•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ചക്രവര്‍ത്തിനി

കൊട്ടാരത്തിന്റെ  വാതില്ക്കല്‍ കാവല്‍ നില്ക്കുമ്പോള്‍ ഹാമാന്റെ പ്രധാന ഷണ്ഡന്മാരില്‍ ഒരുവനായ ബഗോവാസ് മൊര്‍ദെക്കായിയുടെ അടുത്തെത്തി.
ഹാമാന്‍തിരുമനസ്സിന്റെ അറിയിപ്പാണ്. ഇന്നത്തെ രാജദര്‍ബാറില്‍ ഹാജരാകാന്‍ കല്പനയായിരിക്കുന്നു.
 മൊര്‍ദെക്കായിയുടെ ഉള്ളില്‍ ഇടിവെട്ടി. ഇതേതോ ആപത്തിന്റെ തുടക്കമാണെന്ന് അയാളുടെ മനസ്സുപറഞ്ഞു. ആകാശംനിറയെ കാര്‍മേഘങ്ങളാണ്.
പക്ഷേ, ഒരു വികാരവും അയാള്‍ മുഖത്തു പ്രകടിപ്പിച്ചില്ല.
സമയത്തുതന്നെ അയാള്‍ ദര്‍ബാറിനു മുന്നിലെത്തി. ഒരു മൂലയില്‍ ഒതുങ്ങിനിന്നു. പരാതിക്കാരുടെ സമയമായപ്പോള്‍ അയാള്‍ മുന്നോട്ടു നീങ്ങി. രാജാവ് അയാളെക്കണ്ടു. സ്വര്‍ണ്ണച്ചെങ്കോല്‍ നീട്ടി മുന്നോട്ടുവിളിപ്പിച്ചു.
''നീയാ അന്തപ്പുരവിചാരിപ്പുകാരനായ യഹൂദനല്ലേ? എന്താ, എന്താ നിന്റെ പരാതി?''
രാജാവിന്റെ ചോദ്യം നെഞ്ചില്‍ വന്നിടിച്ചപ്പോള്‍ ഭയഭക്തിബഹുമാനങ്ങളോടെ അയാള്‍ തേങ്ങി:
''അടിയന്‍, ഇങ്ങോട്ടു വിളിപ്പിച്ചതാണ്, പരാതി ഒന്നുമില്ല.''
സംശയങ്ങളോടെ രാജാവിന്റെ മുഖം വലിഞ്ഞുമുറുകി. കണ്ണുകള്‍ കുറുതായി.
''നാമോ?'' 
പെട്ടെന്ന് പ്രധാനസചിവന്‍ ചാടിവീണു.
''പൊറുക്കണം തിരുമേനി.''
മഹാരാജാവിന്റെ ശ്രദ്ധ ഹാമാനിലേക്കു നീണ്ടു.
''ഈ യഹൂദനെ ആളയച്ചു വിളിപ്പിച്ചത് അടിയനാണ്.''
''ഉം?''
ആകാംക്ഷ മുഴുവന്‍ ആ മൂളലിന്റെ അഗ്രത്തില്‍വന്നു മുറ്റിനില്ക്കുന്നുണ്ട്.
''കൊട്ടാരംവിചാരിപ്പുകാരനായി നിയമിതനായതുമുതല്‍ ഇയാള്‍ എല്ലായിടത്തും കയറിയിറങ്ങുകയാണ് തിരുമേനി. ഭരണരഹസ്യങ്ങള്‍ ഇയാള്‍മൂലം പുറത്താകുമോ എന്ന് അടിയന്‍ പേടിക്കുകയാണ്.''
 ഹാമാന്‍ വിശദീകരിച്ചു.
മഹാരാജാവ് മൊര്‍ദെക്കായിയെ ശ്രദ്ധിച്ചു. പഞ്ചപുച്ഛമടക്കി ഒരു പാവത്തെപ്പോലെ ഒതുങ്ങി നില്ക്കുകയാണ് അയാള്‍.
