•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ചക്രവര്‍ത്തിനി

ണഞ്ഞുപോയ ദീപത്തിനുപകരം നൂറു മണിച്ചിത്രദീപങ്ങള്‍. സൗന്ദര്യമുള്ള യുവകന്യകമാരെ രാജാവിനുവേണ്ടി അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ഭൃത്യന്‍മാര്‍ ഓരോ പ്രവിശ്യയിലേക്കും പറഞ്ഞയയ്ക്കപ്പെട്ടിട്ടുണ്ട്. കൊട്ടാരത്തിലെ സ്ത്രീകളുടെ ചുമതല വഹിക്കുന്ന ഹെഗായിയാണ് ഓരോയിടത്തേക്കും സേവകരെ നിയോഗിച്ചത്.
സൂസായില്‍ എത്തിച്ചേരുന്ന യുവസുന്ദരിമാരെ  പ്രത്യേകം അന്തഃപുരത്തിലാണു താമസിപ്പിക്കുന്നത്. അവര്‍ക്കാവശ്യമായ സൗന്ദര്യവര്‍ദ്ധകവസ്തുക്കളെല്ലാം കൊട്ടാരത്തില്‍നിന്നു നല്കാന്‍ ഏര്‍പ്പാടാക്കി.
വാഷ്തിരാജ്ഞിക്കു പകരം ആ പദത്തിലെത്താന്‍ കൊതിപൂണ്ട് ധാരാളം കന്യകമാര്‍ എത്തിക്കൊണ്ടിരിക്കുന്നു. സൂക്ഷ്മപരിശോധനകള്‍ക്കുശേഷം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമാത്രമാണ് അന്തഃപുരത്തില്‍ പ്രവേശനം നല്കിയത്.
 കൂടാരത്തിലെ ഒരാഴ്ചത്തെ കര്‍ശനപഠനത്തിനും ഒരുക്കങ്ങള്‍ക്കുംശേഷം എസ്‌തേറിനെ സൂസായിലേക്കു കൊണ്ടുവന്നു. രൂപവതിയും സുമുഖിയുമായ അവളെ മൊര്‍ദെക്കായിതന്നെ ഹെഗായിയെ ഏല്പിച്ചു.
എന്നാല്‍, എസ്‌തേര്‍ തന്റെ വളര്‍ത്തുമകളാണെന്ന സത്യം അയാള്‍ മറച്ചുവച്ചു.
''ഇതാ ഹെഗായ്, രാജാവിനുവേണ്ടി ഞാന്‍ കണ്ടെത്തിയ ഒരു കന്യക.''
 അത്യന്തം ആഹ്ലാദത്തോടെ ഹെഗായ് അവളെ നോക്കി. ഇതുവരെ കണ്ടെത്തിയ കന്യകമാരുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയാണിവള്‍.
''ഇവളേതു ഗോത്രക്കാരിയാണ്?''
ഹെഗായ് അന്വേഷിച്ചു.
''അറിയില്ല, അപ്പനും അമ്മയും മരിച്ചുപോയ ഒരു അനാഥയാണ്. പക്ഷേ, അറിവിലും അഴകിലും മികച്ചവളാണ്. തോന്നുന്നില്ലേ?''
''തീര്‍ച്ചയായും.''
''മൊര്‍ദെക്കായിയുടെ അഭിപ്രായം ഹെഗായി ശരിവെച്ചു.''
''ഇവള്‍ക്കു ഞാന്‍ അന്തഃപുരത്തിലെ ഏറ്റവും നല്ല ഇടം നല്കും.''
അതു കേട്ടപ്പോള്‍ മൊര്‍ദെക്കായ് പുഞ്ചിരിച്ചു. മനസ്സില്‍ ആശ്വസിക്കുകയും ചെയ്തു.
