‍ രാവിലെ എരുമപ്പാലും പച്ചക്കറികളും എത്തിച്ചതിനുശേഷം ജിനേഷ് വീട്ടില്‍ മടങ്ങിയെത്തി. സെക്കന്റ് ഹാന്‍ഡ് വാങ്ങിയ ഹീറോ ഹോണ്ടാ ബൈക്ക് വീടിന്റെ ഇറയത്തു വച്ചു. അവന്റെയൊപ്പം കോണ്‍സ്റ്റബിള്‍ സാബുവും ഉണ്ടായിരുന്നു. 
''സാബുസാറിന് ഞാന്‍ ശരിക്കുമൊരു കട്ടപ്പാരയാണല്ലേ?'' ജിനേഷ് തന്റെ സെക്യൂരിറ്റിയോടു പറഞ്ഞു.
''ഓ...  സാരമില്ല. ഇതൊക്കെ നമ്മടെ ജോലീടെ ഭാഗമല്ലേ? ചീഞ്ഞഴുകിയ ശവത്തിനു കാവല്‍ നിന്നിട്ടുണ്ട്. ആഴ്ച രണ്ടായ ഒരു പെണ്ണിന്റെ ശവം മാന്തിയെടുക്കാനും പോയിട്ടുണ്ട്. അതൊക്കെ വച്ചുനോക്കുമ്പം ഇതു വെറും നിസ്സാരം.''
കോണ്‍സ്റ്റബിള്‍ സാബു പ്രതികരിച്ചു. 
ജിനേഷ് വിരസമായി പുഞ്ചിരിച്ചു.
''സാബു സാറ് ഇന്നലെ നൈറ്റ് ഡ്യൂട്ടിയിലായിരുന്നെന്നു പറഞ്ഞല്ലോ. കുറെനേരംകൂടെ കിടന്നുറങ്ങിക്കോ. ഇനിയിപ്പഴ് ആരും എന്നെ പിടിക്കാന്‍ വരില്ല.''
''സന്തോഷം. കണ്ണുപുളിക്കുന്നുണ്ട്. എന്തെങ്കിലും വിഷയമുണ്ടായാല്‍ വിളിച്ചേക്കണേ.'' കോണ്‍സ്റ്റബില്‍ ഇറയത്തെ ഷെഡ്ഡിലേക്കു പോയി.
ജിനേഷിന് പിന്നെയും ധാരാളം ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. അവന്‍ ബക്കറ്റുമെടുത്ത് കിണറിനടുത്തേക്കു നടന്നു. രാവിലെ പതിവില്ലാതെ ഒരു മഴ യുടെ ഭാവമുണ്ട്. ബക്കറ്റില്‍ നിറയെ വെള്ളവുമായി എരുമക്കൂട്ടിലേക്കു പോയി. തൊഴുത്തു വൃത്തിയാക്കിയശേഷം അവന്‍ എരുമയെ കുളിപ്പിച്ചു. ആ ചുറ്റുവട്ടത്ത് എരുമയെ വളര്‍ത്തുന്നത് ജിനേഷ് മാത്രമാണ്. എരുമപ്പാലിനും തൈരിനുമൊക്കെ നല്ല ഡിമാന്റുണ്ട്. തുള്ളിവെള്ളപോലും ചേര്‍ക്കാതെ പാല് വീടുകളില്‍ രാവിലെ എത്തിച്ചുകൊടുക്കും. വീടിനോടു ചേര്‍ന്ന് എട്ടുസെന്റ് സ്ഥലമേയുള്ളൂ. അവിടെ മുഴുവന്‍ കൃഷിയാണ്. രാസവളം ചേര്‍ക്കാത്ത, കീടനാശിനി തളിക്കാത്ത ജൈവകൃഷി. പാവലും പയറും വെണ്ടയും തക്കാളിയും കാബേജും വഴുതനയുമൊക്കെ സമൃദ്ധമായി വളരുന്നു. എരുമച്ചാണകവും മൂത്രവും ചാരവും മാത്രമാണ് വളം. പാല്‍ കൊടുക്കുന്ന