രാജകോപത്തിന് ഇരയായി ത്തീരുമോ എന്ന് അയാള്‍  പേടിക്കുന്നുണ്ട്. നേരിയ സംശയം മതി അന്യദേശക്കാരനായ തന്റെമേല്‍ അശനിപാതംപോലെ രാജവിദ്വേഷം വന്നുപതിക്കാന്‍.
''നാം ഈ കേട്ടത് ശരിയാണോ?'' 
രാജാവിന്റെ മുഴങ്ങുന്ന ശബ്ദം ചോദ്യമായി അയാളുടെ ചെവികളില്‍ വീണുപൊള്ളി. 
ഭൂമി ഇടിഞ്ഞുതാഴുന്നതുപോലെ തോന്നി..
സകലസൗഭാഗ്യങ്ങളും അവസാനിക്കുകയാണ്.
വളരെ വേഗത്തില്‍ അത്യധികം വേവലാതിയോടെ മൊര്‍ദെക്കായിയുടെ അധരങ്ങളില്‍നിന്ന് വിറയ്ക്കുന്ന സ്വരം അടര്‍ന്നുവീണു. 
''അടിയന്‍, വാതില്‍ കാവല്ക്കാരനായിട്ടേ നില്ക്കാറുള്ളൂ തിരുമേനി.''
ഒരു വലിയ നിശ്ശബ്ദത രാജദര്‍ബാറില്‍ ഇറങ്ങിവന്നു തങ്ങിനിന്നു. ആരും ഒന്നും മിണ്ടുന്നില്ല. എന്താവും രാജകല്പനയെന്ന് ആര്‍ക്കറിയാം? വരാന്‍ പോകുന്ന ഏതോ വലിയൊരു വിപത്തിന്റെ ആരംഭമാണ് ഈ മൂകത.
 പെട്ടെന്ന് അയാളുടെ മനസ്സ് ഹന്നയിലേക്കും ഹദസ്സയിലേക്കും പറന്നു. ഹന്നയാണ് മൊര്‍ദെക്കായിയുടെ പ്രിയതമ. എല്ലാ ദുരന്തങ്ങളിലും പ്രയാസങ്ങളിലും തന്നോടൊപ്പം ശക്തിയായി നിന്നവള്‍. 
അറിയാതെ മിഴികള്‍ നിറഞ്ഞുപോവുകയാണ്. ആ അശ്രുകണങ്ങളുടെ അവ്യക്തതയില്‍ തെളിയുന്നത് ഹദസ്സയുടെ നിഷ്‌കളങ്കമായ മുഖം,
പിതൃസഹോദരന്റെ പുത്രി. എല്ലാവരും നഷ്ടമായപ്പോള്‍ ആശ്രയമായി മൊര്‍ദെക്കായിയുടെ അടുത്തെത്തിയവള്‍.
 പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍.
അയാള്‍ കണ്ണൊന്നുചിമ്മി. വിതുമ്പിനിന്ന കണ്ണുനീര്‍ കൂലംതകര്‍ത്തു താഴോട്ട് ഉരുണ്ടുവീണു. അതിനോടൊപ്പം തൊണ്ടയില്‍ കുരുങ്ങിയ നൊമ്പരത്തിന്റെ ഞെരുക്കം പെട്ടെന്നൊരു തേങ്ങല്‍പോലെ പുറത്തേക്കുതെറിച്ചു.
എന്നാല്‍, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് മഹാരാജാവ് പൊട്ടിച്ചിരിച്ചു. 
ആ ചിരിയും മൊര്‍ദെക്കായിയെ സാന്ത്വനപ്പെടുത്തിയില്ല.
അത്യന്തം വിഷമകരമായ വികാരവിക്ഷോഭങ്ങള്‍ നെഞ്ചിലടക്കിപ്പിടിച്ച് അയാള്‍ അങ്ങനെനിന്നു. തലയ്ക്കുമീതെ വിരിച്ചിരിക്കുന്നത് മരണത്തിന്റെ കഴുകന്‍ചിറകുകളാണ്.
