•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

ചക്രവര്‍ത്തിനി

പുതിയ നോവല്‍ ആരംഭിക്കുന്നു

നന്തമായ നീലപ്പട്ടുപോലെ കടല്‍. ഞൊറിഞ്ഞുതിരുന്ന അലുക്കുകള്‍ തീരങ്ങളിലേക്കു വീണുചിതറുകയാണ്.
അങ്ങകലെ വെളുപ്പും കറുപ്പും നിറമാര്‍ന്ന പൊട്ടുകള്‍ അങ്ങനെ വലുതായി വലുതായി തിരമുറിച്ചെത്തുന്നു. നിരനിരയായി അവ മത്സരിച്ചു കുതിച്ചോടിവരുന്നതു കാണാന്‍ എന്തുരസം...!
കാറ്റുവീര്‍പ്പിച്ച പായകളുടെ ചെറുതും വലുതുമായ അര്‍ദ്ധവൃത്തങ്ങളുടെ ബലം അണിയത്തുനിന്ന് അമരത്തേക്കു വലിച്ചുവച്ചിട്ടുള്ള കയറുകളിലര്‍പ്പിച്ചു വേഗത്തിന്റെ ചിറകുകളിലാണ് അവയുടെ സഞ്ചാരം. തിരമുറിക്കുമ്പോള്‍ തെന്നിത്തെറിക്കുന്ന നീര്‍മണിവെണ്‍മകള്‍ കപ്പലുകള്‍ക്കുചുറ്റും കൊലുസിട്ടു കിലുങ്ങുന്നു. അവയുടെ വെളുപ്പും കറുപ്പും നീലക്കടലും കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആകാശത്തെ താഴേക്കു മറിച്ചിട്ടതുപോലെയാണ്.
പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ എല്ലാ തുറമുഖങ്ങളും സജീവമാണ്. കപ്പലുകള്‍ക്കു വന്നുചേരാനുള്ള എല്ലാ ജട്ടികളും വളരെ തിരക്കിലാണ്.
കരയണഞ്ഞ യാനങ്ങള്‍ ചിറകൊതുക്കിക്കിടക്കുന്നു. കപ്പല്‍ജോലിക്കാരും തൊഴിലാളികളും ഓടിനടക്കുന്നുണ്ട്. സാധനങ്ങള്‍ ഇറക്കുകയും ചുമന്നുമാറ്റുകയും ചെയ്യുന്ന ജോലിയില്‍ നിരന്തരം വ്യാപൃതരായവര്‍. തുറമുഖം ആകെ ബഹളമയം.
യാനങ്ങളില്‍ വന്നിറങ്ങിയവരുടെ കെട്ടും മട്ടും വസ്ത്രധാരണരീതിയും കണ്ടാല്‍ അവരാരും വ്യാപാരികളല്ലെന്നു മനസ്സിലാവും. അമൂല്യരത്‌നങ്ങള്‍, ആഭരണങ്ങള്‍, കാഴ്ചവസ്തുക്കള്‍  തുടങ്ങിയ അപൂര്‍വകൗതുകവസ്തുക്കളുമായി എത്തിയിരിക്കുന്നത് കിഴക്ക് ഹിന്ദുക്കുഷ് മുതലുള്ള പ്രവിശ്യകളില്‍ നാടുവാഴുന്നവരാണ്.
അതിമനോഹരമായി തിളങ്ങുന്ന തലപ്പാവും ആഭരണങ്ങളും വിലമതിക്കാനാവാത്ത ആഡംബരവസ്ത്രങ്ങളും ധരിച്ച് അടിമകളുടെയും ഷണ്ഡന്മാരുടെയും പടയാളികളുടെയും അകമ്പടിയോടെയാണ് അവരുടെ യാത്ര. 
തലയെടുപ്പുള്ള തൂവെള്ളക്കുതിരപ്പുറത്ത് സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ കെട്ടുകളുള്ള മൃദുലമായ തുകല്‍ജീനിയില്‍ ഇരിക്കുകയാണ് ഒരു ആഗതപ്രമുഖന്‍. അരയില്‍ തിളങ്ങുന്ന പിടിക്കുതാഴെ ഉറയില്‍ രാജകീയമായ ഉടവാള്‍ തൂങ്ങിക്കിടപ്പുണ്ട്. അതിസുരക്ഷാഭടന്മാരുടെ നിരയുണ്ട് മുന്നിലും പിന്നിലും വശങ്ങളിലും.