വീടുകളിലെല്ലാം പച്ചക്കറിയും ജിനേഷ്തന്നെ കൊടുക്കും. ചിലരൊക്കെ മാര്‍ക്കറ്റിലുള്ളതിനെക്കാള്‍ അല്പം വില കൂടുതല്‍ നല്‍കി അവനെ പ്രോത്സാഹിപ്പിക്കാറുണ്ട്. തൊഴുത്തില്‍ നിന്നിറങ്ങി കിണറ്റില്‍ കരയില്‍ ചെന്ന് അവന്‍ കുളിയാരംഭിച്ചു. ചന്ദ്രികസോപ്പു തേച്ചു കുളിച്ചെങ്കിലേ ദേഹത്തെ എരുമമണം പോകുകയുള്ളൂ. കുളികഴിഞ്ഞ് വീട്ടിലെക്കെത്തിയപ്പോള്‍ സന്ധ്യച്ചേച്ചി തിരക്കിട്ട് തയ്യല്‍ ജോലി തുടങ്ങിക്കഴിഞ്ഞു. പ്രദേശത്തെ മികച്ച തയ്യല്‍ക്കാരിയാണ് മുപ്പത്തിയഞ്ചിലും കല്യാണഭാഗ്യമുണ്ടാകാത്ത സന്ധ്യ. ആത്‌സ്മാ അസുഖമുള്ള അമ്മ സരോജം അപ്പോഴും കിടക്കുകയാണ്.
ജിനേഷ് ലുങ്കിയും ടീഷര്‍ട്ടുമിട്ട് റൗണ്ടുചീപ്പുകൊണ്ട് മുടി ചീകുമ്പോള്‍ മുറ്റത്ത് ആരുടെയോ കാല്‍പ്പെരുമാറ്റമുണ്ടായി.
അവന്‍ ഉമ്മറത്തേക്കുചെന്ന് വാതില്‍ തുറന്നു.
ജിനേഷ് അതിശയിച്ചുപോയി. അവിടെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരതിഥി! നിറദീപംപോലെ അഴകുള്ള അഡ്വ. സുമിത്രാ മോഹന്‍.
''അയ്യോ! സുമിത്ര സാര്‍! ഇതെങ്ങനെയിവിടെയെത്തി? ഇത്ര രാവിലെ? കാറെവിടെയിട്ടു?
''ഞാനൊരിക്കല്‍ പറഞ്ഞില്ലേ വരുമെന്ന്. വന്നു.''
''ഒത്തിരിപ്പേരോടു ചോദിച്ചു ബുദ്ധിമുട്ടിക്കാണും.''
''ഒന്നുമില്ല. നീ നാട്ടിലെ ഒരു ചെറിയ പാരയല്ലേ? എല്ലാവര്‍ക്കുമറിയാം.'' സുമിത്ര ചിരിച്ചു.
''വാ... ഇങ്ങോട്ടു കയറി വാ അവിടെ നില്‍ക്കാതെ.'' ജിനേഷ് വെപ്രാളപ്പെട്ടു.
''വരാം. ആദ്യം തന്റെ കൊട്ടാരമൊന്നു കാണട്ടെ. ചെറുത്. സിംപിള്‍. ഹൈജെനിക്. എനിക്കിഷ്ടായി.''
സംസാരംകേട്ട് അമ്മ സരോജവും സന്ധ്യയും അങ്ങോട്ടു വന്നു.
'അമ്മേ. സന്ധ്യച്ചേച്ചീ, ഇതാ ഞാന്‍ പറയാറുള്ള സുമിത്ര വക്കീല്‍.''
''വാ മക്കളേ, അകത്തേക്കിരിക്കാം. ഇവിടെ സൗകര്യമൊക്കെക്കുറവാ.'' സരോജം ചിരിച്ചുകൊണ്ടു പറഞ്ഞു.
സുമിത്ര വീട്ടിലേക്കു കയറി. സന്ധ്യ തിടുക്കത്തില്‍ പ്ലാസ്റ്റിക് കസേര പൊടി തുടച്ച് നീക്കിയിട്ടു. സുമിത്ര കസേരയിലിരുന്നു.
