•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ചക്രവര്‍ത്തിനി

രവങ്ങളും ആഘോഷങ്ങളുംകൊണ്ടു രാജമന്ദിരം മുഖരിതമായി. വീഥികളില്‍ കുറച്ചുദിവസമായി പൊടിപടലങ്ങളുയര്‍ത്തിയ ആഗതപ്രമുഖര്‍ കൊട്ടാരത്തിലെത്തിക്കഴിഞ്ഞു.
എല്ലാവരെയും അഹസ്വേരുസ് ചക്രവര്‍ത്തി ആചാരപൂര്‍വം സ്വാഗതംചെയ്തു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആഗതരായ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കുമെല്ലാം അനുയോജ്യമായ വാസസ്ഥലങ്ങള്‍ തയ്യാറാക്കി.
ചക്രവര്‍ത്തി രാജകീയമഹത്ത്വത്തിന്റെ സമൃദ്ധിയും തന്റെ പ്രതാപൈശ്വര്യങ്ങളുടെ ആഡംബരപൂര്‍ണതയും പ്രദര്‍ശിപ്പിച്ചു. സ്വര്‍ഗതുല്യമായ സൂസാനഗരവും പരിസരങ്ങളും അവിടെയുള്ള സുഖസൗകര്യങ്ങളും സാമന്തന്മാര്‍ക്ക് അനുഭവിക്കാനും ആസ്വദിക്കാനുമായി നൂറ്റിയെണ്‍പതു ദിവസങ്ങള്‍.
സൂസയില്‍വന്നു താമസിക്കുന്ന വലിയവരും ചെറിയവരുമായ എല്ലാവര്‍ക്കുമായി  പേര്‍ഷ്യാരാജധാനിയുടെ ഉദ്യാനാങ്കണത്തില്‍വച്ച് ഒരു വിരുന്നുനല്കാന്‍ രാജാവ് നിശ്ചയിച്ചു.
രാജകൊട്ടാരത്തിന്റെ ഇടതുവശത്തുള്ള പൂന്തോട്ടത്തിനു നടുവിലാണ് മനോഹരമായ പന്തലുയര്‍ന്നത്. അതിഥിപ്രമുഖന്മാരുമായുള്ള ചര്‍ച്ചയും സകലര്‍ക്കുംവേണ്ടിയുള്ള രാജകീയവിരുന്നും നടക്കേണ്ടസ്ഥലം.
ഏഴുദിവസം നീണ്ടുനില്‍ക്കുമത്രേ രാജസല്‍ക്കാരം. ആയിരത്തിലധികം ആളുകള്‍ക്ക് അനായാസം ഇരുന്നു ഭക്ഷണം കഴിക്കാവുന്നത്ര വലുപ്പമുണ്ട് പന്തലിന്.
മാര്‍ബിള്‍സ്തംഭങ്ങളിലുള്ള വെള്ളിവളയങ്ങളില്‍ ചെമന്നുനേര്‍ത്ത ചണനൂലുകള്‍ കോര്‍ത്ത് പരുത്തിത്തുണികള്‍കൊണ്ടുള്ള വെള്ളയും നീലയുമായ യവനികകള്‍ തൂക്കിയിട്ടിരിക്കുന്നു. അമൃതശില, വെണ്ണക്കല്ല്, മുത്തുച്ചിപ്പി, രത്‌നക്കല്ലുകള്‍ ഇവകൊണ്ടു നിര്‍മിച്ച തല്പങ്ങള്‍.
രാജകീയമായി അണിയിച്ചൊരുക്കിയ പന്തലും പരിസരങ്ങളും. 
രാത്രിയെ അകറ്റിനിര്‍ത്താന്‍ ചുറ്റിലും വര്‍ണദീപസ്തംഭങ്ങള്‍. ശത്രുവിനെപ്പോലെ ഇവിടെനിന്നു രാത്രിയും ഭയന്നോടും. 
ഇത് അഹസ്വേരുസ് ചക്രവര്‍ത്തിയുടെ അരമനയല്ലേ?
പന്തലിന്റെ പ്രധാനഭാഗത്തു തയ്യാറാക്കിയ സിംഹാസനത്തിലേക്കു മഹാരാജാവിന്റെ വരവായി.
