''മാത്തന്റെ മകള്‍. ജില്ലാ കളക്ടര്‍. സ്ഥാനത്തെ ഞാന്‍ മാനിക്കുന്നു. പറയ്, വന്നതെന്തിനാണ്?'' പുഴക്കര വക്കച്ചന്‍ ചോദിച്ചു.
''പരിഹാസം വളരെയിഷ്ടപ്പെട്ടു. കായല്‍പുറമ്പോക്ക് കയ്യേറിയാണ് താങ്കള്‍ ഇവിടെ വീടുപണിതിരിക്കുന്നതെന്നു കൃത്യമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതു പൊളിച്ചുനീക്കി താമസക്കാരെ കുടിയൊഴിപ്പിച്ച് ഭൂമി പിടിച്ചെടുത്ത് സര്‍ക്കാരില്‍ ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എത്രയും പെട്ടെന്ന് വീടുവിട്ടുപോകണമെന്ന് അറിയിക്കാനാ വന്നത്.''
വക്കച്ചന്റെ മുഖമിരുണ്ടു. കണ്ണുകള്‍ കത്തി.
''ഞാനും എന്റെ കുടുംബവും ഒരിടത്തേക്കും ഇറങ്ങിമാറാന്‍ തീരുമാനിച്ചിട്ടില്ല. ഈ രാജ്യത്ത് ഹൈക്കോടതിക്കു മുകളില്‍ സുപ്രീം കോടതികൂടിയുണ്ട്. കേസവിടെയാ. തീരുമാനം വരുംവരെ ഒരുത്തരും ഇവിടെയൊന്നും ചെരണ്ടുകേല.''
''നിയമം ശരിക്കും പഠിച്ചിട്ടാ ഞാനിങ്ങോട്ടെത്തിയത്. പറയാനുള്ളതു പറഞ്ഞു. ഇനി കാര്യം നടപ്പാക്കുകയേയുള്ളൂ.'' അത്രയും പറഞ്ഞ് കളക്ടര്‍ സലോമി പിന്‍തിരിഞ്ഞ് കാറിനു നേര്‍ക്കു നടന്നു. മറ്റുള്ളവരും സലോമിയെ അനുഗമിച്ചു. ഔദ്യോഗികവാഹനങ്ങളില്‍ കയറി അവര്‍ മടങ്ങി. ഓഫീസില്‍ തിരികെയെത്തിയ കളക്ടര്‍ക്ക് ഉടനെതന്നെ മന്ത്രിയുടെ വീഡിയോ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കേണ്ടിവന്നു. ജില്ലയിലെ പകര്‍ച്ചവ്യാധിനിയന്ത്രണപരിപാടികള്‍ സംബന്ധിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ കോണ്‍ഫെറന്‍സ്. അത് ഒന്നരമണിക്കൂര്‍ ദീര്‍ഘിച്ചു. ഉച്ചഭക്ഷണം കഴിച്ചത് മൂന്നുമണി കഴിഞ്ഞാണ്. തിരക്കൊഴിഞ്ഞ സമയത്ത് എ.ഡി.എം. സുരേഷ്‌കുമാര്‍ സലോമിയെ കാണാനെത്തി.
''സാര്‍, ഇരിക്ക്.'' എതിര്‍വശത്തെ കസേര ചൂണ്ടി കളക്ടര്‍ പറഞ്ഞു. എ.ഡി.എം. കസേരയില്‍ കടന്നിരുന്നു. എന്തോ ഒരു വൈക്ലബ്യം സുരേഷ്‌കുമാറിന്റെ മുഖത്തുണ്ടായിരുന്നു.
''ആ വക്കച്ചനെ സാര്‍ നേരിട്ടുചെന്നുകണ്ട് പറയേണ്ട കാര്യമില്ലായിരുന്നു. അയാള്‍ എത്ര മോശമായിട്ടാണു സംസാരിച്ചത്? മാനനഷ്ടത്തിനു കേസുകൊടുക്കാനുള്ള കാരണമുണ്ട്.''
