•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

പലായനം

ലിയ നോമ്പിലെ  ആദ്യത്തെ വെള്ളിയാഴ്ച. പ്രാര്‍ഥനാമുറിയില്‍ വല്യപ്പച്ചനൊഴികെ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്. നാത്തൂന്‍മാരും അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളും. പ്രാര്‍ഥനാ മുറിയില്‍ ചെറിയ അള്‍ത്താര ഉണ്ടാക്കി കര്‍ത്താവിന്റെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും വിശുദ്ധഗീവര്‍ഗീസ്, വിശുദ്ധസെബസ്ത്യാനോസ് എന്നിവരുടെയും ആള്‍രൂപങ്ങള്‍  പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനു മുന്നില്‍ ഒമ്പതു തിരികള്‍ കത്തിക്കാവുന്ന ഒരു ശരറാന്തല്‍.
കുട്ടികളെല്ലാം മുന്‍നിരയില്‍ മുട്ടുകുത്തി. പിന്നില്‍ നാത്തൂന്മാരും അമ്മച്ചിയും. അമ്മച്ചിക്കടുത്ത് താണ്ടമ്മ മുട്ടുകുത്തി. ഇയ്യോബും അളിയന്മാരും പിന്നിലാണ്. അവര്‍ നിലത്തു ചടഞ്ഞിരിക്കുന്നു. അപ്പച്ചന്‍ ഒരു കസേരയില്‍.
ആണ്ടമ്മയാണ് പ്രാര്‍ഥന ലീഡു ചെയ്യുന്നത്. ത്രികാലജപം, കൊന്ത, മരിച്ച വിശ്വാസികളുടെ പ്രാര്‍ഥന, കാവല്‍മാലാഖയോടുള്ളജപം ഇങ്ങനെ പ്രാര്‍ഥന ഒരു മണിക്കൂര്‍ വരെ നീളും. പ്രാര്‍ഥന കഴിഞ്ഞ് എല്ലാവരും സ്തുതി ചൊല്ലാനൊരുങ്ങിയപ്പോഴാണ് താണ്ടമ്മയുടെ ശബ്ദം ഉയര്‍ന്നത്. മനോഹരമായ ഈണത്തില്‍ മാതാവിനെയും യൗസേപ്പിതാവിനെയുംകുറിച്ചുള്ള സ്തുതിപ്പുകള്‍. താണ്ടമ്മയ്ക്ക് ഇത്ര നല്ല ശബ്ദം എങ്ങനെ കിട്ടിയെന്നായി ഇയ്യോബിന്റെ ചിന്ത.
താണ്ടമ്മ പിന്നീട് പുത്തന്‍പാനയിലെ പന്ത്രണ്ടാം പാദത്തിലെ 'അമ്മകന്നിമണിതന്റെ...' എന്ന ദുഃഖപര്‍വം അത്യന്തം കരുണാമയസ്വരത്തില്‍ പാടി. അവളുടെ ശബ്ദമാധുരിയും ഭക്തിസാന്ദ്രതയും ഏവരെയും അദ്ഭുതപ്പെടുത്തി. പാട്ടുകഴിഞ്ഞും ഏതാനും നേരത്തേക്ക് നിശ്ശബ്ദത പരന്നു.
പിന്നെ കുട്ടികള്‍ എണീറ്റ് മൂപ്പുമുറയ്ക്ക് സ്തുതി ചൊല്ലാന്‍ തുടങ്ങി. മുതിര്‍ന്നവര്‍ സ്തുതി ഏറ്റുവാങ്ങി കുട്ടികള്‍ക്കു മുത്തം കൊടുത്തു.