പ്രധാനികളായ ഏഴു സാമന്തരുടെയും ഹാമാന്റെയും പീഠങ്ങള്‍ സിംഹാസനത്തിന് ഇരുവശത്തുമായി നിരത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയായ ഹാമാന്റെ ഇരിപ്പിടം സിംഹാസനത്തിന് തൊട്ടുവലതുവശത്താണ്. അതിനപ്പുറത്ത് കര്‍ഷേണ, ശെഥാര്‍, അഥ്മാദാ എന്നീ രാജക്കന്മാര്‍ക്കുള്ളതാണ്.
മഹാരാജാവിന്റെ ഇടതുവശത്ത് ആദ്യതല്പത്തില്‍ മെമുക്കായി എന്ന പ്രധാനസാമന്തരാജാവാണ്. അദ്ദേഹത്തിനും ഇടതുവശങ്ങളില്‍ യഥാക്രമം താര്‍ഷിഷ്, മേരെസ്, മെര്‍സേന എന്നിവരാണ്.
രാജകീയസല്‍ക്കാരത്തിന്റെ ആരംഭമായി. രാജാവിനെ ആഗതരെല്ലാവരും എഴുന്നേറ്റു നിന്നുവണങ്ങി.
മഹാരാജാവ് നീണാള്‍ വാഴട്ടെ. എല്ലാ കണ്ഠങ്ങളില്‍നിന്നും രാജസ്തുതി മുഴങ്ങി. സന്തോഷമോടെ എല്ലാവരോടും അഹസ്വേരുസ്‌രാജാവ് ഇരിക്കാന്‍ ആംഗ്യം കാണിച്ചു.
എങ്കിലും രാജാവ് സിംഹാസനത്തില്‍ ഇരുന്നതിനുശേഷമാണ് മറ്റുള്ളവരെല്ലാം ഇരിക്കാന്‍ തുടങ്ങിയത്.
ചക്രവര്‍ത്തിക്കും സാമന്തമാര്‍ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ വീഞ്ഞും ഭക്ഷണപദാര്‍ഥങ്ങളും നിരന്നു.
സ്വര്‍ണ-വെള്ളിപ്പാത്രങ്ങളിലാണ് അവ നിരത്തിയിരിക്കുന്നത്. വിവിധ ആകൃതിയിലുള്ള സ്വര്‍ണചഷകങ്ങളാണ് വീഞ്ഞുപകരാന്‍ ഉപയോഗിക്കുന്നത്.
വീഞ്ഞു വിളമ്പാന്‍ പേര്‍ഷ്യയിലെയും മെദിയയിലെയും യുവസുന്ദരിമാര്‍. ഭക്ഷണപാനീയങ്ങള്‍ തീര്‍ന്നുപോകുന്നമുറയ്ക്ക് അവ എത്തിക്കാന്‍ ഷണ്ഡന്മാരും അടിമകളും അടങ്ങിയ പരിചാരകര്‍ സദാ സേവനസന്നദ്ധരായി ഓടിനടക്കുന്നു.
ആര്‍ക്കും ഒരു കുറവുമുണ്ടാകരുതെന്നു മഹാരാജാവിനു നിര്‍ബന്ധമുണ്ട്. രാജാജ്ഞ വളരെ കൃത്യമായി പരിപാലിക്കപ്പെടുന്നുമുണ്ട്. വീഞ്ഞുകുടിച്ച് മദോന്മത്തരായവര്‍ക്ക് ഉത്സാഹക്കാഴ്ചകള്‍ സമ്മാനിക്കുന്ന നൃത്തപരിപാടികളുണ്ട്. സ്വര്‍ഗത്തിലെ അപ്‌സരസുകളെപ്പോലെ അഴകേറിയ യുവസുന്ദരിമാരുടെ ലാവണ്യവിലാസങ്ങള്‍!
ഈണവും താളവും മുറുകിവരുമ്പോള്‍ രാജനര്‍ത്തകിമാരുടെ ശരീരങ്ങള്‍ താളമേളങ്ങള്‍ക്കനുസരിച്ച് ഇമ്പമോടെ ഇളകിയാടുന്നു. 
ഇത് സല്‍ക്കാരത്തിന്റെ ഏഴാംനാള്‍.
