ഇട്ടിമാത്തുത്തരകന്‍ ഉറക്കമില്ലാത്ത രാവുകള്‍. കണ്ണടച്ചാല്‍ വലിയ തരകന്‍ മുന്നില്‍. ''അളവില്ലാത്ത സ്വത്ത് ഞാന്‍ സമ്പാദിച്ചിട്ടൊണ്ട്. അതിലൊരു വിഹിതം എന്റെ സഹോദരിമാരുടെ സന്തതികള്‍ക്കു കൊടുത്തു എന്നു കരുതി നെനക്കൊന്നും സംഭവിക്കില്ല, മാത്തൂ. കൊട്ടാരത്തില്‍ തറവാട് അതിന്റെ പേരില്‍ ക്ഷയിക്കുകയുമില്ല. എന്നിട്ട്, നിയ്യ് മനഃസമാധാനത്തോടെ ഉറങ്ങുക മാത്തൂ.'' ഉപബോധമനസ്സില്‍നിന്ന് ഉറവയെടുത്തുവരുന്ന വാക്കുകള്‍ ഒരശരീരിപോലെ മാത്തുത്തരകന്റെ മനസ്സില്‍ മന്ത്രണമായി മുഴങ്ങി.
അയാള്‍ വല്ലാതെ ക്ഷീണിച്ചു. ആരോഗ്യം ക്ഷയിച്ചുതുടങ്ങി. ഉറങ്ങാന്‍ കഴിയുന്നില്ല. രാവേറെച്ചെന്ന് ഉറക്കത്തിന്റെ തട്ടിലേക്കു വീഴുമ്പോള്‍ അപ്പന്റെ മുഖം സ്വപ്നത്തില്‍ തെളിയും.
''നിങ്ങക്കെന്തു പറ്റി മനുഷ്യാ. വല്ല അസുഖോം പിടിപെട്ടുവോ? ഏതെങ്കിലും ഡോക്ടറെ കാണിക്കാന്‍ ഇയ്യോബിനോടു പറയ്.'' ആണ്ടമ്മ തന്റെ ഭര്‍ത്താവിന്റെ അവസ്ഥയില്‍ ആകെ അസ്വസ്ഥയായി. അവര്‍ പല്ലവിയായി പറയാന്‍ തുടങ്ങി: ''അങ്ങോട്ടു പോകുമ്പോ ഇതുവല്ലതും കൊണ്ടുപോണൊണ്ടോ? കേസിനും പുക്കാറിനും പോകാതെ ആ തലതെറിച്ചവന്‍ പൗലോയെ വിളിച്ച് വല്ലതും കൊടുത്തു പ്രശ്‌നം പരിഹരിക്ക്. മനുഷ്യര്‍ക്കു മനഃസമാധാനമല്ലേ വലുത്?''
ഇതാണ് ആണ്ടമ്മയുടെ സ്ഥിരം പല്ലവി. മാത്തുത്തരകന്‍ രാവിലെ എണീറ്റാല്‍ മുന്‍വശത്തെ കസേരയില്‍ പോയി ഇരിക്കും. നോട്ടം പുറത്തേക്കാണ്. ആരെങ്കിലും അടുത്തുചെന്നാല്‍പ്പോലും അറിയില്ല.
ആണ്ടമ്മ ചെന്നു വിളിച്ചാല്‍ ഞെട്ടിയുണരും.
''നിയ്യ് വല്ലതും പറഞ്ഞോ?''
ഉദ്വേഗത്തോടെ ചോദിക്കും.
''ഞാനൊന്നും പറഞ്ഞില്ലേ. നേരമെത്രയായെന്നാ വിചാരം. പോയി മുഖം കഴുകി പല്ലുതേക്ക് മനുഷ്യാ.''
ആണ്ടമ്മയ്ക്കു ചിലപ്പോള്‍ സങ്കടം വരും. എങ്ങനെ സമാധാധത്തോടെ ജീവിച്ച മനുഷ്യനാ? ഇട്ടിമാത്തുത്തരകന്റെ അവസ്ഥയില്‍ എന്തു ചെയ്യണമെന്ന് ആണ്ടമ്മയ്ക്ക് ഒരു നിശ്ചയവുമില്ല.