വന്നെത്തിയ എല്ലാ യുവകന്യകമാര്‍ക്കും ആറുമാസം മീറയും ആറുമാസം സുഗന്ധദ്രവ്യങ്ങളും ലേപനങ്ങളും കൊണ്ടുള്ള പരിചരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനു വേണ്ടി വിദഗ്ധരായ പരിചാരികാവൃന്ദത്തെയും നിശ്ചയിച്ചു.
കൊട്ടാരവും പരിസരവും പരിജനങ്ങളും ഉദ്യോഗസ്ഥരുമായുള്ള ഒരു വര്‍ഷത്തെ ഇടപഴകല്‍ ആ കന്യകമാരുടെ ദോഷവശങ്ങള്‍ ഇല്ലാതാക്കും. മനസ്സ് രാജപത്‌നിയുടേതുപോലെ പരിപാകപ്പെടും. നടപ്പിലും നോട്ടത്തിലും പെരുമാറ്റത്തിലും ഔന്നത്യം വന്നുചേരും. വിശദവും സൂക്ഷ്മവുമായ നിയന്ത്രണങ്ങളുടെ ചട്ടക്കൂട്ടിനുള്ളില്‍ ഓരോ യുവതിയും അടിമുടി വ്യത്യസ്തയായിത്തീരും.
ഇടയ്ക്കിടെ മൊര്‍ദെക്കായിയുടെ മനസ്സ് ചഞ്ചലമാകും. തന്റെ മകള്‍ക്ക് അന്തഃപുരത്തിനുള്ളില്‍ സുഖമാണോ?
അവള്‍ ബന്ധുജനങ്ങളെ ഓര്‍ത്തു വ്യാകുലപ്പെടാറുണ്ടോ?
ഹെഗായിയോടു ചോദിക്കുവാന്‍ പലവട്ടം മുതിര്‍ന്നു.പക്ഷേ മനസ്സതു വിലക്കി.
ആര്‍ക്കും ഒരു സംശയവും തോന്നരുത്.
ഉള്ളിലെ ആധികള്‍ ഉള്ളില്‍ത്തന്നെ ഒതുക്കി.
കൊട്ടാരം വിചാരിപ്പുകാരനായതിനാല്‍ മൊര്‍ദെക്കായിക്ക് അന്തഃപുരഭാഗത്തേക്കും പ്രവേശനമുണ്ട്. ആ സ്വാതന്ത്ര്യമുപയോഗിച്ച് അയാള്‍ ഒരു ദിവസം അന്തഃപുരം മുറ്റത്തിനപ്പുറത്തുള്ള തോട്ടത്തില്‍ വന്നു. അവിടെനിന്ന് അകത്തേക്ക് എത്തിനോക്കി. 
ഏതെങ്കിലും വരാന്തയില്‍ ആ നക്ഷത്രം ഉണ്ടോ? ഏതെങ്കിലും ജനല്‍പ്പാളികള്‍ക്കപ്പുറത്ത് ആകാംക്ഷനിറഞ്ഞ കണ്ണുകളുണ്ടോ?
മൊര്‍ദെക്കായിയെ മുറ്റത്തുകണ്ടപാടേ എസ്‌തേര്‍ വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു. കണ്ണുകൊണ്ടും കൈകൊണ്ടും ആംഗ്യംകാണിച്ച് ശ്രദ്ധയാകര്‍ഷിച്ചു.
വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
മതിലിനകത്ത് തന്റെ വളര്‍ത്തുമകളുടെ പ്രവൃത്തികളെല്ലാം ഇപ്പുറത്തെ തോട്ടത്തില്‍ നിന്നുകൊണ്ട് മൊര്‍ദെക്കായി ശ്രദ്ധിച്ചു. പക്ഷേ, അറിഞ്ഞതായി ഭാവിച്ചില്ല.
മരച്ചില്ലകള്‍ക്കിടയില്‍ മറഞ്ഞുനിന്നുനോക്കി. എസ്‌തേര്‍ സന്തുഷ്ടയാണ്, മുഖത്തിപ്പോഴും നിലാവുണ്ട്.
നടത്തത്തിനു സൗന്ദര്യാത്മകമായ താളമുണ്ട്. അത്രയുംമതി..
