•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ചക്രവര്‍ത്തിനി

ശാലയുടെ അലങ്കാരവാതിലില്‍ രാജ്ഞി നില്പുണ്ട്, പുഞ്ചിരിയോടെ.
വശ്യമായ ആ ചിരിയും ആസ്വദിച്ചുകൊണ്ട് നടന്നുവന്ന മഹാരാജാവിന്റെ വലതുകരം രാജ്ഞി ചുംബിച്ചു.
''വിരുന്നുശാലയിലേക്കു സ്വാഗതം.''
എസ്‌തേറിന്റെ മാധുര്യമുള്ള മൊഴികള്‍.
രാജ്ഞി ഹാമാനെയും അകത്തേക്കാനയിച്ചു.
രണ്ടു പേരും അവര്‍ക്കുവേണ്ടി തയ്യാറാക്കിയിരുന്ന ഇരിപ്പിടങ്ങളില്‍ ഇരുന്നു.
 രാജാവ് വിസ്മയത്തോടെ ചുറ്റിലും നോക്കി. ഇതെന്തു മറിമായം!
 സ്ഥലം ഇന്നലത്തേതു തന്നെ. പക്ഷേ, ഒരു വസ്തുവും ഇന്നലെ കണ്ടതുപോലെയല്ല. തികച്ചും പുതിയൊരിടത്ത് എത്തിയതുപോലെ. 
 വിരികളും വിളക്കുകളും പീഠങ്ങളും മേശയും എല്ലാം പുതുമ നിറഞ്ഞത്. നിരത്തി വച്ചിരിക്കുന്ന വിഭവങ്ങളും അതീവശ്രേഷ്ഠം.
വീഞ്ഞുനിറച്ച തോല്‍ക്കുടങ്ങളും വ്യത്യസ്തം.
വിഭവങ്ങള്‍ നിറച്ചുവച്ച പാത്രങ്ങള്‍.
വീഞ്ഞു പകരുന്ന ചഷകങ്ങള്‍ - എല്ലാം പ്രൗഢിയോടെ തിളങ്ങുന്നു.
പേര്‍ഷ്യന്‍കല ബാബിലോണിയന്‍ കലയോട് അതിസുന്ദരമായി ഇണക്കിച്ചേര്‍ത്ത അലങ്കാരസംവിധാനം രാജാവിന് കൂടുതല്‍ ഇഷ്ടമായി.
പ്രിയതമന്‍ വിരുന്നുശാലയാകെ കണ്ണുകൊണ്ടുഴിയുന്നതു ശ്രദ്ധിച്ച് എസ്‌തേര്‍ സന്തോഷിച്ചു.
''എല്ലാം ഒരുക്കിയത് ഈയുള്ളവളുടെ നിര്‍ദേശപ്രകാരമാണ്.''
അവള്‍ കലാസംവിധാനരഹസ്യം വെളിപ്പെടുത്തി.
''നമ്മുടെ പട്ടമഹിഷി ഒരുവലിയ കലാകാരികൂടെയാണ്.''
ഉള്ളുതുറന്ന ചിരിയോടെ രാജാവ് എസ്‌തേറിനെ അഭിനന്ദിച്ചു.
''നിനക്കെങ്ങനെ തോന്നുന്നു ഹാമാന്‍?''
രാജാവാരാഞ്ഞു.
''ഇത്രയും ആകര്‍ഷകമായ അലങ്കാരം ഇതുവരെ മറ്റെങ്ങും കണ്ടിട്ടില്ല.''
ഹാമാന്റെ മറുപടി കേള്‍ക്കേ രാജാവിന്റെ ഹൃദയം രാജ്ഞിയോടുള്ള വാത്സല്യംകൊണ്ടുതുളുമ്പി.
തുടര്‍ന്ന് ചഷകങ്ങളില്‍ വീഞ്ഞു പകര്‍ന്നു. പരിചാരകര്‍ ഉത്സാഹഭരിതരായി.
വിരുന്ന് ആരംഭിച്ചു.
വിഭവങ്ങളെല്ലാം ആസ്വദിച്ചുരുചിച്ചും വീഞ്ഞുനുകര്‍ന്നും ആനന്ദകരമായ കുറേ നിമിഷങ്ങള്‍ കടന്നുപോയി.
