•  2 May 2024
  •  ദീപം 57
  •  നാളം 8
നേര്‍മൊഴി

കാമ്പസുകളിലെ ക്രിമിനലുകളെ അമര്‍ച്ച ചെയ്യുക

ള്‍ക്കൂട്ടവിചാരണ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വല്ലപ്പോഴുമൊക്കെ അരങ്ങേറുന്ന അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായ ക്രൂരതയാണ്. അതിതീവ്രവംശീയസ്വഭാവമുള്ള ചില സംഘടനകളാണതിനു പിന്നില്‍. മനസ്സാക്ഷിയുള്ള സകല മനുഷ്യരും അതിനെ അപലപിച്ചിട്ടുണ്ട്. എന്നാല്‍, അത്തരം ഹീനവും നീചവുമായ പ്രവൃത്തികള്‍ കേരളത്തില്‍ സംഭവിക്കുമ്പോള്‍ ഞെട്ടലോടെയല്ലാതെ അതു കേള്‍ക്കാന്‍ സാധിക്കുന്നില്ല. കാരണം, കേരളം സാക്ഷരതയിലും വികസനത്തിലും സംസ്‌കാരത്തിലും വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ഏറ്റവും കൂടുതല്‍ മാധ്യമസാക്ഷരതയും മാധ്യമസ്വാതന്ത്ര്യവും സാമൂഹികമാധ്യമങ്ങളുടെ ഇടപെടലുകളുമുള്ള സംസ്ഥാനമാണ് കേരളം. രാഷ്ട്രീയനേതാക്കന്മാരും സാംസ്‌കാരികനായകന്മാരും ഏറെയുള്ള നാട്. എന്നിട്ടും, ഇവിടത്തെ ചില കോളജുകളിലും സര്‍വകലാശാലകളിലും പ്രഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇടിമുറികളും വിചാരണക്കോടതികളും നിലനില്ക്കുന്നു. ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും അവരുടെ സാമൂഹികവിരുദ്ധതീരുമാനങ്ങള്‍ നടപ്പാക്കാനും മടിക്കാത്ത ഗുണ്ടാസംഘങ്ങളും കാമ്പസുകളില്‍ മാന്യന്മാരെപ്പോലെ വിലസുന്നു.
വയനാട് പൂക്കോട്ട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാര്‍ത്തകളുടെ ചൂടാറുന്നതിനുമുമ്പുതന്നെ കൊയിലാണ്ടി കൊല്ലം ആര്‍.എസ്.എം.  എസ്.എന്‍.ഡി.പി. കോളജില്‍ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി സി.ആര്‍. അമല്‍ ആള്‍ക്കൂട്ടവിചാരണയ്ക്കും മര്‍ദനത്തിനും വിധേയനായി. കേരളത്തിലെ കാമ്പസുകളില്‍ അരങ്ങേറുന്ന ഇത്തരം ചോരക്കളികള്‍ക്കു പിന്നില്‍ എസ്.എഫ്.ഐക്കാരാണെന്നതാണ് പൊതുവായ ആക്ഷേപം. ക്വട്ടേഷന്‍ സംഘങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയാണ് വിദ്യാര്‍ഥികളുടെ സംരക്ഷകക്കുപ്പായമണിഞ്ഞെത്തുന്ന എസ്.എഫ്.ഐ.ക്കാര്‍ കാണിക്കുന്നത്. അവരോടുള്ള അവജ്ഞയും അറപ്പും വെറുപ്പും പൊതുസമൂഹത്തില്‍ ആളിക്കത്തുകയാണ്. ഇവരെ കയറൂരിവിടുന്ന രാഷ്ട്രീയനേതൃത്വത്തിനെതിരേയും ഇവരെ നിയന്ത്രിക്കാന്‍ മടിക്കുന്ന പോലീസിനും സ്ഥാപനാധികാരികള്‍ക്കുമെതിരേയും നാടിനു ഭീഷണിയായി അവരെ വളര്‍ത്തിവിട്ട കുടുംബങ്ങള്‍ക്കെതിരേയും വലിയ പ്രതിഷേധക്കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്.
