ഉത്തരേന്ത്യയില്‍ ഹോളിപോലെയാണ് മലയാളികള്‍ക്ക് ഓണം. വലിയ ആഹ്ലാദത്തോടും മുന്നൊരുക്കത്തോടും ഉത്സാഹത്തിമിര്‍പ്പോടുമാണ് ഓണം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പ്രവാസത്തിന്റെ ഇക്കാലത്ത് ഒരുപക്ഷേ, കൂടുതല്‍ ആഘോഷം നടക്കുന്നത് മലയാളികളുടെ സാന്നിധ്യമുള്ള മറ്റു രാജ്യങ്ങളിലാണ്. അവിടെ പണമുണ്ട്, കുട്ടികളുണ്ട്, യുവജനങ്ങളുണ്ട്. ആഘോഷത്തിന്റെ പൂത്തിരി കത്തുന്നത് കുട്ടികളുടെയും യുവജനങ്ങളുടെയും മനസ്സിലാണ്.
ചിങ്ങമാസത്തിലാണ് ഓണാഘോഷം. അത്തംമുതല്‍ തിരുവോണംവരെ നീണ്ടുനില്ക്കുന്ന പത്തു ദിവസത്തെ ഓണം. ഓണം ഒരു വിളവെടുപ്പുത്സവമായിട്ടാണ് അറിയപ്പെടുന്നത്. കര്‍ക്കടകത്തിലെ മഴ മാറുന്നു. മാനം തെളിയുന്നു. മനുഷ്യരുടെ മനസ്സു പ്രതീക്ഷകൊണ്ടു നിറയുന്നു. വിളവെടുപ്പു നടത്തുന്നു. വിളകള്‍കൊണ്ടു അറപ്പുരകള്‍ നിറയുന്നു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും കാലം.
ഓണത്തിനുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. മഹാബലി എന്ന അസുരചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടാണ് കഥ. അസുരരാജാവായിരുന്നെങ്കിലും മഹാവിഷ്ണുവിന്റെ ഭക്തനായിരുന്നു മഹാബലി. നീതിമാനും സത്യസന്ധനും പ്രജാവത്സലനുമായ മഹാബലിയുടെ പ്രശസ്തി പല നാടുകളിലേക്കും വ്യാപിച്ചതോടെ അസൂയ പൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെ ചെന്നുകണ്ട് മഹാബലിയുടെ വളര്‍ച്ച തടയുന്നതിനുള്ള സഹായം തേടി. മഹാവിഷ്ണു വാമനന്‍ എന്നുപേരുള്ള ഒരു ബ്രാഹ്‌മണനായി മഹാബലിയുടെ മുമ്പിലെത്തി മൂന്നടി മണ്ണു ചോദിച്ചു. ദാനശീലനായ മഹാബലി മൂന്നടി മണ്ണ് അനുവദിച്ചു. പെട്ടെന്നു വാമനന്‍ ഭീമാകാരരൂപമായി മാറി. ഒരു ചുവടു വച്ചപ്പോള്‍ ഭൂമി മുഴുവന്‍ തീര്‍ന്നു. രണ്ടാമത്തെ ചുവടുകൊണ്ട് ആകാശവും അളന്നു. മൂന്നാമത്തെ ചുവടിന് ഭൂമി എവിടെ എന്ന ചോദ്യത്തിനുത്തരമില്ലാതെ മഹാബലി ശിരസ്സു കുനിച്ചു. വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ ചവിട്ടി പാതാളത്തിലേക്കു താഴ്ത്തി. പാതാളത്തിലേക്കു പതിക്കുന്നതിനുമുമ്പ് ചെറിയ ഒരു ഔദാര്യം മഹാബലി ചോദിച്ചു. ആണ്ടിലൊരിക്കല്‍ ഭൂമിയിലെത്തി പ്രജകളെ ഒരു നോക്കു കാണാന്‍ അനുവദിക്കാമോ? വാമനന്‍ അനുവദിച്ചു. അങ്ങനെ ആണ്ടിലൊരിക്കല്‍ നാടു കാണാനെത്തുന്ന തങ്ങളുടെ പ്രിയപ്പെട്ട മഹാബലിയെ സ്വീകരിച്ച് ആഹ്ലാദിക്കുന്നതിന്റെ സ്മരണപുതുക്കലാണല്ലോ ഓണാഘോഷം.
എക്കാലത്തെയും ജനപ്രിയ ഭരണാധികാരിയാണ് മഹാബലി. അദ്ദേഹം സത്യസന്ധനായിരുന്നു, നീതിനിഷ്ഠനായിരുന്നു. നിഷ്പക്ഷനായിരുന്നു. തിരിച്ചുവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരുമയും കൂട്ടായ്മയും ഉണ്ടായിരുന്നു. സഹകരണവും കൂട്ടുത്തരവാദിത്വവുമായിരുന്നു വിജയത്തിനടിസ്ഥാനം. കൊലയും കൊള്ളിവയ്പും കുതികാലുവെട്ടലും കുതിരക്കച്ചവടവും പിന്നീടുണ്ടായതാണ്.