എന്നാല്‍, രാജാവിന്റെ ഹൃദയത്തില്‍നിന്ന് ആര്‍ദ്രമായ വാക്കുകളാണ് ഒഴുകിയിറങ്ങിയത്. ആ വാക്കുകളുടെ സൗമ്യഭാവം അയാളുടെ ഹൃദയം തണുപ്പിച്ചു.
''നമ്മുടെ ജീവന്‍ രക്ഷിച്ച ഈ പാവം യഹൂദനോ? ഇയാളാണോ കൊട്ടാരം മുഴുവനും ഓടിനടക്കുന്നത്?''
''രഹസ്യാന്വേഷണവിഭാഗത്തിന്റെ അറിയിപ്പാണ് തിരുമനസ്സേ.'' 
ഹാമാന്‍ ഉത്സാഹം വറ്റിയമട്ടില്‍ പറഞ്ഞൊപ്പിച്ചു. 
രാജാവ് അതത്ര ശ്രദ്ധിച്ചില്ല. അദ്ദേഹം മൊര്‍ദെക്കായിയോട് കല്പിച്ചു:
''നീ ഇപ്പോഴത്തെ ജോലിയില്‍ തുടര്‍ന്നുകൊള്ളൂ.''
മൊര്‍ദെക്കായി നന്ദിപൂര്‍വം രാജാവിനെ കുമ്പിട്ടുവണങ്ങി. 
''തിരുവുള്ളംപോലെ.''
''പോരേ ഹാമാന്‍? 
ചക്രവര്‍ത്തി വീണ്ടും സചിവനുനേരേ തിരിഞ്ഞു. അയാള്‍ ആകെ ഉരുകിപ്പോവുകയാണ്. ഉത്തരമൊന്നും പറഞ്ഞില്ല.
നിശ്ശബ്ദമായി രാജഹിതത്തോടൊപ്പം നിന്നു. എങ്കിലും ആട്ടുന്ന ഉലയില്‍ അഗ്‌നിപെരുക്കുന്നതുപോലെ ഹാമാന്റെ മനസ്സില്‍ യഹൂദരോടും പ്രത്യേകിച്ച് മൊര്‍ദെക്കായിയോടുമുള്ള പകയുടെ നെരിപ്പോട് ആഴത്തിലാഴത്തില്‍ എരിഞ്ഞുണര്‍ന്നുകൊണ്ടേയിരുന്നു.
രാജദ്രോഹക്കുറ്റത്തില്‍നിന്നാണു രക്ഷപ്രാപിച്ചത്. കൈവിട്ടുപോയി എന്നുകരുതിയ ജീവനാണു തിരികെ ലഭിച്ചിരിക്കുന്നത്. തന്റെ പിന്നാലെ അധികാരത്തിന്റെ വാള്‍മുനകളുണ്ട് എന്ന്അയാള്‍ മനസ്സിലാക്കി. ഏതുനിമിഷവും ശത്രുക്കളെന്നെ പൊതിഞ്ഞേക്കാം. മൂര്‍ച്ചയുടെ വായ്ത്തലകള്‍ രക്തദാഹികളായി മാറിയേക്കാം. 
മൊര്‍ദെക്കായി വളരെ വേഗത്തില്‍ തന്റെ കൂട്ടര്‍ താമസിച്ചിരുന്നിടത്തു പാഞ്ഞെത്തി. അവിടെ താവളമടിച്ചു താമസിക്കുന്ന സ്വന്തം ജനതയെ വിളിച്ചുവരുത്തി. അയാള്‍ക്കു കൊട്ടാരത്തിലെ ഉയര്‍ന്ന ജോലി ലഭിച്ചതില്‍ അവരെല്ലാം സന്തുഷ്ടരായിരുന്നു. എന്നാല്‍, അതെല്ലാം തകിടംമറിഞ്ഞേക്കാമെന്ന് അയാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്കി. പ്രധാനസചിവനായ ഹാമാന് തന്നോടും തന്റെ ജനത്തോടുമുള്ള വിരോധം അയാള്‍ വിവരിച്ചു. എന്നോടുള്ള അപ്രീതി നിങ്ങളുടെ മേലും വന്നു പതിച്ചേക്കാം.
