ലോകമെമ്പാടുമുള്ള രാജ്യസ്‌നേഹികള്‍ ജനാധിപത്യത്തിന്റെ കാഹളം മുഴക്കിയിട്ടുള്ളവരാണ്. എന്നാല്‍, ഇന്നത്തെ നേതാക്കന്മാരില്‍ ജനാധിപത്യത്തിന്റെ മരണമണി അടിക്കുന്നവരാണ്. അത്തരക്കാരെയും അവര്‍ക്കുവേണ്ടി കുഴലൂതുന്നവരെയും ജനം തിരിച്ചറിയണം. സമ്മതിദാനാവകാശമാണ് അത്തരക്കാരെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം. ജനാധിപത്യം ശ്വാസംമുട്ടുന്നതുകണ്ട് സഹികെട്ട സാംസ്‌കാരികനായകന്മാര്‍തന്നെ ജനാധിപത്യസംരക്ഷണത്തിന്റെ കാവലാളുകളായി രംഗത്തുവന്നിരിക്കുന്നതു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എഴുത്തിന്റെ കരുത്തായി കരുതപ്പെടുന്നത് സ്വതന്ത്രചിന്തയും നിര്‍ഭയത്വവുമാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ എഴുത്തുകാര്‍പോലും അധികാരിവര്‍ഗത്തിന്റെ സ്തുതിപാഠകരായി മാറിപ്പോയിരുന്നു. അതിനിടയിലാണ് തലപ്പൊക്കമുള്ള ഒന്നുരണ്ട് എഴുത്തുകാര്‍ ശക്തമായി പ്രതികരിച്ചത്. അതു ശബ്ദമില്ലാത്തവരുടെ ശബ്ദവും ജനങ്ങളുടെ ശബ്ദവുമായി വ്യാഖ്യാനിക്കപ്പെട്ടതിനാലത്രേ അധികാരകേന്ദ്രങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടത്.
ഇന്ത്യന്‍ ജനാധിപത്യം താരതമ്യേന ശൈശവാവസ്ഥയിലാണ്. വെറും 77 വര്‍ഷത്തെ പാരമ്പര്യമേ ഇന്ത്യന്‍ ജനാധിപത്യഭരണക്രമത്തിനുള്ളൂ. എന്നാല്‍, ബ്രിട്ടണിലെയും അമേരിക്കന്‍ ഐക്യനാടുകളിലെയും ജനാധിപത്യസംവിധാനങ്ങള്‍ക്കു രണ്ടേകാല്‍ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പല ഭരണക്രമങ്ങളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൊതുസ്വീകാര്യത നേടാനായത് ജനാധിപത്യഭരണരീതിക്കാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ആധികാരികവും കാതലായതുമായ നിര്‍വചനം നല്‍കിയത് അമേരിക്കന്‍ ഐക്യനാടുകളുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന എബ്രാഹം ലിങ്കണാണ്. 1861 മുതല്‍ 1865 വരെ പ്രസിഡന്റായിരുന്ന ലിങ്കണ്‍ 1863 നവംബര്‍ 19-ാം തീയതി അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച യോദ്ധാക്കളുടെ സ്മരണാര്‍ഥം പെനിസ്ല്‍വാനിയായിലെ ഗറ്റിസ്ബര്‍ഗ് ശ്മശാനത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലാണ് ഇന്ന് എല്ലാവരും ആഘോഷിക്കുന്ന ജനാധിപത്യത്തിന്റെ നിര്‍വചനം ലോകം ആദ്യമായി ശ്രവിച്ചത്. അദ്ദേഹം പറഞ്ഞു: ജനാധിപത്യം ജനങ്ങളില്‍നിന്ന് ഉദ്ഭവിക്കുന്ന അധികാരമാണ് (ഓഫ് ദ പീപ്പിള്‍). ജനങ്ങള്‍ ഉപയോഗിക്കുന്ന അധികാരമാണ് (ബൈ ദ പീപ്പിള്‍). ജനങ്ങള്‍ക്കുവേണ്ടിയുള്ള അധികാരമാണ് (ഫോര്‍ ദ പീപ്പിള്‍). എന്നാല്‍ ഇന്ന് 'ഓഫും' ബൈയും 'ഫോറും' പോയി; 'പീപ്പിളും' പോയി. ബാക്കിനിക്കുന്നത് അധികാരംമാത്രമാണ്. അതിന്റെ അവകാശികളും മാറി. അതിനു പല ഉടമകളില്ല. ഒരേയൊരുടമ - സിംഹാസനത്തിലിരിക്കുന്നവന്‍ മാത്രം.
