ഇതെല്ലാം പരിചാരകനെ ഏല്പിച്ചശേഷം രാജസഭയുടെ വാതിലില്‍ കാത്തുനില്ക്കാന്‍ നിര്‍ദേശിച്ചു.
രാജാവ് കിരീടധാരിയായി സഞ്ചരിക്കുന്ന തൂവെണ്‍നിറമുള്ള കുതിര. അതിന്റെ കുഞ്ചിരോമങ്ങളുടെ വശ്യത. രാജാവ് ഉപയോഗിക്കുന്ന ജീനി ഘടിപ്പിച്ചശേഷം അതിനെ അലങ്കരിച്ച് കൊട്ടാരപ്പടിയിലെത്തിച്ചു.
കാത്തുനിന്നിരുന്ന പരിചാരകനില്‍നിന്നു വസ്ത്രങ്ങളും വാങ്ങി സഭയിലെത്തി മുഖംകാണിച്ചു.
രാജാവിന്റെ മുഖം പുലര്‍കാലസൂര്യനെപ്പോലെ തിളങ്ങി. കല്പിച്ച കാര്യങ്ങള്‍ വളരെ വേഗത്തില്‍ ചെയ്തു തീര്‍ത്തതിനാല്‍ രാജാവ് ഹാമാനെ പുകഴ്ത്തി.
''ഹാമാന്‍ നീ ഉത്സാഹിയാണ്. ശ്രേഷ്ഠനായ പ്രഭുവുമാണ്.''
രാജവാക്യങ്ങള്‍ പനിനീരലപോലെ കുളിര്‍ന്നിറങ്ങി.
വന്നണഞ്ഞ സൗഭാഗ്യമോര്‍ത്ത് അയാള്‍ അഭിമാനംപൂണ്ടു.
മഹാരാജാവു തുടര്‍ന്നു:
''അതിനാല്‍, ഹാമാന്‍ നീ പറഞ്ഞതുപോലെതന്നെ ചെയ്യുക. രാജകീയവസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ടുപോയി രാജാവിന്റെ പടിവാതില്ക്കല്‍ ഇരിക്കുന്ന മൊര്‍ദെക്കായിയെ അണിയിച്ചൊരുക്കുക. നാം സഞ്ചരിക്കുന്ന കുതിരപ്പുറത്തേറ്റി നീ തന്നെ രാജവീഥിയിലൂടെ നടത്തുക. ഒരു കുറവും ഉണ്ടാകരുത്.''
ഭൂമിയില്‍ താണുതാണുപോകുന്നതുപോലെയാണ് ഹാമാനു തോന്നിയത്. എല്ലാ മോഹങ്ങളും ചില്ലുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞിരിക്കുന്നു. താനാരെയാണോ വെറുക്കുന്നത്, അവനെത്തന്നെയാണ് രാജാവ് പുകഴ്ത്തിയത്. തലയും കുമ്പിട്ട് താങ്ങാനാവാത്ത അപമാനഭാരത്തോടെ രാജവസ്ത്രങ്ങളും ആഭരണങ്ങളുംകൊണ്ട് അയാള്‍ മൊര്‍ദെക്കായിയുടെ അടുത്തെത്തി.
രാജകല്പന അനുസരിച്ചല്ലേ മതിയാവൂ! അയാള്‍ മൊര്‍ദെക്കായെ വസ്ത്രാഭരണങ്ങള്‍ ധരിപ്പിച്ചു.
വെളുത്ത കുതിര പടിവാതിലില്‍ എത്തിയിട്ടുണ്ട്. മനസ്സില്ലാമനസ്സോടെ മൊര്‍ദെക്കായിയെ കുതിരപ്പുറത്തിരുത്തി.
കുതിരയോടൊപ്പം രാജവീഥിയിലേക്കു കടന്നു.
''രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനോട് ഇങ്ങനെയാണു പെരുമാറുന്നത്.''
പരിചാരകവൃന്ദങ്ങളോടൊപ്പം മൊര്‍ദെക്കായെ രാജകീയവീഥികളിലുടെ നടത്തിക്കൊണ്ടു പ്രധാന സചിവന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
ആളുകള്‍ അദ്ഭുതാദരവുകളോടെ മൊര്‍ദെക്കായിയെ നോക്കി. അവനു രാജാവിന്റെ പ്രീതി ലഭിച്ചതില്‍ സന്തോഷിച്ചു.
