•  5 Dec 2024
  •  ദീപം 57
  •  നാളം 39
നേര്‍മൊഴി

വനിതാസംവരണബില്‍ ഫ്രീസറില്‍ വയ്ക്കരുത്

നിതകള്‍ക്കു പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാസംവരണബില്‍ ലോകസഭയിലും രാജ്യസഭയിലും പാസാക്കപ്പെട്ടു. 454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലോകസഭയില്‍ ബില്ല് പാസാക്കിയത്. രണ്ട് എതിര്‍വോട്ടുകള്‍മാത്രമാണുണ്ടായത്. ഇനി അതു നിയമമായി നടപ്പിലാക്കണം. അതിനു രണ്ടു കടമ്പകള്‍കൂടി കടക്കണം. ആദ്യത്തേത് പകുതിയിലധികം നിയമസഭകളില്‍ അതു പാസാക്കുക എന്നതാണ്. ഇന്നത്തെ സാഹചര്യത്തില്‍ അതിനു ബുദ്ധിമുട്ടുണ്ടാവുകയില്ല. രാഷ്ട്രപതി ഒപ്പുവച്ച് വിജ്ഞാപനം പുറപ്പെടുവിക്കുക എന്നതാണു രണ്ടാമത്തെ കാര്യം. അതിനും തടസ്സമോ താമസമോ ഉണ്ടാകേണ്ടതില്ല. ഇതെല്ലാം സാധ്യമായാലും ബില്ല് നിര്‍ദേശിക്കുംപ്രകാരം എന്നാണ് 33 ശതമാനം വനിതകള്‍ നിയമനിര്‍മാണസഭകളിലെത്തുകയെന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തിയെമാത്രം ആശ്രയിക്കുന്ന വിഷയമാണ്.
വനിതാസംവരണനിയമം എന്നു നടപ്പാക്കുമെന്നു ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. അതിനു സെന്‍സസ് പൂര്‍ത്തിയാക്കണമെന്നും മണ്ഡലപുനര്‍നിര്‍ണയം വേണ്ടിവരുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുമുണ്ട്. ഈ കാര്യങ്ങള്‍ എന്നു നടക്കുമെന്ന യാതൊരു സൂചനയുമില്ല. 2021 ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന സെന്‍സസ് പൂര്‍ത്തിയായിട്ടില്ല. ഇനി കൊവിഡിനെ പഴിചാരി കേന്ദ്രസര്‍ക്കാരിനു രക്ഷപ്പെടാനാവില്ല. മണ്ഡലപുനര്‍നിര്‍ണയത്തിനും സമയം വേണം. ഇതു രണ്ടുംകൂടി കേന്ദ്രസര്‍ക്കാരിനു താത്പര്യമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഒറ്റരാത്രിയില്‍ നോട്ടുനിരോധനം നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാരിനു വേണമെങ്കില്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അത്രത്തോളം സംവിധാനങ്ങളും ഉദ്യോഗസ്ഥരും നമ്മുടെ രാജ്യത്തുണ്ട്.
പലരും സംശയിക്കുന്നത് രാഷ്ട്രീയനേതൃത്വത്തിന്റെ താത്പര്യക്കുറവും സര്‍ക്കാരിന്റെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥതലത്തിലെ ചുവപ്പുനാടയുംമൂലം വനിതകള്‍ നിയമനിര്‍മാണസഭകളിലെത്താന്‍ വൈകുമെന്നാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പുതിയ പാര്‍ലമെന്റിലെ ആദ്യത്തെ ബില്ലായി ഇത് അവതരിപ്പിച്ചത് എന്ന ചോദ്യമുണ്ടാകും. 2024 ലെ പൊതുതിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സ്ത്രീവോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കാനുള്ള രാഷ്ട്രീയതന്ത്രമാണോ ഇത്? അതോ, സ്ത്രീപുരുഷതുല്യതയ്ക്കുവേണ്ടിയുള്ള ബിജെപി സര്‍ക്കാരിന്റെ ആത്മാര്‍ഥമായ ശ്രമമാണോ? കോണ്‍ഗ്രസും ദേവഗൗഡ സര്‍ക്കാരും ശ്രമിച്ചിട്ടും സാധിക്കാത്ത ഒരു കാര്യം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ച ബിജെപി സര്‍ക്കാരിന് അഭിമാനിക്കാം. പ്രതിപക്ഷത്തുനിന്നുപോലും പിന്തുണ ലഭിച്ച സ്ഥിതിക്ക് ബില്ലു നിയമമാക്കി നടപ്പിലാക്കാനുള്ള തടസ്സങ്ങള്‍ ഭരണഘടനാ ഭേദഗതിയിലൂടെ സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