ജനാധിപത്യത്തിന്റെ ഉരകല്ലായി കരുതപ്പെടുന്ന തിരഞ്ഞെടുപ്പിലൂടെ സിംഹാസനത്തിലെത്തി ജനഹിതം മറന്നു പ്രവര്‍ത്തിക്കുന്ന കിരീടധാരികള്‍ക്കെതിരേയാണ് എഴുത്തുകാര്‍ പടവാളിനെക്കാള്‍ മൂര്‍ച്ചയുള്ള പേനയുമായി രംഗത്തുവന്നത്. കോഴിക്കോട്ടു നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നവതി പിന്നിട്ട എം.ടി. വാസുദേവന്‍ നായരാണ് ജനാധിപത്യത്തെ ഏകാധിപത്യവും സ്വേച്ഛാധിപത്യവുമാക്കി അധഃപതിപ്പിക്കുന്നതിനെതിരേ ശബ്ദിച്ചത്. എം.ടി. പ്രസംഗം എഴുതിവായിക്കുകയായിരുന്നു. മുഖ്യമന്ത്രി സന്നിഹിതനായ സദസ്സിലായിരുന്നു പ്രസംഗം. എം.ടിയായതുകൊണ്ട് മൈക്ക് ഓഫ് ചെയ്തില്ലെന്ന് ആശ്വസിക്കാം. 90 പിന്നിട്ട എം.ടി.ക്കു വായിച്ച കടലാസ് മാറിപ്പോയെന്നു ധ്വനി വരത്തക്കവിധത്തിലുള്ള വിശദീകരണം ഇടതന്മാരുടെ ഭാഗത്തുനിന്നുണ്ടായി. ശരിയായ വ്യാഖ്യാനം നല്‍കാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി സെക്രട്ടറിക്കായതുകൊണ്ട് അദ്ദേഹം രാഷ്ട്രീയപ്രതിരോധം തീര്‍ത്തു. എം.ടി. ഉദ്ദേശിച്ചത് പ്രധാനമന്ത്രിയെയാണ്, മുഖ്യമന്ത്രിയെയല്ല. രണ്ടു ദിനങ്ങള്‍ക്കുശേഷം എഴുത്തുകാരന്‍ കുറെക്കൂടി വ്യക്തതയുള്ള ഭാഷയില്‍ പറഞ്ഞു. ഇതു കിരീടങ്ങള്‍ വാഴുന്ന കാലമാണ്. സിംഹാസനങ്ങള്‍ ഒഴിയുക. ജനങ്ങള്‍ വരുന്നുണ്ട്. മുകുന്ദന്‍കൂടി രംഗത്തുവന്നതോടെ സംസ്ഥാന സെക്രട്ടറി നിലപാടുമാറ്റി. തങ്ങള്‍ പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തും. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി എതിര്‍ത്തുതോല്പിക്കാം. എന്നാല്‍, എഴുത്തുകാരും സാംസ്‌കാരികനായകന്മാരും വിമര്‍ശനമുന്നയിച്ചാല്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകുമെന്നുള്ള വിലയിരുത്തലാണ് കടുത്ത നിലപാടില്‍നിന്നു പിന്മാറാന്‍ കാരണം.
സി.പി.ഐയുടെ പുതിയ സെക്രട്ടറി ബിനോയി വിശ്വം സാഹിത്യനായകരുടെ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ തിരുത്തലിനു തയ്യാറാകണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ആഗോളവത്കരണത്തിനും സ്വകാര്യവത്കരണത്തിനും കമ്പോളവത്കരണത്തിനും കീഴടങ്ങിയപ്പോള്‍ ചെറുത്തുനില്പിന്റെ നേര്‍ത്ത ശബ്ദമെങ്കിലും ഉയര്‍ന്നത് സി.പി.ഐ. യുടെ പക്ഷത്തുനിന്നാണ്.
ജനശബ്ദത്തെ പ്രതിപക്ഷശബ്ദമായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അംഗീകരിക്കണം. സുമനസ്സുകള്‍ക്ക് ഒരു താത്പര്യംമാത്രം - ജനാധിപത്യത്തിന്റെ വിജയം. ജനക്ഷേമഭരണം.