ഓണം മാനവികകൂട്ടായ്മയുടെ ആഘോഷമാണ്. മാവേലി നാട്ടിലേക്കു വരുന്നതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നവര്‍ മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും പക്കലേക്കു തിരിച്ചെത്തുന്നു. ഓണക്കാലത്തിന്റെ ഗൃഹാതുരസ്മരണകള്‍ പുതുക്കുന്നു. ജനിച്ച വീടും പഠിച്ച സ്‌കൂളും കളിച്ചുവളര്‍ന്ന നാടുമെല്ലാം ഓര്‍മയില്‍ സജീവമാകുന്നു. പക്ഷേ, എല്ലാം മാറിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ ഭൂമിയുടെ ഘടനപോലും മാറിയിരിക്കുന്നു. വീട്ടിനുള്ളില്‍ ടൈല്‍. മുറ്റത്ത് ടൈല്‍. റോഡില്‍ ടൈല്‍. പച്ചപ്പു മാഞ്ഞിരിക്കുന്നു. പാടശേഖരങ്ങളും തെങ്ങിന്‍തോപ്പുകളും കാണാക്കാഴ്ചകളായി മാറിയിരിക്കുന്നു. ചായം പുരട്ടാത്ത മുഖങ്ങളും മായം കലരാത്ത വസ്തുക്കളും ഇല്ലാതായിരിക്കുന്നു. എല്ലാം വര്‍ണശബളം. എല്ലാം ശബ്ദമയം. പക്ഷേ, ഒരിടത്തും ഗ്രാമീണത്തനിമയില്ല.
ഓണത്തിന്റെ പ്രധാന ഭാഗം ഓണസദ്യയാണ്. കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പ്രമാണം. പതിനാറിലധികം കറികളുള്ള ഊണാണ് ഓണസദ്യയെ സമ്പന്നമാക്കുന്നത്. പലതരം കറികള്‍ സമൃദ്ധിയുടെ സൂചനയും പ്രകൃതിയിലെ എല്ലാ വിഭവങ്ങളെയും സ്വീകരിക്കുന്നതിന്റെ അടയാളവുമാണ്. വാഴയിലയിലാണ് സദ്യ വിളമ്പുന്നത്. സൗകര്യാര്‍ഥം ഇന്നു പ്ലാസ്റ്റിക് ഇലകളാണ്. ഓണസദ്യതന്നെ കേറ്ററിങ്ങുകാരില്‍നിന്നു വാങ്ങുന്നതാണ്. പായസവും അങ്ങനെതന്നെ. കുടുംബാംഗങ്ങള്‍ സഹകരിച്ച് ഓണവിഭവങ്ങള്‍ തയ്യാറാക്കിയിരുന്നപ്പോള്‍ ഉണ്ടായിരുന്ന സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും രുചി വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തിനില്ല.
പൂക്കളങ്ങളുടെ ആകൃതിയും നിര്‍മാണരീതികളും മാറിയിരിക്കുന്നു. പൂ പറിക്കാന്‍ പോകുന്ന കുട്ടികളെ ഇന്നു കാണാനില്ല. പൂക്കളെത്തുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്നാണ്. ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ എത്തുന്നതും അയല്‍സംസ്ഥാനങ്ങളില്‍നിന്നുതന്നെ. പൂക്കളുടെ വില താങ്ങാനാവാത്തവര്‍ വര്‍ണപ്പൊടികള്‍കൊണ്ടു പൂക്കളം നിര്‍മിക്കുന്നു.
ഓണക്കളികളും ബന്ധുസന്ദര്‍ശനങ്ങളും നന്നേ കുറഞ്ഞിരിക്കുന്നു. ടെലിവിഷന്റെയും മൊബൈല്‍ ഫോണിന്റെയും തടവറയിലാണു കേരളീയര്‍. വാണിജ്യവത്കരിക്കപ്പെട്ട ഓണാഘോഷത്തോടു മലയാളികള്‍ സമരസപ്പെട്ടിരിക്കുന്നു.
ഓണത്തിനു മതമില്ല, ജാതിയില്ല. മതേതരത്വത്തിന്റെ ആഘോഷമാണ് ഓണം. എങ്കിലും, കൂടുതല്‍ ഉത്സാഹേത്താടും ഒരുക്കത്തോടുംകൂടി ഓണം ആഘോഷിക്കുന്നതു ഹിന്ദുക്കളാണ്. അക്കാരണത്താല്‍ ഓണം ഹിന്ദു ആഘോഷമാണെന്നു വ്യാഖ്യാനിക്കുന്നതു ശരിയല്ല. ഓണം എല്ലാ മലയാളികളുടേതുമാണ്. അതുകൊണ്ടുതന്നെ, ലോകത്തിന്റെ ഏതു ഭാഗത്തായിരുന്നാലും എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. 1960 മുതലാണ് കേരളത്തിന്റെ ഔദ്യോഗികാഘോഷമായി ഓണം പ്രഖ്യാപിക്കപ്പെട്ടത്. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന സാംസ്‌കാരികഘോഷയാത്ര.