•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

പലായനം

ന്തു ചെയ്യണമെന്നറിയാതെ മൂവരും ഏതാനും നിമിഷം സ്തംഭിച്ചിരുന്നു. ഇയ്യോബ് പെട്ടെന്ന് ഉണര്‍ന്നു. അയാള്‍ ഭയപ്പാടോടെ ചുറ്റും നോക്കി. ആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയം അയാളുടെ കണ്ണുകളില്‍ മുളച്ചുപൊന്തി.
ഇയ്യോബ് തിടുക്കത്തില്‍ എണീറ്റുചെന്ന് അറയുടെ വാതില്‍ ഭദ്രമായി അടച്ചു കുറ്റിയിട്ടു. മാത്തുത്തരകനും ഇയ്യോബും ചേര്‍ന്ന് കുതിരപ്പവനുകള്‍ എണ്ണാന്‍ തുടങ്ങി. അവരുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. എണ്ണിത്തിട്ടപ്പെടുത്തിയവ പട്ടുസഞ്ചിയില്‍ നിക്ഷേപിച്ചു. ഓരോ ആയിരം തികയുമ്പോഴും അവര്‍ പരസ്പരം നോക്കി. എണ്ണം പൂര്‍ത്തിയായപ്പോള്‍ അവിശ്വസനീയമായ ഒരു നമ്പര്‍ അവര്‍ക്കു മുന്നില്‍ കടംകഥപോലെ അവശേഷിച്ചു. 
പതിനായിരം പവനുകള്‍.
''എന്നാലും വല്യപ്പച്ചന്‍ ഇതിനെക്കുറിച്ച് കമാന്നൊരക്ഷരം പറഞ്ഞിട്ടില്ലല്ലോ.''
ആണ്ടമ്മയുടെ ആവലാതി അതായിരുന്നു. അപ്പന്‍ ആലപ്പുഴ ബിസിനസിനു പോയി നല്ല പൈസ ഉണ്ടാക്കുന്നുണ്ട് എന്ന് മാത്തുത്തരകന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍, ഇത്തരമൊരു സമ്പാദ്യത്തെക്കുറിച്ച് വലിയ തരകന്‍ ഒരിക്കല്‍പോലും മകനോടു പറഞ്ഞിരുന്നില്ല. ഇയ്യോ അവിരാ ത്തരകന്റെ മുന്നില്‍ നേരേനിന്നു സംസാരിക്കാന്‍പോലും മാത്തുത്തരകനു ഭയമായിരുന്നു. 
അപ്പന്‍ ആലപ്പുഴ തടിക്കച്ചവടത്തിനു പോയാല്‍ രണ്ടുംമൂന്നും ദിവസം കഴിഞ്ഞായിരിക്കും വരിക. അവിരാത്തരകനു ലഭിച്ചിരുന്ന ആദരവ് ഒരിക്കലും മാത്തുത്തരകനു ലഭിച്ചതുമില്ല. ഒരു കൃഷിക്കാരന്റെ കുപ്പായമാണ് മാത്തുത്തരകന് ഇണങ്ങുക. കൊട്ടാരത്തില്‍ തറവാടിന്റെ 500 ഏക്കര്‍ തെങ്ങിന്‍തോപ്പിലാണ് മാത്തുതരകന്‍ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചിട്ടുള്ളത്. ഒരു തനി കര്‍ഷകന്റെ ഇമേജ്. പ്രതാപശാലികളായ പിതാക്കന്മാരുടെ മക്കള്‍ക്ക് സാധാരണ സംഭവിക്കാറുള്ള ദുരന്തം എന്നും ഇതിനെ വിശേഷിപ്പിക്കാം.
''ഇയ്യോ, ഇനിയെന്തെങ്കിലും ഉണ്ടോന്നു നോക്കിക്കേ നിയ്യ്.''
''ഒവ്വ് അപ്പാ... ഞാനും അതാണ് ആലോചിച്ചത്.''