''ഒന്നും വേണ്ട. ഞാനതങ്ങു ക്ഷമിച്ചു.''
''അച്ഛനെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ വിഷമം തോന്നിയില്ലേ?''
വേദന പുരണ്ട ഒരു പുഞ്ചിരി സലോമിയുടെ മുഖത്തുണ്ടായി.
''ഇന്ന്, ഞാന്‍ ചുമതലയേറ്റ ദിവസം ചില പത്രങ്ങള്‍വരെ എന്നെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തയിട്ടു. ഒരു പത്രത്തില്‍ വന്ന തലക്കെട്ട് വളരെ ക്രൂരമായിരുന്നു. 'കാലന്‍ മാത്തന്റെ' മകള്‍ ഇനി ജില്ല ഭരിക്കും' എന്ന്. ഇതിനൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോകുന്നില്ല. സാറിനറിയാവുന്നതുപോലെ വലിയ ഒരു പാരമ്പര്യത്തില്‍നിന്നു വന്നവളല്ല, ഞാന്‍.''
''ക്ഷമ നല്ലതൊക്കെയാണ്. പക്ഷേ, ഇതിങ്ങനെ വളര്‍ത്തിവിട്ടാല്‍ സാറിനിനിയും പല ബുദ്ധിമുട്ടുകളുമുണ്ടാകും. തുടക്കത്തിലേ ഇതു നിര്‍ത്തിക്കണം. സാര്‍.''
''എ.ഡി.എം. അതു തല്‍ക്കാലം വിട്ടുകള. വേറെന്തുണ്ട് പറയാന്‍?''
''ഞാന്‍ സാറിനെ ഉപദേശിക്കുകയാണെന്നു ധരിക്കരുത്. പ്രായവും അനുഭവപരിചയവുമുള്ളതുകൊണ്ട് പറയുന്നു എന്നു മാത്രം.''
''കാര്യത്തിലേക്കു കടക്ക്.''
''എന്തൊക്കെയായാലും പെട്ടെന്ന് പുഴക്കര വക്കച്ചനെ ഇറക്കിവിട്ട് വീടു പൊളിച്ചുനീക്കുന്നതു ബുദ്ധിയല്ല. ഞാനാദ്യം പറഞ്ഞതുപോലെ അയാള്‍ക്കു വലിയ കണക്ഷന്‍സുണ്ട്. പണത്തിനും കണക്കില്ല. വാശി കയറിയാല്‍ എങ്ങനെ പ്രതികരിക്കുമെന്നു പറയാനാവില്ല.''
''നിയമം നടപ്പാക്കേണ്ടന്നാണോ എ.ഡി.എം. പറയുന്നത്?''
''അല്ല. സമയമെടുത്തു ചെയ്താല്‍ മതി. അടിയന്തരപ്രാധാന്യം കൊടുക്കരുത്. പല കാര്യത്തിലും കോടതിതീരുമാനങ്ങള്‍ നമ്മുടെ ജില്ലയില്‍ നടപ്പാക്കാതെ കിടപ്പുണ്ട്. നമുക്ക് ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം എന്താകുമെന്നുകൂടി ഒന്നു കണ്ടിട്ടാകാം.''
''അതു പെട്ടെന്നുണ്ടാകുമോ?''
''ഉണ്ടാകും. സാറിന്ന് നേരിട്ടു ചെന്നു പറഞ്ഞ സ്ഥിതിക്ക് വക്കച്ചനു ചൂടുപിടിക്കും. വീടു സംരക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം അയാള്‍ ചെയ്യും.''
''സാര്‍, എനിക്ക് അയാളോട് ഒരുവിധ വൈരാഗ്യങ്ങളുമില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി പ്രവര്‍ത്തിക്കാന്‍ പാടില്ലാത്ത പദവിയിലാണ് ഞാനിരിക്കുന്നത്. എടുത്തുചാട്ടമോ ധൃതിയോ ഇക്കാര്യത്തിലില്ല. കാര്യങ്ങള്‍ പഠിച്ചിട്ടു തീരുമാനിക്കാം.''