തൊട്ടരികെ വസന്തംപോലെ പൂത്തുലഞ്ഞിരിക്കുന്ന സൗന്ദര്യത്തിന്റെ ദേവതയെ നിറഞ്ഞഹൃദയത്തോടെ രാജാവ്  ശ്രദ്ധിച്ചു.
ഇന്നലത്തെ  ചോദ്യം രാജാവ് ആവര്‍ത്തിച്ചു.
''എസ്‌തേര്‍ രാജ്ഞീ, നിന്റെ ആവശ്യം എന്താണ്?''
മഹാരാജ്ഞി നാണംപൂവിട്ട ചിരിയുമായി രാജാവിനെ നോക്കി. ഹൃദയമലിഞ്ഞ അദ്ദേഹം വീണ്ടും ആരാഞ്ഞു.
''പറയൂ രാജ്ഞി, എന്തായാലും നിനക്കതു ലഭിച്ചിരിക്കും.''
അങ്ങെനിക്കു വാക്കു തരണം.
രാജ്ഞി കിലുങ്ങിക്കൊഞ്ചി.
''ഇതാ ഞാന്‍ വാക്കുതരുന്നു. നമ്മുടെ രാജ്യത്തിന്റെ പകുതി ആയാലും അതു ഞാന്‍ നിനക്കു നല്കാം.'' 
മഹാരാജാവ് അവളുടെ കൈപിടിച്ചു.
അപ്പോള്‍ എസ്‌തേറിന്റെ കണ്ണുകള്‍ കുറുകി. മുഖത്ത് നിശ്ചയദാര്‍ഢ്യത്തിന്റെ ഗൗരവം പരന്നു. 
''മഹാരാജന്‍, അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കില്‍, അങ്ങെന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്റെ ജീവന്‍തന്നെ രക്ഷിക്കണമെന്നാണ് എന്റെ അപേക്ഷ.''
രാജ്ഞിയുടെ അപ്രതീക്ഷിതമായ അപേക്ഷ കേട്ട് രാജാവ് ഞെട്ടിപ്പോയി.
ഹാമാനും രാജ്ഞി പറയുന്നതിന്റെ പൊരുള്‍ പിടിത്തം കിട്ടിയില്ല.
''എന്താണു പ്രിയേ, ഇങ്ങനെയൊരു ആവശ്യം?''
രാജാവിന്റെ ഉത്കണ്ഠാകുലമായ സംശയം.
''ഇപ്പോള്‍ അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രഭോ. ഞാനും എന്റെ ജനങ്ങളും മരണത്തിനു വില്‍ക്കപ്പെട്ടവരായി ഞങ്ങള്‍ ഇന്മൂലനം ചെയ്യപ്പെടുവാന്‍ പോവുകയാണ്.''
രാജ്ഞിയുടെ വാക്കുകള്‍ മഹാരാജാവിനെ കോപിഷ്ഠനാക്കി.
''നമ്മുടെ പ്രിയപ്പെട്ടവളോടും ജനങ്ങളോടും ഇതു ചെയ്യാന്‍ ആരാണു ധൈര്യപ്പെട്ടത്?''
''വെറും അടിമകളെപ്പോലെ വില്ക്കപ്പെട്ടിരുന്നെങ്കില്‍ ഞാനിത് ആവശ്യപ്പെടില്ല. എന്നാല്‍, ഞങ്ങളുടെ നാശംകൊണ്ട് മഹാരാജ്യത്തിനും ചക്രവര്‍ത്തിക്കും നേരേ ഒരാള്‍ കലാപത്തിന്റെ വാളുയര്‍ത്തുകയാണ്. രാജ്യത്തിനു നാശനഷ്ടങ്ങള്‍ സംഭവിക്കും.''
എസ്‌തേര്‍ തുടര്‍ന്നു.
അത്യധികം കോപത്തോടെ പീഠത്തില്‍നിന്നു ചക്രവര്‍ത്തി ചാടിയെഴുന്നേറ്റ് അലറി.
''അവന്‍ എവിടെയാണ്?''
രാജാവിന്റെ ശബ്ദത്താല്‍ വിരുന്നുശാല കിടുങ്ങി. ഷണ്ഡന്മാരും പരിചാരകന്മാരും പൂച്ചയെക്കണ്ട എലികളെപ്പോലെ മാളങ്ങളിലൊതുങ്ങി.