ഭടന്മാരോ രഹസ്യചാരന്മാരോ ഈ കൂടാരങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്. നിങ്ങള്‍ സദാ ജാഗരൂകരായിരിക്കണം. എന്നെയും എന്റെ കുടുംബത്തെയുംകുറിച്ച് അന്വേഷിച്ചറിയാനായിരിക്കും അവര്‍ എത്തിച്ചേരുന്നത്.
''അനാഥനായ യഹൂദനായിട്ടാണ് ഞാന്‍ രാജാവിനു മുന്നില്‍ അറിയപ്പെടുന്നത്. ആ വിശ്വാസം തകര്‍ന്നാല്‍ ഒരുപക്ഷേ, എല്ലാം തകര്‍ന്നുപോയി എന്നുവരാം. അതിനാല്‍ പ്രിയജനങ്ങളേ, എന്റെയും നിങ്ങളുടെയും രക്ഷയ്ക്കുവേണ്ടി ഞാന്‍ പറയുന്നവ കര്‍ശനമായി പരിപാലിച്ചേ മതിയാവൂ.''
മൊര്‍ദെക്കായി ഹന്നയെ ചേര്‍ത്തു നിര്‍ത്തി.
''ഇവളെ നിങ്ങള്‍ക്കറിയാം. എല്ലാ വിഷമങ്ങളും ഒന്നിച്ചു നേരിട്ടവള്‍ - എന്റെ ഹന്ന. നെബുക്കദ്‌നേസറുമായുള്ള യുദ്ധത്തില്‍ മക്കളെ നഷ്ടപ്പെട്ട ഹതഭാഗ്യയായ അമ്മ. ആ സങ്കടത്തെ ഞാന്‍ നിങ്ങളെ ഏല്പിക്കുകയാണ്.''
''ഞങ്ങള്‍ക്കു കൂട്ടായിസന്തോഷമായി നിന്നവളാണ് പിതൃസഹോദരന്റെ പുത്രിയായ ഹദസ്സ. അവള്‍ക്കും എല്ലാം നഷ്ടമായതാണ്. ഞങ്ങളും സുഹൃദ്ജനങ്ങളായ നിങ്ങളുമാണ് ഹദസ്സയുടെ ബന്ധുക്കള്‍.''
''രാജാവിന്റെയും പരിജനങ്ങളുടെയും മുന്നില്‍ മൊര്‍ദെക്കായ് എന്നും അനാഥനാണ്. നിങ്ങള്‍ക്കു ഞാന്‍ നല്‍കിയ മുത്തുകളെ കാത്തുകൊള്ളുക.''
ഇത്രയും പറഞ്ഞതോടെ അയാള്‍ മോഹാലസ്യപ്പെട്ടു വീണുപോയി. ഹന്ന പെട്ടെന്ന് ഓടിച്ചെന്ന് വെള്ളമെടുത്ത് അയാളുടെ മുഖത്തു തളിച്ചു. കുറച്ചു വെള്ളം കുടിക്കാനും നല്കി. അതോടെ മൊര്‍ദെക്കായി എഴുന്നേറ്റു.
ഹന്നയുടെ വേവുകള്‍ അവള്‍ ഹൃദ്യമായ ചിരികൊണ്ട് മൂടിവച്ചു. 
ക്ഷീണിച്ചെങ്കിലും തളര്‍ന്നുപോകാത്ത ശബ്ദത്തില്‍ മൊര്‍ദെക്കായ് ഉദ്‌ഘോഷിച്ചു:
''പ്രിയജനങ്ങളേ, യഹൂദസമൂഹം ഒറ്റക്കെട്ടാണ്. നാം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. അവിടുത്തെ സ്വന്തം മക്കളാണ്. അന്യജാതിക്കാരന്റെ കുതന്ത്രങ്ങളില്‍ നാം വീണു പോകരുത്. അവര്‍ക്കു മുന്നില്‍ നമ്മുടെ രഹസ്യങ്ങള്‍ തുറക്കപ്പെടരുത്.''