ഇയ്യോബ് വീണ്ടും കാല്‍പ്പെട്ടിയുടെ മൂടി തുറന്നു. വല്യപ്പച്ചന്റെ ഫുള്‍കൈയനും മുറിക്കൈയനും ഷര്‍ട്ടുകളാണ് ഒരു സൈഡില്‍. ഒപ്പം ഒറ്റമുണ്ടുകളും നേര്യതുകളും പച്ചക്കരയന്‍ ടര്‍ക്കികളും അടുക്കിവച്ചിരിക്കുന്നു. എല്ലാം അലക്കി വെളുപ്പിച്ച് നീലം പിഴിഞ്ഞ് ഇസ്തിരിയിട്ടവ ആണ്. നാലഞ്ചുവര്‍ഷമായി വല്യപ്പച്ചന്‍ പുറത്തൊന്നും പോവാത്തതിനാല്‍ അതങ്ങനെ അട്ടിയായി അടുക്കിവച്ചിരിക്കുകയാണ്.
ഇയ്യോബ് അവ പെറുക്കി മെത്തപ്പായില്‍ വച്ചു. ഏറ്റവും താഴത്തെ അട്ടി എടുത്തപ്പോള്‍ അതിന്റെ മറവില്‍ കൊത്തുപണികള്‍ ചെയ്തിട്ടുള്ള ഒരു വെള്ളിച്ചെല്ലം. ഇയ്യോബ് സൂക്ഷ്മതയോടെ വെള്ളിച്ചെല്ലം പുറത്തെടുത്ത് മെത്തപ്പായില്‍ വച്ചു.
''അപ്പാ ഇതെടുത്ത് പെട്ടിയില്‍ വയ്ക്കട്ടേ.'' പവനുകള്‍ നിറച്ചു കെട്ടിവച്ച ചുവന്ന പട്ടുസഞ്ചി ചൂണ്ടി ഇയ്യോബ് ചോദിച്ചു.
ഉത്തരംകിട്ടാന്‍ കാത്തുനില്ക്കാതെ അയാള്‍ ആ ഭാരിച്ച സഞ്ചി ഉയര്‍ത്തി. മാത്തുത്തരകന്‍ മകനെ സഹായിച്ചു. അവര്‍ സൂക്ഷ്മതോടെ പട്ടുസഞ്ചി പെട്ടിക്കുള്ളിലാക്കി. എല്ലാറ്റിനും സാക്ഷിയായി ആണ്ടമ്മ. 
വല്യപ്പച്ചന്റെ താക്കോല്‍കൂട്ടത്തില്‍നിന്നു വെള്ളിച്ചെല്ലത്തിന്റെ താക്കോല്‍ കണ്ടെത്തി ഇയ്യോബ് അതു തുറന്നു. 
വെള്ളിച്ചെല്ലത്തില്‍ അട്ടിയിട്ട് അടുക്കിവച്ചിരിക്കുന്നത് നൂറിന്റെ ബ്രിട്ടീഷ് നോട്ടുകള്‍. നൂലുകൊണ്ടു കെട്ടിവച്ച അവയില്‍ ഒന്ന് ഇയ്യോബ് നൂല്‍ പൊട്ടിച്ച് എണ്ണി. 
മാത്തുത്തരകനും ആണ്ടമ്മയും സാകൂതം നോക്കിയിരുന്നു. മാത്തുത്തരകനെ വിയര്‍ക്കുന്നുമുണ്ട്. 
ഇയ്യോബ് ഒരു കെട്ട് എണ്ണിത്തീര്‍ത്തു.
ഒരു ലക്ഷം രൂപ.
അത്തരം പത്തുകെട്ടുകള്‍.
''അപ്പാ, മൊത്തം പത്തുലക്ഷം രൂപ.''
ഇയ്യോബ് ആത്മഗതംപോലെ ഉച്ചരിച്ചുപോയി.
