•  4 Jul 2024
  •  ദീപം 57
  •  നാളം 17
നേര്‍മൊഴി

താമര വിരിയുമോ വാടുമോ?

ലിയ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും 2024 ലെ പൊതുതിരഞ്ഞെടുപ്പിലേക്കെത്തിയത്. 370-400 സീറ്റ് നേടി അനായാസം മൂന്നാംതവണയും രാജ്യം ഭരിക്കുമെന്നായിരുന്നു അവകാശവാദം. ആ സമയത്ത് ബി.ജെ.പി. യുടെ ആത്മവിശ്വാസത്തില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം ആകെ മാറി. മൂന്നുവട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോഴേക്കും 370 - 400 എന്ന മാജിക് നമ്പറിനെക്കുറിച്ച് പ്രധാനമന്ത്രിയും അദ്ദേഹത്തെ അന്ധമായി പിന്തുണയ്ക്കുന്ന കോര്‍പ്പറേറ്റുമാധ്യമങ്ങളും മിണ്ടുന്നതേയില്ല. 370 - 400 സീറ്റ് ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാനുള്ള സ്വപ്നസംഖ്യയാണ്. ആ സംഖ്യയിലേക്ക് എത്തുന്നതിന് അസാധാരണമായ ബിജെപി തരംഗമുണ്ടാകണമെന്നു സാമാന്യവിവരമുള്ള ആര്‍ക്കുമറിയാം. 2019 ല്‍ത്തന്നെ കിട്ടാവുന്നതിന്റെ പരമാവധി സീറ്റ് ബിജെപി നേടിയിരുന്നു. അതിനപ്പുറത്തേക്കു കടക്കണമെങ്കില്‍ വടക്കേയിന്ത്യയില്‍ സീറ്റു നിലനിര്‍ത്തുകയും ദക്ഷിണേന്ത്യയില്‍ 50 ലധികം സീറ്റ് കൂടുതല്‍ പിടിക്കുകയും വേണം. അത് അസാധ്യമായ കാര്യമത്രേ. 