യാത്രാനന്തരം മൊര്‍ദെക്കായി രാജകൊട്ടാരത്തിലേക്കു തിരിച്ചുപോയി. കൊട്ടാരംവാതില്ക്കല്‍ തന്റെ പഴയ ജോലിയില്‍ വ്യാപൃതനായി.
നാട്ടുകാരുടെ മുന്നില്‍ ഇത്തരമൊരു വലിയ രാജബഹുമതി ലഭിച്ചതുകൊണ്ട് തിരിച്ചുവരുംവഴി മൊര്‍ദെക്കായിയെ ജോലിക്കാരും പരിചാരകരുമെല്ലാം കൂടുതല്‍ ആദരിച്ചു.
ഹാമാന്‍ ആകെത്തളര്‍ന്നുപോയി. കരഞ്ഞുകൊണ്ടാണ് വീട്ടിലേക്കു മടങ്ങിയത്. മുഖം ആരുംകാണാതെ മറച്ചുപിടിച്ചു. ജനങ്ങളുടെ മുന്നില്‍ ഗജരാജനെപ്പോലെ തലയെടുപ്പോടെ നടന്നതല്ലേ? കുതിരകള്‍ വലിക്കുന്നതേരില്‍ രാജകീയപ്രൗഢിയോടെ വിലസിയതല്ലേ? ഒറ്റദിവസംകൊണ്ട് എല്ലാം മാറിമറിഞ്ഞിരിക്കുന്നു. അത്യുന്നതമായ കൊടുമുടിയില്‍നിന്ന് അഗാധമായ താഴ്‌വരയിലേക്കാണു പതിച്ചത്.
ഇനി എങ്ങനെയാണു മറ്റുള്ളവരുടെ മുഖത്തു നോക്കുക? ഏറ്റവും വെറുത്തിരുന്ന യഹൂദന്‍വഴി ഇങ്ങനെയൊരു വിധിവൈപരീത്യം വന്നുചേര്‍ന്നുവല്ലോ.
ഒന്നും ശ്രദ്ധിക്കാതെ വേഗത്തില്‍ തലയും കുമ്പിട്ടുനടന്ന് ഹാമാന്‍ വീട്ടിലെത്തി. മുറിയില്‍ക്കയറി കതകടച്ചു.
ഇതു കണ്ടുകൊണ്ടിരുന്ന സേരെഷ് ഓടിയെത്തി.
''എന്താ എന്തുപറ്റി?''
അയാള്‍ അവളെ കെട്ടിപ്പിടിച്ചുകരഞ്ഞു.
സേരെഷിനു യാതൊന്നും മനസ്സിലായില്ല. എത്ര ഉത്സാഹത്തോടെ ഇറങ്ങിപ്പോയ മനുഷ്യനാണ്. ഇങ്ങനെ അവശനായി തിരിച്ചുവന്നിരിക്കുന്നത്!
അവള്‍ വീണ്ടും കാര്യം തിരക്കി.
''എല്ലാം തകര്‍ന്നുപോയി. അവന്റെ മുന്നില്‍ ഞാനാരുമല്ലാതായി.''
ഹാമാന്‍ വിതുമ്പി. എല്ലാം പതിയെ വിശദീകരിച്ചു.
അതുകേട്ട് സേരെഷ് ഞെട്ടിത്തെറിച്ചുപോയി. ഉച്ചത്തില്‍ അലമുറയിട്ടു കരഞ്ഞു. ശബ്ദംകേട്ട് ആദ്യം മക്കളാണ് ഓടിവന്നത്. പിന്നാലെ പരിചാരകന്മാര്‍.
ഇവരെല്ലാം വളരെ ഉദ്വേഗത്തോടെ അകത്തേക്കു പായുന്നതിന്റെ കാരണംതേടി ഉപദേശകന്മാരും സുഹൃത്തുക്കളുമെല്ലാം എത്തി.
വിങ്ങിപ്പൊട്ടി നില്ക്കുകയാണ് സേരെഷ്.
ഹാമാന്‍ മൊര്‍ദെക്കായിയുടെ മുന്നില്‍ അപമാനിതനായി.
അവള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചിട്ട് വീണ്ടും വലിയവായില്‍ കരയാനാരംഭിച്ചു.