''എന്താ കുടിക്കാന്‍ ഇഷ്ടം? ചായയോ കാപ്പിയോ?'' സന്ധ്യ ചോദിച്ചു.
''ചായയാണു പതിവ്.''
''എന്നാ നിങ്ങള് മിണ്ടിപ്പറയ്.'' അങ്ങനെ പറഞ്ഞ് സരോജം അടുത്ത മുറിയിലേക്കു പോയി. സന്ധ്യ അടുക്കളയിലേക്കും.
''സുമിത്ര സാറ് ഒന്നു പറഞ്ഞിട്ടു വന്നില്ലല്ലോ? ഞങ്ങള്‍ക്കാകെ ചമ്മലായി.'' ജിനേഷ് പറഞ്ഞു.
''പറഞ്ഞിട്ടു വന്നിരുന്നെങ്കിലോ?''
''ഇഷ്ടമുള്ള സാധനം കപ്പ ബിരിയാണിയല്ലേ? അതുണ്ടാക്കി വയ്ക്കുമായിരുന്നു.''
''അതു കഴിക്കാനൊരു ദിവസം വരാം. നമ്മുടെ കേസൊക്കെ തീര്‍ന്ന് പുഴക്കരബംഗ്ലാവ് പൊടിപൊടിയാക്കിക്കഴിഞ്ഞ് സന്തോഷത്തോടെ കഴിക്കണം.''
''ക്ഷണിച്ചിരിക്കുന്നു.''
''ജിനേഷിനു ഭീഷണിയുണ്ടായെന്നും പോലീസ് പ്രൊട്ടക്ഷന്‍ കിട്ടിയെന്നുമൊക്കെ കേട്ടിട്ട്?''
''പോലീസുകാരന്‍ ഇവിടെയുണ്ട്. സ്റ്റേഷനീന്ന് മാറിമാറി കോണ്‍സ്റ്റബിള്‍മാരെ വിടുകയാ. ഇപ്പം പ്രശ്‌നമില്ലാത്തതുകൊണ്ട് ആള് കിടന്നുറങ്ങുകാ.''
''പെട്ടെന്ന് പ്രൊട്ടക്ഷന്‍ കിട്ടിയത് നന്നായി. കേസുവാദിക്കുമ്പോള്‍ നമുക്കതുമൊരു ബലമാ. എതിര്‍കക്ഷി ഇമ്മോറലാണെന്നു തെളിയിക്കാന്‍ പറ്റും.''
''കളക്ടര്‍ വളരെ നല്ലയാള്. ഭീഷണി വന്നത് രാത്രി പതിനൊന്നുമണിക്കാ. ശരിക്കും ഞാന്‍ വിരണ്ടുപോയി. അപ്പഴേ കളക്ടറെ വിളിച്ചു. മൂന്നാമത് റിങ് ചെയ്തപ്പോളവരെടുത്തു. വെളുപ്പിന് രണ്ടുമണി കഴിഞ്ഞപ്പോള്‍ പോലീസ് സംഘം ഇവിടെത്തി. തോക്കുള്ള ഒരാളെ കാവലാക്കീട്ടു പോയി.''
''കാലന്‍മാത്തന്റെ മകള്‍ സലോമിയല്ലേ ഇവിടുത്തെ കളക്ടര്‍. സബ്കളക്ടറായിരുന്നപ്പം തന്നെ പേരെടുത്തയാളാ.''
''സുമിത്രസാററിയുമോ?''
''ഇല്ല. എനിക്കു പരിചയമില്ല.''
''സലോമി ഇവിടെ കളക്ടറായി വന്നത് നമ്മുടെ ഭാഗ്യം. വഴങ്ങുന്നയാളല്ല. പുഴക്കര വക്കച്ചനെ പേടിച്ച് വോളണ്ടയറി റിട്ടയര്‍മെന്റ് വാങ്ങി പോയതാ മുന്‍ കളക്ടര്‍. മിക്കവാറും ഉദ്യോഗസ്ഥന്മാര് പേടിത്തൊണ്ടന്മാരാ. മാത്തന്റെ മകള്‍ ശരിക്കും സിംഹക്കുട്ടിയാ.''