മൊര്‍ദെക്കായിക്ക് സംതൃപ്തിയായി.
പിതൃവ്യനായ അബിഹായലിന്റെ പുന്നാരക്കുട്ടിയാണ് ഹദസ. അവളുടെ അമ്മയും മരണത്തിനു കീഴടങ്ങി.
ബാബിലോണ്‍യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെപ്പോലെ കിട്ടിയതാണ് അഞ്ചുവയസ്സുകാരി കിലുക്കാംപെട്ടിയെ. ഇത്രയുംനാള്‍ തന്റെ നെഞ്ചോടൊട്ടിേച്ചര്‍ന്നു വളര്‍ന്നു.
കളിച്ചുകുളിര്‍ന്നു. 
വലുതായി, സുന്ദരിയായി!
മൊര്‍ദെക്കായി പതുക്കെ കൊട്ടാരവാതില്‍ക്കലേക്ക്, തന്റെ ഇരിപ്പിടത്തിലേക്കു മടങ്ങി.
എസ്‌തേറിന്റെ സൗഖ്യമന്വേഷിച്ചിട്ടുള്ള ഇത്തരം കൂടിക്കാഴ്ചകള്‍ നിരവധി തവണ നടന്നിട്ടുണ്ട്. അയാളുടെ മനസ്സമാധാനത്തിനു വേണ്ടിമാത്രം.
ഒരിക്കല്‍ അറിയാനുള്ള ആഗ്രഹം പരകോടിയിലെത്തിയപ്പോള്‍ ഉപനാരികളുടെ മേല്‍നോട്ടക്കാരനെ നേരില്‍ക്കണ്ടു വിശേഷം തിരക്കി.
''ഏയ് ഹെഗായ്.''
''അടിയന്‍.''
ഷണ്ഡന്‍ മൊര്‍ദെക്കായെ വണങ്ങി.
''അന്നു നിന്നെ ഏല്പിച്ച അനാഥക്കുട്ടി എങ്ങനെയുണ്ട്?''
''അവള്‍ മിടുമിടുക്കിയാണ്. മറ്റുള്ളവരെപ്പോലെ വേണ്ടതും വേണ്ടാത്തതുമായ യാതൊന്നും ആവശ്യപ്പെടില്ല, പാവം.''
ഹെഗായി അവളുടെ മേന്മ പറയുന്നതുകേട്ട് അയാള്‍ സന്തോഷിച്ചു. 
''നീ അവളെ കാണാറുണ്ടോ?''
''ഉണ്ടങ്ങുന്നേ... എനിക്ക് ആ കുട്ടിയോട് വല്ലാത്ത ഇഷ്ടമാണ്.''
മൊര്‍ദെക്കായി ഉള്ളില്‍ച്ചിരിച്ചു. ഇനിയും എല്ലാം ശുഭമായി നടക്കണേ എന്നു പ്രാര്‍ത്ഥിച്ചു.
''ഇന്നുമുതലാണ് കന്യകമാര്‍ രാജാവിനെ സന്ദര്‍ശിക്കുന്നത്.'' 
ഹെഗായി വെളിപ്പെടുത്തി.
''ഇത്ര പെട്ടെന്ന് ഒരുവര്‍ഷം കടന്നുപോയോ?'' 
മൊര്‍ദെക്കായി അദ്ഭുതപ്പെട്ടു.
''കാലമല്ലേഅതോടിപ്പോകും.''
ഫലിതം പറഞ്ഞതുപോലെ അവന്‍ ചിരിച്ചു.
''എനിക്കിന്നു വലിയ തിരക്കാണ്. ആദ്യവനിതയെ കുറിയിട്ടു തീരുമാനിക്കണം. കൊട്ടാരത്തിലെത്തിക്കണം.''
അവന്‍ വേഗത്തില്‍ നടന്നു.
