•  21 Nov 2024
  •  ദീപം 57
  •  നാളം 37
നേര്‍മൊഴി

പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം

ണിപ്പുര്‍ കലാപം ഇന്ത്യയുടെ തലയ്‌ക്കേറ്റ പ്രഹരവും ഹൃദയത്തിലേറ്റ കുത്തുമാണ്. ലോകത്തിനു മുമ്പില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവിധം മണിപ്പുരിലെ ശമിക്കാത്ത കലാപവും സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കു തുടരുന്ന ക്രൂരതകളും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഒരു ജനാധിപത്യഭരണക്രമത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു ജനം ഭീതിയോടെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
മണിപ്പുരില്‍ കലാപത്തിന്റെ തീപ്പൊരി വീണിട്ട് മൂന്നുമാസം തികയുകയാണ്. ഇതിനോടകം അതു കാട്ടുതീയായി പടര്‍ന്ന് ആ പ്രദേശത്തിന്റെ സമാധാനവും സാഹോദര്യവും സമൃദ്ധിയും ചാമ്പലാക്കിയിരിക്കുകയാണ്. ആരാണ് അതിന് ഉത്തരവാദി? മെയ്തികള്‍ക്കു പട്ടിക വര്‍ഗപദവി ശിപാര്‍ശ ചെയ്ത മണിപ്പുര്‍ ഹൈക്കോടതിയാണോ? സമരത്തിനും പ്രതിഷേധത്തിനും കലഹത്തിനും ആഹ്വാനം ചെയ്ത കുക്കികളാണോ? അതോ സംഘര്‍ഷം തടയാന്‍ കഴിയാതെ വന്ന സംസ്ഥാനസര്‍ക്കാരാണോ? സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പി. യാണ്. കേന്ദ്രം ഭരിക്കുന്നതും അവര്‍തന്നെ. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സമയോചിതമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് പ്രശ്‌നം ഇത്രമാത്രം സങ്കീര്‍ണമാകാന്‍ കാരണമെന്ന് എല്ലാവരും വിശ്വസിക്കുന്നു. രണ്ടോ മൂന്നോ ദിവസംകൊണ്ടു കലാപം അമര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുമായിരുന്നു. എന്നിട്ടും അവര്‍ അതു ചെയ്തില്ല. പൊതുതിരഞ്ഞെടുപ്പ് ആസന്നമായെങ്കില്‍പോലും കേന്ദ്രസര്‍ക്കാരിനു മണിപ്പുര്‍ ജനതയെ ഭയപ്പെടേണ്ടതില്ല. കാരണം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെ പതിനൊന്നു സീറ്റുകള്‍ മാത്രമാണുള്ളത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഒരു പ്രത്യേകത മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേന്ദ്രസഹായം അവര്‍ക്ക് ആവശ്യമുണ്ടെന്നുള്ളതാണ്. അവരുടെ വികസനത്തിനും നിലനില്പിനും കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ. മറ്റു വാക്കുകളില്‍ കേന്ദ്രത്തിന്റെ കാരുണ്യത്തെ ആശ്രയിച്ചാണ് അവരുടെ നിലനില്പ്. അതുകൊണ്ട് ഏതു സര്‍ക്കാര്‍ ഭരിച്ചാലും പൊതുവെ അവര്‍ അവരോടു ചേര്‍ന്നുനില്ക്കും. അതായത്, അവര്‍ക്കു പ്രത്യേകമായ ഒരു രാഷ്ട്രീയചായ്‌വ് ഇല്ലെന്നു വേണം കരുതാന്‍. 