താണ്ടമ്മ ചെറുപ്പത്തിലേ സംഗീതം പഠിച്ചതാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവളുടെ സ്വരമാധുരി തിരിച്ചറിഞ്ഞ് അവധിദിനങ്ങളില്‍ പ്ലമേനാമ്മ ഒരു ഭാഗവതരെ വീട്ടില്‍ വിളിച്ചുവരുത്തി ശാസ്ത്രീയസംഗീതം പഠിപ്പിച്ചു. സംഗീതം മാത്രമല്ല, വീണയും വയലിനും വായിക്കാന്‍ അവള്‍ അഭ്യസിച്ചു. അവളുടെ പ്രിയപ്പെട്ട ഫിഡില്‍ അവള്‍ ഒപ്പം കൊണ്ടുവന്നിട്ടുണ്ട്. അവള്‍ പഠിച്ച സ്തുതിപ്പുകളും കീര്‍ത്തനങ്ങളും ഒഴിവുസമയങ്ങളില്‍ അവള്‍ മനോഹരമായി വയലിനില്‍ വായിക്കും. പ്ലമേനാമ്മ മകളെ പാചകവിധികള്‍ മാത്രമല്ല പഠിപ്പിച്ചത്. സംഗീതം, നൃത്തം എന്നിവയിലും പരിശീലനം നല്‍കി. ഒപ്പം ആചാരമര്യാദകളും. അന്യവീട്ടില്‍ ചേക്കേറേണ്ട പെണ്ണാണ്. അവള്‍ അവിടെ മാതാപിതാക്കള്‍ക്കു കീഴ്‌വഴങ്ങി ജീവിക്കണം. പിറ്റേദിവസം രാവിലെ കണ്ടപ്പോള്‍ നാത്തൂന്മാരുടെ പിള്ളേര്‍ ഒത്തുകൂടി ആവശ്യപ്പെട്ടു.
''എളേമ്മേ! ഞങ്ങളെക്കൂടി ആ പാട്ടു പഠിപ്പിക്കാവോ?''
''പിന്നെന്താ നാളെ നിങ്ങളൊക്കെ പോവൂല്ലേ. പരീക്ഷയൊക്കെ കഴിഞ്ഞ് വെക്കേഷനു വരുമ്പം എളേമ്മ പഠിപ്പിക്കാം കേട്ടോ.''
ചെറിയ കുട്ടിയുടെ മുടിയില്‍ വാത്സല്യപൂര്‍വം തലോടിക്കൊണ്ട് താണ്ടമ്മ പറഞ്ഞു.
അതുകേട്ട് പിള്ളേര്‍ മുറ്റത്തു കളിക്കാനോടി.
താണ്ടമ്മ നേരേ അടുക്കളക്കെട്ടിലേക്കു ചെന്നു. ഒരു കൊട്ടയില്‍ കുറെ പഴുത്ത മാങ്ങ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.
''നാണ്യമ്മേ! നമുക്കിന്നൊരു മാമ്പഴപ്പുളിശ്ശേരി വയ്ക്കാം.''
''ഞങ്ങക്കറീല്യ കുഞ്ഞേ! മാമ്പഴപ്പുളിശ്ശേരീന്ന് കേട്ടിട്ടില്യ.''
''ഞാന്‍ വച്ചോളാം നാണ്യമ്മേ! നിങ്ങള് ഈ പഴുത്ത മാങ്ങയൊക്കെ കഴുകി വൃത്തിയാക്കി തന്നാമതി.''
ഉച്ചയൂണിന് താണ്ടമ്മ തയ്യാറാക്കിയ മാമ്പഴപ്പുളിശ്ശേരി കഴിച്ചവരൊക്കെ 'നല്ല രുചീണ്ട്' എന്നു പറഞ്ഞ് താണ്ടമ്മയെ അഭിനന്ദിച്ചു.
ആണ്ടമ്മ അതുകേട്ടെങ്കിലും അഭിപ്രായമൊന്നും പറഞ്ഞില്ല.
അന്നു വൈകിട്ട് സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം താണ്ടമ്മ തന്റെ പ്രിയപ്പെട്ട ഫിഡിലില്‍ ഒരു ദുഃഖഗാനം മീട്ടി. തലേദിവസം അവള്‍ ദുഃഖസാന്ദ്രമായി ആലപിച്ച പുത്തന്‍പാനയിലെ 12-ാം പാദം തന്നെ.
ഇയ്യോബിന് അഭിമാനം തോന്നി. തന്റെ പെണ്ണ് സകലകലാവല്ലഭ തന്നെ.
പിറ്റേദിവസം ഞായറാഴ്ച. എല്ലാവരും പള്ളിയില്‍ ആദ്യത്തെ കുര്‍ബാനയ്ക്കുതന്നെ പോകാനൊരുങ്ങി. അടുത്തുതന്നെയാണ് പള്ളി. അരമൈല്‍ കാണും ദൂരം. വലിയ തരകനാണ് പള്ളിക്കുവേണ്ടി രണ്ടേക്കര്‍ സ്ഥലം വിട്ടുകൊടുത്തത്. നല്ല ആദായമുള്ള ഒരു തെങ്ങിന്‍തോപ്പിനു നടുവിലാണ് ദൈവാലയം. തെങ്ങിന്‍തോപ്പില്‍നിന്നുള്ള ആദായംകൊണ്ട് പള്ളിയുടെ നിത്യനിദാനച്ചെലവുകള്‍ നടക്കും.
