•  4 Jul 2024
  •  ദീപം 57
  •  നാളം 17
നേര്‍മൊഴി

മോദിയുടെ മൂന്നാമൂഴം കരുതലോടെ

370-400 സീറ്റുമോഹത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട മോദിസര്‍ക്കാരിനു പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല. അത്രയുംകൂടുതല്‍ സീറ്റ് എന്തിനാണെന്നു പാര്‍ട്ടിഭേദമെന്യേ പലരും ചിന്തിച്ചതിന്റെ ഫലമായിരുന്നു സഖ്യകക്ഷികളുടെ സഹായത്തോടെ ഭൂരിപക്ഷം ഉറപ്പിക്കേണ്ട അവസ്ഥ. ഭരണഘടന ഭേദഗതി ചെയ്യാന്‍തക്ക ഭൂരിപക്ഷം നല്‍കേണ്ടതില്ലെന്നു ജനം തീരുമാനിച്ചു. ഹിന്ദുരാഷ്ട്രം വേണ്ടാ, ഇന്ത്യാരാജ്യം മതി എന്നു ജനം നിശ്ചയിച്ചു. കോണ്‍ഗ്രസ്മുക്തഭാരതം, പ്രതിപക്ഷമില്ലാത്ത ഭാരതം തുടങ്ങിയ മോദിമുദ്രാവാക്യങ്ങളെ ജനം കടലില്‍ തള്ളി. ജനാധിപത്യം നിലനില്ക്കണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കപ്പെടണം. അതിനുതകുന്ന ജനവിധിയാണുണ്ടായത്. ജനാധിപത്യത്തില്‍ പ്രധാനപ്പെട്ടത് മുന്നണിയോ പാര്‍ട്ടിയോ നേതാവോ അല്ല, ജനമാണ് അധികാരികളെന്നു ബാലറ്റിലൂടെ ജനം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്.
രാഷ്ട്രീയപ്രവര്‍ത്തനം ജനസേവനമാണെന്നു പലരും മറന്നുപോകുന്ന കാലമാണിത്. അധികാരം ദുഷിപ്പിക്കും, പരമാധികാരം പൂര്‍ണമായും ദുഷിപ്പിക്കുമെന്ന ആപ്തവാക്യം സത്യമാണെന്നു ജനം അനുഭവിച്ചറിയുന്ന കാലമാണിത്. ധിക്കാരവും ഗര്‍വും അവഗണനയും ആരും വകവച്ചുകൊടുക്കുകയില്ല. കേരളത്തിലും കേന്ദ്രത്തിലും അതിനുള്ള സൂചനകളുണ്ടായി. രാഹുലിനെ വെല്ലുവിളിക്കുകയും കോണ്‍ഗ്രസിനെ പുച്ഛിക്കുകയും ചെയ്ത സ്മൃതി ഇറാനിയെ ജനം വീട്ടിലിരുത്തി. പ്രധാനമന്ത്രിയും ഉപേക്ഷിച്ചു. എതിര്‍സ്ഥാനാര്‍ഥി നെഹ്‌റുകുടുംബത്തിലെ വീട്ടുവേലക്കാരനാണെന്ന് ആക്ഷേപം പറഞ്ഞ ഇറാനി അദ്ദേഹത്തോടു തോറ്റത്  ഒന്നരലക്ഷത്തോളം വോട്ടിന്റെ വ്യത്യാസത്തിലാണ്. പ്രധാനമന്ത്രി മോദിയുടെ മുഖത്തും അടികിട്ടി. നാലേമുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിനു മുകളില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനു വലിയ തിരിച്ചടിയുണ്ടായി. ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക് ഒതുക്കി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി പിന്നില്‍പ്പോവുകപോലും ചെയ്തു. എങ്കിലും പ്രധാനമന്ത്രിയെ തള്ളാന്‍ ജനം തയ്യാറായില്ല. കാരണം, അദ്ദേഹം കരുത്തനാണ്. അദ്ദേഹത്തിനു തുല്യനായ മറ്റൊരാളെ ഒരു മുന്നണിയിലും കണ്ടെത്താന്‍ ജനത്തിനു കഴിഞ്ഞിട്ടില്ല.
സാഹചര്യങ്ങളെല്ലാം വിലയിരുത്തി കരുതലോടെയാണ് മോദിസര്‍ക്കാര്‍ മൂന്നാമങ്കത്തിനിറങ്ങുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യം ഒപ്പിട്ടത് പി.എം. കിസാന്‍ സമ്മാന്‍ 17-ാം ഗഡു നല്‍കാനാണ്. കര്‍ഷകപ്രതിഷേധം പല സംസ്ഥാനങ്ങളിലും മോദി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. 9.3 കോടി കര്‍ഷകര്‍ക്കായി 20,000 കോടി രൂപയാണ് ഈ പദ്ധതിപ്രകാരം ലഭിക്കുക. എന്നാലിത് പുതിയ പ്രഖ്യാപനമല്ല, നേരത്തേ നല്‍കേണ്ടിയിരുന്നത് പെരുമാറ്റച്ചട്ടം  മാറിയപ്പോള്‍ നല്‍കി എന്നതാണു സത്യമെന്നു കോണ്‍ഗ്രസ് വിമര്‍ശിക്കുകയുണ്ടായി. മൂന്നു കോടി പുതിയ വീടുകള്‍ അനുവദിച്ചതും പുതിയ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പുസമ്മാനമായി കരുതാം.