 മുന്നറിയിപ്പുകള്‍ക്കുശേഷം അയാള്‍ രഹസ്യമാര്‍ഗത്തിലൂടെ കൊട്ടാരത്തിലേക്കു മടങ്ങി. 
യഹൂദര്‍ കണ്ണുകളടച്ച് സ്രഷ്ടാവിനോടു പ്രാര്‍ത്ഥിച്ചു.
പക്ഷേ, മൊര്‍ദെക്കായി പറഞ്ഞവയല്ലാം സംഭവിക്കാന്‍ തുടങ്ങി. മുന്നറിയിപ്പു ലഭിച്ചിരുന്നതിനാല്‍ അവര്‍ പതറിയില്ല. ബഗോവാസ് എന്ന ഷണ്ഡന്റെ നേതൃത്വത്തിലാണ് കുതിരപ്പടയാളികള്‍ കൂടാരംതേടി എത്തിയത്.
രാജാവിനു മുന്നില്‍ മൊര്‍ദെക്കായിയെ കുറ്റവാളിയാക്കാനുള്ള തെളിവുകളാണ് അവര്‍ക്കു വേണ്ടതെന്ന് കൂടാരവാസികള്‍ക്കു മനസ്സിലായി. യഹൂദരുടെ ഓരോ കൂടാരവും അവര്‍ പരിശോധിക്കാന്‍ തുനിഞ്ഞു. എന്നാല്‍, അവര്‍ കൂടാരങ്ങളിലേക്കു പ്രവേശിക്കുംമുമ്പ് മുഴുവന്‍ കൂടാരവാസികളുടെയും നേതൃത്വം ഏറ്റെടുത്ത രഥാസ്തനേവ് പട്ടാളക്കാരുടെ മുന്നിലെത്തി ശിരസ്സുകുനിച്ചു.
''മൊര്‍ദെക്കായുടെ കൂടാരമേതാണ്?''
എത്തിയ പട്ടാളക്കാരിലൊരാള്‍ ചോദിച്ചു.
''അയാള്‍ അനാഥനാണ്. സ്വന്തമായി പാര്‍പ്പിടമില്ല. ഞങ്ങളുടെ ഏതെങ്കിലും കൂടാരത്തിലാണ് വരുമ്പോള്‍ താമസിക്കുന്നത്.''
പക്ഷേ, രഥാസ്തനോവിന്റെ ഉത്തരം ബഗോവാസിനെ തൃപ്തനാക്കിയില്ല. പറഞ്ഞതു സത്യമല്ലെന്നയാള്‍ക്കു മനസ്സിലായി. പക്ഷേ, മറ്റൊരു കാരണവുമില്ലാതെ ഈ കൂട്ടങ്ങളെ എങ്ങനെയാണ് ഉപദ്രവിക്കുന്നത്? അയാള്‍ കൂട്ടുകാരെയുംകൊണ്ട് മടങ്ങി.
പട്ടാളക്കാര്‍ തിരിച്ചുപോയപ്പോള്‍ യഹൂദര്‍ അറിയാതെ ആഹ്ലാദശബ്ദം പുറപ്പെടുവിച്ചു. ഒത്തുചേര്‍ന്ന് ദൈവത്തെ വാഴ്ത്തി. നൃത്തനൃത്യങ്ങളോടെ സന്തോഷം പങ്കുവെച്ചു.
ഈ ആഘോഷാരവങ്ങള്‍ പട്ടാളക്കാരുടെ ചെവികളിലെത്തി. നിമിഷനേരംകൊണ്ട് എല്ലാം തകിടംമറിഞ്ഞു. യഹൂദക്കൂട്ടത്തിന്റെ ആഘോഷങ്ങള്‍ പട്ടാളക്കാരെ അത്യധികം ക്ഷുഭിതരാക്കി. കുതിരപ്പടയാളികള്‍ കുതിച്ചെത്തി.