രാജകീയസിംഹാസനത്തില്‍ മഹാരാജാവ് ആരൂഢനായതിന്റെ മൂന്നാം വാര്‍ഷികാഘോഷമാണ്.
ഈ സമയത്ത് ഉന്നതര്‍ക്കുള്ള സത്ക്കാരപ്പന്തലിനു സമാന്തരമായി കൊട്ടാരത്തിനു പുറത്ത് സാധാരണജനങ്ങള്‍ക്കും വിരുന്നൊരുക്കിയിട്ടുണ്ട്. അവിടേക്കു തിക്കിത്തിരക്കിത്തള്ളിക്കയറുന്നത് ആയിരക്കണക്കായ പട്ടിണിപ്പാവങ്ങളാണ്.
ഭക്ഷണത്തിനുവേണ്ടിയുള്ള ആ തെരുവുയുദ്ധത്തില്‍ കയ്യൂക്കുള്ളവര്‍ക്കു മാത്രമേ അതു ലഭിച്ചിരുന്നുള്ളൂ. തിരക്കില്‍പ്പെട്ട് ഉഴലുന്നവര്‍ക്കു പട്ടാളത്തിന്റെ മര്‍ദനവുംകൂടി സഹിക്കേണ്ടിവന്നു. തിക്കുംതിരക്കും മര്‍ദനവുമൊന്നും വിശപ്പിന്റെ മുന്നേറ്റത്തെ തടുത്തുനിറുത്താന്‍ കഴിവുള്ളതായിരുന്നില്ല. ജനങ്ങള്‍ ഓരോ ദിവസവും കൂടിക്കൂടിവന്നു.
ഹതഭാഗ്യരായ ചിലരൊക്കെ തിരക്കിനുള്ളില്‍ മരിച്ചുവീണു.  അവരുടെ മൃതദേഹംപോലും ബന്ധുക്കള്‍ക്കു ലഭിച്ചില്ല. ആരെന്നോ എവിടത്തുകാരെന്നോ അറിയപ്പെടാതെ ശരീരങ്ങള്‍ പൊതുശ്മശാനത്തിലേക്കെത്തി. ആരോരുമില്ലാത്തവരുടെ, അഗതികളുടെ പേരില്‍ അവരെല്ലാം അടക്കംചെയ്യപ്പെട്ടു.
അകത്തെ സല്‍ക്കാരങ്ങളില്‍ ആനന്ദവും ലഹരിയും കൂടിക്കലര്‍ന്ന് ബോധംകെട്ടുപോകുന്ന ആഗതരെ വിശ്രമമന്ദിരങ്ങളിലേക്ക് അടിമകളുടെ സഹായത്തോടെ മടക്കിവിടുന്നു. ഏറ്റവും വിലയേറിയ വീഞ്ഞും വിഭവങ്ങളുമാണ് ഇന്നത്തെ പ്രത്യേകത - ഇന്നാണ് ഏഴാം ദിവസം. രാജകീയ സല്‍ക്കാരം ഇതോടെ അവസാനിക്കുകയാണ്. ആഘോഷങ്ങളുടെ പരിസമാപ്തിക്കുശേഷം അതിഥികള്‍ തലസ്ഥാനത്തുനിന്നു മടങ്ങിപ്പോകാന്‍ തുടങ്ങും.
വീഞ്ഞിന്റെ ആനന്ദലഹരിയില്‍ മങ്ങിമയങ്ങുന്ന കണ്ണുകളോടെ ഒരു മായാപ്രപഞ്ചത്തിലെന്നപോലെയാണ് അതിഥികള്‍.
ആ സമയത്ത് മഹാരാജാവിന്റെ ശബ്ദമുയര്‍ന്നു:
''പ്രിയ സാമന്തന്മാരേ,
 എല്ലാവരും ചെവികൂര്‍പ്പിച്ചു. അര്‍ദ്ധനിമീലിതങ്ങളായ കണ്ണുകള്‍ കൂടുതല്‍ ഭാരത്തോടെ തുറന്നു. 
ഈ ഏഴു ദിവസങ്ങളില്‍ നമ്മുടെ രാജത്വത്തിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കുചേരാന്‍ നിങ്ങളെത്തിയതില്‍ നമുക്ക് അതിയായ സന്തോഷമുണ്ട്.''