കത്തിനില്ക്കുന്ന സൂര്യനോട് എസ്‌തേറിന്റെ ധൈര്യമുണര്‍ന്നു. മൂര്‍ച്ചയുള്ള വാക്കുകള്‍ തെറിച്ചു വീണു.
''ശത്രുവും വൈരിയും...''
ഉറഞ്ഞുതുള്ളിക്കൊണ്ട് എസ്‌തേര്‍ ഹാമാനു നേരേ വിരല്‍ചൂണ്ടി. ആഗ്‌നേയാസ്ത്രംപോലെ അവളുടെ വാക്കുകള്‍ പാഞ്ഞു.
''ദുഷ്ടനായ ഈ ഹാമാന്‍ തന്നെ.''
ഹാമാന്‍ ഭയന്നുവിറച്ചു. എന്തു ചെയ്യണമെന്നറിയില്ല. ഇരിക്കണോ നില്ക്കണോ പോകണോ എന്ന് ഒരു നിശ്ചയവുമില്ലാതെ കൊത്തിവച്ച പാവപോലെ.
പെട്ടെന്ന് യാതൊന്നും പറയാതെ വിരുന്നുശാലയില്‍നിന്ന് രാജാവിറങ്ങിപ്പോയി. രാജകീയോദ്യാനത്തിലെ വെണ്ണക്കല്‍ മണ്ഡപത്തില്‍ ചെന്നിരുന്നു. കടന്നുപോകുമ്പോള്‍ രാജാവ് നോക്കിയ നോട്ടം ഹാമാനെ ഒന്നാകെ ദഹിപ്പിച്ചുകളയാന്‍ ശക്തിയുള്ളതായിരുന്നു.
താന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഇനി ഇതില്‍നിന്നു മോചനം ലഭിക്കണമെങ്കില്‍ രാജ്ഞിയുടെ കാരുണ്യംമാത്രമാണു വഴി.
കാലുപിടിച്ചിട്ടെങ്കിലും തന്റെ ജീവനുവേണ്ടി യാചിക്കാന്‍ ഹാമാനൊരുങ്ങി.
ഇത്രയുംനാള്‍ നിഴല്‍പോലെ നടന്നു തന്നെ സേവിച്ചത് ഒരു നിത്യശത്രുവായിരുന്നുവോ? സ്‌നേഹത്തിന്റെ മറ ഉപയോഗിച്ച് തന്നെയും രാജ്ഞിയെയും ഇല്ലാതാക്കി രാജ്യത്തിന്റെ ചക്രവര്‍ത്തിയാകാനാണോ അവന്‍ ശ്രമിച്ചത്? പ്രവിശ്യകളുടെ അധികച്ചുമതല കൊടുത്തതോടെ അയാളുടെ പ്രവൃത്തികളില്‍ വന്ന മാറ്റം ശ്രദ്ധിക്കേണ്ടതായിരുന്നു. ധനം കുമിഞ്ഞുകൂടുന്നുവെന്ന് രഹസ്യാന്വേഷകര്‍ അറിയിച്ചപ്പോള്‍ അതെല്ലാം താന്‍ തള്ളിക്കളയുകയായിരുന്നു. മറ്റൊരു അധികാര കേന്ദ്രമെന്നപോലെ അവന്റെ വീട് പ്രവര്‍ത്തിക്കുന്ന കാര്യം ജോലിയുടെ ഭാഗംമാത്രമാണെന്നു കരുതി. ഏതായാലും തക്കസമയത്താണ് സത്യം വെളിപ്പെട്ടത്.
ചിന്തകളിങ്ങനെ പുരോഗമിച്ചപ്പോള്‍, ഉദ്യാനത്തില്‍നിന്നും രാജാവ് വിരുന്നുശാലയിലേക്കു തിരിച്ചെത്തി.
വിരുന്നുശാലയുടെ വാതിലുകള്‍ തള്ളിമാറ്റി കൊടുങ്കാറ്റുപോലെ അകത്തേക്കുകടന്നു. കണ്ടവരൊക്കെ ഭയവിഹ്വലരായി.