''മോനേ! ഇയ്യോ... അപ്പച്ചന്റെ ഈ ഇരിപ്പ് നിയ്യ് കാണണില്ലേ? എന്തെങ്കിലുമൊരു പരിഹാരമൊണ്ടാക്കടാ മോനേ!''
ആണ്ടമ്മ മകനോട് ആവലാതി പറഞ്ഞു.
ഇയ്യോബും ആകെ ചിന്താക്കുഴപ്പത്തിലാണ്. വിഷാദഭാവം മുറ്റിയ മുഖവുമായി അപ്പച്ചനെ കാണുന്നതുതന്നെ ഇയ്യോബിനു വിഷമമാണ്. അപ്പച്ചന്‍ എത്രയോ പ്രസന്നവദനനായിരുന്നു. എല്ലാറ്റിനും വല്യപ്പച്ചന്റെ നിഴല്‍പോലെനിന്ന്, കൊട്ടാരത്തില്‍ തറവാടിനെ മുന്നോട്ടു നയിച്ച സാരഥി. എന്നും ശാന്തിയും സമാധാനവും കളിയാടുന്ന കൊട്ടാരത്തില്‍ തറവാട്.
ഓര്‍ക്കുമ്പോള്‍ മനസ്സു കനക്കുന്നു. തൊണ്ടയില്‍ എന്തോ കുരുങ്ങിയതുപോലെ. അറിയാതെ കണ്ണുകള്‍ നിറയുന്നു. അയാള്‍ ആരും കാണാതെ പുറംകൈകൊണ്ടു കണ്ണുകള്‍ തുടച്ചു.
എങ്ങനെയോ മൂന്നുമാസം കടന്നുപോയി. പ്രഭാതക്കിളികളുടെ കളകൂജനം കേട്ടാണ് ഇയ്യോബ് ഉണര്‍ന്നത്. പ്രഭാതം കൂടുതല്‍ ചുവന്നുതുടുത്തിരുന്നു. ഇയ്യോബ് ജനാലവിരി മാറ്റി മുറ്റത്തേക്കു നോക്കി. നേരിയ മഞ്ഞിന്‍പടലങ്ങള്‍ക്കിടയില്‍ താണ്ടമ്മ നട്ടുവളര്‍ത്തിയ റോസാച്ചെടികള്‍ നിറയെ പുഷ്പിച്ചിരിക്കുന്നു. അവയുടെ പ്രകാശപൂര്‍ണമായ കാഴ്ച ഇയ്യോബിനെ ത്രസിപ്പിച്ചു.
മുറ്റത്തൊരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം അയാളെ ഉണര്‍ത്തി. മാളിയേക്കല്‍ തറവാട്ടിലെ കാറാണല്ലോ. താണ്ടമ്മയ്ക്കു വല്ല വിശേഷവും. അയാള്‍ തിടുക്കപ്പെട്ടു വാതില്‍ തുറന്ന് പൂമുഖത്തേക്കു നടന്നു. ''കുഞ്ഞിനെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ അച്ചായന്‍ അയച്ചതാ എന്നെ. താണ്ടമ്മമോള്‍ ഇന്നലെ രാത്രി പ്രസവിച്ചു. നല്ലൊരു പൊന്നുമോന്‍.'' ഡ്രൈവര്‍ മത്തായിയാണ്.
ആ സന്തോഷവാര്‍ത്തകേട്ട് ഇയ്യോബിന്റെ കണ്ണുകള്‍ സന്തോഷാശ്രു പൊഴിച്ചു. വാര്‍ത്തകേട്ടപാടേ അയാള്‍ അപ്പച്ചനും അമ്മച്ചിയും ഉറങ്ങുന്ന അറയുടെ വാതിലില്‍ ചെന്നു തട്ടി.
''അപ്പച്ചാ, അമ്മച്ചീ, താണ്ടമ്മ പ്രസവിച്ചു. ആണ്‍കുഞ്ഞ്. നമ്മുടെ കൊട്ടാരത്തില്‍ തറവാടിന് ഒരു അനന്തരാവകാശി.''