തവണ എത്തുന്നതിനനുസരിച്ച് ഓരോ യുവതിയും മഹാരാജാവിനെ സന്ദര്‍ശിക്കും. അങ്ങോട്ടു പോകുമ്പോള്‍ അന്തഃപുരത്തില്‍ എന്താവശ്യമുണ്ടെങ്കിലും അതെല്ലാം അവര്‍ക്കു കൊടുക്കും.
സന്ധ്യാസമയമെത്തുമ്പോള്‍ തീരുമാനിക്കപ്പെട്ട യുവതിയെത്തേടി ഹെഗായി വരും. അവള്‍ അണിഞ്ഞൊരുങ്ങി കൊട്ടാരത്തിലേക്കു നടക്കും. പിറ്റേന്നു പ്രഭാതത്തില്‍ ഉപനാരിമാരുടെ വിചാരിപ്പുകാരനും ഷണ്ഡനുമായ ഷാസ്ഗസ് വരും. അയാളുടെ കീഴിലുള്ള മറ്റൊരു അന്തഃപുരത്തിലാണ് ആ യുവനാരിമാരെ പിന്നീട് താമസിപ്പിക്കുന്നത്. അവള്‍ പള്ളിയറയില്‍നിന്നു മടങ്ങിയശേഷം രാജാവിന് അവളില്‍ സന്തുഷ്ടിതോന്നുകയും പേരുചൊല്ലി വിളിക്കുകയും ചെയ്തില്ലെങ്കില്‍ പിന്നീട് അവള്‍ രാജസന്നിധിയില്‍ പോവുകയില്ല. ഉപനാരിമാരിലൊരാളായി വേണമെങ്കില്‍ കൊട്ടാരത്തില്‍ കഴിയാം.
വീണ്ടുമൊരിക്കല്‍ കൊട്ടാരവരാന്തയില്‍ അന്തഃപുരത്തിലേക്കുള്ള ഇടവഴിയില്‍വച്ച് ഹഗായി മൊര്‍ദെക്കായിയെ കണ്ടു. അവന്‍ അങ്ങോട്ട് ഓടിച്ചെന്നു. 
മുഖം നിറയുന്ന പുഞ്ചിരി.
 ''അങ്ങറിഞ്ഞില്ലേ?'' 
ചെന്നപാടേ ഹെഗായി ചോദിച്ചു.
''എന്താ വിശേഷം, ഞാനൊന്നുമറിഞ്ഞില്ലല്ലോ?''
മൊര്‍ദെക്കായ് ആകാംക്ഷാഭരിതനായി.
''അന്നത്തെ ആ അനാഥക്കുട്ടി എസ്‌തേറിന്റെ ഊഴമായിട്ടുണ്ട്.''
ഹഗായിയുടെ വാക്കുകള്‍ കേട്ടു പ്രായം മറന്നു തുള്ളിച്ചാടണമെന്നു തോന്നി മൊര്‍ദെക്കായിക്ക്. 
എന്നാല്‍, നിസ്സംഗതയോടെ അയാള്‍ പ്രതിവചിച്ചു.
''വളരെ നല്ലകാര്യം.''
ഹെഗായ് തുടര്‍ന്നു:
''എസ്‌തേറിനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ഇത്രയും കാലംകൊണ്ട് പരിചാരകന്മാരുടെ എല്ലാം കണ്ണിലുണ്ണിയായി മാറിയിട്ടുണ്ടവള്‍.''
 വളര്‍ത്തുമകളെക്കുറിച്ചുള്ള നല്ലവാക്കുകള്‍ കേട്ട് അയാള്‍ സന്തോഷിച്ചു. കൊട്ടാരംപരിചാരകന്റെ അഭിപ്രായം എല്ലാവരുടേതുമാണ് എന്നയാള്‍ മനസ്സിലാക്കി.
''അനാഥയാണെങ്കിലും ഏതോ നല്ല കുടുംബത്തില്‍ പിറന്ന കുട്ടിയാണ്.''
ഹഗായ് അഭിപ്രായപ്പെട്ടു.
''എത്ര വിശിഷ്ടമാണ് അവളുടെ പെരുമാറ്റം!''