''എനിക്കതു തോന്നി. വക്കച്ചന്റെ വീട്ടില്‍ നേരിട്ടുചെന്ന് ഇറങ്ങിമാറണോന്ന് പറഞ്ഞുകഴിഞ്ഞു.''
''വക്കച്ചനിപ്പോള്‍ കളിക്കുന്ത് വൈകല്യം ബാധിച്ച മകളെ വച്ച് സിംബതി കോര്‍ണറിലാ. സുപ്രീം കോടതിയില്‍ കേസുപിടിച്ചിരിക്കുന്നത് വമ്പന്‍ വക്കീലുമാണ്. എന്തുവന്നാലും, ആരു വാദിച്ചാലും നമ്മളുതന്നെ കേസ് ജയിക്കും.''
''പുറമ്പോക്ക് അളന്നു തിരിച്ചതില്‍ തെറ്റുണ്ടെന്നു പറഞ്ഞ് വീണ്ടും അളപ്പിക്കാനും നീക്കം നടത്തുന്നുണ്ടെന്നു കേട്ടു.''
''അതൊന്നുമിനി നടപ്പില്ല. സുപ്രീംകോടതിയില്‍നിന്ന് അടുത്തയാഴ്ചയില്‍ ഒരു തീര്‍പ്പുണ്ടാകും. നൂറു ശതമാനവും അതു നമുക്കനുകൂലമായിരിക്കും. പിടിവിട്ടുപോകുമ്പോള്‍ വക്കച്ചനെപ്പോലൊരാള്‍ എങ്ങനെ റിയാക്ട് ചെയ്യുമെന്നു പറയാന്‍ പറ്റില്ല. അതുകൊണ്ട് നീ വളരെയധികം സൂക്ഷിക്കണം. നമ്മള് പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍നിന്ന് ഒറ്റും ചതിയുമുണ്ടാകും.''
''പോലീസിനെ അവിശ്വസിക്കണോ?''
''ആര്, എങ്ങനെ എന്നൊന്നും നമുക്കു പറയാന്‍ കഴിയില്ല. പതിനഞ്ചുവര്‍ഷംമുമ്പാണ് കാലന്‍മാത്തന്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഗുണ്ടകള്‍തമ്മിലുള്ള പക പോക്കലാണെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. നാലു പ്രതികളെ അറസ്റ്റു ചെയ്തു. വ്യക്തമായി കുറ്റകൃത്യം പ്രതികളുടെമേല്‍ തെളിയിക്കുവാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. നാലു പേരും രക്ഷപ്പെട്ടു.''
''അപ്പീലൊന്നുമുണ്ടായില്ല. 
''മാത്തന് ആരുമുണ്ടായിരുന്നില്ല. പാവം പിടിച്ച കെട്ടിയവള്‍ മകള്‍ സലോമിയോടൊപ്പം ഒരു കോണ്‍വെന്റില്‍ അഭയം തേടി. അവിടുത്തെ കുശിനിക്കാരിയായി ജീവിച്ചു. ഇന്നും ജീവിക്കുന്നു. മകള് പഠിച്ചുയര്‍ന്ന് കളക്ടറുമായി.''
''മാത്തനെ വക്കച്ചന്‍ കൊല്ലിച്ചതാണെന്നൊരു പറച്ചിലുണ്ട്.'' മരണത്തിനു പിന്നില്‍ പുഴക്കര  വക്കച്ചന്‍തന്നെയാണ്. മാത്തന്റെ മരണത്തില്‍ ശരിക്കൊരന്വേഷണം ഇന്നു നടന്നാലും അതു തെളിയും.''
''വിശ്വസ്തനായ ഗുണ്ടയെ എന്തിനായിരിക്കും അയാള്‍ നീചമായി കൊലപ്പെടുത്തിയത്?''