കാര്യങ്ങള്‍ മുഴുവന്‍ വിശദമായി അറിഞ്ഞപ്പോള്‍ വന്നുചേര്‍ന്നവരെല്ലാം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു:
''അവന്‍ യഹൂദനാണ്. ആ മൊര്‍ദെക്കായിയുടെ മുന്നില്‍നിന്നാണ് നിന്റെ വീഴ്ച തുടങ്ങിയതെങ്കില്‍ ഇനി പിടിച്ചുനില്ക്കാനാവില്ല.
തീര്‍ച്ചയായും അവന്റെ മുന്നില്‍ നീ വീണുപോകും.
ഹാമാന്‍ മറുത്തൊന്നും പറഞ്ഞില്ല.
ഇന്നലെ വൈകുന്നേരം താനുണ്ടാക്കിയ കഴുമരം അയാളെ നോക്കിനില്ക്കുന്നുണ്ട്. കളിയാക്കിച്ചിരിക്കുകയാണോ?
പെട്ടെന്ന് അകാലത്തില്‍ വീശിയടിച്ച ഒരു പൊടിക്കാറ്റ് അന്തരീക്ഷമാകെ മൂടിക്കളഞ്ഞു.
കന്നുകാലികള്‍ ഭയന്നു നിലവിളിക്കുന്നു. കാഴ്ചയില്‍നിന്ന് എല്ലാം മറഞ്ഞുപോയി. പക്ഷേ എന്തുകൊണ്ടാണോ ആ കഴുമരംമാത്രം തെളിഞ്ഞു കാണുന്നുണ്ട്!
ആകെ ശൂന്യമായ മനസ്സോടെ അയാള്‍ കട്ടിലില്‍ കിടന്നു. എല്ലാവരെയും ആട്ടിപ്പുറത്താക്കി. ഏകാന്തതയാണ് ഇപ്പോള്‍ ആവശ്യം. വിഹ്വലമായ ചിന്തകള്‍ അയാളെ പൊതിഞ്ഞു. അടിമകള്‍പോലും ഇനിതന്നെ പരിഹസിക്കുകയില്ലേ? വീടിന്റെ മേല്‍ക്കൂര ഇപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞുവീണിരുന്നെങ്കില്‍...! എല്ലാം ഒന്നോടെ അവസാനിക്കുമായിരുന്നു.
കൂടുതല്‍ക്കൂടുതല്‍ അശാന്തിയിലേക്ക് മനസ്സ് കൂപ്പുകുത്താതിരുന്നേനെ.
എപ്പോഴോ മയക്കത്തിന്റെ നേരിയപാളിവന്ന് കണ്ണു മൂടിയപ്പോഴാണ് സേരെഷ് വന്ന് വീണ്ടും വിളിച്ചത്.
അയാള്‍ ഞെട്ടി.
കണ്ണു തുറന്ന് ചോദ്യരൂപേണ അവളെ നോക്കി.
''കൊട്ടാരത്തില്‍നിന്നും രാജാവിന്റെ ഷണ്ഡന്മാര്‍ എത്തിയിരിക്കുന്നു.''
സേരെഷിന്റെ നനഞ്ഞ വാക്കുകള്‍.
ഹാമാന്‍ ധിറുതിപ്പെട്ട് എഴുന്നേറ്റു.
അധികനേരമായോ?
അയാള്‍ തിടുക്കത്തില്‍ ചോദിച്ചു.
''ഇല്ല, എത്തിയതേയുള്ളു.''
ധരിക്കേണ്ട വസ്ത്രങ്ങള്‍ സേരെഷ് എടുത്തുവച്ചു. കുളികഴിഞ്ഞ് വസ്ത്രങ്ങളും ധരിച്ച് രാജ്ഞിയുടെ വിരുന്നുശാലയിലേക്ക് ഷണ്ഡന്മാരോടൊപ്പം അയാള്‍ കൊട്ടാരത്തിലേക്കു പുറപ്പെട്ടു.