മൊര്‍ദെക്കായി കൂടുതല്‍ സന്തുഷ്ടനായി.
''എന്നാണ് എസ്‌തേറിന്റെ ഊഴം?'' 
അയാള്‍ അന്വേഷിച്ചു 
''നാളെ... നാളെ  സന്ധ്യയ്ക്ക്..''
ഹെഗായി നടന്നകന്നു.
മൊര്‍ദെക്കായി ഉയരങ്ങളിലേക്കു കണ്ണുകളുയര്‍ത്തി ദൈവത്തോടു പ്രാര്‍ഥിച്ചു.
അന്നത്തെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയശേഷം മൊര്‍ദെക്കായി കൊട്ടാരത്തില്‍നിന്നു പുറത്തിറങ്ങി.
തന്റെ ജനങ്ങളുടെ അടുത്തേക്കു നീങ്ങി. അവിടെച്ചെന്ന് എല്ലാവരെയും വിളിച്ചുചേര്‍ത്തു. വയലില്‍ കൃഷി ചെയ്തിരുന്നവരും ആടുമാടുകളെ മേയ്ക്കുന്നവരുമെല്ലാം വന്നുചേര്‍ന്ന സന്ധ്യാനേരം.
എല്ലാവരും കൂടാരമുറ്റത്ത് ഒത്തുകൂടി. അവിടെ സമ്മേളിച്ച എല്ലാവരോടുമായി അയാള്‍ പറഞ്ഞു:
''പ്രിയപ്പെട്ടവരേ, നമ്മുടെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. നാളെ സന്ധ്യയ്ക്കാണ് എസ്‌തേര്‍ രാജാവിനെ സന്ദര്‍ശിക്കുന്നത്. നാളത്തെ പരീക്ഷണത്തില്‍ അവള്‍ വിജയശ്രീലാളിതയായി തിരിച്ചെത്താന്‍വേണ്ടി നമുക്കെല്ലാവര്‍ക്കും ഉപവാസമനുഷ്ഠിച്ചു പ്രാര്‍ത്ഥിക്കാം. പ്രവാസികളായ എബ്രായജനതയെ ദൈവം കൈവിടില്ല. 
മൊര്‍ദെക്കായിയുടെ വാക്കുകള്‍ അവര്‍ക്ക് ഉണര്‍വും ഉത്സാഹവുമായി. തങ്ങളുടെ പ്രിയപ്പെട്ട മകള്‍ക്ക് നന്മയുണ്ടാകുവാനായി അവര്‍ ഒന്നിച്ച് ഉപവാസപ്രാര്‍ഥന തുടങ്ങി.
ദൈവമേ... എസ്‌തേര്‍ നിനക്കും മഹാരാജാവിനും പ്രിയപ്പെട്ടവളായിരിക്കാന്‍ കനിയണമേ. അങ്ങയുടെ കാരുണ്യത്തിന്റെ തേന്‍തുള്ളികള്‍ അവളിലേക്ക് ഇറ്റിക്കേണമേ. അവള്‍ വീഞ്ഞുപോലെ നുരഞ്ഞുതിളയ്ക്കട്ടെ. അവള്‍ രാജാവിന്റെ സിരകളില്‍ ലഹരിയൊഴുകട്ടെ.
നിന്റെ അഭിഷേകതൈലം എത്രയോ സുരഭിലമാണ്.
അവളുടെ കവിള്‍ത്തടങ്ങള്‍ കുറുനിരകള്‍കൊണ്ടും. 
കഴുത്ത് രത്‌നമാലകള്‍കൊണ്ടും ശോഭിക്കുമ്പോള്‍ 
 എന്റെ പ്രിയേ... നീയെത്ര സുന്ദരി.
നിന്റെ മിഴികള്‍ ഇണപ്രാവുകളാണ്,
ഷാരോണിലെ പനിനീര്‍പ്പൂപോലെ അഴകുള്ളവളാണ് നീ. 
