•  2 May 2024
  •  ദീപം 57
  •  നാളം 8
നേര്‍മൊഴി

പ്രതീക്ഷ നഷ്ടപ്പെടുത്തി കോണ്‍ഗ്രസ്

2024 ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുമുമ്പുള്ള സെമിഫൈനല്‍ എന്നു വിലയിരുത്തപ്പെട്ട അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസ് പാര്‍ട്ടിയെയും കോണ്‍ഗ്രസ് ആശയത്തെയും ആശങ്കപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, തിരഞ്ഞെടുപ്പുസര്‍വേകളെയും എക്‌സിറ്റ് പോളുകളെയും മറികടക്കുന്ന കണക്കുകളുമായാണു ബിജെപിയുടെ ആധികാരികവിജയം. ഈ തിരഞ്ഞെടുപ്പുഫലം ബിജെപി അജയ്യമാണെന്നും പട നയിച്ച പ്രധാനമന്ത്രി മോദി അനിഷേധ്യ നേതാവാണെന്നും അടിവരയിട്ടുറപ്പിക്കുന്നു.
ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശില്‍ ഭരണവിരുദ്ധവികാരമുണ്ടെന്നും ആ സംസ്ഥാനം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും രാഷ്ട്രീയനിരീക്ഷണമുണ്ടായിരുന്നു. കേന്ദ്രത്തിന്റെ ഇടപെടല്‍ അതിനെ ശരിവയ്ക്കുന്നതായിരുന്നു. മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനില്‍ കേന്ദ്രമന്ത്രിസഭയ്ക്കു വിശ്വാസം പോരാത്തതുകൊണ്ടാണ്  എട്ടിലധികം കേന്ദ്രനേതാക്കളെ അവിടെ മത്സരിപ്പിച്ചത്. മാത്രവുമല്ല, തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി ചൗഹാന്‍ വേദിയിയിലിരുന്നിട്ടും അദ്ദേഹത്തിന്റെ പേരു പറയാന്‍പോലും മുഖ്യപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായില്ല. തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാവുകയും ചൗഹാന്റെ സ്വാധീനം ബോധ്യപ്പെടുകയും ചെയ്തശേഷംമാത്രമാണ് അദ്ദേഹത്തെ കൂടെനിറുത്തുകയും മുന്നില്‍കൊണ്ടുവരികയും ചെയ്തത്.
ഭരണവിരുദ്ധവികാരമൊന്നും മധ്യപ്രദേശില്‍ ഏശിയില്ലെന്നു സീറ്റെണ്ണവും വോട്ടുശതമാനവും സൂചിപ്പിക്കുന്നു. 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 130 സീറ്റുകള്‍വരെ  ബിജെപിക്കു ലഭിക്കാമെന്ന പ്രവചനമുണ്ടായിരുന്നെങ്കിലും നേടിയത് 163 സീറ്റുകളാണ്. 2018 ല്‍ നേടിയ 109 സീറ്റുകളുടെ സ്ഥാനത്താണിത് എന്നോര്‍മിക്കണം. വോട്ടുശതമാനത്തിലും കാര്യമായ വ്യത്യാസമുണ്ട്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളില്‍ 48.57 ശതമാനം ബിജെപിയും 40.43 ശതമാനം കോണ്‍ഗ്രസും നേടി.
200 സീറ്റുള്ള രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നു കരുതിയവരുണ്ട്. ആ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു തിരഞ്ഞെടുപ്പുഫലം. 2018 ല്‍ 100 സീറ്റുനേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് 69 സീറ്റിലൊതുങ്ങി. 73 സീറ്റുണ്ടായിരുന്ന ബിജെപി  ഇത്തവണ സീറ്റെണ്ണം 115 ആക്കി ഉയര്‍ത്തി. ബിജെപി 41.69 ശതമാനം വോട്ടും കോണ്‍ഗ്രസ് 39.53 ശതമാനം വോട്ടും സ്വന്തമാക്കി.
