•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

പലായനം

കൈനീളമുള്ള ചട്ടയും കച്ചമുറിയും കഴുത്തിലും കാതിലും കൈകളിലും നിറയെ സ്വര്‍ണാഭരണങ്ങളുമായി താണ്ടമ്മ തൊട്ടടുത്തു നില്ക്കുകയാണ്. ഒത്തുകല്യാണത്തിനു ചെന്നപ്പോള്‍ കണ്ടതിനെക്കാള്‍ സുന്ദരിയായിരിക്കുന്നു, ഇവള്‍. ഇയ്യോബ് ഓര്‍ത്തു. അയാള്‍ വികാരിയച്ചന്‍ കാണുന്നുണ്ടോ എന്ന സന്ദേഹത്തോടെ ഇടംകണ്ണിട്ട് ഒരിക്കല്‍ക്കൂടി താണ്ടമ്മയെ നോക്കി. താന്‍ ഭാഗ്യവാന്‍തന്നെ.
പള്ളിക്കുള്ളില്‍ അശുദ്ധമായ ചിന്തകള്‍ വേണ്ട. ഇയ്യോബ് സ്വന്തം മനസ്സിനെ  നിയന്ത്രിച്ചു. വിശുദ്ധകുര്‍ബാനമധ്യേ വിവാഹം ആശീര്‍വദിക്കുന്നതിനായി വലിയ മെത്രാനച്ചന്‍ സ്ഥാനവസ്ത്രങ്ങളണിഞ്ഞ് അംശവടിയും പിടിച്ച് അള്‍ത്താരയ്ക്കു മുന്നിലേക്കു വന്നു.
താലിച്ചരട് കൈയില്‍ കിട്ടിയപ്പോള്‍ ഇയ്യോബിന് നേരിയ വിറയല്‍ അനുഭവപ്പെട്ടു. കെട്ടുന്നതു ശരിയാകുമോ? വലിയ മെത്രാനച്ചനും വികാരിയച്ചനും അള്‍ത്താരശുശ്രൂഷികളും സാകൂതം നോക്കിനില്പുണ്ട്. എന്തായാലും അളിയന്‍ കുഞ്ഞുതോമ്മാ നേരത്തേ 'താലികെട്ടല്‍' പരിശീലിപ്പിച്ചതു നന്നായി എന്ന് ഇയ്യോബിനു തോന്നി. കുന്തിരിക്കം മണക്കുന്ന അന്തരീക്ഷത്തില്‍ ഇയ്യോബ് താണ്ടമ്മയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി.
കെട്ടുകഴിഞ്ഞ് മെത്രാനച്ചന്‍ 'ചമയപ്പുമുറി'യില്‍ വന്ന് സ്ഥാനവസ്ത്രങ്ങള്‍ അഴിച്ചുവച്ചു. മെത്രാനച്ചനുവേണ്ടി ഒരുക്കിയിരിക്കുന്ന പീഠത്തില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ച് എഴുന്നേല്‍ക്കുമ്പോള്‍ ഇട്ടിമാത്തുത്തരകന്‍ നേരേ മുന്നില്‍. അയാള്‍ മുട്ടുകുത്തി മെത്രാനച്ചന്റെ കൈമുത്തി.
''എന്താ മാത്തൂ. എല്ലാം ഭംഗിയായില്ലേ.'' ''ഒവ്വ് പിതാവേ! അടിയങ്ങള്‍ക്ക് ഒരാഗ്രഹമുണ്ട്. പിതാവിന് ഉച്ചവിരുന്ന് ഇവ്‌ടെ പള്ളിമേടയില് ഒരുക്കീട്ടൊണ്ട്. വികാരിയച്ചനൊപ്പം അതു കഴിച്ച് വിശ്രമിച്ചിട്ടു പോയാല്‍ ഞങ്ങള്‍ക്കു സന്തോഷമാകുമായിരുന്നു.''
''ആലോചിക്കാം മാത്തൂ. നിങ്ങടെ അപ്പന്‍ അവിരാ അരമനയ്ക്കു നല്ല സഹായം ചെയ്തിട്ടൊണ്ട്. അതോര്‍ത്തിട്ടാ സുഖമില്ലെങ്കിലും നാം എഴുന്നള്ളിയത്.''
ഞങ്ങടെ ഒരു സന്തോഷം എന്നു പറഞ്ഞ് മാത്തുതരകന്‍ ഒരു കവര്‍ മെത്രാനച്ചന്റെ കൈയില്‍ ഭവ്യതയോടെ കൊടുത്തു. കവറിനുള്ളില്‍ മാത്തുത്തരകന്‍ 500 ബ്രിട്ടീഷ് രൂപ അടക്കം ചെയ്തിട്ടുണ്ട്. 
''ഇതൊന്നും വേണ്ടിയിരുന്നില്ല.''