രാജാവിന്റെ നന്ദിവാക്കുകള്‍ അനുയായികളുടെ ഹൃദയങ്ങളില്‍ കുളിരുപെയ്തു. കുഴഞ്ഞുപോകുന്ന നാവു നേരേയാക്കിക്കൊണ്ട് അവരെല്ലാവരും ഉദ്‌ഘോഷിച്ചു:
''മഹാരാജാവ് നീണാള്‍ വാഴട്ടെ.''
മുദ്രാവാക്യംപോലെ മുഴങ്ങിയ കുഴഞ്ഞ ശബ്ദങ്ങള്‍ കേട്ട് രാജശിരസ്സുയര്‍ന്നു. അദ്ദേഹം കൈവീശി അഭിവാദ്യംചെയ്തു. എല്ലാവരോടും സ്വസ്ഥാനങ്ങളില്‍ ഇരിക്കാന്‍ കല്പിച്ചു.
''പ്രിയപ്പെട്ടവരേ, ഇന്ന് ആഘോഷങ്ങള്‍ അവസാനിക്കുന്ന ദിവസമാണല്ലോ. സല്‍ക്കാരങ്ങള്‍ക്കിടയില്‍ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ?''
മഹാരാജാവ് ആരാഞ്ഞു.
''ഒന്നിനും ഒരു കുറവുമില്ല. എല്ലാ വിഭവങ്ങളും ഒന്നിനോടൊന്ന് മികച്ചതാണ് തിരുമനസ്സേ.''
പ്രധാനസാമന്തന്മാരില്‍ ഒരാളായ മേരസ് രാജാവ് പ്രഖ്യാപിച്ചു. മറ്റുള്ളവരും അതിനോടു യോജിച്ചു.
''പേര്‍ഷ്യന്‍ സുന്ദരിമാരുടെ ആതിഥേയത്വം അതിവിശിഷ്ടമാണ്. ഞങ്ങളെല്ലാവരും അങ്ങയുടെ വിരുന്നില്‍ സംതൃപ്തരാണ് പ്രഭോ.''
കര്‍ഷേണരാജാവിന്റെ അഭിപ്രായം സദസ്സ് ആരവങ്ങളോടെയാണ് അംഗീകരിച്ചത്.
അപ്പോഴാണ് അഹസ്വേരുസ് ചക്രവര്‍ത്തിയുടെ ചിന്തകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പായുന്നത്.
പേര്‍ഷ്യയിലെ ഏറ്റവും സുന്ദരിയായവളെ സല്‍ക്കാരവേദിയിലേക്ക് ആനയിക്കേണ്ടതല്ലേ?
''പേര്‍ഷ്യന്‍ സുന്ദരിമാരില്‍ ഏറ്റവും മികച്ചവളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?''
മഹാരാജാവിന്റെ ചോദ്യം വന്നുവീണപ്പോള്‍ ആരുമൊന്നും പറഞ്ഞില്ല. ആരാവും ആ അപ്‌സരസ്? എല്ലാവരും അവളെപ്പറ്റി മാത്രമാണ് ചിന്തിച്ചുകൊണ്ടിരുന്നത്.
ആ സുന്ദരി നമ്മുടെ പട്ടമഹിഷിയാണ്. 
മഹാരാജാവ് പ്രഖ്യാപിച്ചു.
ലഹരിപതഞ്ഞ വാക്കുകള്‍ പന്തലില്‍ എല്ലായിടത്തും അലയടിച്ചു. എല്ലാ മുഖങ്ങളിലും അദ്ഭുതവും അമ്പരപ്പുമാണുണ്ടായത്.
അഹസ്വേരുസ് തന്റെ പ്രധാനമന്ത്രിയെ തിരിഞ്ഞുനോക്കി. എന്നിട്ടു കല്പിച്ചു: 
''വാഷ്തി മഹാറാണിയെ സല്‍ക്കാരപ്പന്തലില്‍ ഹാജരാക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക.''