കൂടാരങ്ങള്‍ തച്ചുതകര്‍ത്തു. കിട്ടിയവയെല്ലാം കൊള്ളയടിച്ചു. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചു. തടയാന്‍ ശ്രമിച്ചവരെയെല്ലാം നിഷ്‌കരുണം നേരിട്ടു.
നേതൃസ്ഥാനത്തുനിന്ന് എതിര്‍പ്പുകള്‍ക്കു ശക്തിപകര്‍ന്ന രഥാസ്തനോവിനെ ബലമായി പിടിച്ചുകെട്ടി.
''നീ അവന്റെ ചങ്ങാതിയല്ലേ, നിന്നെ രാജാവിനു വേണം.''
പടയാളികള്‍ അയാളെ തൂക്കിയെടുത്തു പാഞ്ഞു.
എതിര്‍ത്തുനിന്നവരെ ആക്രമിച്ചു. കണ്ണെത്തുംദൂരംവരെ കൂടാരവാസികള്‍ പിന്നാലെയോടി.
അവരുടെ കരച്ചിലിനും ചെറുത്തുനില്പുകള്‍ക്കും ആ പട്ടാളക്കാരെ തടുത്തുനിറുത്താനുള്ള കെല്പുണ്ടായിരുന്നില്ല.
വാര്‍ത്ത വളരെവേഗത്തില്‍ മൊര്‍ദെക്കായിയുടെ ചെവികളിലെത്തി. അയാളുടെ നിര്‍ദേശപ്രകാരം യഹൂദരുടെ നേതൃത്വത്തില്‍ രാജാവിന്റെ തിരുസന്നിധിയിലേക്കു പരാതിക്കാരുടെ സംഘമെത്തി.
അവര്‍ രാജദര്‍ബാറിലേക്ക് ആനയിക്കപ്പെട്ടു.
മൊര്‍ദെക്കായ് അവരോടൊപ്പം വന്നുനിന്ന് രാജസന്നിധിയില്‍ പരാതി ബോധിപ്പിച്ചു.
''മഹാരാജാവേ,  അങ്ങയുടെ അടിമകളുടെ കൂടാരങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഷണ്ഡന്‍ ബഗോവാസും പടയാളികളും കൂടിയാണ് അതു ചെയ്തത്. ഞങ്ങളിലൊരാളെ പിടിച്ചുകൊണ്ടുപോയി.''
സംഘത്തിലെ ഒരാള്‍ എല്ലാം വിശദീകരിച്ചു:
ചക്രവര്‍ത്തി ഹാമാന്റെ നേരേ നോക്കി.
''ബഗോവാസ് നിന്റെ അടിമയല്ലേ?''
ഹാമാന്‍ തലകുനിച്ചു പറഞ്ഞു: 
''അതേ തിരുമേനി.''
വാക്കുകള്‍ക്കു ബലം കുറഞ്ഞതുപോലെ തോന്നി. ഹാമാന്‍ തുടര്‍ന്നു.
''ബഗോവാസ് അടിയന്റെ അടിമതന്നെയാണ്. പക്ഷേ, ഇവര്‍ പറയുന്ന നേരത്ത് അവന്‍ എന്നോടൊപ്പമുണ്ടായിരുന്നു.''
അയാള്‍ നിവേദകരെ ശ്രദ്ധിച്ചു. എല്ലാവരും അയാളുടെ വാക്കുകളില്‍ ചെവി വച്ചിരിക്കയാണ്.
''പാവങ്ങള്‍. വളരെ കഷ്ടത്തിലായിട്ടുണ്ടാവും. ഇവരുടെ കൂടാരങ്ങള്‍ ഏതോ കൊള്ളക്കാര്‍ ആക്രമിച്ച വാര്‍ത്ത ഞാനും കേട്ടിരുന്നു.''
പഞ്ചാരപൊതിഞ്ഞ വാക്കുകള്‍ കേട്ട് യഹൂദരുടെ ഹൃദയംഉരുകി. തികട്ടിവന്ന കോപമെല്ലാം ഗത്യന്തരമില്ലാതെ വിഴുങ്ങി.