മെത്രാനച്ചന്‍ കവര്‍ സഹായിയായ കൊച്ചച്ചനെ ഏല്പിച്ചു. ''ഞങ്ങടെ ഒരു സന്തോഷം.''
മാത്തുത്തരകന്‍ വീണ്ടും ആവര്‍ത്തിച്ചു. ഒരിക്കല്‍ക്കൂടി കൈമുത്തി ആദരം പ്രകടിപ്പിച്ച് അയാള്‍ ചമയപ്പുമുറിയില്‍നിന്നിറങ്ങി.
കല്യാണം കഴിഞ്ഞ് ആളുകള്‍ പള്ളിമുറ്റത്ത് കൂടിനില്ക്കുകയാണ്. ചെറുക്കനും പെണ്ണും വിവാഹരജിസ്റ്ററില്‍ ഒപ്പുവയ്ക്കുതിനായി പള്ളിമേടയിലേക്കു പോയിരിക്കുകയാണ്.
വിരുന്നുകാര്‍ വന്ന രണ്ടു കരിഗ്യാസ് വണ്ടികള്‍ പള്ളിമുറ്റത്തു കിടപ്പുണ്ട്. 
വിരുന്നുകാരും ബന്ധുക്കളും തമ്മില്‍ പരിചയപ്പെടലും കുശലാന്വേഷണങ്ങളും. കിട്ടിയ സന്ദര്‍ഭമുപയോഗിച്ച് പലരും തങ്ങളുടെ കുടുംബമഹിമ വിളമ്പി. നാട്ടുരാജാക്കന്മാരില്‍നിന്നു തങ്ങളുടെ കുടുംബത്തിനു ലഭ്യമായ ചില  പദവികളും അധികാരങ്ങളും വര്‍ണിക്കാനും ചിലര്‍ ഈ സന്ദര്‍ഭമുപയോഗിച്ചു.
പള്ളിമുറ്റത്തു ഫോട്ടോഗ്രാഫര്‍ തന്റെ പെട്ടികാമറയുമായി കാത്തുനില്ക്കുന്നു. അയാള്‍ ഇടയ്ക്കിടയ്ക്ക് തന്റെ കാമറ ബോക്‌സ് മൂടിയിരിക്കുന്ന കറുത്ത തുണി ഉയര്‍ത്തി കാമറയുടെ പൊസിഷന്‍ വീണ്ടും വീണ്ടും ഉറപ്പിക്കുന്നുണ്ട്. ഫോട്ടോഗ്രഫി അപൂര്‍വമായിരുന്നതിനാല്‍ പലരും ഫോട്ടോ ഗ്രാഫറെ ആദരപൂര്‍വം വീക്ഷിക്കുകയും അയാളുടെ ഫോട്ടോ എടുപ്പു കാണാന്‍ കൗതുകത്തോടെ കാത്തിരിക്കുകയുമാണ്. 
ഇയ്യോബും താണ്ടമ്മയും പള്ളിമേടയില്‍നിന്നിറങ്ങുന്നതിനുമുമ്പേ വലിയ മെത്രാനച്ചന്റെ മുറിയിലെത്തി അദ്ദേഹത്തിന്റെ കൈമുത്തി. മെത്രാനച്ചനൊപ്പം ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്തു.
അനുവാദം കിട്ടിയപാടേ ഫോട്ടോഗ്രാഫറെ വിളിക്കാന്‍ തിടുക്കത്തില്‍ ഒരാള്‍ പോയി. ഫോട്ടോഗ്രാഫര്‍ തന്റെ കാമറയുമായി ഓടിക്കിതച്ചെത്തി. 
പള്ളിവരാന്തയില്‍ ഒരു കസേരയിട്ട് മെത്രാനച്ചന്‍ അതിലിരിക്കുകയും ഇയ്യോബും താണ്ടമ്മയും ഇരുവശവും നില്ക്കുകയും ചെയ്തു. ഫോട്ടോഗ്രാഫര്‍ മൂന്നോ നാലോ ഫോട്ടോ എടുത്തു.
വീണ്ടും പള്ളിമുറ്റത്തെത്തി. അപ്പനും അമ്മയും ഒപ്പം, പെങ്ങന്മാരും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കുമൊപ്പം, താണ്ടമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം - അങ്ങനെ ഫോട്ടോ എടുക്കല്‍ പുരോഗമിച്ചു.
വിവാഹസംഘം പന്തലില്‍ എത്തിയപ്പോള്‍ ഏതോ നാട്ടുപ്രമാണി നിര്‍ദേശിച്ചു:
''വിരുന്നുകാര് ആദ്യമിരിക്കട്ടെ. മിച്ചം സീറ്റുണ്ടെങ്കില് നാട്ടാര്.''