ഹാമാനപ്പോള്‍ ക്ഷമയാചിച്ച് രാജ്ഞിയുടെ കാല്ക്കല്‍ വീഴുകയായിരുന്നു. രാജ്ഞി എഴുന്നേറ്റ് മാറിയിരുന്നു. ഹാമാന്‍ വെട്ടിയിട്ട വാഴത്തടപോലെ ആ തല്പത്തിലേക്കു ചാഞ്ഞുകിടന്നു. രാജാവിന്റെ കണ്ണില്‍പ്പതിഞ്ഞത് ഈ കാഴ്ചയാണ്.
കോപംമൂലം പരിസരവും തന്നെത്തന്നെയും മറന്നുപോയ മഹാരാജാവ് ആക്രോശിച്ചു.
''ഈ തെമ്മാടി എന്റെ അരമനയില്‍വച്ച് രാജ്ഞിയെ ആക്രമിക്കുന്നോ?''
ഹാമാന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
അടിമുടി കോപംപൂണ്ട് കത്തിജ്വലിച്ചുനില്ക്കുകയാണ് മഹാരാജാവ്.
''ആരവിടെ?''
ശബ്ദം നിലത്തുവീഴും മുമ്പേ രാജാവിന്റെ അംഗരക്ഷകര്‍ ചാടിവീണു.
അവര്‍ ഹാമാനെ വരിഞ്ഞു മുറുക്കി. കൈകള്‍ പിന്നോട്ടു പിടിച്ചു കെട്ടി. പരുക്കന്‍ തുണി പുതച്ച് അവന്റെ മുഖം മറച്ചു.
വലിച്ചുകെട്ടി മുറിയുടെ വെളിയിലേക്കു കൊണ്ടുപോയി.
ആ സമയങ്ങളിലെല്ലാം ഹാമാന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാല്‍, ഒന്നും വ്യക്തമായി പുറത്തേക്കുവന്നില്ല.
മഹാരാജാവ് റാണിയുടെ അടുത്തെത്തി. 
''നിനക്കും നിന്റെ ജനങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല പ്രിയേ.''
കത്തിയ
മര്‍ന്ന കോപത്തില്‍നിന്നും വെള്ളരിപ്രാവുപോലെ സൗമ്യമായ വാക്കുകള്‍ പറന്നുയര്‍ന്നു.
എസ്‌തേര്‍ രാജാവിനെ ചാരിച്ചേര്‍ന്നുനിന്നു.
പക്ഷേ ഒന്നും ഉരിയാടിയില്ല.
''നീ വിചാരിക്കുന്നതു തന്നെ അവനു സംഭവിക്കും.''
രാജാവ് അവളെ ആശ്വസിപ്പിച്ചു. രണ്ടുപേരുമൊന്നിച്ച് വിരുന്നുശാല വിട്ടുകന്നു.
ശ്വാസം നേരേവീണ പരിചാരകര്‍ ആകെ അലങ്കോലപ്പെട്ടു പോയ ഭക്ഷണശാല വൃത്തിയാക്കാനാരംഭിച്ചു.
പ്രത്യേകരാജസഭ വേഗത്തില്‍ വിളിച്ചുകൂട്ടി. രാജാവിനോടൊപ്പം സഭയില്‍ രാജ്ഞിയും  സംബന്ധിക്കുന്നുണ്ട്.
സിംഹാസനത്തിലിരുന്ന രാജാവ് സദസ്യരെ നോക്കി. പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ സാധാരണ ചെയ്യാറുള്ളതുപോലെ മഹാരാജാവ് ചോദിച്ചു:
''രാജ്യത്തിന്റെ മഹാരാജ്ഞിയോട് അപമര്യാദ പ്രവര്‍ത്തിച്ചവനോട് നാം എന്തു ചെയ്യണം?
ചോദ്യത്തിനുളളില്‍ നീറിനീറിക്കത്തുന്ന കോപത്തിന്റെ അഗ്‌നി സഭാവാസികള്‍ തിരിച്ചറിഞ്ഞു.
അവര്‍ ഒന്നടങ്കം പറഞ്ഞു:
''അവനെ വിചാരണ കൂടാതെ തൂക്കിലേറ്റണം.''
''ആരവിടെ?'' 