''നിങ്ങളെങ്ങനെയാണ് ബഗോവാസിനെ തിരിച്ചറിഞ്ഞത്?''
''വന്നവരിലൊരാള്‍ ഞാന്‍ ഹാമാന്റെ ഷണ്ഡന്‍ ബഗോവാസാണെന്നു പറഞ്ഞിരുന്നു. രാജകൊട്ടാരത്തിലേക്കെന്നു പറഞ്ഞിട്ടാണ്. രഥാസ്തനോവിനെ അവര്‍ പിടിച്ചുകൊണ്ടുപോയത്.''
യഹൂദസംഘത്തിന്റെ പ്രതിനിധി അറിയിച്ചു.
''കൊള്ളചെയ്യുന്നവര്‍ അവരുടെ പേരു പറഞ്ഞിട്ടാണോടാ അതു ചെയ്യുന്നത്?'' 
ഹാമാന്‍ അവരെ പരിഹസിച്ചു.
''സംശയമില്ല പ്രഭോ. ഇവര്‍ പറയുന്നതില്‍ സത്യത്തിന്റെ കണികയില്ല. ബഗോവാസിന്റെ പേരുംവേഷവും എന്നെ കുടുക്കാന്‍വേണ്ടി ആരോ ഉപയോഗിച്ചതാണ്. വന്നവര്‍ കൊള്ളക്കാര്‍തന്നെയായിരിക്കും.''
ഹാമാന്റെ വാദഗതികള്‍ വളരെ ന്യായവും സത്യസന്ധവുമാണെന്ന് രാജാവിനു ബോധ്യപ്പെട്ടു.
സങ്കടത്തോടെ ഒന്നും ഉരിയാടാതെ നില്ക്കുന്ന മൊര്‍ദെക്കായിയെ രാജാവു കണ്ടു.
''മൊര്‍ദെക്കായി നിങ്ങളുടെ നൊമ്പരം നമുക്കു വ്യക്തമായിട്ടുണ്ട്, ന്യായമായ നഷ്ടപരിഹാരം എല്ലാവര്‍ക്കും അനുവദിക്കും. അതു പോരേ?''
മൊര്‍ദെക്കായ് രാജാവിനെ താണുവണങ്ങി.
''അടിയന്‍. അവിടുത്തെ കാരുണ്യം.''
മഹാരാജാവ് വളരെ വേഗത്തില്‍ ധനകാര്യക്കാരനെ വിളിപ്പിച്ചു. ഖജനാവില്‍നിന്ന് യഹൂദര്‍ക്കു നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറക്കി.
കൊള്ളക്കാരെപ്പറ്റി അന്വേഷിക്കുന്നുണ്ട്. മേലില്‍ ഒരുപദ്രവവും ഉണ്ടാവില്ല. ആ സ്ഥലത്ത് കാവലേര്‍പ്പെടുത്തുന്നുണ്ട്.
രാജാവ് അവരെ സാന്ത്വനിപ്പിച്ചു.
''കൊള്ളക്കാര്‍ പിടിച്ചുകൊണ്ടുപോയവന്റെ വിധവയ്ക്കും കുടുംബത്തിനും കൂടുതല്‍ സഹായം അനുവദിക്കുന്നുണ്ട്. പട്ടാളം എത്രയും പെട്ടെന്ന് അവനെ കണ്ടുപിടിക്കും.''
എല്ലാവര്‍ക്കുംവേണ്ടി ബലിയാടായി മാറിയവനാണ്  രഥാസ്തനോവ്. ഇനിയവന്‍ തിരിച്ചുവരാന്‍ വഴിയില്ല.
സങ്കടങ്ങളുടെ വേലിയേറ്റത്തില്‍ കാരുണ്യമായി പെയ്തുവീണ രാജകല്പന യഹൂദര്‍ക്കു നിലാക്കുളിരായി.

(തുടരും)

Login log record inserted successfully!