കേവലഭൂരിപക്ഷമില്ലെങ്കിലും മന്ത്രിസഭാരൂപീകരണത്തില്‍ സഖ്യകക്ഷികളുടെ  സമ്മര്‍ദത്തിനു പ്രധാനമന്ത്രി കീഴടങ്ങിയിട്ടില്ല. പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും ബിജെപി നിലനിര്‍ത്തി. പ്രതിരോധം, ആഭ്യന്തരം, ധനം, റോഡുഗതാഗതം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ പഴയ സാരഥികളെത്തന്നെ ഏല്പിച്ചു. 72 അംഗമന്ത്രിസഭയില്‍ 60 പേരും ബിജെപിക്കാരാണ്. മന്ത്രിമാരില്‍ 30 പേര്‍ കാബിനറ്റ് പദവിയുള്ളവരും 5 പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്. ദേശീയസുരക്ഷാകൗണ്‍സിലില്‍ ഇത്തവണയും ബി.ജെ.പി. അംഗങ്ങള്‍മാത്രം. ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനം എന്നീ വകുപ്പുകളുടെ മന്ത്രിമാരാണ് ദേശീയസുരക്ഷാകൗണ്‍സിലില്‍ അംഗങ്ങളാവുക.
ബിജെപിക്കു മേല്‍ക്കൈയുള്ള മന്ത്രിസഭയാണെങ്കിലും കഴിഞ്ഞ രണ്ടു മന്ത്രിസഭകളിലും ഉണ്ടായിരുന്നത്ര സ്വാതന്ത്ര്യം ഇത്തവണ പ്രധാനമന്ത്രിക്കു ലഭിക്കില്ല. മാത്രവുമല്ല, ബിജെപിയുടെ പ്രത്യേക അജണ്ടകള്‍ നടപ്പിലാക്കാനും കഴിയില്ല. ഭരണഘടനാഭേദഗതിയും ഏകീകൃതസിവില്‍കോഡുമൊന്നും എളുപ്പത്തില്‍ സാധിക്കുകയില്ല. എന്‍ഡിഎ സഖ്യകക്ഷികളുടെ നിലപാടുകളും ശക്തിപ്രാപിച്ച പ്രതിപക്ഷത്തിന്റെ നിലപാടുകളും മൂന്നാം മോദിസര്‍ക്കാരിനു നിര്‍ണായകമാകും. ഒരു കാര്യം തീര്‍ച്ചയാണ്: ഭരണം ഇത്തവണ മെച്ചപ്പെടും. ജനഹിതം മാനിക്കപ്പെടും. പാര്‍ലമെന്റില്‍ ചര്‍ച്ചകളുണ്ടാകും. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടാകില്ല. ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതിനു സമവായം ആവശ്യമായിവരും. ഇതൊക്കെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും.
കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു മതിയായ പ്രാതിനിധ്യം ലഭിച്ചത് സന്തോഷകരമാണ്. തൃശൂര്‍കാര്‍ വിജയിപ്പിച്ച സുരേഷ് ഗോപിക്ക് അര്‍ഹിച്ച പദവി ലഭിച്ചില്ലെന്ന പരാതികള്‍ക്ക് ദീര്‍ഘായുസുണ്ടാകില്ല. സിനിമ ചെയ്തുതീര്‍ക്കാനും ഭരണകാര്യങ്ങളില്‍ പരിചയം നേടാനും സഹമന്ത്രിസ്ഥാനമാണു തനിക്ക് ഇണങ്ങുന്ന കുപ്പായമെന്നു മന്ത്രിക്കു തോന്നിയാല്‍ പ്രശ്‌നം തീര്‍ന്നു. ലഭിച്ച വകുപ്പുകള്‍ നല്ലതാണ്-ടൂറിസം, പെട്രോളിയം-പ്രകൃതിവാതകം. ജനപക്ഷനിലപാടുള്ള സുരേഷ് ഗോപിയില്‍ കേരളം വലിയ പ്രതീക്ഷയാണു വയ്ക്കുന്നത്. കേരളത്തിനു ലഭിച്ച രണ്ടാം മന്ത്രിസ്ഥാനം അല്‍ഹതയ്ക്കുള്ള അംഗീകാരമാണ്. ജോര്‍ജ് കുര്യന്‍ അടിമുടി ബിജെപിക്കാരനാണ്. വിദ്യാര്‍ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തില്‍ വരുകയും 1980 ല്‍ ബിജെപി രൂപംകൊണ്ടപ്പോള്‍ ഒരു പ്രതീക്ഷയുമില്ലാതെ അതിന്റെ ഭാഗമാവുകയും പാര്‍ട്ടിക്കുവേണ്ടി പല തോല്‍വികളും ഏറ്റുവാങ്ങുകയും ചെയ്ത ഒരു സാധാരണപ്രവര്‍ത്തകനായിരുന്നു ജോര്‍ജ് കുര്യന്‍. ദേശീയന്യൂനപക്ഷകമ്മീഷനംഗം, അതിന്റെ വൈസ്‌ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ള  ജോര്‍ജ് കുര്യന് പാര്‍ട്ടിക്കുള്ളില്‍ നല്ല സ്ഥാനമുണ്ടെന്ന് അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധി നമ്മെ ഓര്‍മപ്പെടുത്തുന്നു. കേരളത്തിനു പ്രയോജനകരമായ വകുപ്പുകളാണു ലഭിച്ചിട്ടുള്ളത്. ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം. രണ്ടു മന്ത്രിമാരും ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ളവരും മാന്യരും ഉപകാരികളുമാണ്. രണ്ടുപേരും മതവിശ്വാസികളും മതേതരവാദികളുമാണ്. ഇരുവര്‍ക്കും ആശംസകള്‍.

 

Login log record inserted successfully!