കുറേസമയത്തേക്ക് അവര്‍ക്ക് ഒന്നും പരസ്പരം സംസാരിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് ഇയ്യോബ് മൗനം മുറിച്ചു.
''അപ്പാ! നമ്മള് വിചാരിക്കുന്ന കാര്യങ്ങളൊക്കെ നടക്കും. നമ്മടെ കര്‍ത്താവ് നമ്മളെ കൈവിട്ടില്ല.''
''ഇയ്യോ, ഞാനും അതാ ചിന്തിച്ചത്.'' 
മാത്തുത്തരകന്‍ ആണ്ടമ്മയുടെ നേരേ തിരിഞ്ഞു. 
''നിയ്യ് ഇതൊന്നും മറ്റാരടേം മുന്നില് വെളമ്പണ്ട.
''ഞാനായിട്ടു പറയില്ല. നിങ്ങള് മറ്റുള്ളവര്‌ടെ മുമ്പില് പറയാതിരുന്നാ മതി.'' ആണ്ടമ്മയുടെ മുഖം ചുവന്നു.
''നിയ്യ് പെണങ്ങാന്‍ പറഞ്ഞതല്ല. നമ്മടെ പെണ്‍മക്കള് വരുമ്പോ നിയ്യ് അവരോട് വിശേഷങ്ങള് പറയുമല്ലോ. അപ്പോഴ് ഓര്‍ത്താ മതി ഇക്കാര്യം.''
''നിങ്ങള് രണ്ടാളും ഇക്കാര്യത്തില് ശണ്ഠ കൂടേണ്ട. അപ്പന്‍ പറഞ്ഞ മാതിരി ഇപ്പോ ഇതാരും അറിയണ്ട. ഞാനോര്‍മിക്യാരുന്നു, വല്യപ്പച്ചന്റെ മരണശേഷം ഈ മുറി പൂട്ടിയിടാറുപോലുമില്ലായിരുന്നു. എന്തായാലും കര്‍ത്താവു രക്ഷിച്ചു.''
ഇയ്യോബിന്റെ ചിന്ത അങ്ങനെപോയി. ഇയ്യോബ് നോട്ടുകെട്ടുകളും മറ്റും വെള്ളിച്ചെല്ലത്തില്‍ അടുക്കി അതു ലോക്കു ചെയ്ത് കാല്‍പ്പെട്ടിയില്‍ ഭദ്രമായി വച്ചു, പെട്ടിപൂട്ടി താക്കോല്‍ ഊരിയെടുത്തു. അത് മാത്തുത്തരകനു നേരേ നീട്ടി. 
''നെന്റെ കയ്യില് വച്ചോ ഇയ്യോ. ഞാനിനി ഈ വയസ്സുകാലത്ത് ഈ ഭാരമൊന്നും ഏക്കണില്ല.''
മാത്തുത്തരകന്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. പ്രമാണങ്ങള്‍ അടങ്ങിയ തോല്‍പ്പെട്ടി അപ്പന്റെ കൈയില്‍ കൊടുത്ത്, ഇയ്യോബ് അവിരാതരകന്റെ അറ പൂട്ടി. പ്രമാണങ്ങളുടെ കെട്ടുള്ള തോല്‍പ്പെട്ടിയും താക്കോല്‍ക്കൂട്ടവുമായി ഇയ്യോബ് തന്റെ മുറിയിലേക്കു പോയി.
''നിങ്ങളെന്താ മനുഷ്യാ എല്ലാംകൂടി അവനെ ഏല്പിച്ചത്. അവനത് ദീപാളി കുളിച്ചാലോ എന്നോര്‍ത്തു നോക്കിക്കേ.''