ഏതു പാര്‍ട്ടി ഭരിക്കുന്നു എന്നതല്ല പ്രധാനം, അവരുടെ നയപരിപാടികള്‍ എന്താകുന്നുവെന്നതാണ്. ബിജെപി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കില്ലെന്നും രാജ്യത്ത് മതേതരത്വവും സോഷ്യലിസവും നഷ്ടപ്പെടുമെന്നും ന്യൂനപക്ഷങ്ങളും ഭൂരിപക്ഷസമൂഹത്തിലെ ഉത്തമരായ ജനാധിപത്യവാദികളും വിശ്വസിക്കുന്നു. ബിജെപിയെ സംഘടനാപരമായി താങ്ങിനിറുത്തുന്ന ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയെ ഭയപ്പെടുകയും എതിര്‍ക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഹിന്ദു - മുസ്ലീം വിദ്വേഷം വര്‍ധിപ്പിച്ച് ഏകദേശം എണ്‍പതു ശതമാനത്തോളം വരുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാമെന്ന രാഷ്ട്രീയതന്ത്രത്തിന്റെ അപകടം നല്ല ജനാധിപത്യബോധമുള്ളവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 
2024 ലെ തിരഞ്ഞെടുപ്പുഫലം ബിജെപിയുടെ സ്വപ്നങ്ങള്‍ക്കു തിരിച്ചടിയാകുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. പ്രസംഗങ്ങളും പരസ്യങ്ങളും പ്രചാരണതന്ത്രങ്ങളുംകൊണ്ട് രാജ്യത്തെ ജനങ്ങളെ മുഴുവന്‍ മസ്തിഷ്‌കക്ഷാളനം നടത്താമെന്ന പാര്‍ട്ടിയുടെ പ്രതീക്ഷ തകര്‍ന്നടിയാന്‍ പോവുകയാണ്. വടക്കേയിന്ത്യന്‍ ഗ്രാമങ്ങളിലെ പാവപ്പെട്ട മനുഷ്യരെപ്പോലെയാണ് രാജ്യത്തെ എല്ലാവരും എന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. 
പണക്കൊഴുപ്പും മാധ്യമപിന്തുണയും ഇവന്റ് മാനേജ്‌മെന്റ് പാടവവും പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റുകളുടെ സഹായവും പോരാ തിരഞ്ഞെടുപ്പുവിജയത്തിനെന്നു പാര്‍ട്ടിക്കു മനസ്സിലാകാന്‍ പോകുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. രാജ്യത്ത് 'ഒരു പാര്‍ട്ടി ഒരു ഭരണം' എന്ന ബിജെപിയുടെ അപകടകരവും ജനാധിപത്യവിരുദ്ധവുമായ ഫാസിസ്റ്റ് സമീപനത്തിനെതിരേ ഉയരുന്ന ജനവികാരത്തിന്റെ പ്രകാശനമായിരിക്കും 2024 ലെ തിരഞ്ഞെടുപ്പുഫലം. തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളാക്കി നീട്ടിയത് തിരിച്ചടിയാകാന്‍ പോവുകയാണ്. മോദി സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ക്കു കൂടുതല്‍ സമയം ലഭിക്കുന്നതിന് അതു കാരണമായി. വെളുക്കാന്‍ തേച്ചതു പാണ്ടായതുപോലെയായി ഏഴുഘട്ട വോട്ടെടുപ്പ്. പ്രധാനമന്ത്രി എല്ലാ പ്രദേശങ്ങളിലും പ്രസംഗിച്ചാല്‍ അതു മുഴുവന്‍ വോട്ടായി മാറുമെന്നുള്ള പഴയകാലചിന്തയാണ് കാലഹരണപ്പെട്ടിരിക്കുന്നുവെന്നു തെളിയിക്കപ്പെടാന്‍ പോകുന്നത്.
കോണ്‍ഗ്രസ്മുക്തഭാരതം എന്ന പ്രധാനമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രസംഗം ഗുണത്തേക്കാളേറെ ദോഷം ചെയ്തു. അതു കോണ്‍ഗ്രസിനും നെഹ്‌റുകുടുംബത്തിനും മാത്രം എതിരേയുള്ള മുദ്രാവാക്യമായിരുന്നില്ല. പ്രതിപക്ഷമില്ലാത്ത, എതിര്‍ശബ്ദങ്ങളില്ലാത്ത ഭരണത്തെക്കുറിച്ചുള്ള ധിക്കാരം കലര്‍ന്ന മുദ്രാവാക്യമായി ജനാധിപത്യവിശ്വാസികള്‍ അതിനെ വിലയിരുത്തി. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് എന്നു തോന്നിപ്പിക്കത്തക്കവിധം രാഹുല്‍ഗാന്ധിയെയും നെഹ്‌റുകുടുംബത്തെയും എല്ലാ വേദികളിലും പ്രധാനമന്ത്രി കടന്നാക്രമിച്ചത് അദ്ദേഹത്തിന്റെ വിലയിടിക്കുന്നതിനു കാരണമായി. ഇതിനു പുറമേയാണ് തോല്‍വി മണത്തുള്ള അദ്ദേഹത്തിന്റെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങള്‍. രാജസ്ഥാന്‍പ്രസംഗവും അതിലെ താലിമാലപരാമര്‍ശവും പാര്‍ട്ടിക്കും പ്രധാനമന്ത്രിക്കും വലിയ ക്ഷീണമായി. രാഷ്ട്രീയത്തിലെ രണ്ടാം നിരയിലോ മൂന്നാം നിരയിലോ ഉള്ള നേതാക്കന്മാര്‍പോലും പറയാന്‍ അറയ്ക്കുന്ന കാര്യങ്ങളാണ് ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തുള്ള പ്രധാനമന്ത്രി ലജ്ജയില്ലാതെ പറഞ്ഞത്. രാഹുല്‍ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്നാഗ്രഹിക്കുന്നത് പാക്കിസ്ഥാന്‍കാര്‍ മാത്രമാണെന്ന പ്രധാനമന്ത്രിയുടെ വാക്കിനു പിന്നിലെ മുസ്ലീംവിരുദ്ധത നല്ല ഹൈന്ദവര്‍പോലും വകവച്ചു കൊടുക്കുകയില്ല. 
പത്തുവര്‍ഷം രാജ്യത്തിന്റെ സകലവിഭവങ്ങളും സമാഹരിച്ച്, പ്രതിപക്ഷ
ത്തിന്റെ എതിര്‍പ്പി
ല്ലാതെ  ഭരിച്ച പ്രധാനമന്ത്രി വോട്ടു ചോദിക്കേണ്ടത് ഭിന്നിപ്പിന്റെയും വര്‍ഗീയതയുടെയും പ്രസംഗങ്ങളിലൂടെയല്ല, രാജ്യത്തുണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ഏതാനും സൂപ്പര്‍ ഹൈ വേകളും പാലങ്ങളും വിമാനത്താവളങ്ങളുംമാത്രമാണു വികസനമെന്നു ജനം വിശ്വസിക്കുകയില്ല. അതൊക്കെ ചെറിയ ന്യൂനപക്ഷമായ ഉപരിവര്‍ഗത്തിനുതകുന്ന അടിസ്ഥാനസൗകര്യങ്ങളാണ്. യഥാര്‍ഥ വികസനം അടുക്കളയിലെ വികസനമാണ്. നിത്യോപയോഗസാധനങ്ങളുടെ വിലക്കുറവ്, ഗ്യാസിന്റെയും ഇന്ധനത്തിന്റെയും ലഭ്യതയും വിലക്കുറവും, കുട്ടികളുടെ വിദ്യാഭ്യാസസൗകര്യം അടിസ്ഥാന ആരോഗ്യപരിരക്ഷ, കര്‍ഷര്‍ക്കും കാര്‍ഷികവിളകള്‍ക്കും വില ഉറപ്പാക്കുന്ന നയപരിപാടികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നടപ്പാക്കുന്ന നടപടികള്‍ തുടങ്ങിയ കാര്യങ്ങളാണ് വികസനമായി സാധാരണക്കാര്‍ മനസ്സിലാക്കുന്നത്. ഇരുപതുകോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ ക്കഴിയുന്നു. തൊഴില്‍രഹിതരുടെ എണ്ണം പെരുകുന്നു. ഇതിനെ വികസനമായി ആര് അംഗീകരിക്കും? ഇത്തരമൊരു പശ്ചാത്തലത്തില്‍ താമര വിരിയാനുള്ള സാധ്യത കുറവാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? 

Login log record inserted successfully!