•  18 Apr 2024
  •  ദീപം 57
  •  നാളം 6
നേര്‍മൊഴി

അഴിമതിയും മനുഷ്യാവകാശലംഘനവും

കൈക്കൂലിക്കേസില്‍ പിടിക്കപ്പെ ടുന്നവരുടെ വാര്‍ത്തകള്‍ സാധാരണമായിത്തീര്‍ ന്നതുകൊണ്ട് അതിനു പ്രത്യേക ശ്രദ്ധകിട്ടുന്നില്ല. എന്നാല്‍, കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഒരു കൈക്കൂലിവിദഗ്ധന്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തി. ആ വാര്‍ത്തകേട്ട് മുഖ്യമന്ത്രി ജനങ്ങള്‍ക്കുവേണ്ടി ഞെട്ടുകയും അഴിമതിയില്‍ ഡോക്ടറേറ്റു നേടിയ ചില മാന്യന്മാര്‍ സര്‍ക്കാര്‍ സര്‍വീസുകളിലുണ്ടെന്നു പരിഹാസപൂര്‍വം പറയുകയും ചെയ്തു. യോഗ സാധാരണമായ ഒരു നടപടിക്രമത്തിന്റെ ഭാഗമായേ മുഖ്യമന്ത്രിയുടെ പരിഹാസത്തെപ്പോലും പൊതുജനം കണക്കാക്കുകയുള്ളൂ. 
താഴ്ന്ന ഉദ്യോഗപദവിയിലുള്ള ഒരു മഹാന്‍ ഒന്നേകാല്‍ കോടിയിലധികം രൂപ കൈക്കൂലിയിനത്തില്‍ സമാഹരിച്ച് ഒരു കൂസലും കൂടാതെ സൂക്ഷിച്ചു എന്നറിയുമ്പോള്‍ കേരളത്തിലെ അഴിമതിയുടെ തോത് മനസ്സിലാക്കാന്‍ എളുപ്പമാകും. അനധികൃതധനസമ്പാദനം ശമ്പളംപോലെ കരുതുന്ന ഉദ്യോഗസ്ഥരും അത് അംഗീകരിച്ചുകൊടുക്കുന്ന പൊതുസമൂഹവും അടങ്ങുന്ന സാമൂഹികവ്യവസ്ഥിതിയാണ് കേരളത്തിലേത്. എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരൂം പൊതുപ്രവര്‍ത്തകരും അഴിമതിക്കാരല്ല. എന്നാല്‍, അവര്‍ക്കു പേരുദോഷമുണ്ടാക്കുകയും പാവപ്പെട്ടവരെ കൊള്ളയടിക്കുകയും ചെയ്യുന്ന കൊള്ളക്കാരും സാമൂഹികവിരുദ്ധരുമായ കുറെ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയപ്രവര്‍ത്തകരും നമ്മുടെ ഇടയിലുണ്ട്.
അഴിമതി ഒരു ആഗോളപ്രതിഭാസമാണ്. അതു മനുഷ്യപ്രകൃതിയുടെ ഭാഗമാണെന്നുപറഞ്ഞാല്‍ അഴിമതിക്കു ന്യായീകരണമായി അതു വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുള്ളതുകൊണ്ട് ആ പ്രസ്താവനയില്‍നിന്നു ലേഖകന്‍ പിന്മാറുകയാണ്. എങ്കിലും മനുഷ്യപ്രകൃതിയെക്കുറിച്ചു പറയാതിരിക്കാനാവുകയില്ല. സുഖം തേടുക, സുരക്ഷിതത്വം ഉറപ്പാക്കുക, സ്ഥാനമാനങ്ങള്‍ നേടുക, അധ്വാനിക്കാതെ പണമുണ്ടാക്കുക തുടങ്ങിയ താത്പര്യങ്ങള്‍ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ദ്രവ്യചിന്തയും ചൂഷണമനോഭാവവും ചിലര്‍ക്കു കൂടുതലാണ്. അത്തരക്കാര്‍ ഏതു കുത്സിതമാര്‍ഗമുപയോഗിച്ചും ഭൗതികസമ്പത്തും സ്ഥാനമാനങ്ങളും പിടിച്ചെടുക്കും. വളരെക്കുറച്ചു പേര്‍ക്കുമാത്രമാണ് ഈ സ്വാഭാവിക ദൗര്‍ബല്യങ്ങളെ അതിജീവിക്കാനാവുക. അത്തരക്കാര്‍ താരതമ്യേന നീതിബോധമുള്ളവരും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുന്നവരും യഥാര്‍ഥ ഈശ്വരവിശ്വാസികളുമായിരിക്കും.