രാജഭടന്മാര്‍ രാജാവിന്റെ ഉത്തരവിനു കാതോര്‍ത്തു. 
''കുറ്റവാളിയെ നമ്മുടെ മുന്നില്‍ ഹാജരാക്കൂ.''
മുഖംമൂടിയിട്ട, കൈകള്‍ പിന്നിലോട്ടു കെട്ടി, മൂന്നുനാലു ഭടന്മാരുടെ ബലിഷ്ഠകരങ്ങളില്‍ പിടഞ്ഞ് ഹാമാന്‍ രാജസന്നിധിയില്‍ ഹാജരാക്കപ്പെട്ടു.
''അവന്റെ മുഖത്തെ മൂടി മാറ്റ്.''
 രാജാവിന്റെ കല്പന ഉയര്‍ന്നു.
ഭടന്മാര്‍ കുറ്റവാളിയുടെ മുഖംമൂടിയിരുന്ന തുണി മാറ്റി. 
ഹാമാനെക്കണ്ട് രാജസഭ ഇളകിമറിഞ്ഞു . എല്ലാവരുടെയും ചുണ്ടുകളില്‍ നിന്ന് ഒരേയൊരു സ്വരം പൊങ്ങി.
''ഹാമാന്‍! ഹാമാന്‍...!''
ആ മനുഷ്യന്‍ ഇവനാണ്. ഇത്രയും കാലം രാജ്യദ്രോഹം പ്രവര്‍ത്തിച്ചവന്‍.
അറുക്കാന്‍ നിറുത്തിയ കന്നിന്റെ വെപ്രാളമാണ് ഹാമാന്റെ കണ്ണുകളില്‍. മുഖത്ത് ഭീതിയുടെ മാറാലകള്‍. ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഗദ്ഗദം വന്ന് കൂടുകെട്ടിയ തൊണ്ടയില്‍നിന്ന് ഒരു വാക്കും പുറത്തേക്കു വന്നില്ല.
അപ്പോള്‍ രാജാവിന്റെ വിശ്വസ്തനായ ഷണ്ഡന്‍ മുന്നോട്ടു വന്നു.
രാജാവിനെ വണങ്ങി.
''നിനക്കെന്താണു വേണ്ടത്?''
ചക്രവര്‍ത്തി അവന്റെ നേരേ തിരിഞ്ഞു.
''ഹാമാന്‍ ഒരു പുതിയ കഴുമരം ഉണ്ടാക്കിയിട്ടുണ്ടങ്ങുന്നേ അവന്റെ വീടിനടുത്ത്. അടിയന്‍ അതറിയിക്കാനെത്തിയതാണ്.''
മഹാരാജാവ് ക്രൂരമായി പൊട്ടിച്ചിരിച്ചു.
''അതു നന്നായി.''
ആ ചിരിയും സംസാരവും കേട്ട് ഹാമാന്‍ ബോധമറ്റതുപോലെയായി. രാജകല്പന മുഴങ്ങി. 
''അവനെ അതില്‍ത്തന്നെ തൂക്കുക.''
കല്പന എത്രയും വേഗം നടപ്പാക്കപ്പെട്ടു. അങ്ങനെ മൊര്‍ദേക്കായിക്കുവേണ്ടി ഹാമാന്‍ നിര്‍മിച്ച തൂക്കുമരം അവനു തന്നെ ഉപകാരപ്രദമായി.
അവന്റെ കൊട്ടാരസദൃശമായ മണിമാളിക നില്ക്കുന്ന വളപ്പില്‍, തൂക്കുമരത്തില്‍ വധിക്കപ്പെട്ട് അവന്‍ ഒരു ദിവസംമുഴുവന്‍ ജഡമായി കിടന്നാടി.
സേരെഷും മക്കളും അവരുടെ പരിചാരകരും തലതല്ലി ആര്‍ത്തുകരഞ്ഞു. രാജാവിനോ രാജ്ഞിക്കോ എതിരേ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും ഇങ്ങനെയായിരിക്കും അവരുടെ അന്ത്യമെന്ന് ഹാമാന്‍ മരണംകൊണ്ട് ജനങ്ങളെ പഠിപ്പിച്ചു.

(തുടരും)

Login log record inserted successfully!