''മതി സാര്‍. അതാണു നമുക്കു നല്ലത്.'' അങ്ങനെ പറഞ്ഞ് എ.ഡി.എം. കളക്ടറുടെ മുറിവിട്ടിറങ്ങി.
തല്ലിനും കൊല്ലിനും സകലവൃത്തികേടുകള്‍ക്കും പുഴക്കര വക്കച്ചന്റെയൊപ്പം നിന്ന കാലന്‍ മാത്തനെ ഇല്ലാതാക്കിയതും വക്കച്ചന്‍തന്നെയാണെന്നു സകലരും മനസ്സിലാക്കിവച്ചിരിക്കുന്നതാണ്. മാത്തന്റെ മകള്‍ സലോമി തന്നോടു പ്രതികാരം ചെയ്‌തേക്കുമെന്ന് വക്കച്ചന്‍ ഭയക്കുന്നുമുണ്ട്. അതുകൊണ്ടാണ് ഉയര്‍ന്ന പോലീസുദ്യോഗസ്ഥരുടെ മുമ്പില്‍വച്ച് വക്കച്ചന്‍ സലോമിയെ അപമാനിച്ചത്. വ്യക്തിപരമായ യാതൊരു ഇഷ്ടാനിഷ്ടങ്ങളും ഔദ്യോഗികരംഗത്തു പ്രകടിപ്പിക്കാന്‍ സലോമി ആഗ്രഹിക്കുന്നില്ല. പുഴക്കര വക്കച്ചനെ കുടിയൊഴിപ്പിക്കുന്നതു പെട്ടെന്നു വേണെ്ടന്ന് കളക്ടര്‍ തീരുമാനിച്ചു.
ചില ഫയലുകള്‍ പരിശോധിക്കുകയായിരുന്ന കളക്ടര്‍ക്കരുകിലേക്ക് അറ്റന്‍ഡര്‍ അജയന്‍ കയറിച്ചെന്നു.
''എക്‌സ്‌ക്യൂസ് മീ മേഡം.'' അമിതവിനയത്തോടെ തൊഴുതു നില്‍ക്കുകയാണ് അജയന്‍.
''എന്താ അജയാ'' കളക്ടര്‍ ചോദിച്ചു.
''മേഡം. പ്രായം ചെന്ന ഒരാള്‍ കുറച്ചുനേരമായി പുറത്തുകാത്തിരിപ്പുണ്ട്.''
''എന്തിനാണെന്നു ചോദിച്ചില്ലേ?''
''ചോദിച്ചു. മേഡത്തെ ഒന്നു കണ്ടാല്‍ മതിയെന്ന്.''
''എങ്കില്‍ കയറിവരാന്‍ പറയ്.''
അറ്റന്‍ഡര്‍ പുറത്തേക്കു പോയി. പെട്ടെന്നുതന്നെ എഴുപത്തഞ്ചിനുമേല്‍ പ്രായം തോന്നുന്നു, തടിച്ച ശരീരമുള്ള, ജൂബയും മുണ്ടും ധരിച്ച ഒരാള്‍ കടന്നുവന്നു. അയാള്‍ സലോമിക്കു മുമ്പില്‍ വന്നു കൈകൂപ്പി നിന്നു.
''അച്ചായന്‍ അങ്ങോട്ടിരിക്ക്.'' കളക്ടര്‍ കസേര ചൂണ്ടിപ്പറഞ്ഞു.
വൃദ്ധന്‍ കസേരയില്‍ കടന്നിരുന്നു.
''ആരാ? എന്താ?''