അഴിമതി പലവിധമാണ്. കൈക്കൂലി വാങ്ങുന്നത് അതിലൊന്നുമാത്രമാണ്. സ്വജനപക്ഷപാതം, ബന്ധുനിയമനം, അധികാരദുര്‍വിനിയോഗം, അര്‍ഹിക്കുന്നവനെ ഒഴിവാക്കുന്നത്; അനര്‍ഹമായ സ്ഥാനമാനങ്ങള്‍ സ്വന്തമാക്കുന്നത് തുടങ്ങിയ എല്ലാ വഴിവിട്ട പ്രവര്‍ത്തനങ്ങളും അഴിമതിയാണ്. പ്രത്യേക പ്രതിഫലവും പാരിതോഷികവും പ്രതീക്ഷിക്കാതെ സേവനം ചെയ്യേണ്ടവരാണു സര്‍ക്കാര്‍ ജീവനക്കാര്‍. കാരണം, സാധാരണക്കാരുടെ  നികുതിപ്പണത്തില്‍നിന്നാണ് അവര്‍ക്കു ശമ്പളം ലഭിക്കുന്നത്. ഒരു ഫയലില്‍ ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ വെല്ലുവിളിച്ചുകൊണ്ടാണ് പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥര്‍തന്നെ കീശ വീര്‍പ്പിക്കുന്നത്. ഫയലുകള്‍ താമസിപ്പിക്കുന്നതും അനാവശ്യതടസ്സങ്ങള്‍ ഉന്നയിക്കുന്നതും കൃത്യസമയത്തു ജോലിക്കെത്താത്തതും അര്‍ഹിക്കുന്നതിലുമധികം അവധിയെടുക്കുന്നതുമെല്ലാം അഴിമതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമാണ്.
അഴിമതി പൂര്‍ണമായും ഇല്ലാതാക്കാനാവുകയില്ല. എന്നാല്‍, അത് വലിയതോതില്‍ നിയന്ത്രിക്കാനാവും. അവികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും വികസിതരാജ്യങ്ങളെക്കാള്‍ അഴിമതി കൂടുതലാണ്. ജനാധിപത്യം ഇല്ലാത്തയിടങ്ങളിലും ജനാധിപത്യം ദുര്‍ബലമായ  രാജ്യങ്ങളിലും രാഷ്ട്രീയസ്ഥിരത കുറഞ്ഞ സ്ഥലങ്ങളിലും അഴിമതി കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഡെന്‍മാര്‍ക്ക്, ന്യൂസിലന്‍ഡ്, അമേരിക്ക, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് അഴിമതി ഏറ്റവും കുറവ്. അഴിമതി ഏറ്റവും കൂടുതലുള്ള രാജ്യം  സൊമാലിയയത്രേ. മിക്ക ആഫ്രിക്കന്‍രാജ്യങ്ങളും ഏഷ്യയിലെ ചില രാജ്യങ്ങളുമാണ് അഴിമതിയുടെ കേന്ദ്രങ്ങള്‍.
ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് അഴിമതി പടരാന്‍ കാരണം. അറബിരാജ്യങ്ങളില്‍ അഴിമതി താരതമ്യേന കുറവാണ്. അതിനുള്ള പ്രധാനകാരണം കര്‍ശനമായ നിയമവ്യവസ്ഥകളും അവ ലംഘിക്കുന്നവര്‍ക്കുള്ള മാരകമായ ശിക്ഷകളുമാണ്. നിയമങ്ങള്‍ എത്ര ശക്തമാണെങ്കിലും അതു നടപ്പിലാക്കാന്‍ ഇച്ഛാശക്തിയുള്ള നേതൃത്വമില്ലെങ്കില്‍ പ്രയോജനമില്ല. ചില നേതാക്കന്മാര്‍ സ്വന്തം ഇമേജ് കാക്കുന്നവരാണ്. പക്ഷേ, മറ്റുള്ളവര്‍ എന്തു ചെയ്താലും കുഴപ്പമില്ലെന്ന് അവര്‍ ചിന്തിക്കുന്നു. രാഷ്ട്രീയനേതൃത്വം വടിയെടുക്കാതെ സേവനമേഖലകളിലെ അഴിമതി അവസാനിക്കുകയില്ല. കള്ളനു കഞ്ഞിവയ്ക്കുന്ന നേതൃത്വമാണ് അഴിമതി തഴച്ചുവളരാന്‍ കാരണം.
അഴിമതി മനുഷ്യാവകാശ പ്രശ്‌നമാണന്നു തിരിച്ചറിയണം. ഒരാളുടെ അവകാശലംഘനം സംഭവിക്കുന്നിടത്താണ് അഴിമതി തുടങ്ങുന്നത്. അതുപോലെ തന്നെ അഴിമതി വികസനത്തെ തടസ്സപ്പെടുത്തുന്ന പ്രതിലോമ സംവിധാനമാണ്. അഴിമതിയുള്ള സ്ഥലങ്ങളില്‍ നിക്ഷേപകര്‍ കടന്നുവരികയില്ല. ഓരോരുത്തരും പൗരബോധത്തില്‍ വളരുമ്പോള്‍ അഴിമതി കുറയും.

 

Login log record inserted successfully!