ഇങ്ങനെ കുതിരപ്പുറത്തും തേരിലും പല്ലക്കിലുമായി സാമന്തന്മാര്‍ വന്നുകൊണ്ടേയിരിക്കുന്നു.
പേര്‍ഷ്യാമഹാരാജ്യം ഉത്സവത്തിമിര്‍പ്പിലാണ്. തലസ്ഥാനമായ സൂസാനഗരത്തിന്റെ അടുത്തുള്ള തുറമുഖങ്ങളിലെല്ലാം ഇത്തരം കാഴ്ചകളാണ്.
തുറമുഖങ്ങള്‍മുതല്‍തന്നെ അലങ്കാരത്തോരണങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.
ആഗതരാകുന്ന രാജാക്കന്മാര്‍ തലസ്ഥാനമായ സൂസായിലേക്കുള്ള രാജകീയവീഥിയിലേക്കാണു നീങ്ങുന്നത്. നഗരത്തിലേക്കു പ്രവേശിക്കുന്ന ഓരോ ഉപവീഥിയും അതിമനോഹരമായി ഒരുക്കിയിരിക്കുന്നു.
പ്രധാന കവലകളില്‍ റോന്തുചുറ്റുന്ന പട്ടാളക്കാരുണ്ട്. ഈച്ചപറന്നാല്‍പ്പോലും അറിയാവുന്ന സൂക്ഷ്മദൃഷ്ടികള്‍, വാളുപോലെ മൂര്‍ച്ചയുള്ള കണ്ണുകള്‍.
പേര്‍ഷ്യന്‍സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ അഹസ്വേരൂസിന്റെ സ്ഥാനാരോഹണത്തിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കാണ് ആരംഭംകുറിച്ചിരിക്കുന്നത്.
ആണ്ടുവട്ടത്തിലെ മൂന്നാം മാസമായ ശിവാന്‍ ഇരുപത്തിമൂന്നാം തീയതി പേര്‍ഷ്യയിലെയും മിദിയയിലെയും സൈന്യത്തലവന്മാരും പ്രഭുക്കന്മാരും കൂടാതെ ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള പ്രവിശ്യകളിലെ നൂറ്റിയിരുപത്തിയേഴു സാമന്തന്മാരും ഒത്തുചേരാന്‍ മഹാരാജാവിന്റെ കല്പനയുണ്ട്.
സൂസാരാജവീഥിയിലേക്കു കടക്കുന്ന ഒരു ഇടവഴിയില്‍നിന്ന് കീറിയ വസ്ത്രങ്ങളും ക്ഷീണിച്ചുമെലിഞ്ഞ ശരീരവുമായി വൃദ്ധനായ ഒരു അഗതി നടന്നുവരുന്നതു കാണാം. രാജവീഥിയുടെ മാറ്റംകണ്ട് അയാളുടെ മുഖത്ത് അമ്പരപ്പും അദ്ഭുതവും.
പതിവുകാരെ ആരെയും കാണുന്നില്ല. 
നെഞ്ചില്‍ പരിഭ്രമത്തിന്റെ പെരുമ്പറ കൊട്ടിത്തുടങ്ങി.
വഴി മാറിപ്പോയിരിക്കുമോ?
ഇവിടെ ഉണ്ടായിരുന്നവര്‍ക്കെല്ലാം എന്തുപറ്റി? രണ്ടാഴ്ചമുമ്പുവരെ എന്നും താന്‍ ആ വഴിക്കു വരാറുണ്ടായിരുന്നതല്ലേ? എല്ലാവരെയും കണ്ടു കുശലങ്ങള്‍ പറയാറുള്ളതല്ലേ?
പനിയും ചുമയും കലശലായപ്പോഴാണു വരവു നിറുത്തിയത്. അങ്ങ് പടിഞ്ഞാറേ അറ്റത്തെ ഗ്രാമത്തിലെ കുടിലിന്റെ വരാന്തമാത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ലോകം.