ഇയ്യോബ് ഒറ്റശ്വാസത്തില്‍ ഉദീരണം ചെയ്തു.
''അമ്മച്ചീ, ഞാന്‍ മാളിയേക്കലീന്നുവന്ന കാറില് പോവ്വാണ്. അപ്പച്ചനും അമ്മച്ചിയും ഒരുങ്ങി നമ്മുടെ കാറില് പിന്നാലെ വന്നാ മതി.''
ഇയ്യോബ് തിടുക്കം കൂട്ടി. ''നില്ക്കടാ മോനേ! ആ ഡ്രൈവര്‍ക്ക് ഒരു കപ്പു കാപ്പി കൊടുക്കട്ടെ. നിയ്യ് ഒരുങ്ങിവരുമ്പോഴേക്കും ഞാന്‍ കാപ്പി എടുത്തുവയ്ക്കാം.'' ആണ്ടമ്മ പിടഞ്ഞെണീറ്റു.
''ശരി അമ്മച്ചി.''
മത്തായിയോടു കയറിയിരിക്കാന്‍ പറഞ്ഞിട്ട് ഇയ്യോബ് തന്റെ മാളികയിലേക്കു പോയി. എത്രയും വേഗം ഒരുങ്ങി പുറപ്പെടണം. അയാളുടെ മനസ്സ് താണ്ടമ്മയുടെ അടുത്തേക്കു കുതിച്ചു. തന്റെ ചോരയില്‍ പിറന്ന കണ്‍മണിയെ കാണാന്‍ അയാള്‍ക്കു തിടുക്കമായി.
കാര്‍ സ്റ്റാര്‍ട്ടായപ്പോഴാണ് ഡ്രൈവര്‍ മത്തായി ആ കഥ പറയുന്നത്:
''കുറെ ദെവസമായി താണ്ടമ്മ മോള്‍ക്ക് ചില വെഷമതകളുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ വീട്ടില്‍ പോകാതെ മാളിയേക്കല്‍ത്തന്നെ ഉണ്ടായിരുന്നു.
''ഇന്നലെ രാത്രി ഒരു രണ്ടുമണിയായിക്കാണും; താണ്ടമ്മമോള്‍ ചെല വിഷമതകള്‍ കാണിക്കാന്‍ തുടങ്ങി.
ഉടനെ കാറിറക്കി നേരേ സായിപ്പിന്റെ ആശുപത്രിക്കു പോയി. പ്രസവമുറിലേക്കു നേരേ അഡ്മിറ്റാവുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഡോക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഓടിവന്നു. ഏതാണ്ട് അരമണിക്കൂര്‍. കൊച്ചിന്റെ കരച്ചില്‍ കേട്ടാണ് ഞങ്ങള്‍ വരാന്തയില്‍നിന്ന് അകത്തേക്കു ചെന്നത്. ഒരു നേഴ്‌സ് വെള്ളത്തുണീല് പൊതിഞ്ഞ് ആ മാലാഖക്കുഞ്ഞിനെ കൊണ്ടുവന്നു കാണിച്ചു. പ്ലമേനാമ്മ അമ്മച്ചി അവനെ ഒരു നിമിഷം കൈയിലെടുത്തു. പിന്നെ നേഴ്‌സിനെ തിരികെ ഏല്പിച്ചു.
''സഖറിയാമൊതലാളിയും അമ്മച്ചിയുമൊക്കെ വലിയ സന്തോഷത്തിലാ. താണ്ടമ്മമോളും കുഞ്ഞും സുഖമായിരിക്കുന്നു. പള്ളീല് മണിയടിച്ചപ്പോള്‍ത്തന്നെ മൊതലാളി എന്നെ പറഞ്ഞുവിട്ടതാ. കുഞ്ഞിനെ കൂട്ടിക്കോണ്ടുചെല്ലാന്‍ പറഞ്ഞ്.''
മത്തായിയുടെ വാക്കുകള്‍ ഇയ്യോബിന്റെ കാതുകള്‍ക്ക് ഇമ്പം പകര്‍ന്നു.
