ഏകീകൃതസിവില്‍ കോഡ്, ഏകവ്യക്തിനിയമം, യു.സി.സി. എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നത് ഒരേ കാര്യംതന്നെ. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ജാതി, മത, വര്‍ഗ, വര്‍ണ, ലിംഗഭേദമെന്യേ ഒരേ നിയമം എന്ന സങ്കല്പമാണ് ഏകവ്യക്തിനിയമം. രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരാണെന്നും നിയമത്തിന്റെ സംരക്ഷണം വിവേചന കൂടാതെ എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും ഭരണഘടനയുടെ പതിന്നാലാം അനുച്ഛേദത്തില്‍ പറയുന്നു.
രാജ്യത്ത് നിലവില്‍ ഏകവ്യക്തി നിയമം പ്രാബല്യത്തിലില്ല. നിയമം നിലവിലുള്ള ഏകസംസ്ഥാനം ഗോവയാണ്. 1869 ല്‍ ഗോവയില്‍ നടപ്പിലാക്കപ്പെട്ട പോര്‍ച്ചുഗീസ് സിവില്‍കോഡിന്റെ തുടര്‍ച്ചയാണത്. 1966 ല്‍ അതില്‍ ചില പരിഷ്‌കാരങ്ങള്‍കൂടി വരുത്തിയാണ് ആ നിയമം ഇപ്പോള്‍ പാലിച്ചുപോരുന്നത്. രാജ്യത്താകെ ഏകവ്യക്തിനിയമം നടപ്പിലാക്കുന്നതു നല്ലതായിരിക്കുമെന്ന നിര്‍ദേശം ഭരണഘടനയുടെ നാല്പത്തിനാലാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതു നടപ്പിലാക്കാന്‍ വൈകുന്നതെന്തെന്ന് കോടതി പല തവണ ചോദിച്ചിട്ടുമുണ്ട്. ഭരണഘടനയുടെ നാലാം ഭാഗത്താണ് നാല്പത്തിനാലാം അനുച്ഛേദം. ഭരണഘടനയുടെ നാലാം ഭാഗം നിര്‍ദേശകതത്ത്വങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ഇടപെടാവുന്ന വിഷയങ്ങളാണ് നാലാം ഭാഗത്തുള്ളത്.
സ്വാതന്ത്ര്യം നേടി ഏഴരപ്പതിറ്റാണ്ടു പിന്നിട്ടിട്ടും എന്തുകൊണ്ട് ഏകവ്യക്തിനിയമത്തിലേക്കു രാജ്യം എത്തിയില്ല എന്ന ചോദ്യം പ്രസക്തമാണ്. ഏതാണ്ട് ആറു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ചത് കോണ്‍ഗ്രസാണ്. ഇന്നു ബിജെപിക്ക് ഉള്ളതിനെക്കാള്‍ ഭൂരിപക്ഷം കോണ്‍ഗ്രസിനു ചില സമയങ്ങളില്‍ ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ എന്തുകൊണ്ട് ഏകവ്യക്തിനിയമം നടപ്പിലാക്കിയില്ല? ഈ വര്‍ഷാവസാനത്തോടെ അഞ്ചു സംസ്ഥാനങ്ങളിലും അടുത്തവര്‍ഷം ലോകസഭയിലും തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, എന്തുകൊണ്ട് മോദിസര്‍ക്കാര്‍ യു.സി.സി. പോലുള്ള ഒരു ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ധൈര്യം കാണിക്കുന്നു എന്ന ചോദ്യത്തിനു ലഭിക്കുന്ന ഉത്തരവും ജിജ്ഞാസ ഉണര്‍ത്തുന്നതാണ്.