ആ ഇടുങ്ങിയ ഗ്രാമത്തിനുള്ളിലേക്ക് ഒരു വാര്‍ത്തയും എത്താറില്ല. ലേശം സുഖമായപ്പോള്‍ ഇറങ്ങിത്തിരിച്ചതാണ്. മറ്റുള്ളവരുടെ പട്ടിണിയില്‍ എത്രനാള്‍ പങ്കുചേരും! വൃദ്ധനായിപ്പോയെങ്കിലും സ്വയംസമ്പാദിച്ചു ഭക്ഷിക്കുന്നതാണു നല്ലത്. അധ്വാനിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കുള്ള ഏറ്റവും നല്ല ആശ്രയം ഭിക്ഷയെടുക്കലാണല്ലോ.
ഇന്നു കിട്ടുന്നതുകൊണ്ടു വയറുനിറച്ചെന്തെങ്കിലും കഴിക്കണം. കുറെ ദിവസമായി അര്‍ധപ്പട്ടിണിയിലാണ്. ഇനിയും അതു തുടര്‍ന്നാല്‍ നേരേ നില്ക്കാന്‍പോലും കഴിയാതെയാവും.
ഇതു പണക്കാരുടെ തെരുവാണ്.
പിച്ചയെടുക്കാന്‍ ഏറ്റവും യോജിച്ച പട്ടണം. ഒന്നോ രണ്ടോ സിഗ്ലാസോ തുട്ടുകളോ (അന്നത്തെ പേര്‍ഷ്യന്‍ നാണയം) തിന്നുമടുത്തവര്‍ വലിച്ചെറിയുന്ന എന്തെങ്കിലും ഉച്ഛിഷ്ടമോ ലഭിക്കാതിരിക്കില്ല.
വേഷവും രൂപവും കണ്ടു ചിലരെങ്കിലും 'പോടാ തെണ്ടീ' എന്ന് ആട്ടിക്കൊണ്ടു കാര്‍ക്കിച്ചു തുപ്പുമായിരിക്കും. വീഞ്ഞുകുടിച്ചു മദോന്മത്തരാവുമ്പോള്‍ ചാട്ടവാര്‍കൊണ്ട് അടിക്കുമായിരിക്കും. എങ്കിലും ദയനീയമായ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഒന്നുംതരാതെ പോകാറില്ല. അങ്ങനെ വയറുനിറയും. ബാക്കി എന്തെങ്കിലുമൊക്കെ കാണുകയും ചെയ്യും.
എന്നാലും, ഇന്ന് എന്താണ് ഇവിടെയെല്ലാം ഇത്ര നിശ്ശബ്ദത? 
കാറ്റുപോലും ബദാംമരത്തോടു കിന്നരിക്കുന്നില്ല. ചുറ്റിലും കണ്ണയച്ച്, ഏതോ ഭീതിയെ മുന്നില്‍ക്കണ്ടു മൂകതയുടെമേല്‍ അയാള്‍ പതിയെ ചവിട്ടുകയാണ്. 
പെട്ടെന്നാണ് എവിടെനിന്നോ ഒരു പട്ടാളക്കാരന്‍ മുന്നിലേക്കു ചാടിവീണത്. പിന്നാലെ അയാള്‍ക്കൊപ്പംവന്ന മൂന്നുനാലു പട്ടാളക്കാര്‍ ഇരയുടെനേരേ സിംഹങ്ങള്‍ എന്നപോലെ അയാള്‍ക്കുചുറ്റും നിലയുറപ്പിച്ചു.
''ആരാടാ നീ?'' 
യാതൊരു ദാക്ഷിണ്യവുമില്ലാതെ ആദ്യത്തെ സിംഹം മുരണ്ടു. പാവം പിച്ചക്കാരന്‍! പേടിച്ചു കൂനിവിറച്ചുപോയി. അറിയാതെ അയാളുടെ ചുണ്ടുതേങ്ങി: 
''ഒരു പിച്ചക്കാരനാണേമാനേ.''
''എന്താടാ നിന്റെ പേര്?''
ശബ്ദം ചെവിതുളച്ചു കയറുകയാണ്.
