•  2 May 2024
  •  ദീപം 57
  •  നാളം 8
നേര്‍മൊഴി

നവകേരളസദസ്സ് എന്തു നേടി, ആരു നേടി?

വകേരള സദസ്സ് മുന്നേറുകയാണ്. വടക്കന്‍കേരളം പിന്നിട്ടു മധ്യകേരളത്തിലേക്കും തെക്കന്‍ കേരളത്തിലേക്കും മന്ത്രിപ്പടയും ഉദ്യോഗസ്ഥവൃന്ദവുമെത്തുകയാണ്. സഞ്ചരിക്കുന്ന മന്ത്രിസഭയെക്കുറിച്ച് ഗുണവും ദോഷവും ചര്‍ച്ച ചെയ്യുന്നുണ്ട്. എല്ലാം ശരിയാക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളെത്തേടി അവരുടെ പക്കലെത്തുന്നു എന്നതാണ് പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുകൂലികളുടെയും പ്രതികരണം. ഹെഡ്മാസ്റ്ററും കുട്ടികളും കൂടി ഉല്ലാസയാത്രയ്ക്കു പോയതാണെന്ന ആക്ഷേപം നവകേരള സദസ്സിനെതിരേയുണ്ട്. ഭരിച്ചു മുടിച്ച മന്ത്രിമാര്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നടത്തുന്ന അവസാനത്തെ ശ്രമമാണ് നവകേരളസദസ്സെന്നാണു കടുത്ത വിമര്‍ശകരുടെ ആക്ഷേപം. ലോകസഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിഅണികളെ ശക്തിപ്പെടുത്തുന്നതിനുള്ള പാര്‍ട്ടികോണ്‍ഗ്രസാണിതെന്നു കരുതുന്നവരും ഭരണത്തെ എതിര്‍ക്കുന്നവര്‍ക്കിടയിലുണ്ട്.
ആളൊഴിഞ്ഞ സദസ്സുകളിലാണു മുഖ്യമന്ത്രിയും കൂട്ടാളികളും എത്തുന്നതെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. ഖജനാവു കാലിയാണെങ്കിലും, ട്രഷറി അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെങ്കിലും സാമ്പത്തികഞെരുക്കത്തിന്റെ സൂചനപോലുമില്ലാതെ പൊലിമയോടും ആര്‍ഭാടത്തോടുംകൂടിയാണ് നവകേരള സദസ്സ് എന്ന കലാപരിപാടി പുരോഗമിക്കുന്നത്. കാണേണ്ടതു കണ്ണീരുപൊഴിക്കുന്ന പാവപ്പെട്ടവരെയാണെങ്കിലും കണ്ടുകൊണ്ടിരിക്കുന്നത് മുഖപ്രസാദമുള്ള പ്രമാണിമാരെയാണ്. രാജഭരണകാലത്തുപോലും പ്രജകളുടെ പരാതികള്‍ രാജാവു നേരിട്ടാണു സ്വീകരിച്ചിരുന്നതെങ്കിലും നവകേരളനായകന്‍ പാവപ്പെട്ടവരുടെ കണ്ണുനീര്‍ കാണാനുള്ള ത്രാണിയില്ലാത്തതുകൊണ്ട് ഉദ്യോഗസ്ഥര്‍വഴിയാണ് അപേക്ഷകള്‍ കൈപ്പറ്റുന്നത്. പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം സെലിബ്രിറ്റിയായ ജനനായകനെ അസ്വസ്ഥനാക്കുക സ്വാഭാവികമാണെന്നു ജനം തിരിച്ചറിഞ്ഞു സംയമനം പാലിക്കണം.
നവകേരളസദസ്സ് ജനസമ്പര്‍ക്കപരിപാടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ഇതു പുതുമയുള്ള പരിപാടിയല്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തി വിജയിച്ച, ജനങ്ങള്‍ ഏറ്റെടുത്ത ഒരു ജനകീയ ജീവകാരുണ്യ വികസനപരിപാടിയായിരുന്നു അത്. ഒ.സിയുടെ (ഉമ്മന്‍ ചാണ്ടി) ജനസമ്പര്‍ക്കപരിപാടിയും പി.വി. (പിണറായി വിജയന്‍)യുടെ പരിപാടിയും തമ്മിലുള്ള വ്യത്യാസം, ഒ.സിയുടേത് കരുണയുടെ ആഘോഷമായിരുന്നുവെന്നതും പി.വി.യുടേത് ആഘോഷത്തിന്റെ മാമാങ്കമാകുന്നുവെന്നതുമാണ്. ഒ.സിയുടെ ജനസമ്പര്‍ക്കപരിപാടി ഔപചാരികതയില്ലാത്തതും മുഖ്യമന്ത്രിതന്നെ നേരിട്ടു പരാതി സ്വീകരിക്കുന്നതും അവസാനത്തെ പരാതിക്കാരനെപ്പോലും മാനിക്കുന്നതുമായിരുന്നു. നിയമത്തിന്റെയും പ്രോട്ടോക്കോളിന്റെയും വേലിക്കെട്ടുകള്‍ ജനനായകനെയും ജനങ്ങളെയും തമ്മില്‍ അകറ്റിയില്ല. 