''എടീ... നമ്മളീ ഭാരമൊന്നും ഇനി ചുമക്കാന്‍ പാടില്ല. നിയ്യ് വിചാരിക്കണതുപോലല്ലാ കാര്യങ്ങള്. കല്യാണം കഴിഞ്ഞപ്പോള് ഇയ്യോബിന് നല്ല പക്വത വന്നിട്ടൊണ്ട്. അവന്‍ സൂക്ഷിച്ചു കാര്യങ്ങള് ചെയ്‌തോളും. ഇനീപ്പോ ഈ ഭാരങ്ങളൊന്നും നമ്മള് ചൊമക്കാന്‍ പാടില്ല.'' ആണ്ടമ്മയ്ക്ക് മാത്തൂത്തരകന്റെ മറുപടിയില്‍ അത്ര തൃപ്തി വന്നില്ല. എങ്കിലും അവര്‍ മറുത്തൊന്നും പറഞ്ഞില്ല. അവര്‍ രണ്ടാംമുണ്ടുകൊണ്ട് മുഖം തുടച്ച് അടുക്കളയിലേക്കു പോയി.
ഇയ്യോബ് തന്റെ മുറിയിലേക്കു പോകുന്നവഴിതന്നെ നിശ്ചയിച്ചു.
നാളെ രാവിലെതന്നെ ചങ്ങനാശേരിക്കു പോകണം. കാറുവാങ്ങുന്നതിനെക്കുറിച്ച് അമ്മായിയച്ചനുമായി ആലോചിക്കണം. അമ്മായിയച്ചന്റെ കാര്‍ ഒരിക്കല്‍ കൂടി വാങ്ങണം. പ്രമാണങ്ങള്‍ വക്കീലിനെ ഏല്പിക്കാന്‍ പോകണം. പിന്നെ കുട്ടിക്കാനത്തെത്തി ജോണ്‍ മില്‍ട്ടണ്‍ സായ്‌വിനെ കണ്ട് ഡോഡ്ജ് സ്വന്തമാക്കണം. പിന്നെ അമ്മായിയച്ചന്റെ വണ്ടി ഇരവല്‍ വേണ്ടല്ലോ.
ഇയ്യോബിന് ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. സത്യത്തില്‍ ഒരു നിധി കിട്ടിയ മാതിരിയാണ്. ഇനി പണത്തിന്റെ പ്രശ്‌നമില്ല. കാര്‍ വാങ്ങാനും മില്‍ട്ടന്‍ സായ്‌വ് നിര്‍ദേശിച്ച എസ്റ്റേറ്റ് വാങ്ങാനും വേണ്ട പണമുണ്ട്.
എല്ലാം തനിക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഭാഗ്യമാകാം.. ആണോ പെണ്ണോ? ആരായാലും അവന്റെ/ അവളുടെ ഭാഗ്യം എന്നു കരുതാം. അതോ തന്റെ സഹധര്‍മിണി താണ്ടമ്മ ഈ തറവാട്ടില്‍ വന്നുകയറിയതിന്റെ ഐശ്വര്യമോ? എന്തായാലും ഇനിയുള്ള ഭാഗ്യനാളുകള്‍ തന്റെ ജീവിതത്തെ സുന്ദരസുരഭിലമാക്കും.
ഇടയ്ക്ക് ഒരു കരിനിഴല്‍പോലെ ചാലക്കുടീലെ പൗലോ കൊടുത്ത കേസ്. സിവില്‍കേസായതിനാല്‍ വര്‍ഷങ്ങള്‍ നീണ്ടു പോകാം. വരട്ടെ. എവിടെവരെ എത്തുമെന്നു നോക്കാം. പീരുമേട് കോടതിയിലാണ് കേസ് നടക്കുക എന്നാണ് വക്കീല്‍ പറഞ്ഞത്. അദ്ദേഹം കേസ് പഠിക്കട്ടെ. എല്ലാറ്റിനും സാവകാശമുണ്ട്. അവനെ ഒരു പാഠം പഠിപ്പിക്കണം. ഇനിയാരുടെ പേരിലും അവന്‍ കേസു കൊടുക്കാന്‍ പാടില്ല. വിദ്വേഷത്തിന്റെ വിത്തുകള്‍ അയാളുടെ മനസ്സില്‍ പൊട്ടിമുളച്ചു.