''മാത്തന്റെ മരണത്തോടെ അവന്റെ സുന്ദരിയായ ഭാര്യ സെലീന തന്നെ അഭയം പ്രാപിക്കുമെന്ന് വക്കച്ചന്‍ കരുതി. മാത്തനുള്ളപ്പോള്‍ തന്റെയാഗ്രഹം നടക്കില്ലെന്ന വിചാരവും വക്കച്ചനുണ്ടായിരുന്നു. ആഗ്രഹമൊന്നും നടന്നില്ല. പിറ്റേവര്‍ഷം വക്കച്ചന്റെ ഏക മകന്‍ അജ്ഞാതരോഗം ബാധിച്ചു മരിച്ചു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ മകള്‍ സ്‌ട്രോക്കു വന്ന് കിടപ്പിലുമായി. ഈശ്വരന്റെ കോടതിയില്‍ വക്കച്ചന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.'' 
ജിനേഷ് മിഴിച്ചിരുന്നു.
അപ്പോള്‍ സന്ധ്യ മനോഹരമായ ട്രേയില്‍ ചായയും കായ വറുത്തതുമായി കടന്നുവന്നു. മുറിയിലുണ്ടായിരുന്ന ചെറിയ ടീപ്പോയില്‍ ട്രേ വച്ചിട്ട് അവള്‍ ചായക്കപ്പ് കൈയിലെടുത്ത് സുമിത്രയ്ക്കു നല്കി. പുഞ്ചിരിയോടെ അവള്‍ കപ്പുവാങ്ങി. ജിനേഷ് ട്രേയില്‍നിന്ന് അവനുള്ള ചായയും കൈയിലെടുത്തു. അവര്‍ കുടിക്കുന്നതു നോക്കി സന്ധ്യ അരികെ നിന്നു.
''നന്നായോ എന്നറിയില്ല.'' സന്ധ്യപതിയെപ്പറഞ്ഞു.
''ചായ സൂപ്പര്‍.'' സുമിത്ര പ്രതികരിച്ചു.
അരമണിക്കൂറോളം ജിനേഷും സുമിത്രയും സംസാരിച്ചുകൊണ്ടിരുന്നു. പിന്നെ സുമിത്ര പോകാനെഴുന്നേറ്റു.
അതുകണ്ട്, ജിനേഷ് ചെറിയ തുണിസഞ്ചിയുമായി തൊടിയിലേക്കോടി. പയറും വെണ്ടയ്ക്കയും തക്കാളിയും ചീരയിലയുമൊക്കെ ശേഖരിച്ച് സഞ്ചിയിലാക്കി. സരോജത്തോടും സന്ധ്യയോടും യാത്രപറഞ്ഞ് മുറ്റത്തേക്കിറങ്ങി സുമിത്രയുടെയടുത്തേക്ക് ജിനേഷെത്തി.
''ഇതെന്താ സഞ്ചിയില്?'' സുമിത്ര കൗതുകത്തോടെ നോക്കി.
''കാശുവാങ്ങാതെ സുപ്രീംകോടതിയില്‍ കേസുവാദിക്കുന്ന വക്കീല്‍ സാറിന് ഒരു ചെറിയ സമ്മാനം.''
''നല്ല കാര്യം. ഒന്നുരണ്ടുനേരം വിഷമില്ലാത്തു കഴിക്കാമല്ലോ! അവള്‍ പറഞ്ഞു.
''ഞാനിത് കാറിനടുത്തുവരെ കൊണ്ടുവന്നുതരാം.'' ജിനേഷ് സന്നദ്ധത അറിയിച്ചു.
''ഒന്നും വേണ്ട. ഇങ്ങു തന്നേക്ക്.'' ജിനേഷ് ഇവിടുത്തെ കാര്യങ്ങള്‍ ചെയ്‌തോളൂ.'' പച്ചക്കറിസഞ്ചിയും വാങ്ങി അഡ്വക്കേറ്റ് സുമിത്ര കാറിനടുത്തേക്കു നടന്നു.


 (തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)