•  4 Jul 2024
  •  ദീപം 57
  •  നാളം 17
നേര്‍മൊഴി

ബിജെപിക്ക് ക്ഷീണം സംഭവിച്ചാല്‍ ഉത്തരവാദി ആര്?

തിരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അവസാനത്തെ ഘട്ടം ജൂണ്‍ ഒന്നിനാണ്. ഇതുവരെ നടന്ന എല്ലാ ഘട്ടങ്ങളിലും പോളിങ് ശതമാനം കുറവാണ്. രാജ്യത്ത് ഒരു പാര്‍ട്ടിക്കും അനുകൂലമായ തരംഗമില്ലെന്നാണ് അതിന്റെ സൂചന. 2019 ല്‍ മോദിതരംഗം പ്രകടമായിരുന്നു. ഇന്ന് അതു തീരെയില്ല. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായി കരുതപ്പെടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍പോലും മോദിതരംഗമോ തിരഞ്ഞെടുപ്പാവേശമോ കാണാനില്ല. ജനങ്ങളുടെ അതൃപ്തിയും പ്രതിഷേധവുമാണ് ഈ നിസ്സംഗതയ്ക്കു പിന്നില്‍. അതിന്റെ സൂചന ഭരണവിരുദ്ധവികാരം പരോക്ഷമായിട്ടെങ്കിലും ജനമനസ്സുകളിലുണ്ടെന്നാണ്. എന്നാല്‍, അതു പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കാന്‍ തക്കവിധത്തിലുള്ള പ്രതീക്ഷ ഇന്ത്യാസഖ്യത്തില്‍ പലരും കാണുന്നുമില്ല.