പള്ളിപണിക്കുള്ള സംഭാവനയില്‍ മുഖ്യപങ്കും വഹിച്ചത് കൊട്ടാരത്തില്‍ കുടുംബം തന്നെ. പള്ളിക്കുള്ളില്‍ മദ്ബഹാഭാഗത്ത് വലിയ തരകന് ഒരു പ്രത്യേക ഇരിപ്പിടം വികാരിയച്ചന്‍ നല്കുകയും ചെയ്തു. ഇപ്പോള്‍ ആ അവകാശം മാത്തുത്തരകനാണ് ഉപയോഗിക്കുന്നത്. മുട്ടുവേദന കാരണം അയാള്‍ക്ക് പള്ളിക്കുള്ളില്‍ മുട്ടുകുത്താനും വിഷമമുണ്ട്. 
താണ്ടമ്മ പള്ളിയില്‍ പോകാന്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ ആണ്ടമ്മ അവളുടെ കഴുത്തിലേക്കു നോക്കി. താലിയിട്ടിരിക്കുന്ന പിണ്ടിമാല മാത്രം. കൈയില്‍ രണ്ടുവളയും.
അതു പറ്റില്ല. പുതുപ്പെണ്ണ് പള്ളിയില്‍ വരുമ്പോള്‍ എല്ലാവരുടെയും കണ്ണ് അവളിലായിരിക്കും. കൊട്ടാരത്തില്‍ കെട്ടിവന്ന പെണ്ണിന് ആഭരണമൊന്നും കിട്ടിയില്ലേ എന്നു ചോദിക്കും, നാട്ടുകാര്‍.
''മോളേ! ബാക്കി ആഭരണമൊക്കെ എന്തിയേ? എല്ലാം എടുത്തിട്ടുവാ. കുശുമ്പിപ്പെണ്ണുങ്ങടെ കണ്ണു മഞ്ഞളിക്കട്ടെ. അല്ലെങ്കില് കൊറച്ചില് നമ്മടെ തറവാടിനാ.''
''ഇന്നന്നേക്കു മാത്രമിടാം അമ്മച്ചി. അടുത്തയാഴ്ച മുതല് ഇത്രേം മതി എനിക്ക്.''
''താണ്ടമ്മ മുറിയിലെത്തി ആഭരണപ്പെട്ടി തുറന്ന് ആഭരണങ്ങള്‍ എടുത്തണിഞ്ഞു. അവള്‍ ശരിക്കും കല്യാണപ്പെണ്ണായി. 
മാത്തൂത്തരകന്‍ വെള്ളനിറത്തിലുള്ള മുറിക്കൈയന്‍ നീളന്‍ കുപ്പായമണിഞ്ഞ് കഴുത്തില്‍ കസവമുള്ള കവിണി വളച്ചിട്ട് ഒരുങ്ങിയിരുന്നു. അയാളുടെ കുപ്പായക്കുടുക്കുകളില്‍ സ്വര്‍ണബട്ടന്‍സ്. ആണ്ടമ്മ കച്ചമുറി നന്നായി അടുക്കീട്ട് ഉടുത്ത് കൈനീളന്‍ ചട്ടയിട്ട് കസവുകവിണി പുതച്ച് കൈയില്‍ സ്വര്‍ണക്കൊന്തയും പ്രാര്‍ഥനാപ്പുസ്തകവുമായിട്ടാണ് പുറപ്പാട്.
മാത്തൂത്തരകനും ആണ്ടമ്മയും മരുമകളും മകനും വില്ലുവണ്ടിയില്‍ കയറി. ബാക്കിയുള്ളവര്‍ പള്ളിയിലേക്കു നടന്നു. 
അവരുടെ വില്ലുവണ്ടി മണിനാദം മുഴക്കി പള്ളിറോഡിലൂടെ നീങ്ങി.