എവിടെയോ ഒരു വെള്ളിടി വെട്ടി. ഇയ്യോബ് ഞെട്ടിപ്പോയി. തൊട്ടുപിന്നാലെ മഴയുടെ ആരവം. മരച്ചില്ലകളെ ഉലച്ചുകൊണ്ട് കാറ്റിന്റെ ശീല്‍ക്കാരം. തുടര്‍ന്ന് മിന്നല്‍പ്പിണരുകളും ഇടിമുഴക്കവും. കാലവര്‍ഷം കലിതുള്ളുകയാണ്. ഇയ്യോബ് നെറ്റിയില്‍ കുരിശുവരച്ചു.
''കര്‍ത്താവേ! കനിയണമേ!'' അവന്റെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു. 
അരമണിക്കൂര്‍ മഴ താണ്ഡവമാടി തളര്‍ന്നു. ഓടിന്‍പുറത്തുനിന്നൊഴുകിയ മഴവെള്ളം ഓവുകളിലൂടെ കുതിച്ചുപായുന്നതിന്റെ ശബ്ദംമാത്രം അവശേഷിച്ചു. കാര്‍മേഘങ്ങള്‍ക്കിടയില്‍നിന്നു ശോഷിച്ച ചന്ദ്രക്കല ഒളിഞ്ഞുനോക്കി. എവിടെയോ മറഞ്ഞിരിക്കുന്ന ഒരു കൂമന്റെ പേടിപ്പെടുത്തുന്ന വിലാപം കേട്ടു.
അസ്വസ്ഥമായ മനസ്സോടെ ഇയ്യോബ് കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. പുലര്‍ച്ചെ കോഴി കൂവിയപ്പോള്‍ അയാള്‍ ചാടിയെണീറ്റു. 
രാവിലെതന്നെ പുറപ്പെടണം. 
ഉച്ചയ്ക്കുമുമ്പേ ഇയ്യോബ് താണ്ടമ്മയുടെ വീട്ടിലെത്തി. സഖറിയ തര്യന് അദ്ഭുതമായിരുന്നു. മരുമോന്‍ രണ്ടാംദിവസം വീണ്ടും വന്നിരിക്കുന്നു. എന്തോ വിശേഷമുണ്ട്. അയാള്‍ മനസ്സില്‍ കരുതി.
സഖറിയ തര്യന്റെ ഊഹം  ശരിയായിരുന്നു. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ തര്യന്‍ പറഞ്ഞു: നന്നായി മോനേ! നെനക്കൊരു കാര്‍ ഇപ്പോ വേണ്ടതാണ്. ഇനി കേസിനും മറ്റുമായി പീരുമേടിനുകൂടെക്കൂടെ പോകേണ്ടിവരുമല്ലോ. ഡോഡ്ജിന്റെ വില കുറിച്ച കടലാസു കാട്ടിയപ്പോള്‍ തര്യന്‍ ശരിവച്ചു:
''ഇത് കൂടുതലാണെന്നു തോന്നണില്ല. നമ്മള്‍ വാങ്ങിയ കാറിനും ഏതാണ്ട് വില ഇതൊക്കെത്തന്നെ.''
താണ്ടമ്മയും അമ്മ പ്ലമേനാമ്മയും വാതില്‍ക്കല്‍ വന്നുനിന്ന് എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.
അവര്‍ക്കും അഭിമാനം തോന്നി. ഇയ്യോബ് ആള്‍ മിടുക്കനാണ്. എല്ലാം താണ്ടമ്മയുടെ ഭാഗ്യം. പ്ലമേനാമ്മ മനസ്സില്‍ കരുതി.
