മാധ്യമവേട്ട എന്ന പ്രയോഗത്തിനു രണ്ട് അര്‍ഥകല്പനകളുണ്ട്. ഒന്ന്: മാധ്യമങ്ങളെ സര്‍ക്കാരോ മറ്റാരെങ്കിലുമോ നിശ്ശബ്ദരാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന അവസ്ഥ. രണ്ട്: മാധ്യമങ്ങള്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും അതിരുവിട്ട് ആക്രമിക്കുകയും നിലനില്പുതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സമ്പ്രദായം. കേരളത്തില്‍ ഇതു രണ്ടും സംഭവിക്കുന്നു എന്നതാണു വാസ്തവം. മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധം ജനാധിപത്യപൗരാവകാശലംഘനമാണ്. മാധ്യമങ്ങള്‍ വ്യക്തികളെ തേജോവധം ചെയ്യുന്നതും അവരുടെ ഭാവിയും സാധ്യതകളും തടയുന്നതും പൗരസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്.
ഭിന്നസ്വരങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതു ഫാസിസ്റ്റുപ്രവണതയാണ്. ആശയത്തെ ആശയംകൊണ്ടും യുക്തിയെ യുക്തികൊണ്ടും പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും ഉണ്ടാകുന്നത്. ചോദ്യം ചോദിക്കുന്നതും ചോദ്യം ചെയ്യുന്നതും വിയോജിപ്പു പ്രകടിപ്പിക്കുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. സമൂഹത്തിനുവേണ്ടി മേല്‍പ്പറഞ്ഞ ധര്‍മം നിര്‍വഹിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണ്. പ്രഗല്ഭരെന്നു കരുതപ്പെടുന്ന ചില നേതാക്കള്‍ക്കുപോലും മീഡിയ മാനേജുമെന്റ് വശമില്ല. പിണക്കാതെ കൂടെ നിറുത്താനും മാധ്യമപ്രവര്‍ത്തകരിലൂടെത്തന്നെ തങ്ങളുടെ നയങ്ങളും കര്‍മപദ്ധതികളും പൊതുജനത്തെ അറിയിക്കാനും വിരുതുള്ള നേതാക്കള്‍ കുറഞ്ഞുവരികയാണ്. അധികാരത്തിനുമുമ്പില്‍ കീഴടങ്ങുന്നവരല്ല യഥാര്‍ഥ മാധ്യമപ്രവര്‍ത്തകരെന്ന് അറിയുന്ന നേതാക്കന്മാര്‍ ചുരുക്കം. അധികാരത്തെ മിക്കവരും മാനിക്കും. ധിക്കാരം അധികാരത്തിന്റെ കുപ്പായം ധരിച്ചാല്‍ ആരും അംഗീകരിക്കില്ല. അതുകൊണ്ടാണ് 'കടക്കു പുറത്ത്' എന്ന സഭ്യമായ ഒരു പ്രയോഗംപോലും ഫാസിസത്തിന്റെ പര്യായമായി ആഘോഷിക്കപ്പെട്ടത്.