നവകേരളനായകന്റെ പോക്കുവരവുകള്‍ താത്പര്യക്കാര്‍ക്ക് അനുകരണീയമാണ്. കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചാണു സഞ്ചാരം. പ്രോട്ടോക്കോള്‍ ഔദ്യോഗികതയുടെ സൂചനയാണെന്നു മറക്കരുത്. ജനസമ്പര്‍ക്കമാകട്ടെ, മറയും തടസ്സവുമില്ലാതെ പാവപ്പെട്ട ജനങ്ങളുടെ പക്കലേക്കു മറയ്ക്കാനൊന്നുമില്ലാത്ത പച്ചയായ നേതാവ് സഹായഹസ്തവുമായി എത്തുന്ന പദ്ധതിയാണ്. എന്നാല്‍, നവകേരളസദസ്സ്‌നായകന്റെ സഞ്ചാരശൈലി കണ്ടുപഠിക്കേണ്ടതാണ്. വാഹനത്തില്‍നിന്ന് ഏതു മന്ത്രി ആദ്യം ഇറങ്ങി എന്നതു പ്രശ്‌നമല്ല. നായകന്‍ ഇറങ്ങിയശേഷമേ മന്ത്രിമാര്‍ക്കു സഞ്ചാരസ്വാതന്ത്ര്യമുള്ളൂ. മന്ത്രിമാര്‍ക്കു ജനസമ്പര്‍ക്കം അനുവദിച്ചിട്ടില്ല. എല്ലാം നായകന്‍ ചെയ്തുകൊള്ളും. മന്ത്രിമാര്‍ ജനങ്ങളെ അഭിവാദ്യം ചെയ്യാനോ കുശലം പറയാനോ പരിചയം പുതുക്കാനോ പാടുള്ളതല്ല. എല്ലാം നായകകേന്ദ്രീകൃതമായിരിക്കണം. വേദിയില്‍ സംസാരിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ പറയാന്‍ പാടില്ല. നായകന്റേതിനെക്കാള്‍ നല്ല പ്രസംഗവും ഒഴിവാക്കുന്നതാണ് മന്ത്രിയുടെ ഭാവിക്കു നല്ലത്. അല്ലെങ്കില്‍ കൈകാര്യം ചെയ്യുന്നത് ധനകാര്യമാണെന്നോ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ നേതാവാണെന്നോ ഒന്നും പരിഗണിച്ചെന്നു വരില്ല.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ഇവന്റ് മാനേജ്‌മെന്റ് ടീമും സൈബര്‍ സെല്ലും ഫാന്‍സ് അസോസിയേഷനും കൂടെയുള്ളതുകൊണ്ട് അഴകുള്ള വേദിക്കും നിറഞ്ഞ സദസ്സിനും പഞ്ഞമില്ല. ആളു കുറയുന്നിടത്തു കുട്ടികളെ ഇറക്കാനുള്ള തന്ത്രത്തിനു കോടതിയില്‍നിന്നു വിലക്കുണ്ടായതിനെ പാര്‍ട്ടി ഗൗരവമായി കാണുന്നില്ല. പാര്‍ട്ടിയെക്കാള്‍ വലിയ കോടതിയോ ഭരണഘടനയോ ഇല്ല.
ജനനായകന് ഒരുപാടു പേരോടു നന്ദിയുണ്ട്. ഉപകാരം ലഭിച്ചാല്‍ നന്ദി പറയണമല്ലോ. ഏറ്റവും വലിയ പ്രയോജനമുണ്ടായതു തനിക്കുതന്നെ. താനാണ് ഒന്നാമനെന്നു പാര്‍ട്ടിക്കാരെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. പിന്തുണച്ച പാര്‍ട്ടിയുടെ ചാനലിനും പത്രത്തിനും നന്ദി ആവശ്യമില്ല. അത് അവരുടെ കടമയാണ്. എന്നാല്‍, പാര്‍ട്ടിയെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന മറ്റു പ്രധാന ചാനലുകളോടുള്ള നന്ദി പ്രകാശിപ്പിക്കാതിരിക്കാനാവുകയില്ല. പത്തിമടക്കിയിരിക്കുന്ന ബുദ്ധിജീവികള്‍ക്കും ജനനായകന്‍വക കൂപ്പുകൈ. 
ഏറ്റവുമധികം നന്ദിയര്‍ഹിക്കുന്നത് പ്രതിപക്ഷമുന്നണിയാണ്. പാര്‍ട്ടിനേതൃത്വത്തിന്റെ വിലക്കു ലംഘിച്ചു ചില പ്രാദേശികനേതാക്കന്മാരുടെ സാന്നിധ്യം സദസ്സിലുണ്ടായത് നേട്ടമായിക്കരുതുന്നതില്‍ നേതാവിനെ പഴിച്ചിട്ടു കാര്യമില്ല. നവകേരളസദസ്സിനെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതയും പടലപിണക്കങ്ങളും പ്രതീക്ഷിച്ചതിനെക്കാള്‍ മെച്ചമായതിനെ ഓര്‍ത്തു നന്ദി പറയാതിരിക്കാനാവില്ല. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ നന്ദി അര്‍ഹിക്കുന്നത് യുഡിഎഫ് നേതാക്കന്മാര്‍തന്നെയാണ്. എത്ര മൃദുവായിട്ടാണ് അവര്‍ പ്രതികരിക്കുന്നത്. യൂത്തുകോണ്‍ഗ്രസുകാരുടെ കരിങ്കൊടിയെ കണക്കിലെടുക്കുന്നില്ല. തിരഞ്ഞെടുപ്പിലൂടെ പ്രതിക്കൂട്ടിലായ യൂത്തന്മാരെ പാര്‍ട്ടിക്കുപോലും വേണ്ടാത്ത അവസ്ഥയാണുള്ളത്. നവകേരള നമസ്‌കാരം. 

 

Login log record inserted successfully!