''ബനാദര്‍. അടിയന്‍ ഈ തെരുവിലാ പിച്ചയെടുക്കാറ്.'' അയാളുടെ മുറിഞ്ഞുവീണ വാക്കുകള്‍ ഭയന്നു കുറുകി.
''ഇത് രാജവീഥി ആണെന്ന് അറിഞ്ഞൂടേ നിനക്ക്?'' 
''അറിയാമേ.''
''എന്നിട്ടാണോടാ?''
പട്ടാളക്കാരന്‍ ആ പാവത്തിന്റെ മെലിഞ്ഞുണങ്ങിയ കൈകളില്‍ ബലമായി പിടിച്ചുവലിച്ചു.
''കുളിക്കാത്തവനേ, ചപ്രത്തലമുടിയുമായി ഭ്രാന്തനെപ്പോലെ എന്തിനാ ഈ വഴിയേ വന്നത്?'' അയാള്‍ പേമഴപോലെ പെയ്യുകയാണ്. 
''അയ്യോ എന്നെ ഒന്നും ചെയ്യല്ലേ...'' പിച്ചക്കാരന്‍ പട്ടാളക്കാരന്റെ കൈകളില്‍ പിടഞ്ഞു.
''ഇനിമുതല്‍ ഒരു തെണ്ടിയെയും ഇവിടെ കണ്ടുപോകരുത്. രാജകല്പനയുണ്ട്.''
പട്ടാളക്കാരന്‍ ബനാദറിനെ വഴിയിലൂടെ വലിച്ചിഴച്ചു. അയാള്‍ വലിയ വായില്‍ കരയുന്നുണ്ടായിരുന്നു. മറ്റൊരു പട്ടാളക്കാരന്‍ ആ പാവത്തിന്റെ ചെകിട്ടത്തൊന്നു പൊട്ടിച്ചു.
''മിണ്ടിപ്പോകരുത്.''
ബനാദറിന്റെ ബോധമണ്ഡലത്തില്‍ നക്ഷത്രക്കൂടാരങ്ങള്‍ മിന്നിത്തെളിഞ്ഞു. അറിയാതെ എന്നിട്ടും അയാള്‍ കാറിക്കരഞ്ഞുപോയി. കണ്ടുനിന്നവര്‍ക്കെല്ലാം ഹരംകയറി. അവരും അവരുടെ കൈക്കരുത്ത് ആ പാവത്തിന്റെ ശരീരത്തില്‍ പ്രയോഗിച്ചു. പട്ടാളക്കാരുടെ കൈകളിലൂടെ ഇഴഞ്ഞിഴഞ്ഞ് മുഷിഞ്ഞ തുണിക്കഷണംപോലെ ഇടവഴിയിലേക്ക് ആ കരച്ചില്‍ നിരങ്ങിനേര്‍ത്തലിഞ്ഞ് ഇല്ലാതായി.
ഇത്തരം കരച്ചിലുകള്‍ക്കുമീതെയാണ് സൗന്ദര്യത്തിന്റെ പട്ടുചേലയുംചുറ്റി രാജവീഥി നില്ക്കുന്നത്. കാണാന്‍ അഴകുള്ളവമാത്രം മതി. ആരോഗ്യമുള്ളവമാത്രം മതി.
ഇന്നലെവരെ കിഴക്കുവശത്ത് ഒരു ചെറിയ ചെരുപ്പുകട ഉണ്ടായിരുന്നു, കടയിലൊരു ചെരുപ്പുകുത്തിയും. ഇന്ന് രണ്ടും അവിടെയില്ല. ആ ഒഴിവില്‍ ഒരു പുതിയ പൂച്ചെടി ഒന്നുമറിയാത്തതുപോലെ നിന്നു ചിരിക്കുന്നുണ്ട്.
പൂച്ചെടിക്കുമപ്പുറത്തു കാണുന്നത് ഒരു പുതിയ ചാരുബെഞ്ചാണ്. വഴിപോക്കരെത്തേടി വിഷമിച്ചാണ് അതു നില്ക്കുന്നത്. ആരും ഇതുവരെ എത്തിയിട്ടില്ല, ഒന്നിരിക്കാന്‍.
എന്തോ ചില അസംബന്ധങ്ങള്‍ പുലമ്പിക്കൊണ്ട് ചില കിളികളും കാക്കകളും പാറുന്നുണ്ടെന്നു മാത്രം.
