•  21 Nov 2024
  •  ദീപം 57
  •  നാളം 37
നേര്‍മൊഴി

അമല്‍ജ്യോതിയില്‍ സംഭവിച്ചതെന്ത്?

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ ഒരാഴ്ചമുമ്പ് ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. നിയമനടപടികള്‍ക്കുശേഷം അവരുടെ സംസ്‌കാരശുശ്രൂഷകളില്‍ കോളജ് മാനേജ്‌മെന്റും വിദ്യാര്‍ഥികളും പങ്കെടുത്തു. മകളുടെ ആകസ്മികവേര്‍പാടില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെ എല്ലാവരും ചേര്‍ന്നു സമാശ്വസിപ്പിച്ചു. എന്നാല്‍, രണ്ടു ദിവസങ്ങള്‍ക്കുശേഷം വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുടെ കാരണങ്ങള്‍ അന്വേഷിച്ചും കോളജ്മാനേജുമെന്റിനെ പ്രതിസ്ഥാനത്തു നിറുത്തിയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷകസംഘടനകള്‍ രംഗത്തുവരികയും കാമ്പസ് സംഘര്‍ഷഭരിതമാക്കുകയും ചെയ്തു. സമരക്കാര്‍ക്കിടയില്‍ വിദ്യാര്‍ഥികളല്ലാത്ത സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തി എന്ന ആക്ഷേപവുമുണ്ടായി.
മരിച്ച ദിവസങ്ങളില്‍ ഇല്ലാതിരുന്ന പ്രതിഷേധവും സമരവും എങ്ങനെ രണ്ടുനാള്‍കൊണ്ട് രൂപപ്പെട്ടു ശക്തിപ്രാപിച്ചുവെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കോളജിനെ തേജോവധം ചെയ്ത് വിദ്യാര്‍ഥിപ്രവേശനത്തിനു തടയിടാനാകുമോ എന്ന അന്വേഷണം സമരത്തിനു പിന്നിലുണ്ടോ എന്നു സംശയിക്കുന്നവരുണ്ട്. കോളജില്‍ നിലനില്ക്കുന്ന അച്ചടക്കവും പ്രൊഫഷണലിസവും അഴിഞ്ഞാട്ടത്തിനു സഹായകരമല്ലെന്ന കാരണത്താല്‍ കോളജിന്റെ നടത്തിപ്പിനെ അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ സമരത്തിനു പിന്നിലുണ്ടാകുമെന്ന ചിന്ത ശക്തമാണ്. കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലാത്തതുകൊണ്ട് വീണുകിട്ടിയ അവസരം മുതലാക്കി കുട്ടിനേതാക്കള്‍ രാഷ്ട്രീയ പകപോക്കല്‍ നടപ്പിലാക്കിയതാകാം എന്ന നിഗമനത്തില്‍ എത്തിയവരുണ്ട്. എന്തായാലും കേരളത്തിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അമല്‍ജ്യോതി കോളജിനെതിരേ നടന്ന സമരാഭാസങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസമുന്നേറ്റങ്ങളുടെ നേര്‍ക്കുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയും കടന്നുകയറ്റവുമാണ്.
അമല്‍ജ്യോതി കാമ്പസ് നാലായിരത്തോളം പേരടങ്ങുന്നതാണ്. അച്ചടക്കവും പ്രൊഫഷണലിസവും അമല്‍ജ്യോതിയുടെ മുഖമുദ്രയാണ്. അതില്ലാതെ ഒരു സാങ്കേതികവിദ്യാഭ്യാസസ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കി വളര്‍ത്താനാവുകയില്ല. ഇന്നു വിദ്യാഭ്യാസം അറിവു നേടാനും സംസ്‌കാരം ആര്‍ജിക്കാനും മാത്രമല്ല. തൊഴിലും വരുമാനവും പ്രധാനപ്പെട്ട പരിഗണനകളാണ്. സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കുകളും പ്ലേസ്‌മെന്റുകളും വളരെ പ്രധാനപ്പെട്ടതാണത്രേ. ഇതു രണ്ടുമാണ് ഒരു സ്ഥാപനത്തിലേക്കു പഠിതാക്കളെ ആകര്‍ഷിക്കുന്നത്. അമല്‍ജ്യോതിയില്‍ ഇതു രണ്ടും വേണ്ടുവോളമുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഐ.ഐ.ടികളും എന്‍.ഐ.ടികളുമാണ്. മികവില്‍ ഒന്നാമത് ചെന്നൈ ഐ.ഐ.ടിയാണെന്നു വിലയിരുത്തപ്പെടുന്നു. അഹമ്മദബാദ്, മുംബൈ, ഖോരക്പൂര്‍, കാണ്‍പൂര്‍, ഹൈദ്രബാദ് തുടങ്ങിയ സ്ഥാപനങ്ങള്‍ തൊട്ടടുത്തുനില്ക്കുന്നു. ഐ.ഐ.ടി. കളോടു കിടപിടിക്കുന്ന സ്ഥാപനങ്ങളാണ് എന്‍.ഐ.ടികള്‍.