ഇയ്യോബ് ആശുപത്രിവരാന്തയില്‍ ചെന്നപാടേ പ്ലമേനാമ്മ വെള്ളപ്ലാനലില്‍ പൊതിഞ്ഞ ചോരക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്നു കാണിച്ചു. അവന്‍ തന്റെ കുഞ്ഞിക്കണ്ണുകള്‍ മെല്ലെ തുറന്ന് ഇയ്യോബിനെ ഒരു നിമിഷം നോക്കി. എന്നിട്ട് മെല്ലെ കണ്ണടച്ചു.
ഇയ്യോബ് പുഞ്ചിരിച്ചു. ആത്മ സംതൃപ്തിയുടെ ചിരി. അയാള്‍ പ്ലമേനാമ്മയ്ക്കു പിന്നാലെ താണ്ടമ്മയെ കാണുന്നതിനായി മുറിയിലേക്കു കയറി.
അവിടെ തൂവെള്ള വിരിപ്പിട്ട കിടക്കയില്‍ തേജോഗോളംപോലെ താണ്ടമ്മ കിടക്കുന്നു. അയാളുടെ മകനെ പ്രസവിച്ച, കൊട്ടാരത്തില്‍ തറവാടിന് അവകാശിയെ നല്കിയ പ്രാണസഖി.
ഇയ്യോബിനെ കണ്ട് താണ്ടമ്മ ചെറുപുഞ്ചിരി തൂകി. ആയിരം പ്രകാശകിരണങ്ങള്‍ ചൊരിയുന്ന പുഞ്ചിരി അവള്‍ അവനു സമ്മാനിച്ചു. പ്ലമേനാമ്മ ആ ചോരക്കുഞ്ഞിനെ ശ്രദ്ധാപൂര്‍വം അവള്‍ക്കരികില്‍ ചേര്‍ത്തുകിടത്തി. അത് തന്റെ കുഞ്ഞിക്കൈകളും കുഞ്ഞിക്കാലുകളും മെല്ലെ ചലിപ്പിച്ചു.
മാത്തുത്തരകനും ആണ്ടമ്മയും വേഗം ഒരുങ്ങി. അവര്‍ പ്രഭാതഭക്ഷണം കഴിച്ചെന്നുവരുത്തി. ആണ്ടമ്മ അറയില്‍ കയറി ചില ആഭരണങ്ങള്‍ കൈയിലെടുത്തു. ഡ്രൈവര്‍ വര്‍ഗീസ് കാര്‍ കഴുകിത്തുടച്ചു യാത്രയ്‌ക്കൊരുങ്ങി നില്ക്കുകയാണ്.
അവര്‍ തിരുവല്ലയില്‍ സായിപ്പിന്റെ ആശുപത്രിയില്‍ എത്തുമ്പോള്‍ 12 മണിയായി. സഖറിയാ തര്യനും പ്ലമേനാമ്മയും ബന്ധുക്കാരെ കാറിനടുത്തുവന്നു സ്വീകരിച്ചു. സഖറിയാ തര്യന്‍ മാത്തുത്തരകന്റെയും പ്ലമേനാമ്മ ആണ്ടമ്മയുടെയും കരം ഗ്രഹിച്ച് അകത്തേക്ക് ആനയിച്ചു.
''കൊട്ടാരത്തില്‍ തറവാട്ടിലെ പുതിയ അവകാശി ഇപ്പോ നല്ല ഒറക്കത്തിലാണ്. വല്യപ്പച്ചനെയും അമ്മച്ചിയെയും കാണുമ്പോ ഒറക്കം തെളിഞ്ഞോളും.''
പ്ലമേനാമ്മ ലോഹ്യം പറഞ്ഞു. അവര്‍ക്കു പിന്നാലെ ഇയ്യോബുമുണ്ട്. അവര്‍ താണ്ടമ്മ കിടക്കുന്ന മുറിയിലെത്തി. അപ്പച്ചനെയും അമ്മച്ചിയെയും കണ്ടപാടെ താണ്ടമ്മ സ്തുതി ചൊല്ലി.
