•  2 May 2024
  •  ദീപം 57
  •  നാളം 8
നേര്‍മൊഴി

പൗരത്വഭേദഗതിനിയമത്തിനു പിന്നില്‍

2024 മാര്‍ച്ച് 11-ാം തീയതി പൗരത്വഭേദഗതിനിയമം (സി.എ.എ. - സിറ്റിസണ്‍ അമന്‍ഡ്‌മെന്റ് ആക്ട്) നിലവില്‍വന്നു. അതു നിയമമാക്കിയപ്പോള്‍ ഉണ്ടായത്ര രൂക്ഷമായ പ്രതികരണം  നിയമം നടപ്പിലായ ദിവസം ഒരിടത്തും ഉണ്ടായിക്കണ്ടില്ല. പൗരത്വഭേദഗതിനിയമം പുതിയതല്ല. അതു 2019 ല്‍ പാര്‍ലമെന്റില്‍ പാസാക്കിയതാണ്. നടപ്പിലാക്കുന്നതു സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അഞ്ചുവര്‍ഷം കാലതാമസമുണ്ടായി എന്നതാണു വസ്തുത.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിട്ടും അഞ്ചുവര്‍ഷക്കാലം കാണാമറയത്തിരുന്ന പൗരത്വഭേദഗതിനിയമം ഇപ്പോള്‍ എന്തുകൊണ്ട് തിടുക്കത്തില്‍ പ്രാബല്യത്തിലാക്കി എന്ന ചോദ്യത്തിനുത്തരം പകല്‍പോലെ വ്യക്തമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാന്‍ പോകുന്ന 2024 ലെ പൊതുതിരഞ്ഞെടുപ്പ്. 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നയരേഖയില്‍ മൂന്നു വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 
1. ജമ്മുകാഷ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയും. 2. അയോധ്യയില്‍ രാമക്ഷേത്രം പണിയും 3. പൗരത്വഭേദഗതിനിയമം നടപ്പാക്കും. 
നല്‍കിയ മൂന്നു വാഗ്ദാനങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. അടുത്ത ഊഴം ഞങ്ങളെ വിശ്വസിച്ച് ഏല്പിക്കൂ എന്നതാണ് ഈ നിയമം നല്‍കുന്ന സന്ദേശം.
വേറേയും ചില കാരണങ്ങള്‍ രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയില്‍നിന്നു കനത്ത തിരിച്ചടി ലഭിച്ചത് മാര്‍ച്ച് 11 നാണ്. അതേദിവസംതന്നെയാണ് കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷണര്‍ അരുണ്‍ ഗോയലിന്റെ രാജിവാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ രണ്ടു വിഷയങ്ങളില്‍നിന്നും മാധ്യമശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൗരത്വഭേദഗതിനിയമം നടപ്പാക്കാനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം.
ബിജെപി 2019 ലെ പ്രകടനപത്രികയില്‍ നല്‍കിയ മൂന്നു വാഗ്ദാനങ്ങളും നിറവേറ്റിയെന്ന്
അവകാശപ്പെടുമ്പോഴും  അവ മൂന്നും വിവാദപരമായിരുന്നു എന്നതാണു സത്യം. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ചൈനയ്ക്കും ഒരുപോലെ പ്രധാനപ്പെട്ട പ്രദേശമാണ് ജമ്മുകാഷ്മീര്‍. 1949 ഒക്‌ടോബറില്‍ ജമ്മുകാഷ്മീരിന് ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം പ്രത്യേകപദവി കൈവന്നു. അതായത്, മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി സാമ്പത്തികനയം, പ്രതിരോധം, വിദേശകാര്യം, ആശയവിനിമയസങ്കേതങ്ങള്‍ എന്നിവ ഒഴിച്ചുള്ള മറ്റു മേഖലകളില്‍ സ്വയംഭരണാവകാശം അനുവദിക്കുന്നതാണ് ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി. 2019 ഓഗസ്റ്റ് അഞ്ചാം തീയതി ബിജെപിസര്‍ക്കാര്‍ ജമ്മുകാഷ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുമാറ്റി. ബാബറി മസ്ജിദ് പൊളിച്ചുനീക്കിയ സ്ഥലത്ത് രാമക്ഷേത്രം സ്ഥാപിച്ച് പ്രാണപ്രതിഷ്ഠ നടത്തി എന്നതാണ് രണ്ടാമത്തെ കാര്യം. പൗരത്വഭേദഗതി ബില്ലാണ് മൂന്നാമത്തേത്.
എന്തുകൊണ്ടാണ് പൗരത്വഭേദഗതിനിയമം വിവാദമാകുന്നത്? നിയമത്തിന് അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്. നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്, ഇത് ഇന്ത്യന്‍ പൗരന്മാരെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നാണ്. രണ്ടാമത്തെ കാര്യം, ഇത് ആര്‍ക്കും എതിരേയുള്ള നിയമമല്ല എന്നതാണ്. ഇതു മതത്തിന്റെ പേരില്‍ പൗരന്മാരെ വിഭജിക്കുന്ന നിയമമല്ല. കാരണം, ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, പാഴ്‌സി, സിക്ക്, ക്രൈസ്തവവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍പൗരത്വം ഉറപ്പാക്കുന്ന നിയമമാണിത്.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ അവിടെ മതന്യൂനപക്ഷങ്ങളായ ഹൈന്ദവര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍ തുടങ്ങിയവര്‍ മതമര്‍ദനത്തിന്റെ പേരിലോ വിശ്വാസജീവിതത്തിനും പൊതുജീവിതത്തിനും ഭീഷണി അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലോ ഇന്ത്യയിലേക്കു പലായനം ചെയ്യുകയോ കുടിയേറുകയോ അഭയാര്‍ഥികളായി എത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് ഇന്ത്യന്‍പൗരത്വം നല്‍കുന്നതിനുള്ള ക്രമീകരണമാണ് പൗരത്വഭേദഗതിനിയമം. പൗരത്വം ലഭിക്കുന്നതിനു കുറഞ്ഞത് അഞ്ചുവര്‍ഷത്തെ സ്ഥിരതാമസക്കാരായിരിക്കണം. അതുപോലെ തന്നെ, 2014 ഡിസംബര്‍ 31 നു മുമ്പ് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവരുമായിരിക്കണം.
ഈ നിയമത്തെ എതിര്‍ക്കുന്നത് പ്രധാനമായും മുസ്ലീം സഹോദരങ്ങളും ബിജെപി വിരുദ്ധകക്ഷികളുമാണ്. കോണ്‍ഗ്രസും ഇടതുപക്ഷപ്രസ്ഥാനങ്ങളും പ്രത്യക്ഷസമരങ്ങളില്‍ ഇടപെടാതിരിക്കുന്നതു ഹൈന്ദവവോട്ടുകള്‍ നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടിയാണെന്നു വ്യക്തം. മതത്തിന്റെ പേരില്‍ പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിനെതിരാണെന്നതാണ് പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രധാന ആക്ഷേപം. ഇതു മുസ്ലീം വിരുദ്ധനിയമമാണെന്ന വിമര്‍ശനവുമുണ്ട്. ഇന്ത്യയുടെ മതനിരപേക്ഷസംസ്‌കാരത്തിനെതിരാണ് ഈ നിയമമെന്ന വിശ്വാസം ശക്തമാണ്.

Login log record inserted successfully!