വലിയ പ്രതീക്ഷയോടെയായിരുന്നു ബിജെപിയുടെ തുടക്കം. 370-400 സീറ്റ് തങ്ങള്‍ക്കുറപ്പാണെന്നു പ്രധാനമന്ത്രി എല്ലാ വേദികളിലും പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ വീരവാദം ബിജെപി അനുകൂലമാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. തങ്ങള്‍ക്കെതിരേ മത്സരിക്കുന്നവര്‍ തോല്ക്കാന്‍വേണ്ടി മത്സരിക്കുന്നവരാണെന്നു കാവിസൈബര്‍പട വീമ്പിളക്കി. അതിനെതിരേ എന്തെങ്കിലും ഉരിയാടാന്‍ ഇന്ത്യാസഖ്യത്തിനു തുടക്കത്തില്‍ കഴിഞ്ഞിരുന്നില്ല. പ്രതീക്ഷയോടെ ശക്തമായി പ്രതികരിച്ചത് രാഹുല്‍ഗാന്ധിമാത്രമായിരുന്നു. ഇന്ത്യാസഖ്യത്തിലെ കക്ഷികള്‍തമ്മില്‍ നല്ല ധാരണയോ ഐക്യമോ ഉണ്ടായിരുന്നില്ല. സഖ്യത്തിനുതന്നെ ബിജെപിയെ തളയ്ക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയായപ്പോള്‍ ഇന്ത്യാസഖ്യത്തിനു പ്രതീക്ഷ വര്‍ധിച്ചു. ഇപ്പോള്‍ ഭരണപ്രതീക്ഷപോലും അവരില്‍ പ്രകടമാണ്.
370-400 ബിജെപിയുടെ തന്ത്രപരമായ മുദ്രാവാക്യവും മനഃശാസ്ത്രമേല്‍ക്കോയ്മയ്ക്കുള്ള അടവുനയവുമായിരുന്നു. എതിരാളികളുടെ മനസ്സു മടുപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, അതു തിരിച്ചടിയായി. 370-400 സീറ്റ് ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷമാണെന്ന വ്യാഖ്യാനമുണ്ടായി. ബിജെപിയുടെയും മോദിയുടെയും ലക്ഷ്യം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണെന്നു ന്യൂനപക്ഷസമൂഹങ്ങളും വിശാലമനസ്‌കരായ ജനാധിപത്യവിശ്വാസികളും ആശങ്കപ്പെട്ടു. അതുകൊണ്ട് ജനാധിപത്യസംരക്ഷണത്തിനായുള്ള സ്വാഭാവികപ്രതിരോധം ഉയര്‍ന്നുവന്നു. സാമാന്യബുദ്ധികൊണ്ടു ചിന്തിച്ചാല്‍ കാര്യവിവരമുള്ളവര്‍ക്കു മനസ്സിലാകുന്ന ലളിതമായ യാഥാര്‍ഥ്യം 370-400 സീറ്റ് സാധ്യമല്ലെന്നതാണ്. കാരണം, ഉത്തരേന്ത്യയില്‍ ബിജെപിക്ക് ഇനി കൂടുതല്‍ സീറ്റു നേടാനാവുകയില്ല. കിട്ടാവുന്നതിന്റെ പരമാവധി 2019 ല്‍ അവര്‍ നേടിക്കഴിഞ്ഞു. സീറ്റുകള്‍ വര്‍ധിക്കണമെങ്കില്‍ ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങള്‍ കനിയണം. അത്തരമൊരു അന്തരീക്ഷം ഇന്നില്ല. മാത്രവുമല്ല, തെലുങ്കാനയിലും കര്‍ണാടകയിലും ബിജെപിക്കുണ്ടായിരുന്ന ശക്തി ക്ഷയിക്കുകയും ചെയ്തു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ ബിജെപിയുടെ ഭൂരിപക്ഷം കുറയാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇന്ത്യാമുന്നണി അധികാരത്തിലെത്തിയാല്‍പ്പോലും അതിശയിക്കാനാവുകയില്ല. അങ്ങനെയൊരു അട്ടിമറി സംഭവിച്ചാല്‍ അത് ഇന്ത്യാമുന്നണിയുടെ നേട്ടമായി കരുതാനാവുകയില്ല. ഇത്രമാത്രം സംഘടനാബലവും സാമ്പത്തികശേഷിയും മാധ്യമപിന്തുണയും താരപ്പൊലിമയുമുള്ള ബിജെപി യെ തോല്പിക്കാന്‍ കോണ്‍ഗ്രസിനോ സഖ്യകക്ഷികള്‍ക്കോ ശേഷി പോരാ. ബിജെപിയെ തോല്പിക്കാന്‍ ബിജെപിക്കുമാത്രമേ സാധിക്കുകയുള്ളൂ. പാര്‍ട്ടിയുടെ ചില തന്ത്രങ്ങളാണ് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നത്. മോദി ബ്രാന്‍ഡില്‍ ജയിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റുന്ന ലക്ഷണമാണു കാണുന്നത്. മോദി പാര്‍ട്ടിയെക്കാള്‍ വലുതായി ചിത്രീകരിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി നിഷ്പ്രഭമാകുകയും രണ്ടാംനിര നേതാക്കന്മാര്‍ നിശ്ശബ്ദരാവുകയും പ്രവര്‍ത്തകര്‍ നിര്‍ജീവരാകുകയും ചെയ്തു. രണ്ടാമത്തെ പ്രശ്‌നം കോണ്‍ഗ്രസ്മുക്തഭാരതം എന്ന മുദ്രാവാക്യവും രാഹുല്‍ഗാന്ധിക്കും നെഹ്‌റുകുടുംബത്തിനുമെതിരേയുള്ള വിലകുറഞ്ഞ അധിക്ഷേപങ്ങളുമാണ്. ജവഹര്‍ലാല്‍ നെഹ്‌റുമുതല്‍ രാജീവ് ഗാന്ധിവരെ രാജ്യം ഭരിച്ച മൂന്നു പ്രധാനമന്ത്രിമാരുടെ പിന്‍തലമുറക്കാരനായ രാഹുല്‍ഗാന്ധി യെ വെറും പയ്യനായും പപ്പുവായും ഒക്കെ അപഹസിച്ച പ്രധാനമന്ത്രിയോടുള്ള എതിര്‍പ്പ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണു വിലയിരുത്തല്‍.
കേജ്‌രിവാളിന്റെ അറസ്റ്റും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലും ബിജെപി സര്‍ക്കാരിലുള്ള വിശ്വാസത്തിന് ഇടിവുണ്ടാക്കി. ഇലക്ടറല്‍ ബോണ്ട് വിവാദം ബിജെപിക്കു ക്ഷീണം ചെയ്തു. ഒരുപക്ഷേ, ഇതിനെക്കാളേറെ സമ്മതിദായകരെ സ്വാധീനിച്ചത് പ്രധാനമന്ത്രി നടത്തിയ വിലകുറഞ്ഞ വിദ്വേഷപ്രസംഗങ്ങളാണ്. നിലവാരമുള്ള നേതാക്കന്മാര്‍ക്കു പറയാന്‍കൊള്ളാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി സ്വന്തം വിലയും നിലയും മറന്നു പറഞ്ഞത്. പ്രധാനമന്ത്രി നടത്തിയ മുസ്ലീംവിരുദ്ധപ്രസംഗങ്ങള്‍ പാര്‍ട്ടിക്കു വലിയ തിരിച്ചടിക്കു കാരണമാകും. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നൊക്കെ പറയണമെങ്കില്‍ ആ മാനസികാവസ്ഥ എന്തായിരിക്കണം? പ്രതീക്ഷ നഷ്ടപ്പെട്ട ഒരു മനസ്സിന്റെ വിലാപമായിട്ടാണ് ആ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെടുക.

Login log record inserted successfully!