   *        *        *
''അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കര്‍ക്കടകത്തിലെ തോരാമഴക്കാലം. നേരം പാതിരായായിക്കാണും. അന്നാമ്മയ്ക്ക് പേറ്റുനോവ് തൊടങ്ങി. അവള് ഞരങ്ങേം മൂളുകേം ചെയ്യണതു കേട്ടാ ഉണര്‍ന്നത്.
എന്താടീ വെഷമം വല്ലോം ഒണ്ടോന്നു ചോദിച്ചു. എനിക്കു വയ്യാ അച്ചായാ എന്നവള്.
പൊറത്ത് ഇടിവെട്ടി മഴ പെയ്യണ്. പിന്നെയൊന്നും ആലോചിച്ചില്ല. വരാന്തയില് വന്നു.
''രാമങ്കുട്ട്യേ എണീക്കെടാ.'' കാര്യസ്ഥന്‍ പായ് ചുരുട്ടി എണീറ്റു.
''അവക്ക് നല്ല സൊഖോല്ല. നിയ്യ് വയറ്റാട്ടി എച്ച്മിത്തള്ളേ ഒന്നു വിളിച്ചോണ്ടു വാ. തൊമ്മീനേക്കൂടി കൂട്ടിക്കോ തൂക്കിയിരുന്ന തൊപ്പിക്കുട എടുത്തോണ്ട് വന്നു. ഒരെണ്ണം തൊമ്മിക്കും കൊടുത്തേ! പാനീസ് വിളക്കിന്റെ തിരി നീട്ടി ഇടിമിന്നല് വകവയ്ക്കാതെ അവര്‍ മഴയത്തേക്കിറങ്ങി.
പൊഴയ്ക്കക്കരെയാ എച്ച്മിത്തള്ളേടെ കുടില്. കടവില് വള്ളം കെടപ്പൊണ്ട്. തൊമ്മി പങ്കായമെടുത്തു. രാമങ്കുട്ടി കഴുക്കോലും.
പിന്നൊന്നും ചിന്തിച്ചില്ല. ഒഴുക്കിനെ മുറിച്ച് അക്കരയ്ക്ക്. നടവഴിയിലൂടെ എച്ച്മിത്തള്ളേടെ കുടിലില്‍ എത്തി. നല്ല ഇടിമിന്നലൊണ്ട്.
''എച്ച്മിത്തള്ളേ!  എച്ച്മിത്തള്ളേ'' 
രാമന്‍കുട്ടി വിളിച്ചു.
ഇറയത്ത് ചുരുണ്ടുകിടന്ന മകന്‍ ചാടിയെണീറ്റു.
''എന്നാ വല്യമ്പ്രാ' എന്നൊരു ചോദ്യം.
തൊമ്മി വെവരം പറഞ്ഞു. 
''അമ്മേ! അമ്മേ ദാ രാമന്‍കുട്ടി തമ്പ്രാ വിളിക്കണ്. നാലഞ്ചു തവണ വിളിച്ചപ്പം തള്ള എണീറ്റ് ഓലച്ചെറ്റ നീക്കി എറങ്ങി വന്നു.
''... എന്താ എമ്പ്രാ ''എച്ച്മിത്തള്ളയോട് കാര്യം പറഞ്ഞു.
...ടാ... നിയ്യാ തോര്‍ത്തിങ്ങെട്.'' എച്ച്മിത്തള്ള തോര്‍ത്തുകൊണ്ട് മാറു മറച്ച് ഒപ്പം ഇറങ്ങി.
മഴ അല്പമൊന്നു ശമിച്ചിട്ടൊണ്ട്.
തിരികെ വള്ളം തുഴഞ്ഞ് കരയ്ക്കടുപ്പിച്ച് വീട്ടിലേക്ക് ഒരോട്ടമായിരുന്നു; അവര്‍ മുറ്റത്തേക്കു കയറുമ്പോള്‍ത്തന്നെ അന്നാമ്മച്ചീടെ നിലവിളി കേള്‍ക്കുന്നൊണ്ട്. എച്ച്മിത്തള്ള തിടുക്കത്തില്‍ അകത്തുകയറി വാതിലടച്ചു. 
''ആരെങ്കിലും കൊറച്ചു വെള്ളം ചൂടാക്കിക്കൊണ്ടുവാ...'' പെട്ടെന്ന് വയറ്റാട്ടിത്തള്ള വാതിലുതൊറന്നുകൊണ്ടു പറഞ്ഞു.