പ്രധാനസചിവനായ ഹാമാന്റെ നിര്‍ദേശപ്രകാരം സ്ത്രീകളുടെ ചുമതല വഹിക്കുന്ന ഷണ്ഡനായ ഹെഗായിയും രാജാവിന്റെ ഉപനാരിമാരുടെ മേല്‍നോട്ടവിചാരിപ്പുകാരനായ ഷാസ്ഗസും മഹാരാജ്ഞിയുടെ പക്കലേക്കു പാഞ്ഞു.
കൊട്ടാരവാതില്‍ക്കല്‍ അന്തഃപുര പരിപാലകനായ മൊര്‍ദെക്കായി നില്ക്കുന്നു. ഷണ്ഡന്മാര്‍ അവനെ അറിയിച്ചു:
രാജകല്പനയാണ്.
മഹാറാണിയെ സല്‍ക്കാരമന്ദിരത്തിലേക്കു ക്ഷണിക്കണം.
വാഷ്തി മഹാരാജ്ഞിയെ അണിയിച്ചൊരുക്കാനായി കൊട്ടാരം സേവകരായ മെഹുമാന്‍, ബിസ്താ, ഹര്‍ബോണ, ബിഗ്താ, അബാഗ്താ. സേഥാര്‍, കാര്‍ക്കസ് എന്നീ ഏഴു ഷണ്ഡന്മാര്‍ രാജകല്പനപ്രകാരം പിന്നാലെ എത്തുന്നുണ്ടായിരുന്നു.
കാര്യമറിഞ്ഞ് മൊര്‍ദെക്കായിക്കു നൊന്തു.
എന്തൊരു ക്രൂരതയാണിത്? ബഹുമാന്യയായ ഒരു സ്ത്രീയെ അന്യപുരുഷന്മാരുടെ ഇടയിലെ കാഴ്ചവസ്തുവാക്കുകയോ?
അവര്‍ രാജ്യത്തിന്റെ മഹാറാണിയല്ലേ?
രാജാവിനെ പിന്തിരിപ്പിക്കാന്‍ ഉപദേശകരാരുമുണ്ടായിരുന്നില്ലേ? രാജാവിന്റെ ആഗ്രഹം രാജ്ഞിയെ എങ്ങനെ അറിയിക്കും? കുടിച്ചു മദോന്മത്തരായവരുടെ മുന്നിലേക്ക് അവരെ കൊണ്ടുപോകുന്നത് ഉചിതമല്ല. പക്ഷേ, രാജശാസനമാണ്. കല്പന കല്ലേപ്പിളര്‍ക്കും.
മൊര്‍ദെക്കായി അവരോടു പറഞ്ഞു:
''മഹാറാണി വിരുന്നുകഴിഞ്ഞു വന്നതേയുള്ളൂ. ക്ഷീണിതയാണ്. എന്താവും പ്രതികരണമെന്നറിയില്ല.''
മഹാരാജാവിന്റെ വിരുന്നിനു സമാന്തരമായി കൊട്ടാരവാസികളും ആഗതരുമായ എല്ലാ വനിതകള്‍ക്കുമായി രാജ്ഞിയും വിരുന്നു നടത്തിയിരുന്നു.
രാജകൊട്ടാരത്തിന്റെ ഇടതുഭാഗത്തുള്ള പൂന്തോട്ടത്തില്‍വച്ച് ഇന്നത്തെ വിരുന്നു തീര്‍ന്നതേയുള്ളൂ. പരിചാരികമാര്‍ വിരുന്നുശാല വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു.
മൊര്‍ദെക്കായിക്ക് വാഷ്തി രാജ്ഞിയെ വ്യക്തമായി അറിയാം.
മുന്‍ശുണ്ഠിക്കാരിയാണ്. മുന്‍പിന്‍നോക്കാതെ പ്രവര്‍ത്തിച്ചു എന്നുവരാം. ഒരുപക്ഷേ, രാജകല്പനയുമായി ചെല്ലുന്നവന്റെ തലയാവും തെറിക്കുക. അന്തഃപുരത്തിലേക്കു വന്ന രണ്ടു ഷണ്ഡന്മാരും മൊര്‍ദെക്കായുംകൂടെ കൂടിയാലോചിച്ചു. 
ഈ സമയത്ത് രാജ്ഞിയെ മുഖം കാണിക്കാന്‍ അവരുടെ ഏറ്റവും വിശ്വസ്തനായ അടിമയാണു നല്ലത്.