പന്തലിനു മുന്നില്‍ തെങ്ങോല മെടഞ്ഞുണ്ടാക്കിയ കവാടം വധൂവരന്മാര്‍ കടക്കാനൊരുങ്ങവേ അമ്മായിയമ്മ ആണ്ടമ്മ പെണ്ണിന്റെയും ചെറുക്കന്റെയും നെറ്റിയില്‍ സ്വര്‍ണക്കൊന്തകൊണ്ടു കുരിശു വരച്ച് അകത്തേക്കാനയിച്ചു.
പന്തലില്‍ കുരുത്തോലകൊണ്ട് തോരണങ്ങള്‍ ഉണ്ടാക്കിയിരുന്നു. നാട്ടുകാരുടെ കരവിരുത് കുരുത്തോലകളില്‍ കാണാനായി. പന്തലിനുള്ളില്‍ തെക്കുവശത്ത് ഒരു പീഠമൊരുക്കി വെള്ളവിരിച്ച്, മേശയും കസേരയും ഇട്ടിരുന്നു. കല്യാണമണ്ഡപത്തിന് ഇരുവശങ്ങളിലുമായി മൂത്ത അളിയനും പെങ്ങളും മധുരം വയ്ക്കാനൊരുങ്ങി നില്ക്കുന്നു. ശര്‍ക്കരപ്പാനികൊണ്ടു തീര്‍ത്ത പാനീയം മധുരം വയ്ക്കാന്‍വേണ്ടി ഓട്ടുഗ്ലാസില്‍ പകര്‍ന്നുവച്ചിട്ടുണ്ട്. 
''പെണ്ണിന്റെകൂടെ വന്നോര്‍ക്കെല്ലാം ഇരിപ്പിടം കിട്ടിയോന്ന് ചോദിക്കാന്‍ പറഞ്ഞേക്കണു.'' നാട്ടുപ്രമാണി വീണ്ടും ചോദിച്ചു.
''ഒവ്വ്.'' പെണ്ണിന്റെ കൂട്ടരിലാരോ പന്തലിലിരുന്നു പറഞ്ഞു.
''എങ്കില് മിച്ചമൊള്ള സീറ്റുകളില് വിളിച്ചുവന്നോര്‍ക്കിരിക്കാം.'' 
പ്രമാണി വീണ്ടും അറിയിച്ചാറെ, ആദ്യത്തെ പന്തിയില്‍ ഇരിക്കാന്‍ ചിലര്‍ തിരക്കുകൂട്ടി.
''എനി മധുരം വയ്ക്കല്‍ നടക്കട്ടെ.'' പ്രമാണി വീണ്ടും. 
''കല്യാണച്ചെറുക്കന്റെ മൂത്ത അളിയനെവിടെ?''
''ഇവിടുണ്ടേ!'' പൊറിഞ്ചു മണ്ഡപത്തിനരികില്‍ നിന്നു കൈപൊക്കി.
''ങ്ഹാ.. എന്നാ ചടങ്ങ് തൊടങ്ങട്ടെ.''
അളിയന്‍ പൊറിഞ്ചുവും പെങ്ങള്‍ ഏലിക്കുട്ടിയും മണ്ഡപത്തിലേക്കു കയറി. പൊറിഞ്ചു ഉറക്കെ പറഞ്ഞു:
''ചെറുക്കനും പെണ്ണിനും മധുരം വയ്ക്കട്ടെ.''
''കേട്ടില്ല, കേട്ടില്ല'' ഏതോ സരസന്‍ വിളിച്ചുകൂവി.
''കല്യാണച്ചെറുക്കനും കല്യാണപ്പെണ്ണിനും മധുരം വയ്ക്കട്ടെ നാട്ടാരെ.''
''ങ്ഹാ... ഇപ്പോ കേട്ടു, കേട്ടു. മധുരം വച്ചോളൂ അളിയാ.''
പൊറിഞ്ചു പ്ലേറ്റില്‍ തേങ്ങയും ശര്‍ക്കരയും തേനും ചേര്‍ത്തു തയ്യാറാക്കി വച്ചിരുന്ന മധുരം കിള്ളി ചെറുക്കന്റെയും പെണ്ണിന്റെയും വായില്‍ വച്ചു കൊടുത്തു. ഏലിക്കുട്ടി കിണ്ടിയിലെ വെള്ളം ഒരു കവിള്‍ കൊടുത്തു.
പിന്നീട് പൊറിഞ്ചു ഓട്ടു ഗ്ലാസിലെ ഇളനീര്‍ പാനീയം ഇരുവര്‍ക്കും കുടിക്കാന്‍ കൊടുത്തു. വീണ്ടും കിണ്ടിയില്‍നിന്ന് വെള്ളം ഒരു കവിള്‍ കൂടി.
''എനി നാത്തൂന്മാര്‍ക്ക് സമ്മാനം കൊടുക്കാനൊള്ള ഊഴായി.''
 നാട്ടുപ്രമാണിയുടെ ഉയര്‍ന്ന സ്വരം കേട്ടു. 

(തുടരും) 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)