ഇത്രയും നാള്‍വരെ നേരേ ഇടതുവശത്ത് പടിഞ്ഞാറുണ്ടായിരുന്ന ഒരു കശാപ്പുശാലയുടെ നേരിയ മണം കാറ്റിനോടു ചുറ്റിപ്പിണഞ്ഞ് പോകാന്‍മടിച്ച് അവിടെ പട്ടാളക്കാരറിയാതെ കറങ്ങിനടക്കുന്നുണ്ട്.
അതിനുമപ്പുറത്ത് അടിമകളുടെ കുഞ്ഞുങ്ങള്‍ ഓടിയും കളിച്ചും തല്ലുകൂടിയും കരഞ്ഞും ബഹളമുണ്ടാക്കിയിരുന്ന ഒരു ഷെഡ്ഡുണ്ടായിരുന്നു. വഴിയിലേക്കിറങ്ങി പ്രഭുക്കന്മാരുടെ തല്ലോ വണ്ടിക്കാരുടെ ശകാരമോ ലഭിക്കാതിരിക്കാന്‍ കുഞ്ഞുങ്ങളെ തടുത്തുകേറ്റുവാനും ശിക്ഷിക്കാനും വൃദ്ധനായ ഒരു അടിമയും ഉണ്ടായിരുന്നു. താടിനരച്ച് എല്ലുന്തിയ ഒരു പൊക്കക്കാരന്‍.
ആ അടിമവൃദ്ധനെപ്പോലെതന്നെ കുഞ്ഞുങ്ങള്‍ക്കൊരു തണലായിനിന്നിരുന്ന അത്തിമരം ഇപ്പോള്‍ ഒറ്റയ്ക്കാണ് .
ആരോടും ഒന്നും മിണ്ടുന്നില്ല. കുഞ്ഞുങ്ങളുടെ ഇടതടവില്ലാത്ത കിലുക്കങ്ങളിനി കേള്‍ക്കാനാകുമോ എന്നൊരു നെടുവീര്‍പ്പുണ്ട് ഇടയ്ക്കിടെ.
അനാഥമായി താഴെ പഴുത്തുവീണ കായ്കള്‍ ആര്‍ക്കും വേണ്ട. ഓരോ കായും അഴുക്കു തൂത്തുതുടയ്ക്കുന്ന കൊതിത്തുടകളിലേക്കു ചാട്ടവാറിന്റെ പ്രഹരമായി പതിക്കുമോ എന്ന് ഞെട്ടുന്നുണ്ട് പാവം അത്തിമരം.
തൊട്ടപ്പുറത്ത് ഏതോ വലിയ ഒരു വ്യാപാരശാല ഉയര്‍ന്നിട്ടുണ്ട്. ബഹുവര്‍ണസുന്ദരമായ പരവതാനിവിരിച്ച മനോഹരമായ ഇരിപ്പിടങ്ങള്‍, മേശകളിലും അലമാരകളിലും വിലകൂടിയ മേത്തരംവീഞ്ഞ്, ബദാം, ഈന്തപ്പഴങ്ങള്‍ തുടങ്ങിയവ അവിടെ സുലഭം.
 സാമാന്യം നല്ല വേഷത്തില്‍ ഉപഭോക്താക്കളെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങിയ വ്യാപാരിയുടെ അടിമകള്‍. അകത്ത് വാണിജ്യപ്രമുഖന്‍.
ഈ ലാവണ്യത്തിനുമുമ്പ് ഇവിടെ ഒരു കുഞ്ഞുകടയുണ്ടായിരുന്നല്ലോ! അതോ അത് വെറുമൊരു ഓര്‍മമാത്രമായിരുന്നുവോ! 
വേലകഴിഞ്ഞു വിയര്‍ത്തും ക്ഷീണിച്ചുമെത്തുന്ന അര്‍ധപ്പട്ടിണിക്കാര്‍ക്ക് ഉല്ലസിക്കാന്‍ താണതരം വീഞ്ഞും അപ്പവും വിറ്റിരുന്ന കട.