എന്റെ സുന്ദരീ...
 എന്റെ ഓമനേ...
എഴുന്നേല്ക്കുക, ഇറങ്ങിവരിക.
ഇതാ ശിശിരം പോയിമറഞ്ഞു, മഴക്കാലവും മാറിയിരിക്കുന്നു.
ഭൂമിനിറയെ പൂവുകളാല്‍ അലങ്കൃതമായിരിക്കുന്നു.
നിന്റെ മുഖം ഞാനൊന്നു കാണട്ടെ, 
നിന്റെ സ്വരം ഒന്നുകേള്‍ക്കട്ടെ ഞാന്‍...
മുഖം മനോഹരവും സ്വരം മധുരവുമാണ് - എന്നിങ്ങനെ മഹാരാജാവിന്റെ അധരങ്ങള്‍  ഉരുവിടുന്നസമയം വന്നുചേരണമേ.
 ഉപവാസപ്രാര്‍ഥനകള്‍ക്കു ശേഷം മൊര്‍ദെക്കായി തിരിച്ചുപോയി. രാജകൊട്ടാരത്തിലെ അന്തഃപുരത്തിലെത്താനുള്ള  അറിയിപ്പ് യഥാസമയം എസ്‌തേറിനു ലഭിച്ചു.
''ഇവിടന്ന് ആവശ്യമുള്ളതെല്ലാം എടുക്കാം.'' ഹെഗായ് എസ്‌തേറിനോടു പറഞ്ഞു. 
''അത്യാവശ്യമുള്ളതു മാത്രം മതി.''
എസ്‌തേര്‍ ഹെഗായിയെ നോക്കിച്ചിരിച്ചു. നിലാവിലെന്നപോലെ ഹഗായി കുളിര്‍ന്നു. 
''എടുക്കുന്നതെല്ലാം സ്വന്തമാക്കാം.''
''വേണ്ടാ ഹഗായ്, എനിക്ക് അര്‍ഹതപ്പെട്ടതേ വേണ്ടൂ.''
എസ്‌തേര്‍ വീണ്ടും കിലുങ്ങി.
വിചാരിപ്പുകാരന്‍ ഷണ്ഡന്‍ അദ്ഭുതപ്പെട്ടു. ഇതുവരെ ഇവിടെനിന്നു പോയവരെല്ലാം കൊണ്ടുപോയ വസ്തുക്കളുടെ ധാരാളിത്തം അവനോര്‍ത്തു.
ആരുമില്ലാതെ വളര്‍ന്നതുകൊണ്ടാവും ഒന്നിനോടും എസ്‌തേറിന് അത്യാര്‍ത്തി ഇല്ലാതായത്. ഈ യുവതിയാണ് രാജാവിന്റെ പട്ടമഹിഷിയായി തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ കൊട്ടാരത്തിനും രാജാവിനും അതൊരു മുതല്ക്കൂട്ടായിരിക്കും.  
''ഞാനൊരുങ്ങട്ടെ. ഹെഗായി എപ്പോഴാണ് എത്തുന്നത്?''
എസ്‌തേറിന്റെ മധുരവാണിയാണ് അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്.
''സൂര്യാസ്തമയത്തിനു മുമ്പ്.''
ഹെഗായ് ഓര്‍മിപ്പിച്ചു.
വഴി കാണിക്കാന്‍ ഞാനും മറ്റു പരിചാരികമാരും വരും.
എസ്‌തേര്‍ സന്തോഷത്തോടെ തലകുലുക്കി.
പിന്നെയൊരു കാട്ടരുവിപോലെ തുള്ളഭിത്തെറിച്ച് നടന്നുപോയി.
സുവര്‍ണതലങ്ങളില്‍ താളമിടുന്ന വെണ്ണക്കല്ലുപോലെ അവളുടെ കാല്‍വണ്ണകള്‍ കാഴ്ചകളില്‍ നിന്നകന്നുമറഞ്ഞു.

(തുടരും)

Login log record inserted successfully!