•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

പലായനം

ന്നേ പുലർച്ചേ ആരോ അലമുറയിട്ടു കരയുന്ന ശബ്ദം കേട്ടാണ് കൊട്ടാരത്തിൽ തറവാട് ഉണർന്നത്. 
''മാളോരേ! ഞങ്ങടെ ക്ടാവ് ഇങ്ങളെ ഇട്ടിട്ടു പോയേ! ഏൻ തമ്പ്രാ ഞാനിതെങ്ങനെ സഹിക്കുവേ!'' 
പാപ്പിവേലത്തിയാണ്. കൊട്ടാരത്തിൽ തറവാട്ടുകാരുടെ കുടികിടപ്പാണ് വേലത്തിപാപ്പിയും പപ്പനും കിടാങ്ങളും. പപ്പനും പാപ്പിയും നേരം പുലരുന്നതിനുമുന്നേ അലക്കാനുള്ള വിഴുപ്പുകെട്ടും ചുമന്ന് ആറ്റുതീരത്തേക്കു പോകും. തലേരാത്രി ചെമ്പിൽ കാരമിട്ടു പുഴുങ്ങിയെടുത്തതാണ് ആ വിഴുപ്പുകെട്ടിലെ തുണികൾ. കടവിലെ കല്ലിൽ അലക്കി, ആറ്റുവെള്ളത്തിൽ അലമ്പി വെളുപ്പിച്ചാണ് അവർ തുണി ഉണങ്ങാനിടുന്നത്.
പാപ്പി പുലർച്ചെ കോഴികൂവിയപ്പോൾ പിടഞ്ഞെണീറ്റതാണ്. അതാണു പതിവ്. 
എണീറ്റുവന്നപ്പോൾ തഴപ്പായിൽ പാറുവിനെ കാണുന്നില്ല. മറപ്പുരയിൽ പോയതാവുമെന്ന് ആദ്യം കരുതി. പിന്നെ നീട്ടി വിളിച്ചു:
''എടീ പാറുവേ!''
ആ ശബ്ദം വിജനതയിൽ വെറുതെ മുഴങ്ങി. ആരും വിളി കേട്ടില്ല. ശബ്ദംകേട്ട് പപ്പനും പാറുവിന്റെ താഴെയുള്ള നാലു കിടാങ്ങളും ഞെട്ടിയെണീറ്റു.
പാപ്പി നെഞ്ചത്തിടിച്ച് കരഞ്ഞു. അതുകേട്ട് കിടാങ്ങളും അലമുറയിട്ടു. 
''ന്താടീ കെട്ന്നു മോങ്ങുന്നേ?'' പപ്പനു ദേഷ്യം വന്നു.
''പാറൂനെ പായ്‌മ്മേലെ കാണണില്ല മനുഷ്യനേ.''
പാപ്പി വീണ്ടും അലമുറയിട്ടു. 
പതിനെട്ടു വയസ്സുള്ള പാറു ആശാരിക്കുടിലിലെ മൂത്താശാരീടെ മകൻ കോവാലനുമായി വേലിക്കരികിൽനിന്നു സംസാരിക്കുന്നത് പാപ്പി പലപ്പോഴും കണ്ടിട്ടുണ്ട്. അവരുടെ കളിയും ചിരിയും പാപ്പിക്ക് പലപ്പോഴും അത്ര പിടിച്ചിട്ടില്ല. പാപ്പി മകൾക്കു താക്കീതു കൊടുത്തിട്ടുമുണ്ട്:
''എല മുള്ളേ വീണാലും മുള്ള് എലേ വീണാലും എലയ്ക്കാ കേട്. നിയ്യ് ഓർത്തോ'' പാപ്പി മകളെ പല തവണ ശാസിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പാറു അത് ചിരിച്ചുതള്ളി. 
''ഈ തള്ളയ്‌ക്കെന്താ...''
അതായിരുന്നു അവളുടെ പ്രതികരണം. 
പപ്പനോടു വിവരം പറഞ്ഞില്ല. ഇപ്പോൾ തോന്നുന്നു അത് ശരിയായില്ലെന്ന്.
പാപ്പി ഒന്നു രണ്ടു തവണ കൂടി മകളെ ഉറക്കെവിളിച്ചു. ആരും വിളികേട്ടില്ല. അവർ നേരേ ആശാരിക്കുടിലില് ചെന്നു. മൂത്താശാരി പറഞ്ഞു:
''കോവാലൻ ഇന്നലെ രാത്രീല് വന്നിട്ടില്ല. അവന്റെ ഭാര്യ പ്രസവത്തിനു പോയിരിക്ക്വാ. ഞാൻ കരുതി അവൻ പെമ്പിളവീട്ടില് പോയതാണെന്ന്.''
മൂത്താശാരി മുറുക്കാൻ വായിലിട്ടു ചവച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.
മുഴുവൻ കേൾക്കാൻ നില്ക്കാതെ പാപ്പി വേലത്തി വേലിപ്പത്തൽ കടന്ന് കൊട്ടാരത്തിലേക്ക് ഓടി.