വേലക്കാരി അടുക്കളേലേക്ക് ഓടി. നിമിഷങ്ങള്‍ക്കകം ഒരു കുട്ടകം വെള്ളം തിളപ്പിച്ചു കൊണ്ടുവന്നു.
വല്യപ്പച്ചന്‍ ഒരുനിമിഷം നിറുത്തിയിട്ട് വെള്ളം ചോദിച്ചു. താണ്ടമ്മ കൂജയില്‍നിന്നു വെള്ളമെടുത്തു കൊടുത്തു. അവിരാ തരകന്‍ തുടര്‍ന്നു.
''നേരം പോണതറീന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രസവം നടക്കണില്ല.''
ഏഴുതവണ പ്രസവിച്ചവളാ. എന്നിട്ടും വല്യപ്പച്ചന് ആകെ പേടിയായി.
കര്‍ത്താവേ! ഇതെങ്കിലും എനിക്ക് ആണായിത്തരണേ. അല്ലെങ്കില് കുടുംബം അന്യം നിന്നു പോകും. 
മുട്ടിപ്പായി കര്‍ത്താവിനോടങ്ങു പ്രാര്‍ഥിച്ചു. മാതാവിനെയും വിളിച്ച് ഉള്ളുരുകി വല്യപ്പച്ചന്‍ പ്രാര്‍ഥിച്ചു കേട്ടോ. കര്‍ത്താവ് എന്റെ പ്രാര്‍ഥന കേട്ടു. അകത്തുനിന്ന് ഒരു കൊച്ചിന്റെ കരച്ചില്‍ കേട്ടു. 
ഏതാനും മിനിറ്റു കഴിഞ്ഞെന്നു കൂട്ടിക്കോ. വയറ്റാട്ടി ഒരു പഴന്തുണീല് പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ കൊണ്ടുവന്നു.
നെന്റെ അപ്പച്ചന്‍ മാത്തുതരകനെ. 
ഞാന്‍ വേഗം എന്റെ കൈയേല്‍ കെടന്ന മോതിരമൂരി കൊടുത്തു.
രാമങ്കുട്ടി അടക്കളേല് പോയി തേന്‍കുപ്പി എടുത്തുകൊണ്ടുവന്നു. തേനില്‍ പൊന്നുരച്ച് ഉണ്ടാക്കിയത് കൊച്ചിന്റെ നാക്കില്‍ തൊട്ടുകൊടുത്തു. 
അങ്ങനെയാ മാത്തൂന് നല്ല നെറമുണ്ടായത്.
ആണ്ടമ്മേടെ അപ്പനും അമ്മേം കൊച്ചിനെ കാണാന്‍ വന്നപ്പോ ഒരു പുലിനഖമോതിരമാ കഴുത്തിലിട്ടത്. പണ്ടുകാലത്ത് സമ്പന്നര്‍ തറവാട്ടിലെ ആണ്‍തരിക്കു സമ്മാനിക്കുന്നതാണ് പുലിനനഖമോതിരം. പുലിനഖത്തിന്റെ ആകൃതിയില്‍ 21 എണ്ണവും അത്രയും മണികളും ഇടവിട്ടു കോര്‍ത്തുള്ള സ്വര്‍ണമാലയ്ക്കാണ് പുലിനഖമോതിരം എന്നു പറയുന്നത്. കൊച്ചിന്റെ രണ്ടുകൈയിലും ഓരോ കാപ്പും ഇട്ടു. നാലഞ്ചു കൊട്ട നിറയെ പലഹാരങ്ങള്‍.
ങ്ഹാ. എന്റെ അന്നാമ്മ ഏറെ കഷ്ടപ്പെട്ടു കേട്ടോ എട്ടെണ്ണത്തെ വളര്‍ത്താന്‍.
''എനിക്കൊന്നു കെടക്കണം. വല്ലാത്ത ക്ഷീണം.''അവിരാ തരകന്‍ പഴംപുരാണം നിറുത്തി. താണ്ടമ്മയും തൊമ്മിയും ചേര്‍ന്ന് താങ്ങിപ്പിടിച്ച് വല്യപ്പച്ചനെ കട്ടിലില്‍ കിടത്തി.
ഈയിടെ അങ്ങനെയാണ്. കൂടുതല്‍ സമയവും കിടപ്പുതന്നെ. താണ്ടമ്മ ഇടയ്ക്കിടെ വല്യപ്പച്ചന്റെ മുറിയിലെത്തും. വല്യപ്പച്ചന്റെ പഴയകാലചരിത്രം വിളമ്പുന്നതു കേള്‍ക്കാന്‍ രസമാണ്.