ഐ.ഐ.ടികളുടെ മികവിനടിസ്ഥാനം എന്ത്? ഏറ്റവും ബൗദ്ധികശേഷിയും അധ്വാനശീലവുമുള്ള വിദ്യാര്‍ഥികള്‍, പ്രഗല്ഭരായ അധ്യാപകര്‍, ശാസ്ത്രജ്ഞന്മാര്‍, ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ട്‌സ്, സര്‍ക്കാരിന്റെ വലിയ തോതിലുള്ള സാമ്പത്തികസഹായം ഇതെല്ലാം ചേരുമ്പോഴുണ്ടാകുന്ന വിജയമാണ് ഐഐടി മികവിനു കാരണം. അവിടെ പഠിപ്പിക്കുക മാത്രമല്ല, പരിശീലിപ്പിക്കുകയും ചെയ്യുന്നു. പഠിക്കുകയും പരിശീലിക്കുകയും പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും ചെയ്യുന്നിടത്താണ് ഐ.ഐ.ടി.കള്‍ ഗവേഷണകേന്ദ്രങ്ങളായി മാറുന്നത്. 
സംസ്ഥാനസര്‍ക്കാര്‍ സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു പരിമിതമായ തോതിലാണെങ്കിലും ഐ.ഐ.ടികളുടെ സ്വഭാവമുണ്ട്. സംസ്ഥാനത്തെ ഏറ്റവും നല്ല എഞ്ചിനീയറിങ് കോളജില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടിയും സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജിലേക്കു കൂടുമാറാന്‍ കാരണം അവിടുത്തെ കുറഞ്ഞ ഫീസല്ല, അവിടത്തെ മികച്ച ഫാക്കല്‍റ്റിയും അടിസ്ഥാനസൗകര്യങ്ങളുമാണ്.
സര്‍ക്കാര്‍ സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ കഴിഞ്ഞാല്‍ പഠിതാക്കളും മാതാപിതാക്കളും അന്വേഷിക്കുന്ന ഒന്നാംനിര സ്ഥാപനമാണ് അമല്‍ജ്യോതി. അവിടത്തെ പഠനാന്തരീക്ഷം നശിപ്പിക്കുന്നവിധം സമരാഭാസങ്ങള്‍ നടത്തുന്നവര്‍ വിദ്യാര്‍ഥികളുടെയും നാടിന്റെയും സ്വപ്നങ്ങളാണു തകര്‍ക്കുന്നത്.
ആത്മഹത്യകള്‍ നിര്‍ഭാഗ്യകരമാണ്. അതു സംഭവിക്കുമ്പോള്‍ പഴിചാരിയിട്ടു പ്രയോജനമില്ല, ഉണ്ടാകാതിരിക്കാനാണു ശ്രദ്ധിക്കേണ്ടത്. ഏതായാലും, മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ കോളജുകള്‍ നടത്തുന്നവര്‍ ആത്മഹത്യയ്ക്കു പ്രേരണയാകുമെന്നു കരുതാനാവുകയില്ല.
മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവിടുത്തെ പഠനനിലവാരം, അച്ചടക്കം, മൂല്യബോധനം ഇതിനോടൊക്കെ ഒത്തുപോകാന്‍ മക്കള്‍ക്കു കഴിയുമോ എന്നു പരിശോധിക്കണം. അമിതഭാരമോ സമ്മര്‍ദമോ താങ്ങാനുള്ള ശക്തി മക്കള്‍ക്കുണ്ടോ എന്നറിയണം. മക്കളുടെ കാര്യത്തില്‍ മാനേജുമെന്റിനെക്കാളും അധ്യാപകരെക്കാളും ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുതന്നെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)