പാപ്പിയുടെ കരച്ചിലും ബഹളവും കേട്ട് മാത്തുതരകനും ആണ്ടമ്മയും ഉണർന്നു. അവർ പൂമുഖത്തേക്കു വന്നപ്പോൾ പാപ്പിവേലത്തി തലയ്ക്കു രണ്ടുകൈയും കൊടുത്ത് മുറ്റത്തു കുത്തിയിരിക്കുന്നു. എന്തൊക്കെയോ സ്വയം വിളിച്ചുപറയുന്നുമുണ്ട്.
''എന്താ പാപ്പി? എന്തിനാണു നിയ്യ് കരയണത്.''
ആണ്ടമ്മ ചോദിച്ചു. ''മാളോരേ! ഏനിനി ജീവിച്ചിട്ട് കാര്യംല്ല കൊച്ചമ്മേ! ഏന്റെ കിടാവ് പാറൂനെ കാണാനില്ല. മാളോര് ഒരു വഴിയൊണ്ടാക്കണം.''
''നിയ്യ് മോങ്ങാതെ കാര്യമെന്താണെന്നു പറയ്. എന്താണേലും പരിഹാരമൊണ്ടാക്കാം.''
മാത്തുതരകൻ അവളെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.
പാതി കരച്ചിലിനിടെ പാപ്പി സംഭവിച്ചതൊക്കെ വിവരിച്ചു.
കരയില് എന്തു തർക്കമൊണ്ടായാലും തീർപ്പ് കൊട്ടാരത്തിൽ തറവാട്ടിലാണ്. വലിയ തരകനു വയ്യാണ്ടായപ്പോൾ മുതൽ മാത്തൂത്തരകനാണ് തർക്കപരിഹാരക്കോടതി.
''ഏന്റെ പെണ്ണിനെ എങ്ങനേലും കണ്ടെത്തിത്തരണം മാളോര്.''
പാപ്പിവേലത്തി മൂക്കു പിഴിഞ്ഞു. അവൾക്ക് ഏക ആശ്രയം കൊട്ടാരത്തിൽ തറവാടാണ്.
''നിയ്യ് അപ്പൊറത്തു പോയി വല്ലതും വാങ്ങിത്തിന്നിട്ട് പോ പാപ്പി. എല്ലാത്തിനും നമ്മക്ക് സമാധാനമൊണ്ടാക്കാം.''
ആണ്ടമ്മ അവളെ ആശ്വസിപ്പിച്ചു. പാപ്പി എന്തൊക്കെയോ പുലമ്പിക്കൊണ്ട് നടുമുറ്റം ചുറ്റി അടുക്കളഭാഗത്തേക്കു പോയി. 
''ആ കോ വാലൻ അത്ര ശരിയല്ല. അവൻ കള്ളുകുടിച്ച് കവലേല് പലതവണ വഴക്കൊണ്ടാക്കിയതായി കേട്ടിരിക്കുണു.''
ഇട്ടി മാത്തുതരകൻ ആണ്ടമ്മയോടു പറഞ്ഞു.
''ആ പെണ്ണിന് എന്തിന്റെ കേടാ. ഓരോ വയ്യാവേലികള്.''
ആണ്ടമ്മ അടുക്കളക്കെട്ടിലേക്കു നടന്നു.
ബഹളം കേട്ട് ഇയ്യോബ് ഇറങ്ങിവന്നു.
''അവനത്ര ശരിയല്ല. കഴിഞ്ഞ ദിവസം ഷാപ്പില് കള്ളുകുടിച്ച് അടിയൊണ്ടാക്കിയെന്നു കേട്ടു.''
വിവരങ്ങളറിഞ്ഞപ്പോൾ ഇയ്യോബ് പറഞ്ഞു.
''ഏതായാലും കാര്യസ്ഥനെ വിട്ട് കാര്യങ്ങൾ നിയ്യ് ഒന്നന്വേഷിക്ക്.'' മാത്തുത്തരകൻ മകനോടു നിർദേശിച്ചു. 
അടുക്കളയിലെത്തുമ്പോൾ പര്യമ്പുറത്ത് പാപ്പി കുത്തിയിരിപ്പുണ്ട്.
ആണ്ടമ്മ രണ്ടു തേങ്ങയും കുറച്ച് അരിയും എടുത്തു കൊടുത്തിട്ടു പറഞ്ഞു:
''നിയ്യ് ഇരുന്നു കരയാതെ എണീറ്റു പോ. ആ പിള്ളേരെ പട്ടിണിയിടാതെ ഈ അരി കൊണ്ടോയി കഞ്ഞിവച്ച് രാവിലെ അതു പിള്ളേർക്കു കൊട്. നിയ്യ് വെഷമിക്കാതെ. ഇയ്യോബ് വന്ന് പ്രശ്‌നം തീർക്കും.'' ആണ്ടമ്മ അവളെ വീണ്ടും ആശ്വസിപ്പിച്ചു. രാവിലത്തെ പലഹാരങ്ങൾ പാപ്പിക്കു കൊടുത്തു. അവൾ അതു തിന്നാതെ പൊതിഞ്ഞുകെട്ടി കുടിലിലേക്കു നീങ്ങി. പാപ്പി വഴിനീളെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
ഉച്ചതിരിഞ്ഞപ്പോൾ  വക്കീൽഗുമസ്തൻ നാരായണപിള്ള കൊട്ടാരത്തിൽ തറവാടിന്റെ പടിപ്പുര കടന്നുവന്നു. 