ആദ്യദിനത്തിലെന്നപോലെ അത്ര സന്തോഷത്തിലല്ല വിരുന്നിന് എത്തിയതെങ്കിലും ഹാമാന്റെ മനസ്സില്‍നിന്ന് പ്രതീക്ഷ അസ്തമിച്ചുപോയിരുന്നില്ല. എന്തോ കാരണത്താല്‍ മൊര്‍ദെക്കായിയോടു തോന്നിയ പ്രീതി രാജാവു പ്രകടമാക്കിയെന്നല്ലാതെ രാജാവിനോ രാജ്ഞിക്കോ തന്നോടൊരു വിരോധവും ഉണ്ടാവില്ല. രാജാജ്ഞ നിറവേറ്റാന്‍ താനൊരു ഉപകരണമായിപ്പോയെന്നേയുള്ളൂ. അതുകൊണ്ടായിരിക്കണമല്ലോ രാജാവ് ഇന്നും സേവകരെ വിട്ടുവിളിപ്പിച്ചത്.
ആരെയാണോ തകര്‍ക്കാനാഗ്രഹിച്ചത്, അവനെത്തന്നെ ചുമക്കേണ്ടിവന്നതിലുള്ള അപമാനമാണ് അസഹ്യമായിത്തീര്‍ന്നത്. ഭാഗ്യത്തിന് തന്റെ സ്ഥാനത്തിന് ഇളക്കമൊന്നും സംഭവിച്ചിട്ടില്ല. സാവധാനം ആഗ്രഹം സാധിച്ചെടുക്കുക. രാജാവിന്റെ മനസ്സ് അനുകൂലമായ സമയത്ത്.
ഒരുപക്ഷേ, ഇന്നുതന്നെ ആ യഹൂദനെതിരേ താന്‍ തയ്യാറാക്കിയ കുറ്റപത്രം രാജാവിനു സമര്‍പ്പിക്കണം. അന്നത്തെ രാജവധശ്രമത്തിലേര്‍പ്പെട്ടെന്നു വിധിക്കപ്പെട്ട രണ്ടുപേരും തൂക്കിലേറ്റപ്പെട്ടതിനാല്‍ ഇനി താന്‍ പറയാന്‍ പോകുന്നതേ സത്യമാവൂ. പറ്റിയ സാക്ഷികളെയും ഹാജരാക്കണം.
തന്നോടുകൂടെ ധാരാളം അടിമകളുണ്ട്, പറയുന്നതപ്പടി പ്രവര്‍ത്തിക്കുന്നവര്‍.പണത്തിന്റെ പ്രലോഭനങ്ങളില്‍ വീണുപോകാത്തവരാരുണ്ട്! അടിമകളുടെ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടത്ര ധനം നല്കിയാല്‍ അവര്‍ വരച്ചവരയില്‍ നില്ക്കും. ജീവന്‍പോയാലും ബന്ധുജനങ്ങളുടെ നന്മയ്ക്കു വേണ്ടിയേ അവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.
ഉപദ്രവിക്കപ്പെട്ട ഹിംസ്രമൃഗമാണ് താന്‍. അവസരം കിട്ടുമ്പോള്‍ ചാടിവീണ് ആക്രമിക്കണം. യാതൊരു ദാക്ഷിണ്യവുമില്ലാതെ.
ഈ തിരിച്ചടി ഒരു പാഠമാണ്. നാലു വശത്തും വേണം കണ്ണ്. എവിടെയും ചെവിയെത്തണം. തന്റെ താന്‍പോരിമയാല്‍ പല കൊട്ടാരം ജോലിക്കാരും തന്നോടകലം പാലിക്കുന്നുണ്ട്.
അതാണ് ഇക്കാര്യം മണത്തറിയാന്‍ കഴിയാതെപോയത്.
എന്നാലും യഹൂദവംശം മുഴുവനായും പിഴുതെറിയപ്പെടാനുള്ള തന്റെ സൂത്രബുദ്ധി രാജാവിനിതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ അദ്ദേഹം ഉത്തരവില്‍ മുദ്ര ചാര്‍ത്തിത്തന്നത്. ഇനി ആ കല്പന മറികടക്കാന്‍ ആര്‍ക്കും സാധ്യവുമല്ല.
ഇത്തരമൊരു സന്ദിഗ്ധഘട്ടത്തിന്റെ മുനമ്പില്‍വച്ച് ഒരു യഹൂദനെ രാജാവ് കൂടുതല്‍ ആദരണീയനാക്കിയത് എന്തിനായിരിക്കും? മഹാരാജാവു വിളംബരം ചെയ്ത ഉത്തരവിനെതിരേ മഹാരാജാവുതന്നെ പ്രവര്‍ത്തിക്കുകയാണെന്ന് ഒരുപക്ഷേ, ചിന്തിച്ചിട്ടുണ്ടാവില്ല.