''ഇന്നിനി പോവണ്ട മരുമോനെ. നാളെ രാവിലെ പൊറപ്പെട്ടാല്‍ വക്കീലിനെയും കാണാം. കുട്ടിക്കാനത്തും പോവാം. മാത്രവുമല്ല, ആ ഡ്രൈവര്‍ മത്തായി ഇന്നു വീട്ടില് പോയിരിക്കുവാ. നാളെ രാവിലെയേ വരൂ.''
''ശരി അമ്മച്ചീ.'' ഇയ്യോബ് അതു പറയുമ്പോള്‍ത്തന്നെ താണ്ടമ്മ ഒരു മുണ്ടും മുറിക്കൈയന്‍ ഷര്‍ട്ടുമായി വന്നു. അപ്പച്ചന്റെ അലമാരയില്‍നിന്നെടുത്തതാണ്.
അവര്‍ രണ്ടാളും താണ്ടമ്മയുടെ മുറിയിലേക്കു പോയി.
''കുളിച്ച് വേഷം മാറ്. അപ്പോഴേക്കും ഞാന്‍ ചോറെടുത്തുവയ്ക്കാം.''
താണ്ടമ്മ പ്ലമേനാമ്മയ്‌ക്കൊപ്പം അടുക്കളയിലേക്കു ചെന്നു. മരുമോന് രണ്ടു കരിമീനെടുത്തു വറുക്കാന്‍ പ്ലമേനാമ്മ അടുക്കളക്കാരി കുഞ്ഞുപെണ്ണിന് നിര്‍ദേശം നല്കി. വൈകിട്ടത്തേക്ക് നമ്മടെ കോഴിയെ പിടിച്ചുകൊല്ലാം.
അവര്‍ മനസ്സില്‍ കരുതി.
വേഷം മാറി കുളിക്കുന്നതിനിടയില്‍ ഇയ്യോബ് ആലോചിച്ചു.
വല്യപ്പച്ചന്റെ അറയില്‍നിന്നു നിധികിട്ടിയ വിവരം താണ്ടമ്മയോടു പറയേണ്ടേ. അവള്‍ തന്റെ സുഖത്തിലും ദുഃഖത്തിലും ഒപ്പം നില്‍ക്കേണ്ടവളല്ലേ? പറയാം. പക്ഷേ, അവള്‍ ഇത് രഹസ്യമായി സൂക്ഷിക്കുമോ? 
അയാള്‍ക്കു സന്ദേഹമായി. സൂക്ഷിക്കണമല്ലോ. അവള്‍ തന്റെ ജീവിതപങ്കാളിയല്ലേ?
രാത്രിഭക്ഷണവും കഴിഞ്ഞ് ഏറെനേരം സഖറിയ തര്യന്‍ മരുമോന് ചില ഉപദേശങ്ങള്‍ നല്കി. അതെല്ലാം കഴിഞ്ഞ് താണ്ടമ്മയുടെ മുറിയിലെത്തിയപ്പോള്‍ അവള്‍ അയാളെ കാത്തിരിക്കുകയായിരുന്നു.
ഗര്‍ഭിണിയായ അവള്‍ ഉറങ്ങാതെ കാത്തിരിക്കുന്നതു കണ്ടപ്പോള്‍ ഇയ്യോബ് പറഞ്ഞു:
''നെനക്ക് കെടക്കാന്‍ മേലാരുന്നോ? ഇപ്പോ ക്ഷീണം കാണില്ലേ? അധികം ഉറക്കമിളച്ചാല്.''
''ഓ സാരമില്ല അച്ചായാ.''
അവള്‍  ചിരിച്ചു.
ഇയ്യോബ് വല്യപ്പച്ചന്റെ അറയില്‍നിന്നു കിട്ടിയ നിധിയെക്കുറിച്ച് അവളോടു പറഞ്ഞു.
''നിയ്യ്  ഇത് മറ്റാരോടും പറയരുത്. രഹസ്യമാക്കി വയ്ക്കണം.''
''ഉവ്വ് അച്ചായാ.''
താണ്ടമ്മ വീണ്ടും ചിരിച്ചു.


(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)