രാത്രിയുടെ യാമങ്ങളില്‍ ദുരിതങ്ങളുടെമേലെ ലഹരിയുടെ ഉന്മാദവുമായി പരസ്പരം കലഹിച്ചിരുന്ന സ്‌നേഹങ്ങളൊക്കെ എവിടെപ്പോയി?
ഇതെങ്ങനെ ഇത്ര വേഗത്തില്‍ പേര്‍ഷ്യന്‍ രാജവീഥി മാറിപ്പോയി? ഏതു മാന്ത്രികനാണ് ഇതിനെ ഇങ്ങനെ മാറ്റിമറിച്ചത്? സത്യമോ മതിഭ്രമമോ എന്നു തിരയേണ്ടിവന്നില്ല. അതിനുമുമ്പ് അതാ പരുക്കന്‍ കാലൊച്ചകളുടെ ആരവമുയരുകയാണ്.
താളമുള്ള കനത്ത ശബ്ദം. കടിച്ചമര്‍ത്തപ്പെട്ട നിശ്ശബ്ദതയുടെ നെഞ്ചിന്മേല്‍ ചവിട്ടിത്തിമിര്‍ക്കുന്നു.
വാഴ്ത്തപ്പെടേണ്ടവന്റെ, മഹാനായ അഹസ്വേരുസ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേക്കുള്ള രാജപാതയാണ്. ഈ കൃത്രിമസന്തോഷത്തിന്റെ അലങ്കാരങ്ങള്‍ കാണുവാന്‍ വരികയാണ് സാമന്തന്മാര്‍. അവര്‍ ഈ മാര്‍ഗത്തിലൂടെയാണ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ എത്തിച്ചേരുന്നത്.
രാജ്യത്തിന്റെ സമ്പത്തും മികവും ഉന്നതിയും സാംസ്‌കാരികമായ സൗന്ദര്യവും വൃത്തിയും എല്ലാം കാഴ്ചക്കാരുടെ കണ്ണുകളില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കണം, ചക്രവര്‍ത്തി പ്രശംസിക്കപ്പെടണം അതുകൊണ്ടാണ് ബാബിലോണ്‍, പസര്‍ഗഡേ, എക്ബറ്റാന, പെര്‍സെപോളിസ് എന്നീ നഗരങ്ങളെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട സൂസാനഗരം അഹസ്വേരുസ് ചക്രവര്‍ത്തി തലസ്ഥാനമാക്കിയത്. ഈ നഗരം പേര്‍ഷ്യന്‍ മഹാസാമ്രാജ്യത്തിന്റെ അഭിമാനപ്രതീകമാണ്.
എല്ലായിടങ്ങളില്‍നിന്നും പ്രഭുക്കന്മാരും സാമന്തന്മാരും വന്നുകൊണ്ടേയിരിക്കുന്നു. കുതിരക്കുളമ്പടികളും പട്ടാളക്കാരുടെ ആരവങ്ങളും അടിമകളുടെയും അംഗരക്ഷകരുടെയും ആഹ്ലാദസ്വരങ്ങളുംകൊണ്ട് രാജവീഥി മുഖരിതമാവുകയാണ്. ആകാശത്തോളം ഉയര്‍ന്ന പൊടിപടലങ്ങള്‍ ചക്രവര്‍ത്തിയുടെ അപദാനങ്ങള്‍പോലെ എങ്ങും വ്യാപിക്കുന്നു. അങ്കപ്പുറപ്പാടിനെന്നമട്ടില്‍ ആന, കുതിര, ഒട്ടകം, തേര്, കാലാള്‍ എന്നിങ്ങനെ വിപുലസൈനികനിരയുമായി എത്തുന്നവരുമുണ്ട്. അവരുടെ അംഗരക്ഷകരും അകമ്പടിക്കാരുമൊക്കെയായി പേര്‍ഷ്യയുടെ തലസ്ഥാനം മാറ്റിമറിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള രാജാക്കന്മാരും ജനങ്ങളും ഒരേയൊരു നാമംമാത്രം ഓര്‍ത്തുവയ്ക്കണം, പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ അഹസ്വേരുസിന്റേതുമാത്രം.