യഥാര്‍ഥത്തില്‍ അട്ടിമറി നടന്ന സംസ്ഥാനം ഛത്തീസ്ഗഡ് ആണ്. 2018 ല്‍ 15 സീറ്റിലൊതുങ്ങിയിരുന്ന ബിജെപി 46.30 ശതമാനം വോട്ടോടെ 54 സീറ്റുപിടിച്ച് അധികാരത്തിലെത്തി. 68 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 35 സീറ്റിലേക്ക് ഒതുങ്ങി അധികാരത്തിനു പുറത്തായി. വോട്ടുശതമാനത്തിലും ഏകദേശം നാലു ശതമാനത്തിന്റെ അന്തരമുണ്ട്.
തെലങ്കാനയിലേത് കോണ്‍ഗ്രസിന്റെ ആശ്വാസവിജയമാണ്. അതിനെ രാഷ്ട്രീയവിജയമായി കണക്കാക്കാനാവുകയില്ല. കോണ്‍ഗ്രസിന്റെ യഥാര്‍ഥ രാഷ്ട്രീയ എതിരാളി ബിജെപിയാണ്. 40 സീറ്റുകള്‍ മാത്രമുള്ള മിസോറാമിലെ വിജയം ദേശീയപാര്‍ട്ടികള്‍ക്ക് അത്ര പ്രധാനപ്പെട്ടതല്ല. ഇത്തവണ മിന്നുന്ന വിജയം നേടിയത് 2017 ല്‍ രൂപീകൃതമായ സോറോം പീപ്പിള്‍സ് മൂവ്‌മെന്റ് (സെഡ് പി.എം.) എന്ന പ്രാദേശികപാര്‍ട്ടിയാണ്. ആറു സംഘടനകളുടെ കൂട്ടായ്മയാണത്.
ഭരണത്തിലില്ലെങ്കിലും രാജ്യത്ത് ആവശ്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നു വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. കോണ്‍ഗ്രസിന്റെ ചരിത്രവും അതു രാജ്യത്തിനു നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് കോണ്‍ഗ്രസിനുവേണ്ടി അവര്‍  വാദിക്കുന്നത്. എല്ലാവരെയും എല്ലാ ചിന്താധാരകളെയും എല്ലാ ജീവിതരീതികളെയും വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കോണ്‍ഗ്രസുപോലെ വിശാലവീക്ഷണവും സഹിഷ്ണുതയുമുള്ള ഒരു മുഖ്യധാരാപ്രസ്ഥാനം രാജ്യത്ത് അനിവാര്യമാണ്.
ലക്ഷ്യബോധവും ആത്മവിശ്വാസവും നഷ്ടപ്പെട്ട കോണ്‍ഗ്രസിനെയോര്‍ത്തു വിലപിക്കുന്നവര്‍ ധാരാളം. കോണ്‍ഗ്രസ് പഴയകാലപ്രതാപത്തിന്റെ മാടമ്പിമനോഭാവത്തില്‍നിന്നു പുറത്തുകടക്കണം. കാലം മാറിയതു തിരിച്ചറിയുകയും  ചരിത്രത്തിന്റെ പാഠപുസ്തകത്തില്‍നിന്നു പഠിക്കുകയും വേണം. ജയിക്കണമെന്ന ചിന്ത കോണ്‍ഗ്രസുകാരുടെ മനസ്സില്‍ വേരുപിടിക്കണം. അതോടൊപ്പം, പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലും തിരഞ്ഞെടുപ്പുതന്ത്രങ്ങളിലും അടിമുടി അഴിച്ചുപണി നടത്തുകയും വേണം.