''ഞാന്‍ തോമസ്. കാഞ്ഞിരപ്പള്ളീലാ വീട്. മോള്‍ക്ക് എന്നെ പരിചയമില്ലെങ്കിലും കഴിഞ്ഞ പതിന്നാലുവര്‍ഷമായി എനിക്കു മോളെ അറിയാം. കൊച്ചിന്റെ ഇതുവരെയുള്ള പഠനച്ചെലവും ജീവിതച്ചെലവും വഹിച്ച സ്‌പോണ്‍സറാ ഞാന്‍. സിസ്റ്റര്‍മാര്‍ അതു പറഞ്ഞിട്ടുണ്ടാവില്ല.''
''ഇല്ല. എനിക്കങ്ങനെയൊരു കാര്യം അറിയില്ലായിരുന്നു.'' സലോമി അതിശയിച്ചു.
''സിസ്റ്റര്‍ കരോളിന്‍, സലോമി മോള്‍ക്കുവേണ്ടി സഹായം ചോദിച്ചപ്പോള്‍, പൂവര്‍ ഹോമില്‍ എത്തിച്ചേര്‍ന്ന സാഹചര്യവും വിശദമായി പറഞ്ഞിരുന്നു. ഒരുകാലത്ത് നാടിനെ വിറപ്പിച്ച കൊടുംക്രിമിനലിന്റെ മകളാണെന്നും സിസ്റ്റര്‍ അറിയിച്ചു.''
''എന്നിട്ടും അച്ചായന്‍ എന്നെ സഹായിക്കാമെന്നു വച്ചല്ലോ?''
വൃദ്ധന്‍ പ്രത്യേകഭാവത്തില്‍ പുഞ്ചിരിച്ചു.
''നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ലോകര്‍ക്കു മുഴുവനും മാത്തന്‍ കാലനായിരുന്നെങ്കിലും എനിക്കാ മനുഷ്യന്‍ ദൈവമായിരുന്നു. അയാള്‍ കാരണമാ ഞാനിപ്പോള്‍ ജീവനോടെയിരിക്കുന്നതുതന്നെ.''
''എനിക്കൊന്നും മനസ്സിലാകുന്നില്ല.'' സലോമിക്ക് ഉദ്വേഗമായി.
''പറയാം. പതിനാറുവര്‍ഷംമുമ്പ് ഒരു തിങ്കളാഴ്ച. രാവിലെ ഭാര്യവീട്ടില്‍ പോയി തിരികെ വരുമ്പോള്‍ എന്റെ കാര്‍ വലിയ ഒരപകടത്തില്‍പ്പെട്ടു. ഞാനും ഭാര്യയും കാറില്‍ കുടുങ്ങി. തലപൊട്ടി രക്തം ചീറ്റിയൊഴുകുന്ന ഞാനും രോഗിയായ ഭാര്യയും നിലവിളിച്ചത് ആരും കണ്ടില്ല, കേട്ടില്ല. അതുവഴിവന്ന വാഹനങ്ങളിലെ മനുഷ്യര്‍ ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല. അപ്പോഴാണ് വീപ്പകളില്‍ കള്ളു കയറ്റിയ പിക്കപ്‌വാന്‍ ചീറിപ്പാഞ്ഞുവന്നത്. ഡ്രൈവര്‍ വാന്‍ നിര്‍ത്തി. ഞങ്ങളുടെയടുത്തേക്ക് അയാള്‍ ഓടിവന്നു. ആറടിയോളം ഉയരവും തടിയുമുള്ള ഭീകരരൂപിയായ മനുഷ്യന്‍! ഒരുവിധത്തില്‍ ഞങ്ങള്‍ രണ്ടിനെയും അയാള്‍ പുറത്തിറക്കി. പിന്നെ ചുമന്ന് വാനിലെത്തിച്ചു. വാന്‍ അടുത്തുള്ള ഹോസ്പിറ്റലിലേക്കു വിട്ടു. കാഷ്വാലിറ്റിയുടെ മുമ്പിലേക്ക് വാഹനം ഇരച്ചെത്തിനിന്നു. ഞങ്ങളെ പുറത്തിറക്കിയിട്ട് ഒന്നും പറയാതെ വാഹനത്തില്‍ കയറി അയാള്‍ ഓടിച്ചുപോയി. ആ നേരത്തെങ്കിലും ഹോസ്പിറ്റലിലെത്തിയിരുന്നില്ലെങ്കില്‍ നിശ്ചയമായും ഞാന്‍ മരിക്കുമായിരുന്നെന്ന് ഡോക്ടര്‍ പിന്നീടു പറഞ്ഞു.''