ആളിനെ ഇയ്യോബിനറിയാം. ബാലകൃഷ്ണൻനായർ വക്കീലിന്റെ ഗുമസ്തനാണ്. 'നമ്മടെ ബാലകൃഷ്ൻനായർ വക്കീല് ഒരു നോട്ടീസ് തന്നുവിട്ടിട്ടൊണ്ട് ഇവ്‌ടെ തരാൻ. ഇയ്യോബച്ചായൻ ഈ കടലാസിലൊന്ന് ഒപ്പിട്ടു തന്ന് ഇതു കൈപ്പറ്റണം.''
ഗുമസ്തൻ നാരായണപിള്ള ഭവ്യതയോടെ ഉണർത്തിച്ചു.
ഇയ്യോബ് കത്തുവാങ്ങി നോക്കി.
''ഇത് അപ്പച്ചനൊള്ളതാണല്ലോ പിള്ളേച്ചാ. അപ്പച്ചൻ വേണ്ടേ ഒപ്പിടാൻ. ഞാൻ അപ്പച്ചനെ വിളിക്കാം.''
ഇയ്യോബ് പറഞ്ഞു.
പൂമുഖത്ത് ആരോ വർത്തമാനം പറയുന്നതുകേട്ട് മാത്തുതരകൻ കടന്നുവന്നു.
''ന്താ പിള്ളേച്ചാ.''
മാത്തുത്തരകൻ തിരക്കി. ഗുമസ്തൻ വന്ന വിവരം ആവർത്തിച്ചു. മാത്തുത്തരകനും നാരായണപിള്ളയെ അറിയാം.
മാത്തുത്തരകൻ കത്തുവാങ്ങി നോട്ടീസിൽ ഒപ്പിട്ടു കൊടുത്തു.
''നില്ല് നാരായണപിള്ളേച്ചാ.''
ഇയ്യോബ്  അങ്ങനെ പറഞ്ഞിട്ട് അകത്തേക്കു പോയി.
''ബാലകൃഷ്ണൻനായർക്ക് സുഖാണോ? എന്റെ അന്വേഷണം പറയണം.''
മാത്തുതരകൻ നാരായണപിള്ളയോടു പറഞ്ഞു.
''അങ്ങനെയാവട്ടെ നാനാരേ!'' അയാൾ താണു വണങ്ങി. അപ്പോഴേക്കും ഇയ്യോബ് അഞ്ചു ബ്രിട്ടീഷ് വെള്ളിരൂപയുമായി ഇറങ്ങിവന്നു. അത് ഗുമസ്തന്റെ കൈയിൽ കൊടുത്തു. അയാൾ ഇയ്യോബിനെയും താണുവണങ്ങി യാത്രയായി.
ബാലകൃഷ്ണൻനായർ വക്കീലിനെ അഞ്ചാംതരംമുതൽ വക്കീൽപരീക്ഷയ്ക്കുവരെ പഠിപ്പിച്ചത് അവിരാ തരകനാണ്. ബാലകൃഷ്ണൻനായരുടെ അച്ഛൻ രാമൻനായർ മകനെയുംകൊണ്ട് നാലാം ക്ലാസുപാസായപ്പോൾ അവിരാതരകനെ വന്നു കണ്ടു. 
''ഇവനെ പഠിപ്പിക്കാൻ എനിക്കു പാങ്ങില്ല. ഇവിടുന്ന് കനിഞ്ഞു സഹായിക്കണം.''
രാമൻനായരുടെ കണ്ഠമിടറി. 
''രാമന്നായരേ, വെഷമിക്കേണ്ട. എവനെ ഞാൻ പഠിപ്പിച്ചോളാം. മിടുക്കാണെങ്കില് എത്രവരെയെങ്കിലും പഠിച്ചോട്ടേ. ആവശ്യമായ പണം ഇവിടെ കാര്യസ്ഥനെ വന്നു കണ്ടു മേടിച്ചോളൂ.''
അവിരാ തരകൻ രാമന്നായരെ ആശ്വസിപ്പിച്ചു.
പഠനത്തിലും ബുദ്ധിസാമർഥ്യത്തിലും മിടുക്കനായ ബാലകൃഷ്ണൻനായർ എല്ലാ ക്ലാസിലും ഒന്നാമനായി പഠിച്ച് വക്കീൽ പരീക്ഷയും നല്ല മാർക്കോടെ പാസ്സായി. 
സന്നതെടുക്കുന്നതിനുമുമ്പ് വല്യപ്പച്ചനെ വന്നുകണ്ട് അനുഗ്രഹം വാങ്ങിയത് ഇയ്യോബ് ഓർത്തു. 
ഇയ്യോബ് കവർ തുറന്ന് കത്തെടുത്തു വായിച്ചു. വായിക്കുന്തോറും അവന്റെ മുഖം കൂടുതൽ ചുവന്നു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)