ഇത്ര കൂലംകഷമായ കര്‍ശനനിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ രാജവീഥിയുടെ അങ്ങേത്തലയ്ക്കല്‍ക്കൂടി വേഗത്തില്‍ നടന്നുപോവുകയാണ് ഒരു അടിമ. ഷണ്ഡനാണെന്നു തോന്നുന്നു.
ആരെയും ശ്രദ്ധിക്കാതെ, പട്ടാളക്കാരെ അവഗണിച്ച് അവന്‍ മുന്നോട്ടുപോവുകയാണ്. കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് അതത്ര ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.
 അവന്റെ സമീപത്തേക്ക് ഒരു പട്ടാളക്കാരന്‍ ആക്രോശത്തോടെ ഓടിയെത്തി.
 ''ആരാടാ?'' 
ഷണ്ഡന്‍ ഒന്നു തിരിഞ്ഞുനോക്കി. പിന്നെ ചുണ്ടുേകാട്ടിച്ചിരിച്ചുകൊണ്ടു മുന്നോട്ടു നടന്നു.  പട്ടാളക്കാരന്റെ കണ്ണില്‍ തീപടര്‍ന്നു.
അയാള്‍ ഝടിതിയില്‍ അവന്റെ വസ്ത്രത്തില്‍ പിടിത്തമിട്ടു. ഷണ്ഡന്‍ എത്രയും ലാഘവത്തോടെ ആ കൈ തട്ടിമാറ്റി. നടത്തത്തിന് വേഗം കൂട്ടി.
''അത്രയ്ക്കായോടാ നീ?'' പട്ടാളക്കാരന്‍ അടിമയെ വട്ടംപിടിച്ചു.
അപ്പോഴേക്കും മറ്റു പട്ടാളക്കാരും ഓടിയെത്തി. വെറുമൊരു ഷണ്ഡനല്ല ഇവനെന്ന് വ്യക്തമായെങ്കിലും പട്ടാളക്കാരന്റെ അധികാരധാര്‍ഷ്ട്യം ബോധ്യത്തെ മറികടന്നു. വന്നതിലൊരാള്‍അവന്റെ ചെകിട്ടത്ത് അടിച്ചു.
ഷണ്ഡന്‍ തിരിഞ്ഞുനിന്നു. മദമിളകിയ ഒറ്റയാനെയപ്പോലെ അവന്‍ തന്നെ ഉപദ്രവിച്ച പട്ടാളക്കാരന്റെ നേരേ തിരിഞ്ഞു.
അപ്പോള്‍ വട്ടംപിടിച്ചിരുന്ന ആദ്യത്തെ പട്ടാളക്കാരന്‍ അവനോട് അലറുന്നപോലെ ചോദിച്ചു.
''രാജകല്പന നിനക്കറിയില്ലേടാ?''
 തീപാറുന്ന നോട്ടമായിരുന്നു മറുപടി. 
''എന്റെ ദൗത്യം തടസ്സപ്പെടുത്തിയതിനു നിനക്കു ശിക്ഷ വാങ്ങിത്തരുന്നുണ്ട്. പ്രധാന സചിവന്‍ ഹാമാന്‍ തിരുമനസ്സിന്റെ കല്പനയുമായി പോവുകയാണ് ഞാന്‍.'' 
ഷണ്ഡന്‍ കോപത്തോടെ പ്രതിവചിച്ചു. തുടര്‍ന്ന് വലിയ പട്ടാളക്കാരനോടു ചോദിച്ചു.
 ''നിന്റെ പേരെന്താ?'' 
മറുപടിയും ചോദ്യവും കേട്ട് പട്ടാളക്കാര്‍ ഭയന്നു.
''ആളറിയാതെ പറ്റിപ്പോയതാണ്.'' അടിച്ച ഭടന്‍ ഭൂമിയോളം താഴ്ന്നു.
ഷണ്ഡന്‍ അയാളെ പിടിച്ചുതള്ളി.
''പോടാ.''
അയാള്‍ പിന്നോട്ട് വേച്ചുവേച്ചു പോയി.
പിന്നീട് മറ്റൊന്നും പറയാതെ അവന്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി. 
ഇളിഞ്ഞുപരന്ന മുഖവുമായി ഭടന്മാര്‍ രാജവീഥിയുടെ അരികിലേക്കു നീങ്ങിനിന്നു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)