സാരമില്ല.
ആദാര്‍ മാസംവരെ കാത്തുനിന്നാല്‍ മതിയല്ലോ. അന്ന്, എത്ര ഉന്നതനാവട്ടെ രാജശാസനയില്‍നിന്ന് അവനു മോചനമുണ്ടാവില്ല. അത്രയുംനാള്‍ പത്തിയമര്‍ത്തിക്കഴിയുകതന്നെ. അന്നേതു സാഹചര്യമായാലും ആ ദിവസം മൊര്‍ദെക്കായി വാളിനിരയായെങ്കിലേ തനിക്കു വന്നുചേര്‍ന്ന അത്യപമാനത്തിന്റെ കറ അല്പമെങ്കിലും കഴുകിക്കളയാനാവുകയുള്ളൂ. കാടുകയറിയ ചിന്തകളുമായി അയാള്‍ രാജകൊട്ടാരത്തിലെത്തി.
എവിടെയും ഒരു മാറ്റവുമില്ല.
അപ്പോഴും കൊട്ടാരംവാതില്ക്കല്‍ ഹാമാനെ കാണാന്‍ കൂട്ടാക്കാതെ, എണീക്കാതെ, വന്ദനം പറയാതെ ആ യഹൂദനിരിപ്പുണ്ട്.
മറ്റെല്ലാ ജോലിക്കാരും പരിചാരകരും സാധാരണപോലെ ആദരം പറയുന്നു, വണങ്ങുന്നു. അയാള്‍ക്കു സമാധാനമായി.
രാജസദസ്സില്‍ രാജാവ് കാത്തിരിക്കുന്നു. രാജാവിനെ വിനയപൂര്‍വ്വം വണങ്ങി. വളരെ പ്രീതികരമായിട്ടാണ് രാജാവ് അയാളോടു പെരുമാറുന്നത്. സ്വസ്ഥാനത്തിരുന്ന അയാളെനോക്കി രാജാവു ചിരിച്ചു.
''ഇന്ന് എന്റെ ഉത്തരവുകളല്ലെം നീ കാര്യക്ഷമമായി നടപ്പാക്കിയിട്ടുണ്ട്.''
രാജാവ് ഹാമാനെ പുകഴ്ത്തി.
''രാജാജ്ഞ ദൈവാജ്ഞയല്ലേ തിരുമേനി?''
അയാളുടെ അതിവിനയം രാജാവിനെ കൂടുതല്‍ സന്തുഷ്ടനാക്കി.
''സാധാരണക്കാരെല്ലാം നമ്മുടെ ഔദാര്യത്തെക്കുറിച്ച്... എന്താണു പറയുന്നത്?''
അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്. പക്ഷേ, ചോദിച്ചതു രാജാവല്ലേ. ഉത്തരം പറയാതിരിക്കാനാവില്ലല്ലോ.
''അവിടുത്തെ കാരുണ്യവും ദയയും എല്ലാവരും പ്രകീര്‍ത്തിക്കുന്നുണ്ട് പ്രഭോ. ചെറിയവനു പോലും വലിയ സമ്മാനങ്ങള്‍ കൊടുക്കുന്ന അവിടത്തെ മഹാമനസ്‌കത ലോകം മുഴുവന്‍ അറിയപ്പെടും.''
പൊള്ളയായ വാക്കുകള്‍കൊണ്ട് ഹാമാന്‍ രാജാവിന്റെ ആകാംക്ഷയെ പൊതിഞ്ഞു സംരക്ഷിച്ചു.
ആ സമയത്ത് രാജ്ഞിയുടെ ദൂതന്മാര്‍ സദസ്സിലെത്തി. വിരുന്നിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മഹാറാണി മഹാരാജാവിനെ കാത്തിരിക്കുന്നു എന്നറിയിച്ചു.
അഹസ്വേരുസ് ചക്രവര്‍ത്തി സിംഹാസനത്തില്‍നിന്നെഴുന്നേറ്റു. രാജാവിന്റെ അകമ്പടിക്കാരും ജാഗരൂകരായി.
മഹാരാജാവും ഹാമാനും വിരുന്നുശാലയിലേക്കു നടന്നു.
(തുടരും)