സമീപകാലത്ത് സാമൂഹികമാധ്യമങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ഒപ്പമോ അതിന്റെ മുമ്പിലോ സഞ്ചരിക്കുന്നുണ്ട്. മാധ്യമധര്‍മമോ അതിന്റെ മര്യാദകളോ അറിയാത്ത പലരും ഈ രംഗത്തു വ്യാപരിക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങളുടെ മനസ്സിലെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള വേദിയായി ചിലര്‍ സാമൂഹികമാധ്യമങ്ങളെ കാണുന്നു. വ്യക്തികളെ തേജോവധം ചെയ്യാനും ബ്ലാക്‌മെയില്‍ ചെയ്യാനും വ്യക്തിവൈരാഗ്യം തീര്‍ക്കാനുമുള്ള സൗകര്യപ്രദമായ പ്ലാറ്റ്‌ഫോമായി സാമൂഹികമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. ഏറ്റവും കുറഞ്ഞചെലവിലും കുറഞ്ഞ സമയംകൊണ്ടും ഒരു മനുഷ്യനെ സമൂഹത്തില്‍ കള്ളനോ കോമാളിയോ സാമൂഹികവിരുദ്ധനോ വര്‍ഗീയവാദിയോ ഭീകരവാദിയോ ആക്കി മാറ്റാനുള്ള എളുപ്പവഴിയായി സാമൂഹികമാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നവരുണ്ട്. അത്തരക്കാര്‍ സാമൂഹികവിരുദ്ധരും മാനസികപ്രശ്‌നങ്ങളുള്ളവരുമായി കണക്കാക്കപ്പെടണം. കൂടുതല്‍ കാഴ്ചക്കാരെയോ വായനക്കാരെയോ ലഭിക്കാന്‍ ചിലര്‍ ബോധപൂര്‍വം ഇക്കാര്യങ്ങള്‍ ചെയ്യുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെയും നാട്ടുനടപ്പിന്റെയും സാംസ്‌കാരത്തിന്റെയും ലക്ഷ്മണരേഖ കടക്കുന്ന ഇക്കൂട്ടരെ അമര്‍ച്ച ചെയ്‌തേ മതിയാവൂ. പക്ഷേ, ഈ മേഖലയില്‍ വ്യക്തതയുള്ള നിയമങ്ങളുടെ അഭാവമുണ്ട്. ശിക്ഷകളുടെ കുറവുമുണ്ട്. എടുത്തിട്ടുള്ള കേസുകളില്‍ പലതും രാഷ്ട്രീയപ്രേരിതമാണുതാനും.
മുഖ്യധാരാമാധ്യമങ്ങള്‍ക്കൊപ്പം കാഴ്ചക്കാരുള്ള ചില ഓണ്‍ലൈന്‍വാര്‍ത്താചാനലുകള്‍ മലയാളത്തിലുണ്ട്. അതില്‍ നാലെണ്ണത്തിന്റെ വായ് മൂടിക്കെട്ടാന്‍ സര്‍ക്കാര്‍ സാധിക്കുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. അത്തരം പ്രവൃത്തികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കുറച്ചൊന്നുമല്ല. കുറയ്ക്കുന്നത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ തങ്ങള്‍ക്ക് എന്തുമാകാമെന്നു മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കുന്നതിനെയും അംഗീകരിക്കാനാവുകയില്ല. അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരെ അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമല്ല. മാധ്യമപ്രവര്‍ത്തനം സത്യാന്വേഷണമാണ്. തിന്മയ്‌ക്കെതിരേയുള്ള പോരാട്ടമാണത്. ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും പൊതുക്ഷേമത്തിനുംവേണ്ടിയുള്ള പ്രവര്‍ത്തനമാണു മാധ്യമപ്രവര്‍ത്തനം.
ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നായിട്ടാണ് മാധ്യമത്തെ കണക്കാക്കുന്നത്. ശരിയായ മാധ്യമപ്രവര്‍ത്തനം ജനാധിപത്യസംരക്ഷണവും അതിന്റെ പോഷണവുമാണ്. മാധ്യമപ്രവര്‍ത്തകര്‍ യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റെ ജോലിയാണു നിര്‍വഹിക്കുന്നത്. ഭരണപക്ഷത്തുള്ളവര്‍ അത് അംഗീകരിക്കണം. തങ്ങള്‍ക്ക് എതിരാകുമെങ്കില്‍പോലും ചോദ്യങ്ങള്‍ക്കുത്തരം നല്കാന്‍ നേതാക്കള്‍ക്കു കടമയുണ്ട്. ഇരിക്കുന്ന കമ്പുമുറിക്കാതെ മറുപടി പറയാന്‍ കഴിയുന്ന നേതാക്കന്മാര്‍ പ്രതിപക്ഷത്തേയോ മാധ്യമങ്ങളെയോ ഭയപ്പെടുന്നില്ല. ഉത്തരമില്ലാത്തവരും ഒളിപ്പിച്ചുവയ്ക്കാന്‍ പലതുമുള്ളവരുമാണ് മാധ്യമവേട്ട നടത്തുന്നത്. മാധ്യമവേട്ട അവസാനിക്കട്ടെ.