കലഹം ഉണ്ടാകുന്നത് എന്തു കാരണത്താലായാലും അതു വംശീയകലാപമായി രൂപം മാറുന്നതിനുമുമ്പ് അവസാനിപ്പിക്കേണ്ടതായിരുന്നു. അതു സാധിക്കാതെ വന്നതാണ് വലിയ വിനയായി മാറിയത്. കലാപത്തില്‍ കൂടുതല്‍ മരണവും നാശനഷ്ടങ്ങളും ഒരു പ്രത്യേകജനവിഭാഗത്തിനുണ്ടായത് അവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതുകൊണ്ടാണെന്ന ആക്ഷേപത്തിനു ശക്തിപകര്‍ന്നു. ക്രൈസ്തവന്യൂനപക്ഷത്തിനു മണിപ്പുരില്‍ ഇനിമേല്‍ ഇടമില്ല എന്ന തെറ്റായ സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അത് ഇന്ത്യയുടെ ഭരണഘടനയ്ക്കും മതേതരത്വമൂല്യങ്ങള്‍ക്കും നിരക്കാത്ത ചിന്തയാണ്. ബഹുസ്വരസമൂഹമായ ഭാരതത്തില്‍ വലുപ്പച്ചെറുപ്പം പരിഗണിക്കാതെ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യപദവിയും പരിരക്ഷയും ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. കൂട്ടക്കൊലയിലും വസ്തുവകകളുടെ സര്‍വനാശത്തിലും അവസാനിച്ചില്ല മണിപ്പുരിലെ കലാപം. ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടു. പൊലീസ് സംരക്ഷണയില്‍ കഴിഞ്ഞ രണ്ടു സ്ത്രീകളെ നഗ്നരാക്കി ഒരു കിലോമീറ്ററോളം പൊതുനിരത്തില്‍ നടത്തി അപമാനിച്ചു. അവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സഹോദരനെ അവരുടെ കണ്‍മുമ്പില്‍ കൊലപ്പെടുത്തി. ഇതൊക്കെ സംരക്ഷകരായി നിയോഗിക്കപ്പെട്ട പൊലീസുകാരുടെ സാന്നിധ്യത്തിലാണെന്നു വിസ്മരിക്കരുത്. പൊലീസ് അക്രമികളുടെ പക്ഷം ചേരുകയായിരുന്നുവെന്നുവേണം കരുതാന്‍. നിയമവാഴ്ചയില്ലാത്ത ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം സംഭവിക്കുന്ന നീചപ്രവൃത്തികളാണ് മണിപ്പുരില്‍ അരങ്ങേറിയത്. ഇത്രയും നിഷ്ഠുരവും അപലപനീയവുമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടും സംസ്ഥാനസര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. കാരണമായി പറയപ്പെടുന്നത് മുഖ്യമന്ത്രി എന്‍. ബിരേന്‍സിംഗിന് മെയ്‌തെയ് തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്നാണ്.
മണിപ്പുരിലെ നാണംകെട്ട സ്ത്രീവിരുദ്ധനടപടികളെ അപലപിക്കാന്‍ രാഷ്ട്രീയ നേതാക്കന്മാരോ മാധ്യമങ്ങളോ മുമ്പോട്ടു വന്നില്ലെന്നത് അമ്പരപ്പിക്കുന്നു. എല്ലാവരും സ്വന്തം സുരക്ഷിതത്വവും സ്ഥാനമാനങ്ങളും മാത്രം നോക്കി പത്തിമടക്കി മാളങ്ങള്‍ക്കുള്ളില്‍ ഒളിച്ചുജീവിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകള്‍ക്കുണ്ടായ അപമാനം രാജ്യത്തെ സ്ത്രീകള്‍ക്കെതിരേ നടന്ന മ്ലേച്ഛമായ പ്രവൃത്തിയാണെന്നു പരസ്യമായി പറയാന്‍ ധൈര്യംകാണിച്ച ബോളിവുഡ് നടിയും ശിവസേനാ അംഗവുമായ ഊര്‍മിള മണ്‌ഡോദ്കര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
മണിപ്പുര്‍ ശാന്തമാകാനും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും പ്രധാനമന്ത്രി മോദി വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. സ്ത്രീകളെ ആക്രമിച്ച കിരാതന്മാരെ നിലയ്ക്കുനിറുത്തുമെന്ന ഒറ്റവരി രാഷ്ട്രീയപ്രഖ്യാപനം മാത്രം പോരാ. കലാപത്തിനു കാരണക്കാരായവരെ മുഖം നോക്കാതെ ശിക്ഷിക്കണം. ശിക്ഷയെക്കുറിച്ചുള്ള ഭയമില്ലാത്തതാണ് നിയമലംഘനത്തിനും അഴിഞ്ഞാട്ടത്തിനും അക്രമത്തിനും അടിസ്ഥാനം. പ്രധാനമന്ത്രി ലോകം നന്നാക്കിയാല്‍ മാത്രം പോരാ. വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി സംസാരിക്കണം. പ്രതിപക്ഷരാഷ്ട്രീയനേതാക്കന്മാരെ കേള്‍ക്കണം. അവരെ വിശ്വാസത്തിലെടുക്കണം. ആഭ്യന്തരമന്ത്രിയോ പ്രതിരോധമന്ത്രിയോ പ്രധാനമന്ത്രിക്കു പകരമാവില്ല. അടിയന്തരമായി ഇടപെട്ട് പ്രധാനമന്ത്രി കരുത്തുകാണിക്കണം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)