വനിതാസംവരണബില്ലിന്റെ അവകാശവാദം പലരും ഉന്നയിക്കുന്നുണ്ട്. 1996 ല്‍ ദേവഗൗഡ സര്‍ക്കാരിന്റെ കാലത്ത് സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് വനിതാ സംവരണബില്‍ ആദ്യമായി ലോകസഭയില്‍ പരിഗണിച്ചത്. തുടര്‍ന്ന് 1998, 1999, 2002, 2003 എന്നീ വര്‍ഷങ്ങളിലും ബില്ല് കൊണ്ടുവന്നെങ്കിലും പാസ്സായില്ല. 2010 മാര്‍ച്ച് ഒമ്പതിന് ബില്‍  രാജ്യസഭയില്‍ പാസ്സാക്കി. എന്നാല്‍, സമാജ്‌വാദിപാര്‍ട്ടിയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പുമൂലം ലോകസഭയില്‍ ബില്ല് പാസാക്കാനായില്ല. ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ അടിത്തറയുള്ള പാര്‍ട്ടികളാണിവ രണ്ടും. ഈ പാര്‍ട്ടികളുടെ എതിര്‍പ്പുമാത്രമല്ല വനിതാസംവരണം നീണ്ടുപോകാന്‍ കാരണം. എല്ലാ പാര്‍ട്ടികളിലെയും പുരുഷമേധാവിത്വവും ഇതിനു കാരണമാണ്. അധികാരമോഹികളും മണ്ഡലങ്ങള്‍ കുത്തകയാക്കിവച്ചിട്ടുള്ളവരുമായ പുരുഷന്മാര്‍ക്കു നെഞ്ചിനു വേദന ഉറപ്പാണ്. വനിതാ സംവരണബില്‍ നടപ്പിലാകുമ്പോള്‍ ഉമ്മന്‍ചാണ്ടിസാറിനെപ്പോലെയോ കെ.എം. മാണിസാറിനെപ്പോലെയോ ഇനിയൊരിക്കലും ഒരു നേതാവിനും തുടര്‍ച്ചയായി അരനൂറ്റാണ്ട് ഒരു മണ്ഡലത്തില്‍നിന്നു ജയിക്കാനാവുകയില്ല. കേരളത്തില്‍നിന്ന് 40 വനിതകള്‍ നിയമസഭയിലും ആറു വനിതകള്‍ പാര്‍ലമെന്റിലും എത്തും. സ്ത്രീപുരുഷതുല്യത പ്രസംഗിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ 15 ശതമാനം സ്ത്രീകളും നിയമസഭകളില്‍ 10 ശതമാനം സ്ത്രീകളുമാണുള്ളത്. രാജ്യത്ത് ആകെ 95 കോടി സമ്മതിദായകരുണ്ട്. അവരില്‍ പകുതി സ്ത്രീകളാണ്.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയില്‍ വനിതാപ്രാതിനിധ്യം നന്നേ കുറവാണ്. ആഗോളശരാശരി 26 ശതമാനമത്രേ. ഇന്ത്യയില്‍ 15 ശതമാനംമാത്രം. 185 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 141 ആണ്. പാക്കിസ്ഥാന്‍ സ്ത്രീപ്രാതിനിധ്യം 17 ശതമാനവും ബംഗ്ലാദേശില്‍ 21 ശതമാനവുമുണ്ട്. സാക്ഷരനാടെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ വനിതാ പ്രാതിനിധ്യം 7.86 ശതമാനം മാത്രമാണെന്നറിയുമ്പോള്‍ കേരളീയരുടെ സ്ത്രീവിരുദ്ധതയുടെ തോതു വ്യക്തമാകും. അതുകൊണ്ട്, വനിതാസംവരണനയവും നിയമവും ആരുടെയും ഔദാര്യമല്ല, സ്ത്രീകളുടെ അവകാശമാണ്. മരിക്കുന്നതുവരെ എം.എല്‍.എ. ആയിരിക്കണമെന്ന ചിലരുടെ മോഹങ്ങളാണു പൊലിയാന്‍ പോകുന്നത്. അവരെ ഓര്‍ത്തു വിലപിക്കുന്നതിനേക്കാള്‍ ഗുണകരം നാടു നന്നാകുന്നതിനെക്കുറിച്ചോര്‍ത്ത് ആഹ്ലാദിക്കുന്നതാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)