തത്ത്വത്തില്‍ ഏകവ്യക്തിനിയമം സ്വാഗതാര്‍ഹമാണ്. ഒരു പരിഷ്‌കൃതജനാധിപത്യത്തിന്റെ മുഖലക്ഷണമാണത്. ജനാധിപത്യത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് നമ്മുടെ രാജ്യം എത്തിയിട്ടില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ഭരിച്ചവര്‍ രാജ്യത്തെ ഒറ്റനിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ മടിച്ചത്. ഭരണഘടനയുടെ പതിന്നാലാം ആര്‍ട്ടിക്കിള്‍ വിഭാവനം ചെയ്യുന്ന തുല്യത പൗരന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. മാത്രവുമല്ല, ലോകത്തിലൊരു രാജ്യത്തുമില്ലാത്തത്ര ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസങ്ങളും സാംസ്‌കാരികവൈജാത്യങ്ങളും നമ്മുടെ രാജ്യത്തുണ്ട്. അസമത്വങ്ങള്‍ ഇതുവരെ വിട്ടുമാറാത്ത ഒരു സാമൂഹികഘടനയില്‍ എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമാകുന്ന ഒരു പൊതുനിയമം എളുപ്പമാകില്ലെന്ന പ്രായോഗികചിന്തയാണ് ഏകവ്യക്തിനിയമം നടപ്പിലാക്കുന്നതില്‍ നിന്നു നേതാക്കന്മാരെ പിന്തിരിപ്പിച്ചതെന്നു വ്യക്തം. ഭരണകര്‍ത്താക്കള്‍ വോട്ടുബാങ്കിനെ പ്രീതിപ്പെടുത്താന്‍ മത്സരിച്ചുവെന്നു ചുരുക്കം.
ബിജെപിക്കു വോട്ടുബാങ്കിനെ പേടിയില്ലേ? രാഷ്ട്രീയക്കളി അറിയാവുന്ന പ്രധാന പാര്‍ട്ടി ബിജെപിയാണ്. അവര്‍ ഏതായാലും നഷ്ടക്കച്ചവടത്തിനു തയ്യാറാകില്ല. ഏകവ്യക്തിനിയമത്തിന് അനുകൂലമാണ് പൊതുമനസ്സ് എന്നതാണ് അവരുടെ കണക്കുകൂട്ടല്‍. മതനിരപേക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഏകീകൃതസിവില്‍കോഡിനെ അനുകൂലിക്കുന്നവരാണ്. ചില മതസമൂഹങ്ങളെ ഭയന്നാണ് അവര്‍ അതു പരസ്യമാക്കാത്തത്. കോണ്‍ഗ്രസുപോലും ഏകവ്യക്തിനിയമത്തിന് അനുകൂലമാണ്. പ്രതിപക്ഷത്തിരിക്കുന്നു എന്നതു മാത്രമാണ് നാമമാത്രമായ എതിര്‍പ്പ്. കേരളത്തില്‍ മുസ്ലീം സംഘടനകള്‍ ഇടതുചേരിയിലേക്കു മാറുന്നതു തടയാനാണത്രേ സിവില്‍കോഡിനെതിരായ വ്യക്തമായ നിലപാട് അവസാനഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
പാര്‍ലമെന്റില്‍ വരുന്ന ദിവസം അവതരിപ്പിക്കാന്‍ പോകുന്ന ബില്ലിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകാനിടയുള്ളത് കേരളത്തില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമാണ്. കേരളത്തില്‍ ഇരുപതു പാര്‍ലമെന്റ്മണ്ഡലങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൊത്തം പതിനൊന്നു മണ്ഡലങ്ങളുമാണുള്ളത്. ബിജെപിയെ സംബന്ധിച്ച് അതു പ്രശ്‌നമേയല്ല. ഹിന്ദുക്കള്‍ക്കോ ക്രൈസ്തവര്‍ക്കോ വലിയ നഷ്ടങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടാകാനില്ല. വിവാഹം, വിവാഹമോചനം, ദത്ത്, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിലെ വിവേചനങ്ങള്‍ നിലനില്ക്കുന്ന സമൂഹങ്ങള്‍ക്കാണ് അസ്വസ്ഥത ഉണ്ടാവുക. വ്യക്തിനിയമങ്ങളെ മാനിച്ച് ഈ നിയമം പാസാക്കാനുള്ള വിട്ടുവീഴ്ചയും തുറന്ന മനസ്സും കേന്ദ്രസര്‍ക്കാര്‍ കാണിച്ചാല്‍ വിവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാകും. മണിപ്പൂര്‍വിഷയം കത്തിനില്ക്കുന്ന സമയത്താണ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച കൊണ്ടുവരുന്നതെന്ന കാര്യം മറക്കരുത്. മാധ്യമശ്രദ്ധ വലിയ തോതില്‍ മാറിയിട്ടുണ്ട്. ഏകീകൃതസിവില്‍കോഡ് ഹിന്ദുരാഷ്ട്രനിര്‍മിതിക്കായിട്ടാണ് പാസാകുന്നതെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കത് ഇടയാക്കും.