മൊര്‍ദെക്കായി ഷാസ്ഗസിനോടു പറഞ്ഞു:
''നീ പോയി അവനെ വിളിക്ക്. രാജ്ഞിയുടെ പ്രധാന അടിമയെ. അവനോടു കാര്യം വിശദീകരിക്കാം.''
ഷാസ്ഗാസ് വേഗത്തില്‍ മുന്നോട്ടു നടന്നു. തോട്ടത്തില്‍ വിരുന്നുശാലയുടെ ഒരറ്റത്ത് പ്രിയപ്പെട്ട അടിമയുവതിയുമായി ഹൃദയസല്ലാപത്തില്‍ ഏര്‍പ്പെട്ടിരിക്കയാണവന്‍.
''ഖിഷ്ഖാന്‍...!''
ഷാസ്ഗസ് വിളിച്ചു.
അകാലത്തില്‍ സ്വരം മുറിഞ്ഞുപോയ പാട്ടുപോലെ തകര്‍ന്നുടഞ്ഞ സംഗമം. 
അടഞ്ഞുതുടങ്ങിയ ഇണയുടെ കണ്ണുകളില്‍ തീവ്രമായ വികാരത്തിന്റെ തിരത്തല്ലലുകള്‍. അവള്‍ വലിഞ്ഞുമുറുകിയ മുഖമുയര്‍ത്തി ഷാസ്ഗസിനെ നോക്കി, കൊന്നുകളയാനുള്ള കോപത്തോടെ. 
ആ ലാവണ്യത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ ഉയര്‍ന്നുലഞ്ഞ ഒരു നിശ്വാസം അതിശക്തമായി അവളുടെ മൂക്കിലൂടെയക്കു തള്ളിച്ചാടി.
ഖിഷ്ഖാന്‍ വീഞ്ഞു കുടിച്ചുതൂങ്ങിയ കണ്ണുകളുയര്‍ത്തി  ഷസ്ഗാസിനോടു ചോദിച്ചു:
''എന്താ, എന്തുവേണം കട്ടുറുമ്പേ?''
ചോദ്യത്തില്‍ എല്ലാ വെറുപ്പും തിളച്ചുനിന്നിരുന്നു.
''നിന്നെ കൊട്ടാരം വിചാരിപ്പുകാരനായ മൊര്‍ദെക്കായ് തിരക്കുന്നു.''
കോപവും വെറുപ്പും ചുമന്നുകൊണ്ടാണ് അവന്‍ ഷാസ്ഗസിനൊപ്പം നടന്നത്.
ഉദ്യാനത്തിലെ ഹൃദ്യമായ ഒരു രാത്രി നശിപ്പിക്കപ്പെട്ടു.
ഹഗായിയും മൊര്‍ദെക്കെയും നില്ക്കുന്നിടത്ത് അവരെത്തിച്ചേര്‍ന്നു. മൊര്‍ദെക്കായ് വളരെ ശാന്തസ്വരത്തില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം അവനോടു വിശദീകരിച്ചുകൊണ്ട് അപേക്ഷാസ്വരത്തില്‍ പറഞ്ഞു:
''ഖിഷ്ഖാനേ, ഇനിയെല്ലാം നിന്റെ കൈകളിലാണ്. രാജ്ഞിയെ പറഞ്ഞുസമ്മതിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി  നീയാണ്. രാജ്ഞിക്ക് നിന്നോടത്രയ്ക്ക് സ്‌നേഹമുണ്ടല്ലോ.''
മൊര്‍ദെക്കായുടെ തന്ത്രം ഫലിച്ചു. അയാളുടെ സൗമ്യമായ പുകഴ്ത്തല്‍ അവന്റെ മനസ്സില്‍ അഭിമാനമുണര്‍ത്തി.
എങ്കിലും മനസ്സില്ലാമനസ്സോടെയാണ് അവന്‍ ദൗത്യം ഏറ്റെടുത്തത്.
ഖിഷ്ഖാന്‍ വേഗത്തില്‍ അന്തഃപുരത്തിലേക്കു നടന്നു.

(തുടരും) 

Login log record inserted successfully!