''അത് എന്റെ അപ്പനായിരുന്നെന്ന് എങ്ങനെയറിഞ്ഞു.''
''മൂന്നുമാസം കഴിഞ്ഞ് കേരളത്തെ പിടിച്ചുലച്ച ഒരു കൊലപാതകം നടന്നു. കൊല്ലപ്പെട്ട മാത്തന്റെ ഫോട്ടോ പത്രത്തില്‍ കണ്ടപ്പോഴാണ് എന്നെ സഹായിച്ചയാളെ തിരിച്ചറിഞ്ഞത്. മോളേ, മാത്തന്റെ മകളായിപ്പോയതില്‍ ദുഃഖിക്കരുത്. ലജ്ജിക്കരുത്. അപ്പനെ ഒരിക്കലും തള്ളിപ്പറയരുത്. മാത്തന്‍ തെമ്മാടിയായിരുന്നെങ്കിലും കരളലിവുള്ളവനായിരുന്നു.''
കളക്ടര്‍ സലോമിയുടെ മിഴികള്‍ നിറഞ്ഞുവന്നു. അപ്പനെയോര്‍ത്ത് അവള്‍ക്കു രോമഹര്‍ഷമുണ്ടായി.
''മോളേ, ഒരിക്കല്‍ ഒരു നന്മ ചെയ്തതിന്റെ അവകാശം പറയാനോ, പ്രത്യുപകാരം ചോദിക്കാനോ ഒന്നും വന്നതല്ല ഞാന്‍. ഇനിയൊരിക്കലും ഇങ്ങോട്ടു വരികയോ, ഫോണില്‍ വിളിക്കുകയോ ചെയ്യില്ല. മക്കളില്ലാത്ത ഒരാളാ ഞാന്‍. ബൈബിളില്‍ പറഞ്ഞിരിക്കുന്നപോലെ ഫലം തരാത്ത അത്തിവൃക്ഷം. ശപിക്കപ്പെട്ട ഒരു ജന്മം.''
''അയ്യോ, അച്ചായന്‍ അങ്ങനെയൊന്നും പറയരുത്. എന്നെ മകളായി കരുതിക്കൂടേ. എന്റെ അപ്പനെക്കുറിച്ച് ഇതുവരെ ഒരാളും നല്ലതുപറഞ്ഞു കേട്ടിട്ടില്ല. എനിക്കൊന്നറിയാം: എന്നെ ഒത്തിരിയിഷ്ടമായിരുന്നു. മരിക്കുന്നതുവരെ.''
''നമുക്കാര്‍ക്കും ഒരാളെയും വിധിക്കാനോ വിലയിരുത്താനോ ആവില്ല. സമയം കളയുന്നില്ല. ഞാനിറങ്ങട്ടെ.'' പറഞ്ഞ് തോമസ് എഴുന്നേറ്റു.
കളക്ടര്‍ സലോമി വാതില്‍ക്കല്‍ വരെ അയാളെ അനുഗമിച്ച് യാത്രയാക്കി.
അറ്റന്‍ഡര്‍ അജയന്‍ വീണ്ടും കയറിവന്നു.
''മേഡം, എസ്.പി. കാണാന്‍ വന്നിട്ടുണ്ട്.'' അവള്‍ അറിയിച്ചു.
''വരാന്‍ പറയ്.'' കളക്ടര്‍ പറഞ്ഞു.
താമസിയാതെ എസ്.പി. വല്ലാത്തൊരു മുഖഭാവത്തോടെ മുമ്പിലെത്തി.