താണ്ടമ്മ അവിരാത്തരകനെ നന്നായി പരിചരിച്ചു. വല്യപ്പച്ചന്റെ കട്ടിലിലെ ഷീറ്റുകള്‍ ദിവസവും മാറി. ദിവസവും തൊമ്മിയെക്കൊണ്ട് ദേഹം തുടപ്പിച്ചു. മുറിയില്‍ കുന്തിരിക്കം പുകച്ച് പ്രാണികളെ അകറ്റി. ബാത്‌റൂം ദിവസത്തില്‍ രണ്ടുനേരം വൃത്തിയാക്കി.
കര്‍പ്പൂരതൈലം അപ്പച്ചന്റെ നെറുകയിലും ചെവിയിലും പുരട്ടി. ഇപ്പോള്‍ വല്യപ്പച്ചന്റെ പഴയ മണമില്ല. മുറിയില്‍ കെട്ടിക്കിടന്ന വായുവിനു പകരം കുന്തിരിക്കത്തിന്റെ ഗന്ധം പരന്നു. 
മുറിയിലെ വട്ടമേശയില്‍ പൂക്കള്‍ തയ്ച്ച ഷീറ്റു വിരിച്ച് അതിനു മുകളില്‍ ഫ്‌ളവര്‍ വെയ്‌സ് വച്ചു. എല്ലാ പ്രഭാതത്തിലും റോസിന്റെയും രാജമല്ലിയുടെയും പൂക്കളിറുത്ത് ഫ്‌ളവര്‍ വെയ്‌സില്‍ വച്ചു.
ഒരു മാസമായി താണ്ടമ്മ എംബ്രോയ്ഡറി വര്‍ക്കുകളിലായിരുന്നു. മേശവിരികളിലും കിടക്കവിരികളിലും തലയിണ ഉറകളിലും പൂക്കള്‍ തയ്ച്ചു. അല്ലെങ്കിലും താണ്ടമ്മയ്ക്ക് തയ്യല്‍വേലകള്‍ ഒരു ഹരമാണ്. അവള്‍ ഏറ്റവും ആസ്വദിച്ചുചെയ്യുന്ന ജോലികളിലൊന്നാണ് എംബ്രോയ്ഡറി. കോണ്‍വെന്റ് സ്‌കൂള്‍ പഠനത്തിന്റെ ശിക്ഷണമാണ് അത്. 
മുറ്റത്തെ ചുറ്റുമതിലിന്റെ തൂണുകളില്‍ ചെടിച്ചട്ടികള്‍ വച്ച് അവയില്‍ വിവിധയിനം റോസക്കമ്പുകള്‍ നട്ടു. ചെടിച്ചട്ടികളില്‍ നല്ല ചാണകപ്പൊടി ഇട്ടു. ഇപ്പോള്‍ റോസക്കമ്പുകള്‍ ശിഖരംപൊട്ടി ഇലകള്‍ വന്നു കഴിഞ്ഞിരിക്കുന്നു.
ഇയ്യോബ് പണിസ്ഥലത്തുപോയാല്‍ പൂന്തോട്ടപരിപാലനയും എംബ്രോയ്ഡറി വര്‍ക്കുമായി താണ്ടമ്മയുടെ സമയം കിളിപോലെ പറന്നുപോകും.
ആണ്ടമ്മ മിക്കവാറും അടുക്കളക്കെട്ടിലായിരിക്കും. അടുക്കളക്കാരികള്‍ക്കും പുറംപണിക്കാര്‍ക്കും നിര്‍ദേശങ്ങള്‍ കൊടുത്തും അവരെ ഭരിച്ചും സമയം ചെലവഴിക്കുന്നതിലാണ് അമ്മച്ചിയുടെ ആനന്ദം എന്ന് താണ്ടമ്മയ്ക്കു മനസ്സിലായി. തന്നെ അത്രയങ്ങ് ഇഷ്ടമല്ലെന്നു താണ്ടമ്മയ്ക്കറിയാം. കൂടുതല്‍ വഴങ്ങാന്‍ പോയാല്‍ മുതുകത്തു കയറിയെന്നിരിക്കും. ഏതായാലും അതു വേണ്ട. 
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)