ആണ്ടമ്മ തൂവാലയില്‍ കെട്ടി വച്ച പൊതിയഴിച്ചു കുഞ്ഞുമോന്റെ അരയില്‍ രണ്ടു പവന്റെ അരഞ്ഞാണവും കാലിലും കൈയിലും ഓരോ കാപ്പും ധരിപ്പിച്ചു. അഞ്ചുപവന്റെ ഒരു മാല താണ്ടമ്മയുടെ കഴുത്തിലും ഇട്ടു. അത് കൊട്ടാരത്തില്‍ തറവാട്ടുകാരുടെ മുറയാണ്.
എല്ലാവര്‍ക്കും ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. ശബ്ദംകേട്ട് കുഞ്ഞ് ഉണര്‍ന്ന് അവന്റെ കുഞ്ഞിക്കണ്ണുകള്‍ മെല്ലെ തുറന്നു.
''കള്ളന് വല്യപ്പച്ചനെയും വല്യമ്മച്ചിയെയും കാണാന്‍ കൊതിയായി.''
പ്ലമേനാമ്മ ഒരു ലോഹ്യം പറഞ്ഞു. അതു കേട്ടവര്‍ക്കൊക്കെ നന്നായി രസിച്ചു.
''ചോര ചോരയെ തിരിച്ചറിയാതെ വരുമോ?''
ആണ്ടമ്മയും ഒരു ലോഹ്യം പറഞ്ഞു. ഒച്ചയും ബഹളയും കേട്ട് ഡ്യൂട്ടി നേഴ്‌സ് മുറിയുടെ വാതില്‍ക്കല്‍ വന്ന് എത്തിനോക്കി.
ആണ്ടമ്മ ഒരു ചൂരല്‍ക്കൂട നിറയെ കൊണ്ടുവന്ന കുഞ്ഞുടുപ്പുകള്‍, ടര്‍ക്കികള്‍, പ്ലാനല്‍തൊപ്പികള്‍, ഷീറ്റുകള്‍, പൗഡര്‍ ടിന്നുകള്‍, ലോഷനുകള്‍ തുടങ്ങിയവ പ്ലമേനാമ്മയ്ക്കു കൈമാറി. അതൊക്കെ അവര്‍ നേരത്തേ തയ്യാറാക്കിവച്ചിരുന്നതാണ്.
ആചാരങ്ങളൊന്നും മറക്കേണ്ട. എല്ലാവരും ആശുപത്രി വരാന്തയിലേക്കിറങ്ങി.
''നമുക്ക് വീട്ടിലേക്കു പോകാം. അവിടെ ഊണു തയ്യാറായിട്ടുണ്ടാവും.'
സഖറിയാ തര്യന്‍ ബന്ധുക്കാരെ വീട്ടിലേക്കു ക്ഷണിച്ചു.
''നിങ്ങള് പൊയ്‌ക്കോ. എനിക്കും മോള്‍ക്കുമുള്ള ഭക്ഷണം ഡ്രൈവറുടെ കൈയില്‍ കൊടുത്തയച്ചാല്‍ മതി.'' പ്ലമേനാമ്മ ബന്ധുക്കാരെ സ്വന്തം നിലയിലും ക്ഷണിച്ചു.
അവര്‍ രണ്ടു കാറിലുമായി മാളിയേക്കല്‍ തറവാട്ടിലേക്കു പുറപ്പെട്ടു. ഇയ്യോബുകൂടി സഖറിയാ തര്യനൊപ്പം കാറില്‍ കയറി. പോകുന്നവഴി ഇയ്യോബ് അപ്പച്ചന്റെ വിശേഷങ്ങളൊക്കെ സഖറിയാ തര്യനു കൈമാറി. സഖറിയാ തര്യന്‍ എല്ലാം സശ്രദ്ധം കേട്ടു. അയാള്‍ അപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല.
ഉച്ചഭക്ഷണം കഴിഞ്ഞുള്ള വെടിവട്ടത്തിനിടയില്‍ സഖറിയാ തര്യന്‍ ചില നിര്‍ദേശങ്ങള്‍ വച്ചു. അതു ശരിയായ പരിഹാരമാര്‍ഗമാണെന്ന് ഇയ്യോബിനു തോന്നി.
(തുടരും)