പ്രധാനമന്ത്രി മോദിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കുക എന്നതായിരിക്കട്ടെ ആദ്യത്തെ തന്ത്രം. പ്രധാനമന്ത്രിക്കെതിരേ പ്രയോഗിക്കുന്ന ഓരോ അസ്ത്രവും ബൂമറാങ്‌പോലെ തിരിച്ചുവരികയാണ്. കാരണം, മോദി എന്ന നേതാവ് വിശ്വാസ്യതയുടെയും പ്രതീക്ഷയുടെയും പ്രതീകമായി വളര്‍ന്നിരിക്കുന്നു. അദ്ദേഹത്തിനു പകരംവയ്ക്കാവുന്ന ഒരു നേതാവും ഒരു പാര്‍ട്ടിയും ഇപ്പോഴില്ല. അതുകൊണ്ടു തന്ത്രം വ്യക്തിയില്‍നിന്നു പ്രത്യയശാസ്ത്രത്തിലേക്കു മാറണം. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം മറ്റൊന്നിന്റെയും പിന്നിലല്ല. അതേസമയം, ബിജെപിയുടെ 'ഹിന്ദുത്വ' പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആശങ്കപ്പെടുന്ന വലിയൊരു ജനസമൂഹം രാജ്യത്തുണ്ടുതാനും.
രണ്ടാമത്തെ തന്ത്രം ജനങ്ങളുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുകയെന്നതാണ്. പ്രത്യയശാസ്ത്രത്തിന്റെ തണലില്‍ നില്ക്കാനല്ല, സേവനദാതാക്കളുടെ പക്ഷത്തു നില്ക്കാനാണ് പട്ടണഗ്രാമവ്യത്യാസമെന്യേ ജനങ്ങള്‍ക്കു താത്പര്യം. ദാരിദ്ര്യത്തിലും അജ്ഞതയിലും കഴിഞ്ഞിരുന്ന ഉത്തരേന്ത്യയിലെ ജനകോടികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ചെറുതെങ്കിലും ക്ഷേമപദ്ധതികളുടെയും പെന്‍ഷനുകളുടെയും തുക തങ്ങളുടെ അക്കൗണ്ടുകളില്‍ എത്തിക്കുകയും ചെയ്യുന്ന സര്‍ക്കാരിനെ വോട്ടര്‍മാര്‍ എങ്ങനെ മറക്കും? കിറ്റു കൊടുത്ത് തുടര്‍ഭരണം ഉറപ്പാക്കിയവരുടെ ചിത്രം പലരുടെയും മനസ്സിലുണ്ട്.
മൂന്നാമത്തെ തന്ത്രം പാവപ്പെട്ടവരെയും ഗോത്രവര്‍ഗങ്ങളെയും ദളിത്പിന്നാക്കവിഭാഗക്കാരെയും കൂടെനിര്‍ത്തുക എന്നതത്രേ. പ്രസിഡന്റ് പദവി പിന്നാക്കക്കാര്‍ക്കു മാറ്റിവച്ചുകൊണ്ട് ബിജെപി വരിച്ച വിജയം പാഠമാകേണ്ടതാണ്. നാലാമത്തെ തന്ത്രം സംഘടനാബലം കൂട്ടുകയും പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. നേതാക്കന്മാര്‍ക്കു  കോണ്‍ഗ്രസിനെ രക്ഷിക്കാനാവുകയില്ല, പ്രവര്‍ത്തകര്‍ ഉണരുകയാണാവശ്യം.
'ഇന്ത്യ' മുന്നണിയെ ശക്തിപ്പെടുത്തുകയാണ് മറ്റൊരു തന്ത്രം. മോദിവിരുദ്ധരുടെ പൊതുപ്‌ളാറ്റ്‌ഫോമായാല്‍ പോരാ ഇന്ത്യാസമിതി. സഖ്യകക്ഷികള്‍ക്കിടയില്‍ നേതൃസ്ഥാനം ഉറപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിനുപകരം കോണ്‍ഗ്രസ് ഇന്ത്യാസമിതിയുടെ ഭാഗമാവുകയും അതില്‍ ലയിക്കുകയും വേണം. എല്ലാം ഭദ്രമാണെന്ന മൂഢചിന്തയില്‍നിന്നു പ്രതിപക്ഷകക്ഷികള്‍ പുറത്തുവരണം.

 

Login log record inserted successfully!