കാമ്പസുകളിലെ റാഗിങ്ങും ആള്‍ക്കൂട്ടവിചാരണയും മര്‍ദനവും കൊലപാതകവും തെളിവുനശിപ്പിക്കലും വിദ്യാര്‍ഥിപ്രശ്‌നംമാത്രമായി ലഘൂകരിച്ചുകാണാനാവുകയില്ല. സ്ഥാപനത്തിന്റെ അധികാരികള്‍, അധ്യാപകര്‍, പോലീസുകാര്‍, രാഷ്ട്രീയനേതാക്കന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിശ്ശബ്ദതയും പിന്തുണയുമാണ് കാമ്പസ്‌ക്രിമിനലുകള്‍ക്കു തണലായി മാറുന്നത്. സിദ്ധാര്‍ഥന്റെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ അക്രമികളും അവര്‍ക്കു സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയും ശ്രമിച്ചെങ്കിലും സാമൂഹികസമ്മര്‍ദത്തെത്തുടര്‍ന്നു പ്രതിനിധികള്‍ ഓരോരുത്തരായി പിടിക്കപ്പെട്ടു. അവരുടെ സംരക്ഷകരായി ജനപ്രതിനിധികളും ഉയര്‍ന്ന പാര്‍ട്ടിസ്ഥാനങ്ങളിലുള്ളവരും പോലീസ് സ്റ്റേഷനിലും കോടതിയിലുമൊക്കെ എത്തുന്ന രീതികള്‍ എല്ലാവരും അറിഞ്ഞതാണ്. ഒരു നേതാവിനെ മജിസ്‌ട്രേറ്റ് ഇറക്കിവിട്ടതൊക്കെ അദ്ഭുതത്തോടെയാണ് ലോകമറിഞ്ഞത്. മജിസ്‌ട്രേറ്റാണെങ്കില്‍പ്പോലും ഫാസിസ്റ്റ് ഭരണസംവിധാനത്തില്‍ അതിനു ധൈര്യപ്പെടുക സാധാരണമല്ല. പക്ഷേ, അദ്ദേഹത്തിന്റെ സത്യസന്ധമായ നടപടിമൂലം പൊതുജനത്തിനു കോടതിയോടുള്ള മതിപ്പു വര്‍ധിച്ചു.
ഗവര്‍ണര്‍ പിണറായിവിരുദ്ധനായതുകൊണ്ടും ധീരനായതുകൊണ്ടും ചാന്‍സലര്‍ എന്നുള്ള തന്റെ സവിശേഷാധികാരമുപയോഗിച്ചു പാര്‍ട്ടിക്കാരെക്കാള്‍ പാര്‍ട്ടിക്കാരനായ വൈസ്ചാന്‍സലറെ ആ സ്ഥാനത്തുനിന്നു മാറ്റിനിറുത്തിയശേഷമാണ് ചട്ടപ്പടിയുള്ള പല സസ്‌പെന്‍ഷനുകളും തുടര്‍ന്നു സംഭവിച്ചത്.
മാതാപിതാക്കള്‍ മക്കളെ  കാമ്പസുകളിലേക്കു പറഞ്ഞയയ്ക്കുന്നത് ഭാവി സുരക്ഷിതമാക്കാനാണ്. കാമ്പസിലെ എസ്എഫ്‌ഐയുടെയും അതുപോലുള്ള മറ്റു ക്രിമിനല്‍സ്വഭാവമുള്ള സംഘടനകളുടെയും പ്രവര്‍ത്തനഫലമായി ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ സ്വപ്നവും മാതാപിതാക്കളുടെ പ്രതീക്ഷകളുമാണ് തകര്‍ന്നടിയുന്നത്. സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കു സ്വതന്ത്രമായി പഠിക്കാനുള്ള സൗകര്യം വിദ്യാഭ്യാസവകുപ്പ് ഏര്‍പ്പെടുത്തണം. ഒരു വിദ്യാര്‍ഥിസംഘടനയെയും അഴിഞ്ഞാടാന്‍ അനുവദിച്ചുകൂടാ. പാര്‍ട്ടിക്കാരായ അധ്യാപകരെയും നിലയ്ക്കുനിറുത്തണം. സാധിക്കാതെ വന്നാല്‍ അത്തരം സംഘടനകളെ കാമ്പസുകളില്‍ നിരോധിക്കുകതന്നെ വേണം.

 

Login log record inserted successfully!